April 28, 2025 |

എന്‍ജിഒ യൂണിയനിലെ ഗുണ്ടാ നേതാക്കളെ താങ്ങേണ്ടി വരുന്നത് തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ ഗതികേടല്ല; ജനാധിപത്യത്തിലെ പുഴുക്കുത്ത്

സാധാരണക്കാര്‍ ഹര്‍ത്താലിനെ വെറുത്ത് തുടങ്ങിയതോടെ ബിജെപിയ്ക്ക് അവര്‍ സ്വപ്‌നം കാണുന്ന അടിത്തറ കെട്ടിപ്പൊക്കല്‍ ഇനിയുമകലെയാണെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്

ഇക്കഴിഞ്ഞ എട്ടിനും ഒമ്പതിനും രാജ്യത്ത് നടന്ന ദേശീയ പണിമുടക്ക് സിപിഎമ്മിന്റേത് മാത്രമായിരുന്നില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അവര്‍ക്കൊന്നും നേരിടേണ്ടി വരാതിരുന്ന ഒരു ഗതികേടാണ് ഇപ്പോള്‍ സിപിഎം നേരിട്ടുകൊണ്ടിരിക്കുന്നത്. പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിന് മുന്നിലെ എസ്ബിഐ ട്രഷറി ബ്രാഞ്ച് സിപിഎം ആഭിമുഖ്യത്തിലുള്ള എന്‍ജിഒ യൂണിയന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ തല്ലിപ്പൊളിച്ചതാണ് അവരെ കുഴപ്പത്തിലാക്കുന്നത്. ഏതെങ്കിലും അണികളായിരുന്നെങ്കില്‍ പങ്കില്ലെന്ന് പറഞ്ഞ് തലയൂരാമായിരുന്നു. എന്നാല്‍ ചെയ്തത് തല മുതിര്‍ന്ന നേതാക്കളാണ്. അതുകൊണ്ട് തന്നെ നേതാക്കളെ സംരക്ഷിക്കാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. അതൊരിക്കലും സിപിഎമ്മിന്റെ മാത്രം കുഴപ്പമായി കാണാന്‍ പറ്റില്ല. ഭരിക്കുന്ന പാര്‍ട്ടി ആരായാലും തങ്ങളുടെ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നത് ജനാധിപത്യ സംവിധാനത്തില്‍ എക്കാലത്തും നിലനില്‍ക്കുന്ന പുഴുക്കുത്താണ്.

നേതാക്കളെ സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവെന്ന ആരോപണം ശക്തമായതോടെ സിപിഎമ്മിന് തലയൂരാന്‍ ഇവരെ അറസ്റ്റ് ചെയ്‌തേ പറ്റൂവെന്ന അവസ്ഥയിലായി. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ രണ്ട് പേര്‍ കീഴടങ്ങുകയും ചെയ്തു. ഇന്നലെ റിമാന്‍ഡിലായ തൈക്കാട് ഏരിയാ സെക്രട്ടറി എ അശോകന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി വി ഹരിലാല്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായത്. അശോകന്‍ ട്രഷറി ഓഫീസിലെ ക്ലര്‍ക്കും ഹരിലാല്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അറ്റന്‍ഡറുമാണ്. ഇരുവരും ജാമ്യമില്ലാക്കുറ്റത്തിന് അറസ്റ്റിലായ വിവരം ഇരുവരുടെയും ഓഫീസുകളില്‍ അറിയിച്ചതോടെയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവും അടക്കം 15 പേരാണ് കേസിലെ പ്രതികള്‍. രണ്ട് പേര്‍ കീഴടങ്ങിയതൊഴിച്ചാല്‍ ആരെയും ഇതുവരെയും പിടികൂടാന്‍ സാധിച്ചില്ലെന്നത് പോലീസിന് തലവേദനയായി തുടരുന്നു. കേസിലെ മുഖ്യപ്രതികളെ പോലും പിടികൂടാനായിട്ടുമില്ല.

ശബരിമല വിഷയത്തിലെ നിലപാടിലൂടെ നവോത്ഥാന നായകനായി മാറിയ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും സര്‍ക്കാരിനുമെല്ലാം നാണക്കേടുണ്ടാക്കിയ സംഭവമാണ് പണിമുടക്ക് ദിനത്തിലുണ്ടായത്. തുടര്‍ച്ചയായി ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്ത ബിജെപിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടിരിക്കെയാണ് ഇത്തരമൊരു നാണക്കേടെന്നതും ശ്രദ്ധേയമാണ്. സാധാരണക്കാര്‍ ഹര്‍ത്താലിനെ വെറുത്ത് തുടങ്ങിയതോടെ ബിജെപിയ്ക്ക് അവര്‍ സ്വപ്‌നം കാണുന്ന അടിത്തറ കെട്ടിപ്പൊക്കല്‍ ഇനിയുമകലെയാണെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഹര്‍ത്താലിനിടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും സ്വകാര്യ, പൊതു സ്വത്തുക്കള്‍ക്ക് നേരെയും അവര്‍ അഴിച്ചുവിടുന്ന അക്രമങ്ങളുടെ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ജനങ്ങള്‍ ഹര്‍ത്താലുകളോട് പരസ്യമായി തന്നെ ഒരു ‘നോ’യും പറഞ്ഞു ഇവിടെ.

ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചപ്പോഴും നടന്നതിന്റെ തലേദിവസവും പണിമുടക്കിനിടെ അക്രമസംഭവങ്ങളുണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കില്ലെന്നുമൊക്കെയാണ് സിപിഎം നേതൃത്വം ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ പ്രതീക്ഷകളെല്ലാം തെറ്റിച്ചത് തിരുവനന്തപുരത്തെ സംഭവമാണ്. അതും നേതൃനിരയില്‍ നില്‍ക്കുന്നവര്‍ തന്നെ പണിമുടക്കിന് അക്രമമഴിച്ചു വിടുകയും പാര്‍ട്ടി അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ തങ്ങളുടെ വഴിയും മറ്റൊന്നല്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് അരുണ്‍ ടി വിജയന്‍.

More Posts

Follow Author:
Facebook

Leave a Reply

Your email address will not be published. Required fields are marked *

×