വൈറസ് റിലീസ് ചെയ്യുന്നതിന് മുമ്പ് സംവിധായകന്‍ ആഷിഖ് അബുവിന് ഒരു അഭിമുഖത്തില്‍ നേരിടേണ്ടി വന്ന ചോദ്യം; നിപ വന്നപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു ഭരിച്ചിരുന്നതെങ്കില്‍, ഒരു കോണ്‍ഗ്രസ് മന്ത്രിയായിരുന്നു ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിരുന്നതെങ്കില്‍ വൈറസ് ആഷിഖ് അബു ചെയ്യുമായിരുന്നോ എന്നാണ്. ഈ അഭിമുഖം വരുന്നതിനും മുമ്പ് തന്നെ വൈറസിനെതിരേയുള്ള രാഷ്ട്രീയ വിമര്‍ശനങ്ങള്‍ പടര്‍ന്നിരുന്നു. നിപ രണ്ടാമതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആഷിഖ് അബുവും ഇടതുപക്ഷ സര്‍ക്കാരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നുവെന്നും വൈറസിന്റെ പ്രമോഷനു വേണ്ടി ഒരുക്കിയ നാടകമായിരുന്നു എറണാകുളത്ത് ഒരു വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ബാധ ഉണ്ടായതെന്നും പ്രചരിപ്പിക്കപ്പെട്ടു. ആഷിഖ് അബുവിന്റെ രാഷ്ട്രീയത്തിന്റെ എതിര്‍പക്ഷത്തു നില്‍ക്കുന്നവരെല്ലാം വൈറസിനെതിരേ മുന്‍വിധിയോടെ രംഗത്തു വന്നിരുന്നു. എന്നാല്‍ സിനിമ റിലീസ് ചെയ്തതിനു പിന്നാലെ വൈറസിനും സംവിധായകനും രചയിതാവിനുമെല്ലാം കുറ്റവുമായി എത്തിയതാകട്ടെ സൈബര്‍ ഇടത്തിലെ ഇടതുപക്ഷക്കാരും!
എത്ര വലിയ മേന്മകള്‍ പറഞ്ഞാലും എല്ലാത്തിലും രാഷ്ട്രീയം കലര്‍ത്തുന്ന, കക്ഷിരാഷ്ട്രീയ ചായ്‌വോടെ ഇടപെടുന്ന ഒരാള്‍ക്കൂട്ടമാണ് മലയാളി എന്നാണ് വൈറസ് സിനിമയുടെ മേല്‍ നടക്കുന്ന ചര്‍ച്ചകള്‍ ഓര്‍മിപ്പിക്കുന്നത്. സംഘപരിവാര്‍/വലതുപക്ഷ രാഷ്ട്രീയത്തിന് ആഷിഖ് അബു എന്നാല്‍ ഇടതുപക്ഷക്കാരനായ സിനിമാക്കാരനാണ്. തീര്‍ച്ചയായും അയാള്‍ സര്‍ക്കാരിന് അനുകൂലമായ ഒരു പ്രൊപ്പഗാന്‍ഡ ഒരുക്കുകയാണ് വൈറസിലൂടെ എന്ന സംശയം അവര്‍ ഉയര്‍ത്തും. സംഘപരിവാറുകാര്‍ക്ക് ആഷിഖ് മുന്‍പേ തന്നെ ശത്രുവാണ്. പലതരത്തില്‍ അവരത് പ്രകടമാക്കിയിട്ടുള്ളതുമാണ്. ഒരു ആഷിഖ് അബു ചിത്രം അനൗണ്‍സ് ചെയ്യുന്ന നാള്‍ തൊട്ട് അതിനെതിരേ വ്യാപകമായ രീതിയില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. മായനദിക്കെതിരേയും ഉണ്ടായി, ഇപ്പോള്‍ വൈറസിനെതിരേയും. മറ്റേതെങ്കിലും മലയാള സംവിധായകന് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വരുന്നില്ല. അതിന് കാരണം, ആഷിഖിന്റെ സിനിമകളല്ല, രാഷ്ട്രീയം തന്നെയാണ്. സെല്‍ഫ് പ്രമോഷനു വേണ്ടി മറ്റുള്ള സെലിബ്രിറ്റികള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഇടങ്ങള്‍ ഉപയോഗിക്കുമ്പോള്‍, ഒരു കലാകാരന്‍ എന്ന നിലയിലും സാമൂഹ്യ ജീവി എന്ന നിലയിലും ഇടപെടലുകള്‍ നടത്തുന്നതാണ് നവമാധ്യമങ്ങളില്‍ ആഷിഖിനെതിരേ ശത്രുതയ്ക്ക് കാരണം. രാഷ്ട്രീയ/വര്‍ഗീയ പ്രസ്ഥാനങ്ങളില്‍ നിന്നു മാത്രമല്ല, സ്വന്തം തൊഴില്‍ രംഗത്തു നിന്നും അയാളെ ആക്രമിക്കുന്നുണ്ടെന്ന കാര്യം ഓര്‍ക്കണം.
ഇപ്പോള്‍ സൈബര്‍ ഇടതുപക്ഷത്തിന്റെ ഇഷ്ടക്കേടിനും ആഷിഖ് വിധേയനായിരിക്കുകയാണ്. തങ്ങളുടെ സര്‍ക്കാരിനെയും മന്ത്രിയേയും പ്രധാന്യത്തോടെ സിനിമയില്‍ അവതരിപ്പിച്ചില്ല എന്നതാണ് ആക്ഷേപം. ഈ ചിത്രത്തെ കുറിച്ച് ആഷിഖ് പറയുന്നൊരു കാര്യമുണ്ട്, ഞാന്‍ എന്റെ രാഷ്ട്രീയ ചായ്‌വ് വളരെ ഓപ്പണ്‍ ആയി പ്രകടിപ്പിച്ചിട്ടുള്ളയാളാണ്. എന്റെ രാഷ്ട്രീയം പറയാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങള്‍ എനിക്കുണ്ട്. അതിനൊരു സിനിമ ചെയ്യണം എന്ന് ഒരിക്കലും തോന്നിയിട്ടില്ല. ആഷിഖ് അബു ഒരു ഇടതുപക്ഷ സഹയാത്രികനായതുകൊണ്ട് അങ്ങനെയൊരു സംശയം ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷേ,സിനിമ കാണുന്നവര്‍ക്ക് അങ്ങനെയൊരു സംശയം ഉണ്ടാവുകയില്ല.
അയാള്‍ പറഞ്ഞിരിക്കുന്നത് ശരിയാണ്. വൈറസ് ഒരിക്കലും ഏതെങ്കിലും രാഷ്ട്രീയത്തെയോ ഭരണകൂടത്തെയോ ബൂസ്റ്റ് ചെയ്യുന്നില്ല. വൈറസില്‍ ഒരുതരത്തിലുമുള്ള രാഷ്ട്രീയ പ്രൊപ്പഗാന്‍ഡയും സംവിധായകന്‍ കൊണ്ടുവന്നിട്ടുമില്ല. ആഷിഖിന്റെ പ്രഖ്യാപിത എതിരാളികള്‍ക്കുള്ള, അവര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാമുള്ള മറുപടി ഈ ചിത്രം തന്നെയാണ്. എന്നാല്‍ സംവിധായകന്റെ രാഷ്ട്രീയം, സിനിമയിലും പ്രതിഫലിക്കുമെന്ന് വിശ്വസിച്ച രണ്ടാമത്തെ കൂട്ടരാണ് ഇപ്പോള്‍ വൈറസിനെതിരേ രംഗത്തു വന്നിരിക്കുന്നത്. രണ്ടു വശങ്ങളുള്ള ഒരു ഒറ്റരൂപ നാണയം തന്നെയാണ് വലതുപക്ഷ/ ഇടതുപക്ഷ രാഷ്ട്രീയം എന്നാണവര്‍ പറഞ്ഞുവയ്ക്കുന്നത്. ഒരു ഏകാധിപതിയുടെ ഏറ്റവും വലിയ ശക്തി, അയാളെ അന്ധമായി വിശ്വസിക്കുന്ന അനുയായി സംഘമാണ്. ഏകാധിപതികളെ ചോദ്യം ചെയ്യുന്നവരെയും അവഗണിക്കുന്നവരെയും വിചാരണ ചെയ്യുന്നതും ശിക്ഷ വിധിക്കുന്നതും ഈ അനുയായികളായിരിക്കും. ഇവരെ പലരൂപത്തില്‍ കാണാം; സൂപ്പര്‍ സ്റ്റാറുകളുടെ ഫാന്‍സ് ആയി, രാഷ്ട്രീയ നേതാവിന്റെ ആരാധകരായി, ഭരണകൂടത്തിന്റെ സിന്ദാബാദ് വിളിക്കാരായി.
വൈറസ് ഏതെങ്കിലുമൊരു വ്യക്തിയെയോ സിസ്റ്റത്തെയോ പ്രകീര്‍ത്തിക്കുന്ന സിനിമയല്ല. അതൊരു സമൂഹത്തിന്റെ പ്രവര്‍ത്തിയെയാണ് കാണിക്കുന്നത്. ആ ചിത്രത്തിലൊരു നായകനോ നായികയോ ഇല്ല. ഡോക്ടര്‍ ആബിദ് മുതല്‍ ആംബുലന്‍സ് ഡ്രൈവര്‍ വരെ നായകന്മാരാണ്. നഴ്‌സ് ലിനി മുതല്‍ മെഡിക്കല്‍ കോളേജിലെ താത്കാലിക ജീവനക്കാരന്‍ ബാബുവിന്റെ ഭാര്യ വരെ നായികമാരാണ്. അല്ലാതെ, ഏതെങ്കിലും ഒരു വ്യക്തിയല്ല. രാഷ്ട്രീയ മുന്‍വിചാരങ്ങളോടെയല്ലാതെ വൈറസ് കാണുന്ന ഏതൊരാള്‍ക്കും നിപ പടര്‍ത്തിയ ഭീകരതയെ ഒരു ടീം ആയി നിന്ന് തോല്‍പ്പിച്ച സമൂഹത്തെ കാണാനാകും. അതില്‍ രാഷ്ട്രീയക്കാരുണ്ട്, മന്ത്രിയുണ്ട്, ഉദ്യോഗസ്ഥരുണ്ട്, മെഡിക്കല്‍ സംഘമുണ്ട്, സാധാരണക്കാരുണ്ട്…
എറണാകുളത്ത് രണ്ടാമത് നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്ത സമ്മേളനം കഴിഞ്ഞ് പുറത്തു സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുന്ന സമയം, ഇങ്ങോട്ട് വന്ന് സംസാരിച്ചൊരു പൊലീസുകാരന്റെ വാക്കുകള്‍ മനസിലുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയുടെ ഭാഗമായി മൂന്നിലേറെ തവണ പോയി. ഒരുപാട് കാത്തിരുന്നിട്ട് ഒരു കുഞ്ഞ് ഉണ്ടായത് അടുത്തിടെയാണ്. ഒരു ചിരിയോടെയാണ് ഉള്ളിലെ ഭയം ആ പൊലീസുകാരന്‍ പങ്കുവച്ചത്. അന്നേ ദിവസവും അയാള്‍ക്ക് മെഡിക്കല്‍ കോളേജില്‍ പോകണം. ഡ്യൂട്ടി ചെയ്യാന്‍. ഇതുപോലുള്ള പൊലീസുകാരെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കളക്ടറെയും മന്ത്രിയേയുമൊക്കെ കണ്ടശേഷമാണ് വൈറസ് എന്ന സിനിമ കാണുന്നത്. ആ കൂട്ടത്തില്‍ ആരാണ് നായിക/നായകന്‍? പിഎം നരേന്ദ്ര മോദി കാണാന്‍ കയറുന്നവന്റെ അതേ മാനസിക സാഹചര്യവുമായി വൈറസ് കാണാന്‍ കയറിയാലാണ് പ്രശ്‌നം.
ദി തൗസന്‍ഡ് ഐസ് ഓഫ് ഡോ. മെബൂസ നിരോധിച്ച ശേഷം ഗീബല്‍സ് ചെയ്തത് ഫ്രിറ്റ്‌സ് ലാംഗിനെ തടവിലാക്കുകയോ നാടുകടത്തുകയോ അല്ലായിരുന്നു. ലാംഗിനെ വിളിപ്പിച്ച ഗീബല്‍സ് അയാളോട് പറഞ്ഞത് താങ്കളുടെ മെട്രോ പൊലീസ് എന്ന സിനിമ ഹിറ്റ്ലര്‍ക്ക് ഇഷ്ടമായെന്നും ജര്‍മന്‍ ചലച്ചിത്ര വ്യവസായത്തിന്റെ തലവനായി താങ്കളെ നിയമിക്കുകയാണെന്നുമായിരുന്നു. നാസി പാര്‍ട്ടിയംഗവും എഴുത്തുകാരിയുമായ തന്റെ ഭാര്യയോടുപോലും പറയാതെ ജര്‍മനിയില്‍ നിന്നും ഒളിച്ചോടുകയായിരുന്നു ആ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ ഫ്രിറ്റ്സ് ലാംഗ് ചെയ്തത്. ഭരണകൂടം വച്ചു നീട്ടുന്ന സൗഭാഗ്യങ്ങള്‍ സ്വീകരിച്ച്, തന്റെ രാഷ്ട്രീയവും ആശയങ്ങളും പകരം ബലികൊടുത്ത് സസന്തോഷം കഴിയുന്ന നിരവധി കലാകാരന്മാര്‍ നമുക്കിടയില്‍ ഇപ്പോഴുണ്ട്. ഞാന്‍ എന്താണോ അതാണെന്റെ സിനിമകള്‍ എന്നു പറഞ്ഞ ഹെര്‍സോഗിന്റെ പിന്‍ഗാമികളാണ് നമുക്കില്ലാത്തത്. ഒരേ സമയം ഫ്രിറ്റ്‌സ് ലാംഗ് അകാതെയും ഹെര്‍സോഗ് ആയി നില്‍ക്കുകയും ചെയ്യുന്ന കലാകാരന്മാരെ ഈ ഫാസിസ്റ്റ് കാലത്ത് സമൂഹത്തിനാവശ്യവുമുണ്ട്. ആഷിഖ് അബുവിനെ പോലെ, രാജീവ് രവിയെ പോലെ ചിലരിലെങ്കിലും ആയൊരു പ്രതീക്ഷ നിലിനില്‍ക്കുമ്പോള്‍, ഇടതുപക്ഷത്തിന്റെ ആശയവാഹകരെന്നു പറയുന്നവര്‍ യജമാന ഭക്തികൊണ്ടെന്ന പോലെ, ആ പ്രതീക്ഷകളില്‍ വിനാശകരമായ വൈറസുകളെ പടര്‍ത്തി വിടരുത്.