UPDATES

എഡിറ്റേഴ്സ് പിക്ക്

ജോസഫ് വിജയ്, എഡ്വേര്‍ഡ് രാജ്, കമാലുദ്ദീന്‍, ഷാനി പ്രിജി ജോസഫ്, ഇപ്പോള്‍ അനുപമ ക്ലിന്‍സന്‍ ജോസഫും; സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയം തുടരുന്നു

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചെന്നു ചൂണ്ടിക്കാട്ടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് വിശദീകരണം ചോദിച്ചതോടെയാണ് അനുപമ സംഘപരിവാറിന്റെ ശത്രുവായത്

                       

തങ്ങളുടെ എതിരാളികളാരെന്നും അവര്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ എങ്ങനെയുള്ളതായിരിക്കണമെന്നും നിശ്ചയിക്കാന്‍ സംഘപരിവാര്‍ എന്നും ഉപയോഗിക്കുന്നത് വര്‍ഗീയതയാണ്. അതിപ്പോള്‍ സിനിമാതാരം വിജയോ, പ്രകാശ് രാജോ, സംവിധായകന്‍ കമലോ, മാധ്യമപ്രവര്‍ത്തക ഷാനിയോ ആരാണെങ്കിലും തങ്ങള്‍ക്ക് അഹിതമായതാണ് പറയുന്നതെങ്കില്‍ ആക്രമിക്കാന്‍ അവരുടെ മതം തന്നെ ആയുധമാക്കും.

മെര്‍സല്‍ എന്ന ചിത്രത്തില്‍ നോട്ട് നിരോധനത്തെയും ഡിജിറ്റല്‍ ഇന്ത്യയേയും വിമര്‍ശിച്ചു എന്ന കാരണത്താല്‍ വിജയ്‌യെ നേരിട്ടത് അയാളൊരു ക്രിസ്ത്യാനിയാണെന്നും ജോസഫ് വിജയ് എന്നാണ് ശരിക്കുള്ള പേരെന്നും പ്രചരിപ്പിച്ചായിരുന്നു. തമിഴിനു പുറമെ മറ്റുള്ള ഭാഷകളിലും ലക്ഷക്കണക്കിന് ആരാധകരുള്ള വിജയ്‌യുടെ ജാതിയോ മതമോ അന്നേവരെ ഒരൊറ്റയാള്‍പോലും അന്വേഷിക്കുകയോ പറയുകയോ ചെയ്തിരുന്നില്ല, പക്ഷേ, സംഘപരിവാര്‍ അയാളെ ക്രിസ്ത്യാനിയാക്കി, ശത്രുവാക്കി. സംവിധായകന്‍ കമലിനെ സംഘപരിവാര്‍ കമാലുദ്ദീന്‍ ആക്കുന്നതിനു പിന്നിലും കാരണം മറ്റൊന്നല്ല, തങ്ങളെ എതിര്‍ക്കുന്നുവെന്നതുമാത്രം. പ്രകാശ് രാജ് എങ്ങനെയാണ് എഡ്വേര്‍ഡ് രാജ് ആകുന്നതെന്ന് അന്വേഷിച്ചാലും സംഘപരിവാറില്‍ നിന്നും മറ്റൊരു ഉത്തരം കിട്ടില്ല. സംഘപരിവാറിന്റെയും നരേന്ദ്രമോദിയുടെയും ഏറ്റവും ശക്തനായ വിമര്‍ശകനാണ് പ്രകാശ് രാജ്. അദ്ദേഹത്തെ ചോദ്യം ചെയ്യാനും അക്രമിക്കാനും എതിരാളികള്‍ക്ക് മറ്റൊരായുധവും കൈയിലില്ല. മാധ്യമ പ്രവര്‍ത്തക ഷാനിക്ക് സംഘപരിവാറിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കേണ്ടി വന്നപ്പോള്‍ അവരെയും ആശയപരമായല്ല, മതപരമായി മാത്രമേ ആക്രമിക്കാന്‍ സംഘപരിവാറിനു കഴിഞ്ഞുള്ളൂ. ഷാനിയുടെ ഭര്‍ത്താവ് ക്രിസ്ത്യാനിയാണെന്നും അവര്‍ മതം മാറിയെന്നും മറ്റൊരു മതക്കാരിയായി നിന്നാണ് ബിജെപി-സംഘപരിവാറിനെ വിമര്‍ശിക്കുന്നത് എന്നായിരുന്നു കുറ്റപത്രം. ഇന്നും ഷാനിക്കെതിരേ തുടരുന്ന ആക്രമണം ഇതേ പേരില്‍ തന്നെയാണ്. ഒരു വിജയ്‌യിേെലാ പ്രകാശ് രാജിലോ കമലിലോ ഷാനിയിലോ മാത്രമൊതുങ്ങുന്നതോ അവസാനിക്കുന്നതോ അല്ല സംഘപരിവാറിന്റെ വര്‍ഗ്ഗീയരാഷ്ട്രീയം. അത് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നതിന്റെ തെളിവാണ് തശൂര്‍ ജില്ല കളക്ടര്‍ ടി വി അനുപമ. സംഘപരിവാറിന് ഇനി മുതല്‍ ടി വി അനുപമ അല്ല, അനുപമ ക്ലിന്‍സന്‍ ജോസഫ് ആണ്. ക്രിസ്ത്യാനിയായ കളക്ടര്‍.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചെന്നു ചൂണ്ടിക്കാട്ടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് വിശദീകരണം ചോദിച്ചതോടെയാണ് അനുപമ സംഘപരിവാറിന്റെ ശത്രുവായത്. നിയമപരമായോ രാഷ്ട്രീയമായോ അല്ല ഇവിടെ അനുപമയേയും സംഘപരിവാര്‍ നേരിട്ടത്. പകരം, അവരൊരു ക്രിസ്ത്യാനിയാണെന്ന കള്ളപ്രചാരണം അഴിച്ചു വിട്ടുകൊണ്ടാണ്. അനുപമയുടെ ഭര്‍ത്താവ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് അനുപമ ഹിന്ദുക്കളെ അപമാനിക്കാന്‍ മനഃപൂര്‍വമെന്നോണം സുരേഷ് ഗോപിക്കെതിരേ തിരിഞ്ഞതെന്നുമാണ് ആരോപണം.

ടി ജി മോഹന്‍ദാസ് എന്ന സംഘപരിവാര്‍ ബുദ്ധിജീവിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മാത്രം മതി, അവര്‍ എത്രത്തോളം വിഷം ചീറ്റുകയാണെന്നു മനസിലാക്കാന്‍. തൃശൂര്‍ കളക്ടര്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ അംഗം കൂടിയാണെന്നും ഹിന്ദുവല്ലാത്ത അനുപമയെ അതുകൊണ്ട് തൃശൂര്‍ കളക്ടര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്നാണ് മോഹന്‍ദാസിന്റെ ആവശ്യം. നിമിഷനേരം കൊണ്ട് ഈ പോസ്റ്റ് എത്രയോ പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്, അതീ കേരളത്തില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ആരാധാനാലയങ്ങള്‍ എന്ന വൈകാരിക വിഷയത്തെക്കൂടി ഇതിലേക്ക് വലിച്ചിഴച്ച് മുതലെടുപ്പ് നടത്താന്‍ സംഘപരിവാര്‍ കളിക്കുകയാണ്.

ജനാധിപത്യ രാഷ്ട്രീയം പറയാനോ അതിലൂന്നിക്കൊണ്ട് പ്രതിരോധിക്കാനോ വിമര്‍ശിക്കാനോ സംഘപരിവാറിനോ ബിജെപിക്കോ കഴിയാറില്ലെന്ന് അവരുടെ ഇക്കാലം വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തെളിയിക്കപ്പെട്ടതാണ്. ജനാധിപത്യവും വര്‍ഗീയതയും വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്നതാണെങ്കിലും സംഘപരിവാറിന് ഇന്ത്യന്‍ ജനാധിപത്യത്തിനകത്ത് സ്‌പേസ് കിട്ടുന്നത് അവരുടെ രാഷ്ട്രീയം ഇവിടെ വിളയിച്ചെടുക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. അതിനുപകരപ്പെട്ടത് മതമാണ്. അതേ മതത്തെയാണ് അവര്‍ തുടര്‍ച്ചയായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നതും. സംഘപരിവാറിനോടുള്ള ഏതൊരു ആശയസംവാദനത്തിലും തിരിച്ചുണ്ടാകുന്ന ചോദ്യം നിങ്ങളുടെ മതം ഏതെന്നായിരിക്കും. പൊലീസ് ഓഫിസര്‍ ആണെങ്കിലും കളക്ടര്‍ ആണെങ്കിലും സംഘപരിവാറിനു അറിയേണ്ടതും എതിര്‍ക്കേണ്ടതും മതം മാത്രമാണ്. ഐ ജി മനോജ് എബ്രഹാം ‘നായ’ ആണെന്ന് ആക്രോശിക്കാന്‍ കാരണമാക്കിയതും അദ്ദേഹത്തിന്റെ മതമാണ്. ജില്ല കളക്ടര്‍ മുസ്ലീം ആയതും പൊലീസ് ഓഫിസര്‍ ക്രിസത്യാനിയായതുംകൊണ്ടാണ് ശബരിമലയില്‍ ഭക്തര്‍ക്ക് നീതി കിട്ടാതെപോയതെന്ന് പ്രചരിപ്പിക്കാനെ സംഘപരിവാര്‍ തയ്യാറാകൂ. കാരണം അവര്‍ക്ക് അറിയാവുന്ന രാഷ്ട്രീയപ്രവര്‍ത്തനം മതാധിഷ്ഠതമാണ്.

ജനാധിപത്യവും തെരഞ്ഞെടുപ്പ് പ്രക്രിയയകളും എന്താണെന്നും എങ്ങനെയായിരിക്കണമെന്നും സംഘപരിവാറിനു മുന്നില്‍ വാശി പിടിക്കരുത്. നിങ്ങള്‍ എന്തു പറയുന്നുവെന്നത് അവര്‍ ശ്രദ്ധിക്കില്ല, പകരം ആ പറയുന്ന നിങ്ങളുടെ മതമാണ് നോക്കുക. അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കരുതെന്ന് വ്യക്തമായ ഭാഷയില്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും അറിയിച്ചതാണ്. അനുപമ സുരേഷ് ഗോപിയോട് വിശദീകരണം ചോദിച്ചതും ഈയൊരു ചട്ടം ചൂണ്ടിക്കാണിച്ച് മാത്രമാണ്. ജാതിയുടെയോ സാമുദായിക വികാരങ്ങളുടെയോ ആരാധനലായങ്ങളുടെയോ അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ സമീപിക്കരുതെന്നാണ് അനുപയും പറഞ്ഞുകൊടുക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ, ആ പറയുന്നത് സംഘപരിവാറിനോടാണെങ്കില്‍ ബധിര കര്‍ണങ്ങള്‍ക്കു മുന്നില്‍ നിന്നുള്ള വ്യഥാ വ്യവഹാരം മാത്രമാണ്.

സംഘപരിവാറിന്റെ ആരാധ്യകഥാപാത്രമായിരുന്നു അനുപമ. കളക്ടര്‍ എന്ന നിലയിലും ഫുഡ് സേഫ്റ്റി കമ്മിഷണര്‍ എന്ന നിലയിലും അനുപമയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വലിയ വായില്‍ സംസാരിക്കുന്ന സംഘപരിവാര്‍ പ്രൊഫൈലുകള്‍ ധാരളമുണ്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍. പക്ഷേ, ഇപ്പോഴവ മുഴുവനും ‘ക്രിസത്യാനിയായ’ ‘ കമ്യൂണിസ്റ്റുകാരിയായ’ ‘നവോഥാന മതില്‍ കെട്ടാന്‍ പോയ’ അനുപമയെ കുറിച്ചുള്ള ഭള്ള് പറച്ചിലുകളാണ്. അതാണ് സംഘപരിവാര്‍. അല്ലെങ്കില്‍ അതുമാത്രമാണ് സംഘപരിവാറിന് അറിയാവുന്ന രാഷ്ട്രീയം. ജനാധിപത്യം എന്നൊക്കെ പറഞ്ഞു ചെന്നാല്‍ നീ ക്രിസ്ത്യാനിയല്ലേ, മുസ്ലിം അല്ലേ, ഹിന്ദുവിന്റെ ശത്രുവല്ലേ എന്നു ചോദിക്കാനോ അവര്‍ക്ക് അറിയൂ….കാരണം അവര്‍ സംഘപരിവാര്‍ ആണ്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍