UPDATES

ബ്ലോഗ്

പാര്‍ലമെന്റ് ആനപന്തിയല്ല, അവിടെ വേണ്ടത് നെറ്റിപ്പട്ടം കെട്ടിയവരെയുമല്ല; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായി കൊമ്പുകുലുക്കാന്‍ നില്‍ക്കുന്ന സുരേഷ് ഗോപിയോടാണ്

ശബരിമലയും അയ്യപ്പനും ആനയും നെറ്റിപ്പട്ടവുമൊക്കെ മാത്രമാകുന്ന രാഷ്ട്രീയത്തിന് ജനാധിപത്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ

                       

ജയരാജ് സംവിധാനം ചെയ്ത പൈതൃകം എന്ന സിനിമ യുക്തിവാദവും ദൈവവിശ്വാസവും തമ്മിലുള്ള തര്‍ക്കമാണ് പ്രമേയമാക്കിയിരിക്കുന്നത്. സുരേഷ് ഗോപിയാണ് സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു യുക്തിവാദി യുവാവിന്റെ വേഷത്തില്‍ എത്തുന്ന സുരേഷ് ഗോപി സര്‍പ്പക്കാവ് വെട്ടിത്തെളിച്ച് അവിടെവച്ചിരിക്കുന്ന പ്രതിഷ്ഠകളൊക്കെ എടുത്തുന്ന മാറ്റുന്ന തരത്തില്‍ ഒരു രംഗമുണ്ട് സിനിമയില്‍. ഇങ്ങനെയൊരു രംഗത്തില്‍ അഭിനയിക്കേണ്ടി വന്നതില്‍ സുരേഷ് ഗോപിക്ക് കുറ്റബോധം ഉണ്ടായിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. സിനിമയയ്ക്കു വേണ്ടിയാണെങ്കില്‍ പോലും സര്‍പ്പക്കാവ് നശിപ്പിച്ചത് തനിക്ക് വേദനയുണ്ടാക്കിയെന്നോ മറ്റോ സുരേഷ് സംവിധായകനോട് പറഞ്ഞെന്നാണ് അറിവ്.

എന്തിനാണ് ഇക്കാര്യം പറഞ്ഞതെന്നു ചോദിച്ചാല്‍, സിനിമയിലെ കഥാപാത്രവും അതവതരിപ്പിച്ചവരുടെ വ്യക്തിത്വവുമായി പുലബന്ധം പോലും ഉണ്ടാകില്ലെന്നു ചൂണ്ടിക്കാണിക്കാന്‍.

കഥാപാത്രവും അഭിനേതാവും തമ്മില്‍ സ്വഭാവസാമത്യ വേണമെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ, വ്യക്തിജീവിതത്തില്‍ ഇരട്ടത്താപ്പുകള്‍ കാണിക്കുന്നത് അവനവനുനേരെ ചോദ്യങ്ങള്‍ ഉയരുന്നതിന് കാരണമാകും. ഒരു വ്യക്തി പല രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗമാകുന്നതും സ്ഥാനമാനങ്ങള്‍ വഹിക്കുന്നതുമൊക്കെ വെറും സാധാരണകാര്യമാണ്. ആശയങ്ങളോ നിലപാടുകളോ ആകില്ല, വ്യക്തിതാത്പര്യം മാത്രമാണ് ഇത്തരം കാലുമാറ്റങ്ങളുടെ പ്രധാന കാരണം. വര്‍ഗ്ഗ സിദ്ധാന്തം പറഞ്ഞു നടന്നവന്‍ വര്‍ഗീയത പറയുന്നതോ മതേതരത്വം പ്രഖ്യാപിത ലക്ഷ്യമാക്കി കൊണ്ടു നടന്നവന്‍ മതം പറയുന്നവനാകുന്നതോ ഒരു വാര്‍ത്തയേയല്ലാതായി ഈ മഹാജനാധിപത്യ രാജ്യത്ത്. എന്നാല്‍ ഇതൊന്നും ആരും ചോദ്യം ചെയ്യരുതെന്ന് ഇവരാരും നിര്‍ബന്ധം പിടിക്കരുത്. ഭൂതകാലം ഡെമോക്ലിസിന്റെ വാളുപോല്‍ എപ്പോഴും തലയ്ക്കു മേല്‍ തൂങ്ങിയാടിക്കൊണ്ടിരിക്കും.

ഒരിക്കല്‍ ഒരമ്മ തന്റെ മകനുമായി ശ്രീനാരായണ ഗുരുവിനെ കാണാനെത്തി. മകന്റെയൊരു കുഴപ്പം മാറ്റിയെടുക്കാന്‍ ഗുരു സഹായിക്കണം, അതായിരുന്നു അമ്മയുടെ ആവശ്യം. മകന്റെ കുഴപ്പം ധാരളമായി ശര്‍ക്കര തിന്നും എന്നതായിരുന്നു. അത് നല്ലതല്ല. എത്ര പറഞ്ഞിട്ടും കേള്‍ക്കുന്നുമില്ല. അങ്ങനെയാണ് ഗുരുവിന്റെയടുക്കല്‍ എത്തിയത്. ഉപദേശിച്ചൊന്നു നേരെയാക്കണം. കാര്യങ്ങളെല്ലാം കേട്ടശേഷം ഒരാഴ്ച്ച കഴിഞ്ഞ മകനുമായി വരാന്‍ അമ്മയോട് ഗുരു പറഞ്ഞു. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ രണ്ടുപേരും വീണ്ടും വന്നു. ഗുരു മകനെ വിളിച്ചു മാറ്റി കാര്യമായി ഉപദേശിച്ചു. ശര്‍ക്കര അധികം തിന്നാല്‍ ആരോഗ്യത്തിന് പ്രശ്‌നമാകുമെന്നും നിര്‍ത്തണമെന്നുമൊക്കെ പറഞ്ഞ് അവന്റെ മനസ് മാറ്റിയെടുത്തു. ഇനിയൊരിക്കലും താനങ്ങനെ ചെയ്യില്ലെന്ന് ഉറപ്പ് നല്‍കി അമ്മയോടൊപ്പം സന്തോഷത്തോടെ മകന്‍ മടങ്ങി. ഇതെല്ലാം ശ്രദ്ധിച്ചു നിന്നിരുന്ന ശിഷ്യന്‍ ഗുരുവിന്റെ അടുത്തേക്ക് വന്നു. ഒരു സംശയം ചോദിക്കാനുണ്ട്, ആദ്യം വന്നപ്പോഴെ അങ്ങേയ്ക്ക് ഇന്നു ചെയ്തതുപോലെ അവനെ ഉപദേശിച്ച് മാറ്റിയെടുക്കാമായിരുന്നല്ലോ, പിന്നെന്തുകൊണ്ട് അന്നവരെ പറഞ്ഞുവിട്ടു? ശിഷ്യന്റെ ചോദ്യം കേട്ട് ചെറു ചിരിയോടെ ഗുരു പറഞ്ഞു; ശര്‍ക്കര തിന്നുന്ന ശീലം എനിക്കുമുണ്ടായിരുന്നു. അതു മാറ്റിയെടുക്കാതെ ഞാനവനെയെങ്ങനെയാണ് ഉപദേശിക്കുക! നിങ്ങളില്‍ തിരുത്തേണ്ടതായ കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ അത് ചെയ്തിട്ടുവേണം മറ്റൊരാളുടെ കുഴപ്പങ്ങള്‍ ചൂണ്ടിക്കാട്ടാനും പറയാനും തിരുത്താനും ശ്രമിക്കേണ്ടത്.

തൃശൂരില്‍ നിന്നും ആറു മണിക്കൂറില്‍ താഴെ സമയം യാത്ര ചെയ്താല്‍ മതി വയനാട്ടില്‍ എത്താന്‍. ഔഡി പോലൊരു വാഹനം സ്വന്തമായുണ്ടെങ്കില്‍ സമയം പിന്നെയും ലാഭിക്കാം. തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വയനാടു വരെ പോവുക അത്ര ബുദ്ധുമുട്ടുള്ള കാര്യമല്ല. സെന്‍സെസ് ഡാറ്റ പ്രകാരം ഹിന്ദു ഭൂരിപക്ഷമുള്ള ജില്ലയാണ് വയനാട്. ആ കണക്ക് മാറ്റിവച്ച് വയനാട് മുഴുവന്‍ മുസ്ലിങ്ങളാണെന്നും വയനാട് പാകിസ്താനിലാണെന്നുമൊക്കെ വിളിച്ചു പറയുന്നത് സുരേഷ ഗോപിയുടെ സ്വന്തം നേതാക്കളാണ്. പക്ഷേ അവരെ തിരുത്തണമെങ്കില്‍ ആദ്യം സ്വയം തിരുത്തപ്പെടേണ്ടതുണ്ട് സുരേഷ് ഗോപി. ഒരേ കുഴപ്പങ്ങള്‍ ചെയ്യുമ്പോള്‍ ആര്‍ക്ക് ആരെയാണ് തിരുത്താന്‍ കഴിയുക? മനുഷ്യനെന്നു പറയാന്‍ തയ്യാറാകാതെ, ഒരു പ്രത്യേക മതത്തിന്റെ വക്താവായി നില്‍ക്കുന്നൊരാള്‍ക്കും കുഴപ്പമുണ്ട്.

എനിക്ക് വോട്ട് ചെയ്യൂ, ഈ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ അവസരം തരൂ എന്നല്ല, എനിക്ക് നെറ്റിപ്പട്ടം കെട്ടിത്തരൂ, ഞാന്‍ ഗുരുവായൂര്‍ കേശവനായും തെച്ചിക്കോട് രാമചന്ദ്രനായും പാര്‍ലമെന്റില്‍ ചെന്നു കൊമ്പു കുലുക്കി നില്‍ക്കാമെന്നാണ് ഒരു സ്ഥാനാര്‍ത്ഥി പറയുന്നതെങ്കില്‍ അതിലെന്ത് ജനാധിപത്യമാണ് ഉള്ളത്? പാര്‍ലമെന്റ് ആനപന്തിയല്ല. അവിടെ വേണ്ടത് നെറ്റിപ്പട്ടം കെട്ടിയവരെയല്ല, രാഷ്ട്രനിര്‍മാണം അറിയുന്നവരെയാണ്. രാഷ്ട്രം എന്നാല്‍ അതിനൊരു വിശാല അര്‍ത്ഥമുണ്ട്. സങ്കുചിത ചിന്തകൊണ്ടത് മനസിലാകില്ല. എന്നെ ജയിപ്പിക്കൂ ഞാന്‍ നിങ്ങളിലൊരാളായി എന്നും നിങ്ങളുടെയൊപ്പം കാണുമെന്നു സ്ഥാനാര്‍ത്ഥികള്‍ പറയാറുണ്ട്. പാഴ്‌വാക്കാണെങ്കില്‍ പോലും അതിലൊരു ജനാധിപത്യവും പൗരബോധവുമുണ്ട്. ഒപ്പം നില്‍ക്കാമെന്നു പറയുന്നത് സമത്വത്തിന്റെ രാഷ്ട്രീയമാണ്. ഞാന്‍ നെറ്റിപ്പട്ടം കെട്ടി കൊമ്പു കുലുക്കി നില്‍ക്കാമെന്നു പറയുന്നവര്‍ പട്ടുകുപ്പായമണിഞ്ഞ് ഭരണാധികാരിയുടെ ദര്‍ബാറിന് അലങ്കാരം മാത്രമായിരിക്കുന്നവരെയാണ് പ്രതിനിധാനം ചെയ്യുന്നത്.

നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യയൊരു പ്രജാരാജ്യമായി മാറിയെന്ന് സുരേഷ് ഗോപി പറയുന്നത് അതുകൊണ്ടാണ്. ഇവിടുത്തെ ഓരോ പ്രജയുടെയും മുറി പരിശോധിച്ചാല്‍ വൈവിധ്യങ്ങള്‍ കാണാമെന്നും ആ വൈവിധ്യങ്ങളെ ഒന്നടങ്കം ഉള്‍ക്കൊണ്ടു കൊണ്ടാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതും നടപ്പിലാക്കുന്നതെന്നു പറയാന്‍ മടിയില്ലാത്തതും അതുകൊണ്ടാണ്. ശ്രീരാമചന്ദ്രനെ പ്രജാക്ഷേമതത്പരനായ ഭരണാധികാരിയായാണ് സ്ഥാപിച്ചെടുത്തിരിക്കുന്നത്. രാമരാജ്യം അഥവ പ്രജാരാജ്യം ശാസ്ത്രയുഗത്തിലും രാജ്യഭരണത്തിന് ഉദ്ദാഹരണമാക്കാറുണ്ട്. രാമനാമം ജപിക്കുന്നവരോട് ഒരിക്കല്‍ ശ്രീനാരായണ ഗുരു ചോദിച്ചു; രാമന്റെ കാലത്തായിരുന്നെങ്കില്‍ നമുക്കിതിനൊക്കെ ആകുമായിരുന്നോ? വളരെ പ്രകോപനപരമായൊരു ചോദ്യമായിരുന്നു ഗുരുവിന്റേത്. വേദപുസ്തകം കണ്ടവന്റെ കണ്ണിലും കേട്ടവന്റെ കാതിലും ഈയമുരുക്കിയൊഴിച്ചവരുടെ രാജാവിന്റെ കാലത്തായിരുന്നെങ്കില്‍ അധഃകൃതരുടെ സ്ഥാനം മാത്രമുണ്ടാകുമായിരുന്ന ഒരു ജനത്തിന്, സ്വന്തം രാജാവിന്റെയാണെങ്കില്‍ പോലും നാമം ജപിച്ചു പ്രാര്‍ത്ഥിക്കാന്‍ അവസരമുണ്ടാകുമായിരുന്നില്ലെന്നു തന്നെയാണ് ഗുരു വ്യക്തമാക്കിയത്. ഗുരു ഇന്നില്ലെങ്കിലും അദ്ദേഹത്തില്‍ നിന്നും പകര്‍ന്നു കിട്ടിയ നവോഥാന ചിന്തകള്‍ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. ഈ രാജ്യത്തെ ഓരോ പ്രജയുടെ മുറിയിലും പരിശോധനകള്‍ നടക്കുന്നുണ്ടെന്നത് ശരിയാണ്. പക്ഷേ വൈവവിധ്യങ്ങള്‍ തിരയാനല്ല, പശു ഇറച്ചിയിരുപ്പുണ്ടോ, പശു ഇറച്ചി പാകം ചെയ്യുന്നുണ്ടോ, കഴിക്കുന്നുണ്ടോ എന്നറിയാന്‍. ഉണ്ടെങ്കില്‍ അവനെ വലിച്ചു പുറത്തിട്ട് തല്ലിക്കൊല്ലാന്‍. വ്യവസ്ഥയ്ക്ക് അഹിതമായതു ചെയ്താല്‍ കണ്ണിലും കാതിലും ഈയം ഒഴിച്ചതുപോലെ.

ഇന്നിനെ ന്യായീകരിക്കുമ്പോഴും ഇന്നലകളെ കുറ്റപ്പെടുത്തുമ്പോഴും സുരേഷ് ഗോപിയിലെ രാഷ്ട്രീയക്കാരനുനേരെയും ഇതുപോലെ ചോദ്യങ്ങള്‍ ഉയരും. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളര്‍ച്ചയുടെ ക്രെഡിറ്റ് ഇന്ദിരാ ഗാന്ധിക്ക് ആണെന്നു പറഞ്ഞ, അടിയന്തരാവാസ്ഥക്കാലത്തുപോലും ഇന്ദിര ഗാന്ധിയെ കുറ്റപ്പെടുത്തുന്നത് അനുവദിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നു പറഞ്ഞ, തനിക്ക് കിട്ടിയ സ്വാതന്ത്ര്യം തന്നെ എസ് എഫ് ഐയില്‍ എത്തിച്ചെന്നു പറഞ്ഞ, ഏഴുവര്‍ഷക്കാലം എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചെന്നു പറഞ്ഞ, വി എസ് അചുതാനന്ദനെപോലൊരാള്‍ ഇനിയുണ്ടാകില്ലെന്നു പറഞ്ഞ, നരേന്ദ്ര മോദി അധികാരത്തിലേറുന്നതു കാണാന്‍ കഴിയുന്നത് ദൈവ ഭാഗ്യമാണെന്നു പറഞ്ഞ്, മോദിയുടെ അടിമയാകാന്‍ തയ്യാറാണെന്നു പറഞ്ഞ ഭൂതകാല വര്‍ത്തമാനങ്ങളൊക്കെയും നിരത്തിവച്ച് ചോദ്യങ്ങള്‍ ചോദിക്കും. ഇപ്പോള്‍ പറയുന്ന രാഷ്ട്രീയം കൊണ്ട് ഇന്നലെ പറഞ്ഞകാര്യങ്ങള്‍ പ്രതിരോധിക്കാന്‍ കഴിയുമോയെന്നു ചോദിക്കും. ചോദിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നല്ലേ സുരേഷ് ഗോപിയും പറയുന്നത്. ശബരിമലയും അയ്യപ്പനും ആനയും നെറ്റിപ്പട്ടവുമൊക്കെ മാത്രമാകുന്ന നിങ്ങളുടെ രാഷ്ട്രീയത്തിന് ജനാധിപത്യവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നു കൂടുതല്‍ ഉറക്കെ ചോദിക്കും…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍