January 23, 2025 |

ജനാധിപത്യ പ്രക്രിയയില്‍ മാറ്റി നിര്‍ത്തപ്പെടുന്ന മുസ്ലിങ്ങള്‍

ഹിന്ദുത്വയെ പ്രതിരോധിക്കേണ്ട കോണ്‍ഗ്രസും മുസ്ലിങ്ങളെ കൈവിടുകയാണ്

ഉത്തര്‍പ്രദേശിലാണ്, സംഭാല്‍ ജില്ലയില്‍ ഒബ്രി ഗ്രാമത്തിലെ പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ എത്തിയ കൂലിപ്പണിക്കാരനായ മുസ്തഗിര്‍ ഖുറേഷി അറിഞ്ഞത് വൃദ്ധനായ പിതാവ് റയീസ് ഖുറേഷി ബൂത്തിനു മുന്നില്‍ ലാത്തി കൊണ്ട് അടിയേറ്റ് ബോധം കെട്ട് കിടക്കുന്നതായാണ്. പരിക്കേറ്റ പിതാവിനെ വീട്ടിലാക്കിയ ശേഷം വോട്ട് ചെയ്യാന്‍ എത്തിയ മുസ്തഗിറിന്റെ,(സാധരണക്കാരന്റെ അവകാശമായ) ബയോ മെട്രിക് ആധാര്‍ കാര്‍ഡ് വലിച്ചു കീറിക്കളയാനും പോലീസ് വേഷം ധരിച്ചവര്‍ മറന്നില്ല. മാത്രമല്ല സമാജ്‌വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിളിന് വോട്ട് ചെയ്യുമോ? എന്ന ആക്രോശവും അവരില്‍ നിന്നുണ്ടായി.  bjp, congres and other major opposition parties keeps away muslims from democratic procedures  vk ajith kumar column 

‘എന്റെ വോട്ട് ഉപയോഗശൂന്യമായി’ എന്ന് വിലപിച്ചത് 2016 മുതല്‍ ബിജെപി അധികാരത്തിലുള്ള അസമിലെ ബസ് ഡ്രൈവറായ സന്‍വര്‍ ഹുസൈന്‍ എന്നയാളാണ്. 35 ദശലക്ഷം നിവാസികളില്‍ മൂന്നിലൊന്ന് പേരും മുസ്ലിങ്ങളായ സംസ്ഥാനത്ത്, ഡീലിമിറ്റേഷന്‍ എന്ന പ്രക്രിയയിലൂടെ പല പാര്‍ലമെന്റ് നിയോജകമണ്ഡലങ്ങളുടെ ജനസംഖ്യാപരമായ പ്രൊഫൈലില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ജനസംഖ്യയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ചില സീറ്റുകളുടെ അതിരുകള്‍ തിരഞ്ഞെടുപ്പ് അധികാരികള്‍ പുനര്‍നിര്‍ണയിക്കുന്ന പ്രക്രിയയും നടന്നു. ഇങ്ങനെ ബാര്‍പേട്ട നിയോജക മണ്ഡലത്തില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടറായിരുന്ന അദ്ദേഹത്തിന്റെ പേര് ചേര്‍ത്തത് വീട്ടില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ധുബ്രിയിലെ വോട്ടര്‍ പട്ടികയിലാണ്. സന്‍വര്‍ ഹുസൈന് യാതൊരു വേരുകളുമില്ലാത്ത ധുബ്രിയില്‍ എന്തിന് പോകണം?

ഗുജറാത്തില്‍ സ്ഥിതി മറ്റൊന്നാണ്. മുസ്ലിം വിഭാഗത്തില്‍പെട്ടവരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ കൂടി ബ്യൂറോക്രാറ്റുകളും ബിജെപി പ്രവര്‍ത്തകരും അനുവദിക്കുന്നില്ല. ഇത്തരം അവസ്ഥകള്‍ക്കിടയിലും രാജ്യത്തിന്റെ തെക്ക് ഭാഗത്ത് ഒറ്റപ്പെട്ട തുരുത്തുകള്‍ നിലനില്‍ക്കുന്നത് ആശ്വാസകരമെന്ന് ഇവിടെ ജീവിക്കുന്ന വിശ്വാസികള്‍ ഇപ്പോള്‍ മനസിലാക്കുന്നില്ല. മുസ്ലിം ജനവിഭാഗം അനുഭവിക്കുന്ന പൗരത്വ പ്രശ്‌നമുള്‍പ്പടെ പൊതു സമക്ഷത്തില്‍ ചര്‍ച്ചയ്‌ക്കെടുത്തതും സംസാരിച്ചതും ദ്രാവിഡന്റെ തമിഴ്‌നാടും കേരളത്തിലെ ഇടതുപക്ഷവും മാത്രമായിരുന്നു. അതീവ പുരോഗമനം പറയുന്ന ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പിനു മുമ്പ് രൂപീകരിച്ച വെബ് സൈറ്റിന്റെ പേര് aapki ram rajya എന്നായിരുന്നുവെന്നുകൂടി ഇവിടെ പരാമര്‍ശിക്കേണ്ടതായിട്ടുണ്ട്. മുഖ്യ പ്രതിപക്ഷ ലേബലുള്ള കോണ്‍ഗ്രസിന്റെ മുസ്ലിം ന്യൂപക്ഷനയം പിന്നാലെ പറയാം.

മതദേശീയത ഏറ്റവും ഒടുവിലായി ശക്തിപ്രാപിച്ച രാജ്യങ്ങളിലൊന്നായി മാത്രമേ ഇന്ത്യയെ കരുതാന്‍ സാധിക്കു. ജനാധിപത്യരാഷ്ട്രീയത്തെ മതപരമായ ആശയധാരയില്‍ കുരുക്കിയിട്ടു കൊണ്ട് പോകുന്ന ചില മിഡില്‍ ഈസ്റ്റ്, ലാറ്റിനമേരിക്കന്‍, ദക്ഷിണേഷ്യന്‍ രാജ്യങ്ങളെപ്പോലെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയും കടന്നു പോകുന്നത് ഭയം ജനിപ്പിക്കുന്നു. എന്നാല്‍. ഇന്ത്യന്‍ ഭരണഘടന മതത്തിനും അധികാരത്തിനുമിടയില്‍ സ്ഥാപിച്ചിട്ടുള്ള അകലം പല തവണ ലംഘിച്ചു കൊണ്ട് മുന്നോട്ടു പോയ മോദി 2.0 കാലഘട്ടം കഴിഞ്ഞിരിക്കുകയാണ്. മൂന്നാം ഊഴത്തില്‍ കാര്യമായി കരുത്ത് തെളിയിക്കാന്‍ കഴിയാതെ പോയ അവസ്ഥയില്‍ ‘ജനകീയ വിചാരണ’ വിലയിരുത്തിയാല്‍ ഭരണഘടന തത്വങ്ങള്‍ ആര്‍ക്കും അടിമപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മനുഷ്യര്‍ അവരുടെ സാന്നിധ്യം തെളിയിച്ചു വെന്നു കൂടി മനസിലാക്കാം. വിഭജന കാലം മുതല്‍ ഇന്ത്യയെന്ന രാജ്യത്തെ അലട്ടുന്ന ഹിന്ദു-മുസ്ലിം ഐക്യം എന്ന നിലപാടിനെ ശരിയായ തലത്തില്‍ ചൂഷണം ചെയ്തു കൊണ്ട് ഹിന്ദുത്വത്തിന്റെ വിചാരധാരയാണ് ഇന്ത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ പത്തു വര്‍ഷം കൊണ്ട് മോദി ഭരണത്തിനു സാധിച്ചതിന്റെ തെളിവുകളാണ് മുകളില്‍ സൂചിപ്പിച്ചത്. ഇതാകട്ടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നു പോലും ഒരു ജനവിഭാഗത്തെ എങ്ങനെ മാറ്റി നിര്‍ത്താം എന്നതിന്റെ സൂചന കൂടിയാണ്. ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ഓര്‍മിക്കേണ്ടത് രാജ്യത്തെ മുസ്ലിം ജനവിഭാഗത്തിനും താഴെയുള്ള ദളിത് ആദിവാസി വിഭാഗത്തിന്റെ അവസ്ഥയെക്കുറിച്ചാകണം.

Post Thumbnail
മനുഷ്യന്റെ കടന്നു കയറ്റമാണോ ദുരന്തത്തിന് കാരണം?വായിക്കുക

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ കുറയുന്നു

മുസ്ലിം വിരുദ്ധത എങ്ങനെ വോട്ടാക്കി മാറ്റാമെന്ന് കൃത്യമായി മനസിലാക്കിയ ബി.ജെ.പി അതിന്റെ പ്രത്യയശാസ്ത്ര അടിത്തറയില്‍ നിന്നുകൊണ്ട് ഹിന്ദുത്വത്തിനു വേണ്ടി സംസാരിക്കുന്നത് മനസിലാക്കാം. പക്ഷേ, മറുപക്ഷത്ത് ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷകക്ഷികള്‍ എത്ര മാത്രം ശ്രമിച്ചുവെന്നത് സോഷ്യല്‍ ഓഡിറ്റിംഗിനു വിധേയമാക്കേണ്ടതാണ്. ഫലപ്രഖ്യാപനത്തിനു ശേഷം രാഹുല്‍ ഗാന്ധി നല്‍കിയ മറുപടിയില്‍ രാജ്യത്തെ ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ഭരണഘടനയെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയതിന്റെ വിജയമാണിതെന്നും, തൊഴിലാളികളും കര്‍ഷകരും ദലിതരും ആദിവാസികളും പിന്നാക്കക്കാരും ഈ ഭരണഘടനയെ സംരക്ഷിക്കാന്‍ സഹായിച്ചിട്ടുള്ളതായും, ഈ ഭരണഘടന ജനങ്ങളുടെ ശബ്ദമാണെന്നും ഞങ്ങള്‍ നിങ്ങളോടൊപ്പം നില്‍ക്കുകയും വാഗ്ദാനങ്ങള്‍ നിറവേറ്റുകയും ചെയ്യുമെന്നും ഉറപ്പ് നല്‍കുന്നുവെന്നാണ്.

രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ വിട്ടു പോയ ഒരു വിഭാഗമുണ്ട്. രാജ്യത്തെ 200 ദശലക്ഷം വരുന്ന മുസ്ലിങ്ങള്‍. അവരിലധികവും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ടും എന്ത് കൊണ്ട് ഈ വിഭാഗത്തെ പേരെടുത്തു പറയാന്‍ അദ്ദേഹം ശ്രമിച്ചില്ല! പ്രത്യയശാസ്ത്രപരമായ അടിത്തറ നഷ്ടമാവുകയും ബിജെപി കാലങ്ങള്‍ കൊണ്ട് സ്ഥാപിച്ചെടുത്ത ഹിന്ദുത്വ അജണ്ട എന്നത് അക്രമിക്കപ്പെട്ടാല്‍ ഭൂരിപക്ഷത്തിനിടയിലുള്ള സ്വാധീനം നഷ്ടമാകുമോ എന്ന ഭയവുമാകാം ഇന്ത്യന്‍ പ്രതിപക്ഷ നേതാവിനെ മുസ്ലിം എന്ന വാക്ക് വിഴുങ്ങാന്‍ പ്രേരിപ്പിച്ചത്.

ഏപ്രില്‍ ഇരുപത്തിയൊന്നിനാണ് നരേന്ദ്ര മോദി ഇലക്ഷന്‍ പ്രചാരണ പരിപാടിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ധനം മുഴുവന്‍ പെറ്റ് പെരുകി ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നവരിലെത്തുമെന്ന് സൂചിപ്പിച്ചു കൊണ്ട് മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ടു കോണ്‍ഗ്രസിനെ ആക്രമിച്ചത്. ഗുജറാത്ത് കലാപ കാലത്ത് സമാനതലത്തില്‍ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന മോദി സൂചിപ്പിച്ചത്, ഇരകള്‍ക്ക് വേണ്ടി തുടങ്ങുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ കുഞ്ഞുങ്ങളെ ഉദ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറുമെന്നാണ്. ഇത്ര മാത്രം ഗുതരമായി ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രത്തിലെ പൗരത്വമുള്ള ഒരു വിഭാഗത്തെ ആക്രമിച്ചിട്ടും അവരെപ്പറ്റി പ്രത്യക്ഷമായി സംസാരിക്കാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് ഭയക്കുന്നു. നിലവിലെ അവസ്ഥയില്‍ ഇന്ത്യന്‍ ഭരണമെന്നത് ഹിന്ദുത്വ മേധാവിത്വത്തിന്റെ കൗണ്‍സിലിലൂടെ മാത്രമേ നടക്കൂ എന്ന വോട്ട് ചിന്ത മാത്രമാണ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനേയും ഭയപ്പെടുത്തുന്നത്. മംഗല്യ സൂത്രത്തെപ്പറ്റിയും സംവരണത്തെപ്പറ്റിയുമൊക്കെ മോദി സംസാരിക്കുമ്പോള്‍ ഓപ്പണ്‍ ഡിഫന്‍സ് അവ്യക്തമായി മാത്രമാണ് ചില കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ നിന്നെങ്കിലുമുണ്ടായത്. നിത്യ ജീവിതവുമായി ബന്ധപ്പെട്ട ഭക്ഷണത്തില്‍ തുടങ്ങി പ്രണയത്തില്‍പ്പോലും മുസ്ലിം ജനവിഭാഗം ആക്രമിക്കപ്പെടുന്ന മോദി ഭരണകാലത്ത് പുതിയ തെരഞ്ഞെടുപ്പില്‍ മുസ്ലിം മത വിഭാഗത്തില്‍ നിന്നും ലോക്‌സഭയിലെത്തുന്നത് 22 പേര്‍ മാത്രമാണ്.

2019-ല്‍ ബിജെപി ഇതര പാര്‍ട്ടികള്‍ മുസ്ലിം വിഭാഗത്തിന് 115 ടിക്കറ്റുകള്‍ നല്‍കിയപ്പോള്‍, പുതുതായി രൂപീകരിച്ച ഇന്ത്യന്‍ സഖ്യം ഈ തെരഞ്ഞെടുപ്പില്‍ 78 മുസ്ലിങ്ങളെ മാത്രമാണ് മത്സരിപ്പിച്ചത്. 543 സീറ്റുകളുള്ള ലോക്‌സഭയിലേക്ക് ജനസംഖ്യയില്‍ രണ്ടാം സ്ഥാനമുള്ള വിഭാഗത്തിനു നല്‍കിയ പരിഗണനയാണ് ഈ സംഖ്യ. 10 ദശലക്ഷം മുസ്ലിങ്ങളുള്ള മഹാരാഷ്ട്രയില്‍, ബിജെപി ഇതര പാര്‍ട്ടികള്‍ മുസ്ലിങ്ങള്‍ക്ക് ഒരു ടിക്കറ്റ് പോലും നല്‍കിയില്ലയെന്നാണ് മനസിലാക്കുന്നത്. 40 ദശലക്ഷം മുസ്ലിങ്ങള്‍ താമസിക്കുന്ന ഉത്തര്‍പ്രദേശില്‍, സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടി (എസ്പി) വെറും നാല് മുസ്ലിങ്ങളെയാണ് മത്സരിപ്പിച്ചത്. എസ്പി വളരെക്കാലമായി മുസ്ലിങ്ങളെ തങ്ങളുടെ പ്രധാന വോട്ടര്‍മാരായി കണക്കാക്കുന്നുണ്ടെന്നതു മറ്റൊരു യാഥാര്‍ത്ഥ്യം. ദളിത് രാഷ്ട്രീയാനുകൂല പാര്‍ട്ടിയായ ബഹുജന്‍ സമാജ് പാര്‍ട്ടി ഉത്തര്‍പ്രദേശിലെ 17 പേര്‍ ഉള്‍പ്പെടെ ഇന്ത്യയിലുടനീളം 35 മുസ്ലിങ്ങളെ മത്സരിപ്പിച്ചു. ബിഹാര്‍ സംസ്ഥാനത്ത് ഇന്ത്യന്‍ സഖ്യത്തിന്റെ ഭാഗമായ രാഷ്ട്രീയ ജനതാദള്‍ രണ്ട് മുസ്ലിങ്ങള്‍ക്കാണ് ടിക്കറ്റ് നല്‍കി. സംസ്ഥാനത്ത് 20 ദശലക്ഷം മുസ്‌ളിം വിഭാഗക്കാരുണ്ട്. അതേസമയം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) സ്ഥാനാര്‍ത്ഥികളില്‍ 20 പേരില്‍ നാല് പേരും മുസ്ലിങ്ങളായിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ നാലിലൊന്ന് മുസ്ലിങ്ങളാണെന്ന് പ്രത്യേകം ശ്രദ്ധേയമാണ്. പശ്ചിമ ബംഗാള്‍ സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആറ് മുസ്ലിങ്ങളെ മത്സരിപ്പിച്ചു. സംസ്ഥാനത്തെ ജനങ്ങളില്‍ മൂന്നിലൊന്നും മുസ്ലിങ്ങളാണ്. ഗണ്യമായ മുസ്ലിം ജനസംഖ്യയുള്ള മണ്ഡലങ്ങളില്‍ നിന്നാണ് ഭൂരിപക്ഷം മുസ്ലിങ്ങളും വിജയിച്ചത്. ഇത് തന്നെയാണ് ബിജെപിയെ ഭയപ്പെടുത്തിയത്. പച്ചയ്ക്ക് വര്‍ഗ്ഗീയത വിളമ്പി നേതാക്കന്‍മാര്‍ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷത്തെ ആക്രമിക്കുമ്പോഴും കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിറഞ്ഞത് കാവി ചുറ്റി ഭസ്മമണിഞ്ഞ രാഹുല്‍ ഗാന്ധിയുടെ രൂപമായിരുന്നു. അതായത് ബിജെപിയുടെ ബി ടീമായി ഹിന്ദു വിഭാഗത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ശ്രമം. ഇവിടെയാണ് തമിഴ്‌നാട് പൊളിറ്റിക്‌സ് ശ്രദ്ധേയമാകുന്നത്. സവര്‍ണരാഷ്ട്രിയത്തെ നേരിട്ടത് അതേ കരുത്തോടെയുള്ള ദ്രാവിഡ ചിന്തയിലൂടെയാണ്. അതൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് ആയി നിലനില്‍ക്കുന്നു. അനുനയത്തിന്റെ രാഷ്ട്രീയമല്ല അവഗണിക്കപ്പെട്ടവര്‍ ഉയര്‍ത്തേണ്ടത് പ്രതിരോധത്തിന്റെ സമരമായിരിക്കണമെന്ന പ്രസ്താവന.

Post Thumbnail
എഎപിയുടെ പ്രതിഷേധത്തിൽ നിന്ന് വിട്ട് നിന്ന് ഹർഭജൻ സിംഗ് അടക്കം ഏഴ് എംപിമാർവായിക്കുക

Content Summary; bjp, congres and other major opposition parties keeps away muslims from democratic procedures  vk ajith kumar column

വി കെ അജിത് കുമാര്‍

വി കെ അജിത് കുമാര്‍

എഴുത്തുകാരന്‍, സമൂഹ്യനിരീക്ഷകന്‍

More Posts

Follow Author:
Facebook

×