ബംഗാളിന്റെ അധികാരിയാകാന്‍ സുവേന്ദു; കിഴക്കന്‍ ഇന്ത്യയില്‍ ബി.ജെ.പി യുഗം

ഒഡീഷയ്ക്ക് പിന്നാലെ ബംഗാളും അസമും ബി.ജെ.പി കൈപ്പിടിയിലൊതുക്കിയതോടെ കിഴക്കന്‍ ഇന്ത്യയില്‍ കാവിപ്പടയുടെ ആധിപത്യം പൂര്‍ണ്ണമായി

suvendu adhikari bjp- bengal election

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന ഫലങ്ങളാണ് പശ്ചിമ ബംഗാള്‍, അസം, കേരളം, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിന്ന് പുറത്തുവരുന്നത്. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ ഒന്നര പതിറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് ബി.ജെ.പി അധികാരത്തിലെത്തുമ്പോള്‍, അയല്‍സംസ്ഥാനമായ അസമില്‍ തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം നിലനിര്‍ത്തി കാവിപ്പട കരുത്തറിയിച്ചു. എന്നാല്‍ കിഴക്കന്‍ ഇന്ത്യയില്‍ ആധിപത്യം ഉറപ്പിച്ച ബി.ജെ.പിക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കാനായില്ല എന്നത് ശ്രദ്ധേയമാണ്.

ബംഗാളിലെ ‘ജയന്റ് കില്ലര്‍’ സുവേന്ദു അധികാരി

പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ മമതാ ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അന്തകനായി മാറിയിരിക്കുകയാണ്. 2021-ല്‍ നന്ദിഗ്രാമില്‍ മമതയെ പരാജയപ്പെടുത്തിയ സുവേന്ദു, ഇത്തവണ മമതയുടെ തട്ടകമായ ഭവാനിപ്പൂരിലും അവരെ മുട്ടുകുത്തിച്ചു. സുവേന്ദുവിന്റെ സംഘടനാപാടവവും മെദിനിപ്പൂര്‍ മേഖലയിലെ സ്വാധീനവുമാണ് ബി.ജെ.പിയെ ഭരണത്തിലേക്ക് നയിച്ചത്. 2021-ല്‍ 77 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ 206 സീറ്റുകളിലേക്ക് കുതിച്ചു കയറിയപ്പോള്‍, 213 സീറ്റുകളുണ്ടായിരുന്ന തൃണമൂല്‍ വെറും 80 സീറ്റുകളിലേക്ക് ചുരുങ്ങി. വോട്ട് വിഹിതത്തില്‍ ബി.ജെ.പി 45.85 ശതമാനമായി വര്‍ദ്ധനവ് രേഖപ്പെടുത്തിയപ്പോള്‍ തൃണമൂലിന്റേത് 40.8 ശതമാനമായി കുറഞ്ഞു. പശ്ചിമ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുവേന്ദു അധികാരിയുടെ പേരിനാണ് ഇപ്പോള്‍ മുന്‍തൂക്കം.

തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച ഘടകങ്ങള്‍

ഭരണവിരുദ്ധ വികാരത്തിനൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കിയ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം( എസ് ഐ ആര്‍) ബംഗാളിലെ വോട്ടര്‍ പട്ടികയില്‍ വരുത്തിയ മാറ്റങ്ങള്‍ നിര്‍ണ്ണായകമായി. ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്തായതും ‘ലോജിക്കല്‍ ഡിസ്‌ക്രിപ്പന്‍സി’ എന്ന വിഭാഗത്തില്‍ വോട്ടര്‍മാര്‍ തഴയപ്പെട്ടതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്ന ബി.ജെ.പിയുടെ തീവ്ര പ്രചാരണവും കേന്ദ്ര ഏജന്‍സികളുടെ സജീവ ഇടപെടലും തിരഞ്ഞെടുപ്പിനെ ബി.ജെ.പിക്ക് അനുകൂലമാക്കി മാറ്റി. ബംഗാള്‍ ‘ഭയമുക്തമായെന്നും’ ടാഗോറിന്റെ നാട് പുതിയൊരു അധ്യായം തുടങ്ങുകയാണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിജയത്തെ വിശേഷിപ്പിച്ചത്.

അസമില്‍ ചരിത്രം ആവര്‍ത്തിച്ച് ഹിമന്ത

അസമില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ ബി.ജെ.പി തുടര്‍ച്ചയായ മൂന്നാം വിജയമാണ് കരസ്ഥമാക്കിയത്. 126 അംഗ സഭയില്‍ 82 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്. കോണ്‍ഗ്രസ് സഖ്യം 19 സീറ്റുകളിലേക്ക് ഒതുങ്ങി. ബംഗാളിലെ വിജയം രാജ്യത്തിന്റെ വിജയമാണെന്നും അതിര്‍ത്തി സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഈ ഫലം അനിവാര്യമായിരുന്നുവെന്നുമാണ് ഹിമന്ത പ്രതികരിച്ചത്. ഒഡീഷയ്ക്ക് പിന്നാലെ ബംഗാളും അസമും ബി.ജെ.പി കൈപ്പിടിയിലൊതുക്കിയതോടെ കിഴക്കന്‍ ഇന്ത്യയില്‍ കാവിപ്പടയുടെ ആധിപത്യം പൂര്‍ണ്ണമായി.

ദക്ഷിണേന്ത്യയിലെ ബി.ജെ.പി വിരുദ്ധ തരംഗം

ബംഗാളിലും അസമിലും ആവേശകരമായ വിജയം നേടിയ ബി.ജെ.പിക്ക് പക്ഷേ കേരളത്തിലും തമിഴ്നാട്ടിലും കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് വന്‍ തിരിച്ചുവരവ് നടത്തി ഭരണം പിടിച്ചെടുത്തു. തമിഴ്നാട്ടിലാകട്ടെ, നടന്‍ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) ദ്രാവിഡ രാഷ്ട്രീയത്തിലെ പുതിയ ശക്തിയായി ഉദിച്ചുയര്‍ന്നു. ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും പിന്തള്ളപ്പെട്ട തമിഴ് മണ്ണില്‍ ബി.ജെ.പിക്കും മൂന്നാം സ്ഥാനത്തേക്ക് മാറേണ്ടി വന്നു. ബംഗാളില്‍ കണ്ട അത്രയും തീവ്രമായ പ്രചാരണ പരിപാടികള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.

ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി, ബിഹാര്‍ എന്നിവിടങ്ങളിലെ വിജയങ്ങള്‍ക്കൊപ്പം ബംഗാളും കൈവന്നതോടെ രാജ്യം ബി.ജെ.പിയില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുകയാണെന്ന് പ്രധാനമന്ത്രി അവകാശപ്പെടുമ്പോഴും, ദക്ഷിണേന്ത്യ ഇപ്പോഴും ബി.ജെ.പിക്ക് വലിയ വെല്ലുവിളിയായി തന്നെ തുടരുന്നു. പശ്ചിമ ബംഗാളിലെ വിജയം വരാനിരിക്കുന്ന ദേശീയ രാഷ്ട്രീയത്തില്‍ സുവേന്ദു അധികാരി എന്ന നേതാവിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുകയാണ്.

Content Summary: Suvendu Adhikari emerges as the ‘Giant Killer’ again as BJP sweeps West Bengal with 206 seats. East India’s political landscape.

This post was last modified on May 5, 2026 10:15 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment