ന്യൂഡൽഹിയിൽ നിന്നും ഭോപ്പാലിലേക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിനിൽ വെച്ച് യാത്രക്കാരനെ മർദിച്ച് ബിജെപി എംഎൽഎയും അനുയായികളും. സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ടപ്പോൾ മാറിയിരിക്കാൻ കഴിയില്ലെന്ന് അറിയിച്ചതിനാണ് ഉത്തർപ്രദേശിലെ ദാത്താഗഞ്ച് മണ്ഡലത്തിലെ എംഎൽഎയായ രാജീവ് സിംഗ് യാത്രക്കാരനെ മർദിച്ചത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെന്നാണ് പിടിഐയുടെ റിപ്പോർട്ടിൽ പറയുന്നത്.
ബിജെപി എംഎൽഎയും അനുയായികളുടെ ചേർന്ന് യാത്രക്കാരനെ കൂട്ടംചേർന്ന് മർദിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വീഡിയോ പങ്കുവെച്ചുകൊണ്ട് നിരവധി രാഷ്ട്രീയ പ്രമുഖന്മാർ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു.
കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് വീഡിയോയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ട്രെയിനിൽ വിൻഡോ സീറ്റ് നൽകാത്തതിനെ തുടർന്ന് രാജീവ് സിംഗ് എംഎൽഎയുടെ ഗുണ്ടകൾ ഒരു യാത്രക്കാരനെ ക്രൂരമായി മർദിക്കുകയാണ്. എംഎൽഎക്ക് പ്രധാനമന്ത്രിയുമായും ഷാ സാഹിബുമായും ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്, സുപ്രിയ ശ്രീനേത് കുറിച്ചു.
വസ്ത്രത്തിൽ മുഴുവൻ രക്തക്കറയുമായി ട്രെയിനിൽ ഇരിക്കുന്ന യാത്രക്കാരന്റെ മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതായാണ് റിപ്പോർട്ട്. യാത്രക്കാരന്റെ ഇരുപ്പ് രീതിയെക്കുറിച്ച് ആക്ഷേപകരമായ പരാമർശം ഉണ്ടായതും സീറ്റ് മാറണമെന്ന ആവശ്യവുമാണ് തർക്കത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ബിജെപി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, ഒരു സഹയാത്രികൻ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് രാജീവ് സിംഗ് നോൺ-കോഗ്നിസബിൾ റിപ്പോർട്ട് (NCR) ഫയൽ ചെയ്തു. ഭാര്യയും മകനുമൊപ്പമാണ് താൻ യാത്ര ചെയ്തിരുന്നതെന്നും യാത്രക്കിടെ രാജീവ് സിംഗിനോടും കുടുംബത്തോടും യാത്രക്കാരൻ അപമര്യാദയായി പെരുമാറിയെന്നുമാണ് എൻസിആറിൽ പറയുന്നത്. ട്രെയിൻ ഝാൻസി സ്റ്റേഷനിൽ എത്തിയപ്പോൾ സഹയാത്രികൻ തന്റെ സുഹൃത്തുക്കളോടൊപ്പം ചേർന്ന് കുടുംബത്തോട് മോശമായ പരാമർശങ്ങൾ നടത്തുകയായിരുന്നുവെന്ന് എംഎൽഎ ആരോപിച്ചു.
അതേസമയം, ആക്രമിക്കപ്പെട്ടയാളിൽ നിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ മാത്രമേ കേസെടുക്കാനാകൂവെന്നും പൊലീസ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
Content Summary: BJP MLA assaults passenger on Vande Bharat after seat refusal
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.