ഉണ്ണികൃഷ്ണൻ കിടങ്ങുരിന്റെ പൊന്ത
ഭാഷയെപ്പറ്റി ഒരു നിരീക്ഷണമുണ്ട് അത് പഠിച്ചെടുക്കുന്നതല്ല, ശരീരത്തെപോലെ നൈസർഗ്ഗികമായ വളരുന്നതാണെന്നന്നും അത് അന്തർ ലീനമായ സഹജഭാവമുള്ള ഉള്ള ഒരു അവയവം പോലെയാണെന്നുമുള്ള നിരീകഷണം. ഒരാൾ ആ സഹജഭാവത്തെ വിട്ടു മറ്റൊരു ഭാഷ ആർജ്ജിക്കാൻ ശ്രമിക്കുന്നത് ഹൃദയം മാറ്റിവയ്ക്കൽ പോലെ അപകടം പിടിച്ചതാണെന്നും കൂട്ടിച്ചേർക്കാം. എന്നാൽ അതിശയകരമാം വിധം ഭാഷയെ മാറ്റിയെടുക്കുന്നവരുമുണ്ട്. കൈയാളുന്ന സാഹിത്യരൂപത്തിന്റെ വിവരണത്തിനും സന്ദര്യത്തിനുമായി ഭാഷയെ മാറ്റിയെടുത്തവർ ലോകമെന്പാടുമുണ്ട്. നബക്കോവ്, പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ പ്രതിനായക സങ്കല്പത്തിലൂന്നിയ രചനകൾ നൽകിയ ജോസഫ് കോൺറാഡ്, ശാമുവൽ ബക്കറ്റ് മുതലായവരെ പറ്റി ഇങ്ങനെ ഒരു വിലയിരുത്തലുണ്ട്. കുറേകൂടി വ്യത്യസ്തമായ തലത്തിൽ പ്രാദേശികമായ ഭാഷയെ നിരാകരിച്ചുകൊണ്ട് എഴുത്തിൽ വിദേശ ഭാഷ സ്വീകരിക്കുകയും അതിൽ തന്നെ അതിശയകരമായ വിധത്തിൽ രചനകൾ നടത്തുകയും ചെയ്ത ജുമ്പ ലാഹിരിയെപ്പോലുള്ളവരും പുതിയ കാലത്ത് വായനയിലേക്ക് വരുന്നുണ്ട്. Unnikrishnan Kidangoor Pontha
സാഹിത്യത്തെ ഭാഷയുടെ വികാരപരമായ പ്രതിഫലനമെന്നു സൂചിപ്പിക്കുമ്പോഴാണ് എഴുത്തുകാർ അവരുടേതായ ഭാഷയെ സൃഷ്ടിക്കുന്നുവെന്നു പറയപ്പെടുന്നത്. എഴുത്തിന്റെയോ കഥയുടെയോ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതിനായി ഭാഷയെ വരുതിയിൽ വരുത്തുക അല്ലെങ്കിൽ അനുയോജ്യമായ ആഖ്യാനരീതി കണ്ടെത്തുക എന്നതൊക്കെയാണ് സാഹിത്യകാരന്റെ ആത്യന്തികമായ നിയോഗം. ‘വുത്തറിങ് ഹൈറ്റ്സി’ലെ പല വിവരണങ്ങളിലും ഇത് കാണാൻ സാധിക്കുമെന്ന് എമിലി ബ്രോണ്ട് കൃതികളിലൂടെയുള്ള പഠനം വെളിപ്പെടുത്തുന്നു. മലയാളത്തിലേക്ക് വന്നാൽ വി കെ എന്നും ബഷീറും സൃഷ്ടിച്ച ഭാഷയും ഓ വി വിജയൻ; കൃതികൾക്കനുയോജ്യമായി സൃഷ്ടിച്ച ഭാഷയും ചർച്ച ചെയ്യേണ്ടതാണ്. എഴുത്തിന്റെ വിഷയങ്ങൾക്കനുസരിച്ചായിരുന്നു ഓ വി വിജയൻറെ ഭാഷ സഞ്ചാരമെന്നു മനസിലാക്കാം.
യു എ ഖാദറിന്റെ രചന ശൈലിയിലും ഇത്തരം ചില അനന്യത നമുക്ക് വായിച്ചെടുക്കാം. കഥപറച്ചിലിനായി മലയാളം പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. കൂത്തും തുള്ളലും വരേണ്യതയുടെ ദളിത് ഭാവങ്ങളായി നിൽകുമ്പോൾ തന്നെ നാട്ടിടകളിലെ ഗ്രാമഭാഷയിൽ ഉരുത്തിരിയുന്ന ചാറ്റും പേച്ചും വിളിച്ചു ചൊല്ലുമൊക്കെ മറ്റൊരു തരത്തിൽ കഥകൾക്കുപരി അനുഭവങ്ങളുടെ കൃത്രിമത്വമില്ലാത്ത ആവിഷ്ക്കാരങ്ങളായി മാറുന്നു. കിഴ്‌ജാതി-മേൽജാതി സാഹിത്യങ്ങൾ ലോകത്തെമ്പാടുമുള്ള ഭാഷയിൽ നിലനില്കുന്നുവെങ്കിലും മലയാളത്തിന്റെ വളർച്ചയിൽ മേൽജാതി സങ്കൽപ്പത്തിലുള്ള ഭാഷയാണ് അതിന്റെ എല്ലാമേഖലയിലും നിറഞ്ഞുനിൽക്കുന്നത്. അതുകൊണ്ടുതന്നെയാണ് ചെങ്ങന്നൂർ കുഞ്ഞാതിയും ഇടനാടനുമൊക്കെ അപ്രത്യക്ഷമായ വായ്മൊഴി പഴമയായി മാറിയത്.
പാരമ്പര്യത്തിന്റെ ശിഥില ചിന്തകളിലൂടെ കടന്ന് പോകാൻ കാരണമായത് ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ കഥകളുടെ വായനയാണ്. ഭാഷയുടെ സാമൂഹിക ചരിത്രം മലയാളത്തിൽ ഇനിയും പര്യാപതമാകും വിധം രേഖപ്പെടുത്തിട്ടിട്ടില്ല എന്ന് വ്യക്തമാകുന്നതും ഇത്തരം കഥകൾ വായിക്കുമ്പോഴാണ്. ഏതാണ്ട് മൂന്നു തലമുറകൾ നിറഞ്ഞുനിൽക്കുന്ന സാമൂഹിക അന്തരീക്ഷമാണ് പൊന്ത എന്ന കഥയിൽ നിറഞ്ഞുനിൽക്കുന്നത്. രതിയും കാമവും പ്രമാണിത്വവും അതിന്റെ ഏറ്റവും വലിയ അശ്ലീലതയിൽ നിറയുകയായാണിവിടെ. മുൻപ് സൂചിപ്പിച്ചതുപോലെ ഭാഷയുടെ അതി ദ്രുതതാളത്തിലുള്ള ഒരു പോക്കാണ് ഇതിന്റെ രചനയിൽ ഉണ്ണികൃഷ്‌ണൻ സ്വീകരിച്ചിരിക്കുന്നത്. പുതിയ എഴുത്തകാരിൽ പലരും വിമുഖതകാട്ടുന്ന ഒരു രചന തന്ത്രം. ഒരു പക്ഷെ സൃഷ്ടിപ്പഴമയിലും മുൻതലമുറയുടെ ജീവിതചര്യയിലും ഊന്നിയ ഒരു കഥാതന്തുവിനെ വികസിപ്പിക്കാൻ ഇതുതന്നെയാവാം ഏറ്റവും അനുയോജ്യമായ ഭാഷ.
അച്ചാമ്മയുടെ ദേഹത്ത് പണ്ടെങ്ങോ ജീവിച്ചിരുന്ന കുട്ടിയമ്മ പ്രവേശിക്കുമ്പോഴാണ് പഴംകഥകളുടെയോ അതിനുപരി നാട്ടിടയിലെ ചൊരുക്കും പ്രണയവും കാമവും കൊലപാതകവും എല്ലാം നിറഞ്ഞുനിൽക്കുന്ന ഭൂതകാലത്തിന്റെ മാറാപ്പുകൾ അഴിഞ്ഞുവീഴുന്നത്. അതിൽ പലതും പ്രണയത്തിന്റെയോ കാമത്തിന്റെയോ നിയതമായ നിയമാവലിക്കപ്പുറം നിൽക്കുന്ന BDSM സെക്ഷ്വൽ ആക്ടിവിറ്റിയായി മാറുന്നു. ഇണയെ ഇരയായികണ്ടുള്ള മസോക്കിസ്റ്റ് പ്രവണതയായി മാറുന്നു. വൈരൂപ്യവും രതിവൈകൃതങ്ങളും ആഘോഷങ്ങളാക്കി മാറ്റുന്നു. മലയാളത്തിൽ.അരിമ്പാറയും കാക്കനാടന്റെ ചില കഥകളിലും ലഭ്യമായിരുന്ന ഒരു വായനാനുഭവമായി അതുമാറ്റുവാൻ കഥാകൃത്ത് ശ്രമിക്കുകയും ചെയ്യുന്നു. കുട്ടിയമ്മയുടെ മനോഹരമായ തുടകളിൽ കത്തികൊണ്ട് മുറിവേൽപ്പിക്കുന്ന ഇയ്യായൻ പിള്ളയും വേന്ദ്രൻ പിള്ളയുമെല്ലാം രതിയുടെ ഉന്മാദാവസ്ഥയിലാണ്. ലിയോണ കാസിയാനിയെ പറ്റി ( കോളറ കാലത്തെ പ്രണയം ) പറയുമ്പോൾ അക്രമാസക്തമാവും വിധം അവളെ കാലങ്ങൾക്കു മുൻപ് പ്രാപിച്ച റേപ്പിസ്റ്റിന്റെ മുഖം പലപ്പോഴും അവളിൽ പ്രണയത്തിന്റെ തീവ്രതയാണ് വെറുപ്പിനേക്കാൾ ഉണർത്തുന്നതെന്ന് പറയുന്നതുപോലെ കുട്ടിയമ്മയിലും ഒടുങ്ങാത്ത ഇത്തരത്തിലുള്ള ഒരു വികാരം കെട്ടിനിൽക്കുന്നതായി കാണാം.എന്നാൽ കാലത്തിനനുയോജ്യമായി ജാതീയ ജ്യാമിതിക്കുളിൽ നിന്നും വേഴ്ചയിൽ അകറ്റിനിർത്തേണ്ടവരെ പോലും കൃത്യമായി മാറ്റിനിർത്തുന്നുമുണ്ട്.
കണ്ടത്തിൽ അമ്മിണിക്കു കാരി കുത്തിയുണ്ടായ കാരിചിന്നനുമൊക്കെ ഇങ്ങനെ മാറ്റി നിർത്തപ്പെട്ടവരാണ്. കർമ്മ ഫലങ്ങളും പുനർജന്മവും മിത്തും പഴങ്കഥയുമെല്ലാം ഇടകലർന്നു പോകുന്ന വിവരണത്തിൽ കാലത്തിന്റെയും മറന്നു പോകുന്ന പ്രാദേശികത്വത്തിന്റെയും വെളിപാടുകളാണ് കടന്നു വരുന്നത്. കഥയുടെ വട്ടറുതിയിൽ കുട്ടിയമ്മ വീണ്ടും പുനർജനിക്കുന്നതായി കാണാം തുടയിലെ കത്തികൊണ്ടുണ്ടായ മറുകാണ് അതിന്റെ സാക്ഷ്യം. സൃഷ്ടിപ്പഴമയിലും വർത്തമാനത്തിന്റെ ഭാവുകത്വത്തിലും അഭിരമിക്കുന്ന കഥയിൽ രചനാപരമായ മെച്ചം അടയാളപ്പെടുത്തുന്നത് തനതായി രൂപപ്പെട്ട ഭാഷാതന്നെയാണ്. വിവരണാത്മകതയുടെ എല്ലാ പരിമിതികളെയും ലംഘിക്കുന്ന ഒരു ഭാഷാതന്നെയാണ് ഉണ്ണികൃഷ്ണൻ ഉപയോഗിച്ചിരിക്കുന്നത്. അടുത്തുനിൽക്കുന്നതാകട്ടെ ഒരു തരം ദ്രാവിഡ താളക്രമത്തിന്റെ ഒച്ചകളാണ്. മലയാളത്തിലെ പുതുവായനയിൽ അതുകൊണ്ടുതന്നെ ഈ രചന വേറിട്ട് നില്കുന്നു. ഒരു പക്ഷെ തൃക്കോട്ടൂർ പെരുമയിലൊക്കെ ഉപയോഗിച്ച ചില ബിംബങ്ങളും പ്രതീകങ്ങളും കടന്നു വരുന്നുവെങ്കിലും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് തന്നെ കഥാകൃത്ത് നിയതമായ ഒരിടം കണ്ടെത്തുന്നു.
ഉണ്ണികൃഷ്‍ണന്റെ തന്നെ ഗുപ്തസാമ്രാജ്യം കുടിയൊന്നു പറഞ്ഞുപോകാം. ഹൈന്ദവ രാഷ്ട്രത്തിന്റെ പൂർണ്ണതയെന്ന് ചരിത്രം അടയാളപ്പെടുത്തുന്ന ഗുപ്തകാലത്താണ് കാമസൂത്രവും രചിക്കപ്പെട്ടത്. കാമചിന്തകളുടെ ഒരു നരേട്ടീവാണ് ഗുപ്തസാമ്രാജ്യം എന്ന കഥ.
ഭാര്യയോട് വിവാഹം കഴിഞ്ഞതിന്റെ ആദ്യ നാളുകൾ നാട്ടിടകളിലെ കാമകഥകൾ പറഞ്ഞുകൊടുക്കുന്ന ഭർത്താവ് ആഖ്യാനകേന്ദ്രമാകുന്ന കഥയിൽ, അയാൾ ഒരു ഗോസ്റ്റ് റൈറ്റർ കുടിയാണെന്നതാണ് കഥയുടെ മറ്റൊരു വ്യാഖ്യാന തലം ഇവിടെ വായനയുടെയും വ്യാഖ്യാനത്തിന്റെയും വ്യത്യസ്ത മേഖലകൾ കൃത്യമായും ഒരുക്കിയിട്ടിരിക്കുന്നു. മറ്റൊരാൾക്ക് വേണ്ടി എഴുതുന്ന ഭർത്താവ് ഭാര്യയോട് പറയുന്ന കാമകഥകളിലെല്ലാം കഥാപാത്രങ്ങൾ അവർക്കു പരിചിരെങ്കിലും അവളറിയാതിരിക്കാൻ അയാൾ പേര് മാറ്റി പറയുന്നതാണ് ശീലം. കഥകളിലൂടെ മാത്രം കാമം പറയുന്ന ഭർത്താവിനോട്
നീയിപ്പോഴും കന്യകാനാണോ എന്ന് ചോദിക്കുന്ന ഭാര്യയുടെ അവസ്ഥയിൽ അയാൾ ബോധവാനെങ്കിലും ബലഹീനനായി നിൽക്കുകയാണ്. പൊയ്‌പ്പോയ കാലത്തെ ഗോപിയമ്മാവനും കൂട്ടുകെട്ടിലെ ഗിരീഷ്കുമാറും സതീശനുമെല്ലാം കാമകേളിയുടെ കഥയിലൂടെ തന്നെയാണ് എത്തുന്നത്. ഇവിടെയൊരിടത്ത് പറഞ്ഞുവയ്ക്കുന്നുമുണ്ട് ഗിരീഷ്കുമാറിന്റെ രതിജീവിതം പുറമെ ശാന്തമെങ്കിലും വളരെ ആഴമേറിയതും ഗാഢവുമായിരുന്നെന്ന്.
ഇങ്ങനെ പോകുന്ന കഥകളിലൂടെ ജീവിക്കുന്ന ഭാര്യയുടെ സ്വപ്നത്തിൽ കടന്നു വരുന്ന സിംഹവും ഗോപിയമ്മാവനുമാണ് ജലമോഹൻ എന്ന അപരൻ. അതിനാൽ തന്നെ അവൾ രതിസുഖത്തിന്റെ അധ്യായം തേടി നഗരത്തിലേക്ക് പോകുന്നതും ജലമോഹൻ എന്ന സമുദ്രസമാനമായ സുഖത്തിലേക്കു ഊളിയിട്ടു പോകുകയും ചെയ്യുന്നു. ഇന്തോളജിയിൽ ഗവേഷണ നടത്തിയിട്ടുള്ള വേൺടി ഡോണിഗറൊക്കെ സൂചിപ്പിക്കുന്നതുപോലെ കാമസൂത്രത്തിനു ഒരു ഫെമിനിയൻ കാഴ്ചപ്പാടുകൂടിയുണ്ട് പുരുഷൻ അറിയേണ്ട സ്ത്രീയെ പറ്റിയും ലൈംഗികതയിലുള്ള തുല്യതയും ഒക്കെ അത്തരത്തിലുള്ള ചിന്തയാണ് നൽകുന്നത്.
നായികയുടെ നഗരപ്രവേശത്തിനുപോലും അത്തരത്തിലുള വ്യാഖ്യാനമാണ് നൽകാൻ കഴിയുന്നത്.നാഗരികലൈംഗികതയെക്കുറിച്ചുള്ള അധ്യായം തന്നെ കാമസൂത്രത്തിൽ ഉണ്ടല്ലോ. രതിയെന്നത് കർണ്ണങ്ങൾക്കുള്ളതല്ല എന്ന് സാധുകരിക്കുകയാണ് ഇവിടെ. ഭാര്യയുടെ സ്വപ്നങ്ങളിൽ വരുന്ന സിംഹവും അതിന്റെ പൂച്ചയെപോലുള്ള ഭാവമാറ്റവും രതിയുടെ അവസ്ഥകളെ തന്നെ വിഭാനം ചെയ്യുന്നു
കാമസൂത്രത്തിലെ ഇണചേരലുകളെപ്പറ്റി പറയുമ്പോൾ സ്ത്രീയ്ക്ക് എപ്പോഴെല്ലാം സ്വന്തമിഷ്ടത്തെ സാധൂകരിക്കാമെന്ന ചില ബദലുകൾ നിലവിലുണ്ട് എന്ന പുതിയ വാദവും ശക്തമാകുന്നു. അതായത് സ്വമേധയാ മറ്റൊരു പുരുഷനെ എപ്പോൾ സ്വീകരിക്കാമെന്നുള്ള സൂചന. പരപരുഷൻ ശക്തനും സുന്ദരനും ധനികനും ആയിരിക്കണമെന്ന് സൂചന നൽകുന്നുണ്ട് ഭാര്യയുടെ കണ്ടെത്തലായ ജയമോഹനൻ അത്തരത്തിലൊരാൾ തന്നെയാണ്.
വളരെ ശക്തമായ കഥാപാത്രനിർമ്മിതിയാണ് ഈ കഥയുടെ മറ്റൊരു പ്രത്യേകത ഗോസ്റ് റൈറ്റർ എന്ന അവസ്ഥ തന്നെയാണ് അയാളുടെ ജീവിതവും . പൊന്തയിലെന്നപോലെ മുൻതലമുറയുടെ ചില കൾച്ചറൽ ലാഗുകൾ ഇവിടെയും കടന്നു വരുന്നുണ്ട്. ഗോപിയമ്മാവനും സ്വവർഗ്ഗ അനുരാഗിയായി മാറിയ മുത്തശ്ശനും ഗോവിന്ദശ്ശാരും ശിവരാമന്മാരും ഒക്കെ ഈ തലത്തിൽ രൂപപ്പെട്ടവരാണ്.
കഥയ്ക്കുപരി കഥയുടെ പറച്ചിൽ രീതിയിലാണ് ഉണ്ണികൃഷ്ണൻ കിടങ്ങുർ ശ്രദ്ധേയനാകുന്നത്, കടന്നു വരുന്ന കഥാപാത്രങ്ങളെയെല്ലാം ഒരു പ്രത്യേക അനുപാതത്തിൽ കോർത്തെടുക്കുന്ന രചനാതന്ത്രം കഥാകൃത്ത് സ്വീകരിച്ചിരിക്കുന്നതായി കാണാം ഒപ്പം മുമ്പ് സൂചിപ്പിച്ച ഭാഷയുടെ വശീകരിക്കുന്ന ഒഴുക്കും. മലയാള സാഹിത്യത്തിൽ കഥാചിന്തയ്ക്കുള്ള പ്രസ്കതി നഷ്ടമാകുന്നില്ല എന്നുകൂടി സൂചിപ്പിക്കുന്നു. Unnikrishnan Kidangoor Pontha
Content summary; Book review of ‘Pontha’ novel by Unnikrishnan Kidangoor