UPDATES

ബ്ലോഗ്

ആ വിണ്ടുകീറിയ കാലുകളുടെ ഇച്ഛാശക്തിക്കും സമരവീര്യത്തിനും മുന്നിൽ 56 ഇഞ്ച്‌ പ്രജാപതിയും അനുചരരും മുങ്ങിപ്പോവുക തന്നെ ചെയ്യും

ലോങ്ങ് മാര്‍ച്ചിന്റെ ആത്യന്തിക രാഷ്ട്രീയ പ്രസക്തി കര്‍ഷകര്‍ നിരാശയുടെ ആത്മനാശോന്മുഖമായ വഴി വിട്ട് പോരാട്ടത്തിലേക്ക് മടങ്ങി വരുന്നു എന്നതാണ്.

                       

കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാമെന്ന‌് മഹാരാഷ്ട്ര സർക്കാർ എഴുതി നല്‍കിയതിനെ തുടര്‍ന്ന് കിസാൻ സഭ നടത്തിവന്നിരുന്ന ലോങ്ങ് മാർച്ച് തത്ക്കാലത്തേക്ക് അവസാനിപ്പിച്ചു. മന്ത്രി ഗിരീഷ‌് മഹാജനുമായി അഖിലേന്ത്യാ കിസാൻ സഭാ നേതാക്കൾ നടത്തിയ ആറുമണിക്കൂർ നീണ്ട ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന‌് സർക്കാർ രേഖാമൂലം അറിയിച്ചതോടെ മാര്‍ച്ച് അവസാനിപ്പിക്കുകയാണെന്ന് അഖിലേന്ത്യാ കിസാന്‍ സഭാ നേതാക്കള്‍ അറിയിക്കുകയായിരുന്നു. നാസിക്കിനടുത്ത‌് വിലോളിയിലാണ‌് ചർച്ച നടന്നത‌്. ലോങ് മാർച്ച‌് 15 കിലോമീറ്റർ പിന്നിട്ടപ്പോഴായിരുന്നു സർക്കാർ ഇടപെടൽ.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പുകാലത്ത്‌ നരേന്ദ്ര മോദി ഏറ്റവും വിമർശനവിധേയമാക്കിയത്‌ യുപിഎ ഭരണകാലത്തെ കർഷക ആത്മഹത്യകളായിരുന്നു. കർഷകരുടെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാതെ തനിക്ക്‌ ഇനി ഉറക്കമില്ലെന്നാണ്‌ മോദി അധികാരത്തിലേറുമ്പോൾ വീമ്പിളക്കിയത്‌. എന്നാൽ അഞ്ചു വർഷത്തെ ഭരണം പിന്നിടുമ്പോൾ ദിനംപ്രതി 32 കർഷകർ ആത്മഹത്യയിൽ അഭയം തേടുന്ന കർഷകരുടെ ശവപ്പറമ്പായി മോദിയുടെ ‘ഡിജിറ്റൽ ഇന്ത്യ’ മാറി കഴിഞ്ഞിരുന്നു.

കഴിഞ്ഞ രണ്ടുദശാബ്ദങ്ങളിലായി ഇന്ത്യൻ കാർഷികമേഖലയെ ഗ്രസിച്ചിരിക്കുന്ന ഗൗരവതരമായ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ കേന്ദ്രസർക്കാരിനു താൽപ്പര്യമില്ലായെന്നുള്ളതാണ്‌ പ്രധാനവസ്തുത. കോർപ്പറേറ്റ്‌ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന, വലതുപക്ഷനയങ്ങളെ പുണരുന്ന സർക്കാരിന്റെ അജൻഡയിൽ ഏറ്റവും അവസാനത്തേതാണ്‌ കാർഷികമേഖല. ഇപ്പോഴുയരുന്ന കാർഷികവിലാപങ്ങളിൽനിന്നും തലയൂരുന്നതിനായി സംസ്ഥാന ഗവൺമെന്റുകൾ ചില പദ്ധതികൾ പ്രഖ്യാപിച്ച്‌ തത്ക്കാലം തടി രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നുമാത്രം.

ജനവിരുദ്ധനായ ഫ്രഞ്ച് സ്വേഛാധിപതി ലൂയി പതിനാലാമന്റെ കൊട്ടാരത്തിലേക്കു ജനം ഇരച്ചുകയറിയാണ് ആ ദുര്‍ഭരണം അവസാനിപ്പിച്ചത്. റൊട്ടിയെവിടെ എന്നു ചോദിച്ച ജനതയെ പുച്ഛിക്കും വണ്ണം ലൂയി പതിനാലാമന്റെ ഭാര്യ മേരി അവര്‍ക്കു റൊട്ടിയില്ലെങ്കില്‍ കേക്ക് തിന്നുകൂടെയെന്നു ചോദിച്ചതു ചരിത്രമാണ്. ആ ചരിത്രനിമിഷത്തെ ഓര്‍മിപ്പിച്ചു ബിജെപി എം.പിയും യുവ മോര്‍ച്ചാ ദേശീയ പ്രസിഡന്റുമായ പുനം മഹാജന്‍; മഹാപ്രവാഹമായി നാസിക്കില്‍ നിന്നു കാല്‍നടയായി വന്ന കര്‍ഷകസമൂഹത്തെ നോക്കി അവര്‍ പുച്ഛത്തോടെ പറഞ്ഞത്, നാഗരിക മാവോയിസ്റ്റുകളാണ് വരുന്നതെന്നാണ്. 180 കിലോമീറ്റര്‍ ദൂരം രാവും പകലും താണ്ടി ചോരയൊലിക്കുന്ന പാദങ്ങളോടെ മുംബൈയിലെത്തിയ അരലക്ഷത്തോളം കര്‍ഷകരെ നോക്കിയാണു പുനം മഹാജന്‍ ഈ പരിഹാസം ചൊരിഞ്ഞത്. കര്‍ഷകരോടുള്ള ഒരു സർക്കാരിന്റെ സമീപനം പൂനം മഹാജന്റെ പ്രസ്താവനയിൽ നിന്നും വ്യക്തം.

എല്ലാ വിധത്തിലും കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് ദ്രോഹമേല്‍പിക്കുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ഇന്നത്തെ കര്‍ഷക വിരുദ്ധ സമീപനങ്ങള്‍ക്ക് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ സമാനതകളില്ലെന്ന് എൻഡിഎ ഗവണ്മെന്റിന്റെ കാർഷിക നയങ്ങൾ വ്യക്തമാക്കും. മോദി ഭരണകൂടം സ്വതന്ത്ര്യ ഇന്ത്യയിലെ ഏറ്റവും കര്‍ഷക വിരുദ്ധ സര്‍ക്കാരായി മാറി എന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് തെളിയിക്കുന്ന ചില വസ്തുതകൾ പരിശോധിക്കാം.

Also Read: രാജ്യം കര്‍ഷക രോഷത്തില്‍; ഡല്‍ഹിയില്‍ ഒരു ലക്ഷം കര്‍ഷകര്‍ മാര്‍ച്ച് ചെയ്യുന്നു

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഏറെ കൊട്ടിഘോഷിക്കപ്പെടുകയും കര്‍ഷകര്‍ക്കിടയില്‍ ബിജെപിക്ക് ഏറെ സ്വീകാര്യത നേടിക്കൊടുക്കുകയും ചെയ്ത ഒരു വാഗ്ദാനം ആണ് ഉല്‍പാദന ചെലവ് കഴിച്ച് 50 ശതമാനം ലാഭം ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനം. പല രീതിയില്‍ മോദി സര്‍ക്കാര്‍ ഈ വാഗ്ദാനത്തിന് തികച്ചും വിപരീതമായി പ്രവര്‍ത്തിച്ചിരിക്കുന്നു എന്ന് കാണാൻ കഴിയും.

ഇത്തരമൊരു വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കുക എന്നത് അസാധ്യമാണ് എന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം അവതരിപ്പിക്കുകയായിരുന്നു ഇതിലെ ആദ്യ പടി. തന്റെ പാര്‍ട്ടി അങ്ങനെയൊരു വാഗ്ദാനമേ നല്‍കിയിട്ടില്ല എന്നാണ് കൃഷിമന്ത്രിയായ രാധാ മോഹന്‍ സിങ് പാര്‍ലമെന്റില്‍ വാദിച്ചത്. പിന്നീട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ‘ഉത്പാദന ചെലവ്’ എന്ന പ്രയോഗത്തെ വളച്ചൊടിക്കുകയും താങ്ങുവില വര്‍ധിപ്പിച്ചതിലൂടെ ബിജെപി സര്‍ക്കാര്‍ തങ്ങളുടെ വാഗ്ദാനം പാലിച്ചിരിക്കുന്നു എന്ന് ന്യായീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പ്രഖ്യാപിച്ച താങ്ങുവില നല്‍കാന്‍ പോലും ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാര്‍ഷിക ഉത്പന്നങ്ങളുടെ വിലകള്‍ ഔദ്യോഗിക താങ്ങുവിലയേക്കാള്‍ 20 മുതല്‍ 40 ശതമാനം കുറവാണ്.

ഇവിടെ സര്‍ക്കാര്‍ സ്വന്തം നേട്ടങ്ങളെക്കുറിച്ച് നടത്തുന്ന പ്രഖ്യാപനങ്ങള്‍ ഒന്ന് അവലോകനം ചെയ്യേണ്ടതുണ്ട്. സത്യവും പരസ്യവും തമ്മില്‍ പകലും രാത്രിയും തമ്മിലുള്ള വ്യാത്യാസമാണ് ഇവിടെ കാണുന്നത്. ചില പ്രധാനപ്പെട്ട പദ്ധതികളുടെ പ്രവര്‍ത്തനം തികച്ചും നിഷ്ഫലമായിരുന്നു എന്നതാണ് ഇതിലെ ഒരു പ്രധാന ഘടകം. പ്രഖ്യാപിക്കപ്പെട്ട ജലസേജന പദ്ധതികളില്‍ 10 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നത്. പ്രധാന്‍ മന്ത്രി ഫസല്‍ ഭീമാ യോജനക്കു വേണ്ടി അതിന്റെ മുന്‍ഗാമികളെ അപേക്ഷിച്ച് 450 ശതമാനം കൂടുതല്‍ പണം മാറ്റിവെച്ചെങ്കിലും 10 ശതമാനം കൂടുതല്‍ ഗുണഭോക്താക്കളെ മാത്രമേ പദ്ധതിക്ക് ചേര്‍ക്കാന്‍ സാധിച്ചുള്ളൂ. ദേശീയ കാര്‍ഷിക വിപണി (നാഷണല്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റ്) അഥവാ ഇ-നാം വെറും ഒരു പ്രദര്‍ശന വസ്തു മാത്രമാണ്. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് എന്ന പദ്ധതിയുടെ ഉദ്ദേശം എന്താണെന്ന കാര്യത്തില്‍ ഇന്നും ഒരു വ്യക്തത വന്നിട്ടില്ല. ഇവിടെ അവകാശവാദങ്ങളും യാഥാര്‍ത്ഥ്യവും തമ്മില്‍ ഇത്രയും അന്തരം വരുത്താന്‍ സാധിച്ചത് ശക്തമായ ഒരു പ്രചാരണപ്രസ്ഥാനത്തിന്റെ ബലത്തില്‍ മാത്രമാണ്.

Also Read: മഹാരാഷ്ട്രയെ ചെങ്കടലാക്കി കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്

കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കും എന്ന പ്രഖ്യാപനമാണ് ഒരുദാഹരണം. പ്രഖ്യാപനത്തിനു ശേഷം മൂന്ന് വര്‍ഷങ്ങളായെങ്കിലും കൃത്യമായ ലക്ഷ്യമെന്താണെന്നോ അതിലേക്കെത്താനുള്ള മാര്‍ഗരേഖയോ സമയപരിധിയോ എന്താണെന്നോ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലുള്ള അവലോകനത്തിനും വിഷയമാക്കിയിട്ടില്ല. ഇതിനു വേണ്ടി രൂപീകരിച്ച ഒരു കമ്മിറ്റിയെക്കുറിച്ചുള്ള വിവരണങ്ങളടങ്ങുന്ന 14 ഭാഗങ്ങളുള്ള ഒരു റിപ്പോര്‍ട്ട് മാത്രമാണ് കര്‍ഷകര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഒരേയൊരു രേഖ. ഈ കമ്മിറ്റിയുടെ ഒരു നിര്‍ദ്ദേശം മറ്റൊരു കമ്മിറ്റി കൂടി രൂപീകരിക്കണം എന്നതാണ്.

കര്‍ഷകരുടെ സാഹചര്യം അങ്ങേയറ്റം ദാരുണമായ നിലയിലേക്ക് നീങ്ങിയിട്ടും അവരുടെ സഹായത്തിനെത്താന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല. മാത്രമല്ല, അവരെ കൂടുതല്‍ ദുരിതത്തിലാഴ്ത്താന്‍ വേണ്ടി ഈ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് എന്ന തോന്നലും ഉണ്ടായിപ്പോവുന്നു.

മൂന്ന് വന്‍ദുരന്തങ്ങളാണ് മോദി ഭരണത്തിനിടെ കര്‍ഷകരെത്തേടി ഇതുവരെ വന്നത്. ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായ വരള്‍ച്ച രാജ്യത്തിന്റെ പല ഭാഗങ്ങളെയും പിടികൂടി. 1960കള്‍ക്ക് ശേഷം വരള്‍ച്ച കൈകാര്യം ചെയ്യുന്നതില്‍ ഇത്രയും വീഴ്ച വന്ന ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. 2009-10ലെ വരള്‍ച്ച സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി അപേക്ഷിച്ച് ഇത് തികച്ചും അപലപനീയമാണ്. ആഗോളവിപണിയില്‍ വില കൂപ്പുകുത്തിയതാണ് രണ്ടാമത്തെ ദുരന്തം. കര്‍ഷകര്‍ കിട്ടുന്ന വിലക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് നോക്കിനിന്ന സര്‍ക്കാര്‍ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ നിലവില്‍കൊണ്ടുവന്നും ഇറക്കുമതിയുടെ അളവ് കൂട്ടിയും കര്‍ഷകരെ കൂടുതല്‍ വിഷമത്തിലാഴ്ത്താന്‍ വേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചത്. മൂന്നാമത്തെ ദുരന്തമായ നോട്ട് നിരോധനം സര്‍ക്കാര്‍ സ്വയം അടിച്ചേല്‍പ്പിച്ചതാണ്. ഇതുമൂലമുണ്ടായ ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ കര്‍ഷകര്‍ ഇന്നും കരകയറിയിട്ടില്ല.

തങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ കര്‍ഷകര്‍ക്ക് യാതൊരു സ്ഥാനവും കൽപ്പിക്കാതിരിക്കുക, വിവിധ നയങ്ങളിലൂടെ കർഷകരെ പാർശ്വവത്ക്കരിക്കുക. കര്‍ഷകരുമായി ബന്ധപ്പെട്ട അവരുടെ നിലപാടുകള്‍ സ്വാര്‍ത്ഥ രാഷ്ട്രീയ താത്പര്യങ്ങളാല്‍ പ്രേരിതമായിരിക്കുക. ഈ മൂന്നു ഗണത്തിലും ഒരുപോലെ പ്രതികളായ ആദ്യത്തെ സര്‍ക്കാരാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. എന്നാൽ ഭരണകൂടം തന്നെ തങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കയ്യും കെട്ടി വയലിൽ ഇരിക്കാനോ, ഒരു തുണ്ട് കയറിൽ ജീവിതം അവസാനിപ്പിക്കാനോ തയ്യാർ അല്ല തങ്ങളെന്ന് പ്രഖ്യാപിക്കുകയാണ് രാജ്യത്തെ കർഷക സംഘടനകൾ.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ദേശീയതലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയപ്രാധാന്യമുള്ള പ്രവണതയാണ് വിവിധ സംസ്ഥാനങ്ങളിലും രാജ്യത്താകെയും ശക്തിപ്പെടുന്ന സംയുക്ത കര്‍ഷക പ്രക്ഷോഭങ്ങള്‍. സ്വാതന്ത്ര്യാനന്തര ഘട്ടത്തില്‍ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം രാജ്യവ്യാപകമായി കര്‍ഷക കലാപങ്ങള്‍ ശക്തിപ്പെടുകയാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായിട്ടാണ് ഈ സമരങ്ങള്‍ വികസിച്ചുവരുന്നത് എന്നതും ദേശീയരാഷ്ട്രീയത്തിലെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്ന പ്രധാന വിഷയമായി കര്‍ഷകസമരങ്ങള്‍ മാറിക്കഴിഞ്ഞുവെന്നും കാണാവുന്നതാണ്.

Also Read: അവര്‍ യാചകരല്ല; കര്‍ഷകര്‍ ഡല്‍ഹിയിലെത്തിയത് അവകാശത്തിനായി: കെജ്രിവാള്‍

2015 ല്‍ കൃഷി ഭൂമി ഏറ്റെടുത്ത് വന്‍കിട വ്യവസായ, വാണിജ്യ കമ്പനികള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും കൈമാറാനുള്ള ബിജെപി മുന്നണി സര്‍ക്കാറിന്റെ നീക്കം ഭുമി അധികാര്‍ ആന്ദോളന്‍ എന്ന പൊതുവേദി രൂപീകരിച്ചു ചെറുത്തു തോല്പിക്കാന്‍ കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും സാധിച്ചു. മന്ദ്‌സോറില്‍ നടന്ന വെടിവെയ്പില്‍ 6 കര്‍ഷകര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ രൂപപെട്ടതാണ് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് സംയുക്ത സമിതി. 2017 നവംബര്‍ മാസം കിസാന്‍ സംസദ് (കര്‍ഷക പാര്‍ലമെന്റ്) എന്ന പേരില്‍ പതിനായിരക്കണക്കിനു കര്‍ഷകരുടെ കൂട്ടായ്മ ഡല്‍ഹിയില്‍ ചേര്‍ന്നതും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ചുരുങ്ങിയ താങ്ങുവില ഉറപ്പാക്കാനും കര്‍ഷകരെ കടബാധ്യതകളില്‍നിന്നും സ്വതന്ത്രരാക്കാനും ഉള്ള രണ്ടു ബില്ലുകള്‍ അതില്‍ അവതരിപ്പിച്ചതും ഈ പൊതുവേദിയുടെ നേതൃത്വത്തിലാണ്. ഭൂമി അധികാര്‍ ആന്ദോളനിലെ സംഘടനകള്‍ എല്ലാം സംയുക്ത സമിതിയിലും പങ്കാളിത്തം വഹിക്കുന്നു. ഇരുവേദികളിലും നേതൃത്വപരമായ പങ്ക് വഹിക്കാന്‍ അഖിലേന്ത്യാ കിസാന്‍ സഭയ്ക്ക് സാധിച്ചു.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി രാജ്യവ്യാപകമായി വിപുലമായ ഐക്യവും പ്രക്ഷോഭവും വികസിപ്പിക്കുക എന്ന അഖിലേന്ത്യാ കിസാന്‍ സഭയുടെ 33-ാം സമ്മേളനം ആഹ്വാനം ചെയ്ത ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ വലിയ പുരോഗതി ഉണ്ടായി എന്നാണു ഇതെല്ലാം വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് കര്‍ഷകര്‍ 7 ദിവസം തുടര്‍ച്ചയായി കാല്‍നടയായി നടത്തിയ മഹാരാഷ്ട്രയിലെ കര്‍ഷക ലോങ് മാര്‍ച്ച് ഈ പ്രക്ഷോഭങ്ങളെ ലോകവ്യാപകമായി തന്നെ ഉയര്‍ത്തിക്കാണിക്കുന്നതില്‍ വിജയിച്ചു. 14 ദിനരാത്രങ്ങള്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ഒത്തുചേര്‍ന്ന് രാജസ്ഥാനിലെ സിക്കറില്‍ നടത്തിയ സമരം കര്‍ഷകപ്രസ്ഥാനത്തിന്റെ കരുത്തു വ്യക്തമാക്കി.

Also Read: ലോങ് മാർച്ച്; 7,500 കർഷകർ നാസിക്കിലെത്തി; പോലീസ് നടപടി കൊണ്ട് പിന്തിരിപ്പിക്കാനാകില്ലെന്ന് നേതാക്കൾ

ഇന്ത്യയിലെ കാര്‍ഷിക പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകളാണ് മഹാരാഷ്ട്രയിലെയും ആന്ധ്രയിലെയുമൊക്കെ കര്‍ഷകര്‍. പുത്തന്‍ വികസന സങ്കല്‍പ്പങ്ങളില്‍ കോര്‍പ്പറേറ്റ് അത്യാര്‍ത്തിയുടെ നിയമങ്ങള്‍ നടപ്പായപ്പോള്‍ രാജ്യത്തെങ്ങും കുടിയിറക്കപ്പെടുകയും ഭരണകൂടം കോര്‍പ്പറേറ്റ് സൈന്യമായി മാറുകയും ചെയ്തപ്പോള്‍, നൂറ്റാണ്ടുകളായുള്ള തങ്ങളുടെ ആവാസകേന്ദ്രങ്ങളില്‍ ഖനനയന്ത്രങ്ങളുടെ ഹുങ്കാരങ്ങള്‍ക്കായി ആട്ടിയോടിപ്പിക്കപ്പെട്ട ആദിവാസികളും ഓരോ വിളവെടുപ്പ് കഴിയുമ്പോഴും കര്‍ഷക ആത്മഹത്യയുടെ പെരുക്കപ്പട്ടികയിലേക്ക് പേരുചേര്‍ക്കുന്ന കര്‍ഷകരും ചേര്‍ന്നാണ് ഈ മഹാജാഥ നടത്തിയത്.

ലോങ്ങ് മാര്‍ച്ചിന്റെ ആത്യന്തിക രാഷ്ട്രീയ പ്രസക്തി കര്‍ഷകര്‍ നിരാശയുടെ ആത്മനാശോന്മുഖമായ വഴി വിട്ട് പോരാട്ടത്തിലേക്ക് മടങ്ങി വരുന്നു എന്നതാണ്. സംഘടനയിലേയ്ക്ക്, സംഘടനാ രാഷ്ട്രീയത്തിന്റെ ഒറ്റയടിക്ക് ജയിക്കാന്‍ ആവാത്ത സമരങ്ങളിലേക്ക് അവര്‍ തിരിച്ചെത്തുന്നു എന്നതാണ്.

ലോങ്ങ്‌ മാര്‍ച്ചിന്റെ സന്ദേശം നമ്മുടെ സാമൂഹ്യ, സാംസ്കാരിക നേതൃരൂപങ്ങളുമായി തര്‍ക്കിക്കുന്നത് സംഘടിത പോരാട്ടങ്ങളുടെ രാഷ്ട്രീയശക്തി എന്നെന്നേക്കുമായി ചോര്‍ന്നുപോയി എന്ന് പറയാനായിട്ടില്ല എന്നാണ്. കേന്ദ്രം ഭരിക്കുന്നവർ അവരുടെ നിസംഗത എന്നത്തേയുംപോലെ ഇനിയും തുടർന്നാൽ രാജ്യത്തെ കർഷകലക്ഷങ്ങളുടെ ഇച്ഛാ ശക്തിക്കും, സമര വീര്യത്തിനും മുന്നിൽ മുങ്ങിപ്പോകാവുന്ന അധികാരഗോപുരങ്ങളേ ഇന്ദ്രപ്രസ്ഥത്തിൽ ഉള്ളുവെന്ന്‌ 56 ഇഞ്ച് പ്രജാപതിയും അനുചരന്മാരും ഇനിയെങ്കിലും തിരിച്ചറിഞ്ഞാൽ കൊള്ളാം.

റെഫറന്‍സ്: മോദി രാജിലെ കര്‍ഷകന്‍: ഇരട്ടി വരുമാനമോ ഇരട്ടി വിപത്തോ- യോഗേന്ദ്ര യാദവ്

Also Read: “യേ സര്‍ക്കാര്‍ ചോര്‍ ഹേ”: കേന്ദ്ര സര്‍ക്കാരിനെ വിറപ്പിച്ച് യുപിയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് കര്‍ഷക മാര്‍ച്ച്‌; ലാത്തിചാര്‍ജ്ജും വെടിവയ്പും

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍