UPDATES

ബ്ലോഗ്

ഉദ്യോഗാര്‍ത്ഥികളുടെ മേല്‍ കുതിര കളിക്കാനുള്ള വിവരദോഷികളുടെ കൂടാരമാകരുത് പി.എസ്.സി

എന്തായാലും, സമൂഹത്തെ പഠിക്കാതെ സംസ്‌ക്കാരത്തെയും ഭാഷയേയും സാഹിത്യത്തേയും കുറിച്ച് ആധികാരികമായി വിശകലനം ചെയ്യാന്‍, സംസാരിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നാണ് ഞാന്‍ കരുതുന്നത്.

                       

ഉദ്യോഗാര്‍ത്ഥികളുടെ മേല്‍ കുതിര കളിക്കാനുള്ള വിവര ദോഷികളുടെ കൂടാരമാകരുത് പി. എസ്. സി.

മലയാളത്തില്‍ പരീക്ഷയെഴുതാന്‍ അവസരം തരണമെന്നാവശ്യപ്പെടുന്ന കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ മൗലികാവകാശത്തെ നിഷേധിക്കുന്ന പി. എസ്. സി. യുടെ തീരുമാനതിനെതിരെ തിരുവോണ നാളില്‍ മലയാളത്തിലെ കവികള്‍ നടത്തുന്ന നിരാഹാര സമരത്തില്‍ കഥാകൃത്തുക്കളുടെ/നോവലിസ്റ്റുകളുടെ പക്ഷത്തു നിന്ന് ഞാനും പങ്കെടുക്കുകയാണ്. മലയാള ഭാഷയോടു കാണിക്കുന്ന വിവേചനത്തിനും അനീതിക്കുമെതിരെ നിരാഹാരമിരിക്കാന്‍ കവികളെ മാത്രം വിട്ടുകൊടുക്കുന്നത് എഴുത്തുകാരി എന്ന നിലയില്‍ എന്നില്‍ ആത്മസംഘര്‍ഷമുണ്ടാക്കുന്നതിനാലും അന്നേ ദിവസം വീട്ടിലിരുന്നാല്‍ ഭക്ഷണം ഇറങ്ങില്ല എന്നതു കൊണ്ടും തന്നെയാണ് ഈ സമരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.

പി. എസ്. സി ഓഫീസിനു മുന്നില്‍ രൂപിമയും പ്രിയേഷും തുടങ്ങിയ നിരാഹാര സമരം ഉയര്‍ത്തിയത് കേവല ഭാഷാ വാദമോ, മൗലികവാദമോ അല്ലെന്ന് മനസ്സിലാക്കാന്‍ ശേഷിയുള്ള മലയാളത്തിലെ പ്രധാനപ്പെട്ട മറ്റു എഴുത്തുകാരും ഈ സമരത്തോട് ഐക്യപ്പെടുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം, ഏതു ഭാഷയായാലും അത് വലിയ ചരിത്രവും സംസ്‌ക്കാരവും വിജ്ഞാനവും ജ്ഞാനവും ഉള്‍ക്കൊള്ളുന്നു എന്നതു പോലെ തന്നെ, ആപേക്ഷികമായ അധികാരവും അധികാരമില്ലായ്മയും ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് ഏറ്റവും അധികം തിരിച്ചറിയുന്നവരാണ് എഴുത്തുകാര്‍. അതിനാല്‍ ഈ സമരം, കേരളത്തിലെ പി. എസ്. സിയുടെ ജനാധിപത്യവിരുദ്ധതക്കും കുത്തകാധികാരത്തിനും നേരെയുള്ള കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തല്‍ മാത്രമല്ല, വിശാലമായ രാഷ്ട്രീയമാനമുണ്ട് മലയാള ഭാഷക്കു വേണ്ടിയുള്ള ഈ സമരത്തിന്.

ഈ സമരത്തെ എതിര്‍ത്തുകൊണ്ട് ചില എഴുത്തുകാര്‍, മാധ്യമ, സാംസ്‌ക്കാരിക, സാഹിത്യ വിമര്‍ശകര്‍ തെറ്റായ വ്യാഖ്യാനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടതുകൊണ്ടു കൂടിയാണ് ഈ പോസ്ററ് ഇടണമെന്ന് തീരുമാനിച്ചത്. എന്റെ പ്രിയ സുഹൃത്തു കൂടിയായ ശാരദക്കുട്ടി ഈ സമരത്തെ പരിഹസിക്കുന്നതും ദുര്‍വ്യാഖ്യാനം ചെയ്യുന്നതും കണ്ടു. ഇംഗ്ലീഷ് ഭാഷയേയോ മറ്റു ഭാഷകളേയോ തള്ളിപ്പറയുകയല്ല ഈ സമരത്തിന്റെ ലക്ഷ്യമെന്ന് ആര്‍ക്കും ലളിത ബുദ്ധിയില്‍ തന്നെ മനസ്സിലാക്കാവുന്ന കാര്യമേയുള്ളു. പി. എസ്. സി യുടെ പരീക്ഷ ഇംഗ്ലീഷില്‍ എഴുതുന്നത് നിര്‍ത്തലാക്കണമെന്നല്ല ഈ സമരത്തിന്റെ’ ആവശ്യം, മറിച്ച് സ്വന്തം നാട്ടില്‍ മലയാള ഭാഷയിലും ചോദ്യ പേപ്പര്‍ വേണം എന്നതു മാത്രമാണ്.

കേരളത്തിലെ മലയാളം മീഡിയം സ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠിച്ചു വരുന്ന എത്ര കുട്ടികള്‍ക്ക് ഇന്നും തെറ്റില്ലാതെ ഇംഗ്ലീഷ് പറയാനും എഴുതാനുമാവും? ഞാന്‍ പ്രവര്‍ത്തിക്കുന്ന ആദിവാസി മേഖലകളിലെ കുട്ടികള്‍ എപ്പോഴും തോറ്റു പോകുന്ന ഒരു പ്രധാന വിഷയം ഇംഗ്ലീഷ് ഭാഷയാണ്. അവര്‍ക്ക് മലയാളം പോലും യഥാര്‍ത്ഥത്തില്‍ അന്യ ഭാഷയാണ്. കേരളത്തിലെ ഉന്നത ഉദ്യോഗ മേഖലകളില്‍ എസ് സി./ എസ്. ടി വിഭാഗം എത്ര ശതമാനമുണ്ട് എന്ന് പരിശോധിച്ചാല്‍ സമരത്തെ എതിര്‍ക്കുന്നവര്‍ക്ക് അഭിമാനത്തോടു കൂടി ഒരു ഉത്തരം പറയാന്‍ പറ്റുമോ? കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിപ്പിക്കാന്‍ സാമ്പത്തിക ശേഷിയുള്ളവരും സാംസ്‌കാരിക മൂലധനമുള്ള സവര്‍ണ്ണരും തന്നെയാണ് എന്നും എല്ലാ ഉന്നത ഉദ്യോഗ പദവികളിലും തുടരേണ്ടത് എന്നാണ് നിങ്ങള്‍ ഈ സമരത്തെ എതിര്‍ക്കുന്നതിലൂടെ പരോക്ഷമായി ശക്തിയുക്തം വാദിക്കുന്നത്.

നമ്മുടെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് അറിയില്ലെങ്കില്‍ പുറത്തു പോയാല്‍ ജോലി കിട്ടുകയില്ല എന്ന വാദമാണ് മുറുകെപ്പിടിക്കുന്നതെങ്കില്‍ ഇവിടത്തെ പൊതു വിദ്യാഭ്യാസ സമ്പ്രദായത്തെയാണ് കഠിനമായി വിമര്‍ശിച്ച് നേരെയാക്കാന്‍ പണിയെടുക്കേണ്ടത്. പുറത്ത് പോയി ജോലി ചെയ്യാനാഗ്രഹിക്കുന്ന മധ്യവര്‍ഗ്ഗക്കാരുടേയും മറ്റും മക്കള്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നിന്നും ഇംഗ്ലീഷ് ഭാഷ വശമാക്കുന്നുമുണ്ട്. അവര്‍ക്ക് തന്നെയാണ് ഇവിടത്തെ ഉയര്‍ന്ന എല്ലാ ജോലികളും ലഭിക്കാന്‍ അനുകൂല സാഹചര്യമുള്ളത്. ദരിദ്രരുടെ മിടുക്കരായ മക്കള്‍, ചില നല്ല ഇംഗ്ലീഷ് അദ്ധ്യാപകരിലൂടെയോ മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെ സ്വയം തന്നെയോ പഠിച്ച് ഇംഗ്ലീഷ് ഭാഷയെ കീഴടക്കുന്നത് അപൂര്‍വ്വമാണ്.

മലയാളത്തോടൊപ്പം ഇംഗ്ലീഷും അറിയേണ്ടത് അനിവാര്യമാണെന്ന് ഇന്നത്തെ കാലത്ത് ആര്‍ക്കാണറിഞ്ഞുകൂടാത്തത്! പതിനാറു വയസ്സു മത്രമുള്ള എന്റെ മകള്‍ക്ക് ഇപ്പോള്‍ തന്നെ ഇംഗ്ലീഷ് അടക്കം അഞ്ചു ഭാഷകളറിയാം. അവളുടെ മലയാള ഭാഷ ശക്തമായിരിക്കണം എന്നാണ് അപ്പോഴും എന്റെ ആഗ്രഹം. കാരണം, ഇന്നത്തെ കുട്ടികളിലൂടെ മലയാളത്തിന്റെ ജൈവികത, സാഹിത്യം, വിജ്ഞാനം, ഭരണ നിര്‍വഹണ ആശയവിനിമയ ശേഷി വളര്‍ന്നു കൊണ്ടേയിരിക്കണം എന്ന ബോധപൂര്‍വ്വമായ വിചാരവും പ്രവര്‍ത്തനവും ഈ കാലം ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍, കമ്പോള സാമ്പത്തിക, സാംസ്‌ക്കാരിക ഫാസിസം പ്രബലപ്പെടുന്നതിന് ആഗോള തലത്തിലും ദേശീയ തലത്തിലും പല തരം വഴികളുണ്ടെന്ന് ആദ്യം വിളിച്ചു പറയുന്നവര്‍ എഴുത്തുകാരായിരിക്കണം. എല്ലാ അധിനിവേശങ്ങളിലും ആദ്യം പുറന്തള്ളപ്പെടുന്നവരെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്നതിന്റെ ലക്ഷണം കൂടിയാണത്.

എന്തായാലും, സമൂഹത്തെ പഠിക്കാതെ സംസ്‌ക്കാരത്തെയും ഭാഷയേയും സാഹിത്യത്തേയും കുറിച്ച് ആധികാരികമായി വിശകലനം ചെയ്യാന്‍, സംസാരിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നാണ് ഞാന്‍ കരുതുന്നത്. ഭരണഭാഷ മലയാളമാണെങ്കില്‍ മലയാളം മാത്രം അറിയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി. എസ്. സി ചോദ്യക്കടലാസ് മലയാളഭാഷയില്‍ ലഭിക്കാന്‍ അവകാശമുണ്ട്. ഭരണഘടനാപരമായ അവകാശമായിത്തന്നെ ഇതിനെ കാണാനാവണം.

ഇനി പി എസ് സിയെക്കുറിച്ച്

ഭരണഘടനാ സ്ഥാപനമായ പി. എസ്. സിയുടെ അധികാരം കനത്തതാണ്. സാക്ഷാല്‍ മുഖ്യമന്ത്രിക്കും കേരള സര്‍ക്കാരിനും പി എസ്. സിയെക്കൊണ്ട് മലയാള ഭാഷക്കനുകൂലമായ തീരുമാനം എടുപ്പിക്കാനാവില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കമ്മീഷന്റെ തീരുമാനം എടുക്കുന്നത് ചെയര്‍മാനും അംഗങ്ങളുമടങ്ങുന്ന സംഘം മാത്രമാണ്. ഈ സംഘത്തിലെ തൊണ്ണൂറു ശതമാനം പേരും ചോദ്യക്കടലാസ് മലയാളത്തിലാക്കുന്നതിനെ എതിര്‍ക്കുന്നവരാണ്. അതിന്റെ പേരില്‍ സര്‍ക്കാരിന് പി എസ് സിയെ തിരുത്താനോ നിര്‍ബ്ബന്ധിക്കാനോ ഈ കമ്മീഷനേയോ അംഗങ്ങളേയോ പിരിച്ചു വിടാനോ പറ്റുകയില്ല. കമ്മീഷനേയോ അംഗങ്ങളേയോ പിരിച്ചു വിടണമെങ്കില്‍ സുപ്രീം കോടതി ജഡ്ജിയും ഇന്ത്യന്‍ പ്രസിഡണ്ടും കൂടിയാലോചിച്ചേ തീരുമാനമെടുക്കാനാവൂ. അതിനു തന്നെയും മാനസിക വൈകല്യം, വ്യക്തി ദൂഷ്യം തുടങ്ങിയ രണ്ടു മൂന്നു തരം കാരണങ്ങള്‍ വേണമത്രേ! അതൊന്നും എന്നാലും അത്ര എളുപ്പമല്ല ! ചുരുക്കിപ്പറഞ്ഞാല്‍, സുപ്രീം കോടതിയുടെ അധികാരമുണ്ട് പി എസ് സിക്ക്. കേരള സര്‍ക്കാരിനെ ഉപദേശിക്കുന്ന സ്ഥാപനമാണ് കേരള പി. എസ്. സി. ഈ അത്യധികമായ അധികാരത്തിന്റെ അഹന്തയാണ് അതിനുള്ളിലിരിക്കുന്ന തൊണ്ണൂറു ശതമാനം അംഗങ്ങള്‍ക്കുമുള്ളത്. കാരണം, അവരുടെ തൊഴില്‍ ജന്മം സഫലമാണ്! കനത്ത ശമ്പളം. ആജീവനാന്ത പെന്‍ഷന്‍. ചെയര്‍മാന്റെ ഭാര്യക്കു വരെ ആനുകൂല്യം, മറ്റു സൗകര്യങ്ങള്‍!  അതിനാല്‍ ഈ സമരം സര്‍ക്കാരിനു നേരെയല്ല, പി എസ് സി ചെയര്‍മാനും അംഗങ്ങള്‍ക്കും നേരെയാണിപ്പോള്‍ തിരിയുന്നത്.

സര്‍ക്കാരിനു ചെയ്യാനാവുന്നത് ഇവരില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടാക്കുക എന്നതാണ്. മുഖ്യമന്ത്രിയും സര്‍ക്കാരും അവരുടെ രാഷ്ട്രീയപ്പാര്‍ട്ടികളിലൂടെ അതു കൃത്യമായി നിര്‍വ്വഹിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇംഗ്ലീഷ് ചോദ്യങ്ങളുടെ മലയാള തര്‍ജ്ജമ അസാധ്യമാണെന്ന് പി.എസ്.സി പറഞ്ഞിരിക്കുന്നതായി പത്രത്തില്‍ കണ്ടു. ഇംഗ്ലീഷ് ചോദ്യം തയ്യാറാക്കുന്ന വിവിധ പണ്ഡിത വ്യക്തികള്‍ക്ക് ആ ചോദ്യങ്ങളുടെ മലയാള തര്‍ജ്ജമ കൂടി പി.എസ്.സിക്ക് കൊടുക്കാനാവില്ലെന്നോ? ജനങ്ങളെ പി.എസ്.സി വിഡ്ഢികളായി കാണരുത്.

ഇനിയെങ്കിലും, പി എസ് സിയിലേക്ക് അംഗങ്ങളെ ശുപാര്‍ശ ചെയ്യുന്നതിന് സര്‍ക്കാര്‍ (ഇടതായാലും വലതായാലും) പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സുതാര്യവും കുറ്റമററതുമാകണം എന്നേ പറയാനുള്ളു. അധികാര രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇഷ്ടക്കാരായ പ്രതിനിധികളെ അതിലേക്ക് അംഗങ്ങളായും ചെയര്‍മാനായുമൊക്കെ ശുപാര്‍ശ ചെയ്യുമ്പോള്‍, അവര്‍ സത്യപ്രതിജ്ഞ ചെയ്ത് ഭരണമേല്‍ക്കുമ്പോള്‍ ഭസ്മാസുരന് വരം കൊടുക്കുകയാണ് എന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടായിരിക്കണം. കേരളത്തിലെ അശരണരായ ഉദ്യോഗാര്‍ത്ഥികളുടെ മേല്‍ കുതിര കളിക്കാനുള്ള വിവര ദോഷികളുടെ കൂടാരമാകരുത് പി. എസ്. സി.

ഫേസ്ബുക്ക് പോസ്റ്റ്‌ ലിങ്ക്‌ – https://m.facebook.com/story.php?story_fbid=10211822887287739&id=1836619425


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മലയാളത്തിന് വേണ്ടിയാണ് ഈ സമരം, ഇനിയും കണ്ടില്ലെന്നു നടിക്കാനാവില്ല

Read: മലയാള ഭാഷയ്ക്ക് വേണ്ടിയുള്ള സമരത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവും ജനാധിപത്യപരമാണ്, അനുകൂലിക്കുന്നില്ലെങ്കിലും കൊഞ്ഞനം കുത്തരുത്!

സി എസ് ചന്ദ്രിക

സി എസ് ചന്ദ്രിക

എഴുത്തുകാരിയും സ്ത്രീ വിമോചക പ്രവര്‍ത്തകയുമാണ് സിഎസ് ചന്ദ്രിക

More Posts

Share on

മറ്റുവാര്‍ത്തകള്‍