കാത്തിരിപ്പ് അവസാനിക്കുകയാണ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പര ആരംഭിക്കുമ്പോള്‍ പാറ്റ് കമ്മിന്‍സിന് ആശ്വാസമാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ്, ശീതകാലത്തിന്റെ അവസാന നാളുകളെത്തിയിരുന്നു. സിഡ്നി ഹാര്‍ബറിന്റെ തീരത്ത് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ നേരിട്ട ചോദ്യങ്ങളൊക്കെയും മൂന്ന് മാസം അകലെയുള്ള ടെസ്റ്റ് പരമ്പരയെക്കുറിച്ചായിരുന്നു. അതുപോലെ തന്നെയായിരുന്നു, മൂന്നാഴ്ച്ച മുമ്പ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ചും അയാള്‍ ടെസ്റ്റ് പരമ്പരയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിട്ടത്. കൗതുകമെന്തെന്നാല്‍ അടുത്ത ദിവസം പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ആരംഭിക്കുകയാണ്. പക്ഷേ, ചോദ്യങ്ങള്‍ പാകിസ്താനെക്കുറിച്ചല്ല, ഇന്ത്യയെക്കുറിച്ചാണ്.
മാസങ്ങളായി ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ നേരിടുന്നതൊക്കെയും ഇന്ത്യയുടെ വരവിനെ കുറിച്ചായിരുന്നു. ജൂണില്‍ നടന്ന ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് ഘട്ടത്തില്‍ തന്നെ ഓസ്ട്രേലിയ പുറത്തായിരുന്നു. എന്നാല്‍ അത് നാട്ടില്‍ കാര്യമായ ചലനമൊന്നും ഉണ്ടാക്കിയില്ല. അതിനൊരു കാരണം. അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലുമായി നടന്ന മത്സരങ്ങളെല്ലാം തന്നെ ഓസ്‌ട്രേലിയന്‍ സമയം അനുസരിച്ച് പുലര്‍ച്ചെയായിരുന്നു. ഇംഗ്ലണ്ട് പര്യടനമാകട്ടെ ഓസ്‌ട്രേലിയയില്‍ ചര്‍ച്ചയായത് അവരുടെ ടീമിന്റെ നട്ടെല്ലായിരുന്ന ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന്റെ പരിക്കുമായി ബന്ധപ്പെട്ടായിരുന്നു. ഗ്രീനിന്റെ അഭാവം ടീമിനെ മൊത്തത്തില്‍ ബാധിക്കും. ഇന്ത്യക്കെതിരായ പരമ്പരയിലും ഗ്രീനിന് കളിക്കാനാകില്ല. പാക്കിസ്ഥാനുമായുള്ള ഏകദിന തോല്‍വിയാണ് കുറച്ചെങ്കിലും ചര്‍ച്ചയായത്്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കാന്‍ അഞ്ച് കളിക്കാര്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇതില്‍ ആരാധകര്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. തോല്‍വിക്കുള്ള കാരണമായി കളിക്കാരെ മാറ്റിനിര്‍ത്തിയത് കാരണമായി ആരോപിക്കുകയും ചെയ്തു. എന്നാല്‍ ഓസ്ട്രേലിയ 3-0 ന് ടി-20യില്‍ ജയിച്ചപ്പോള്‍ ആരോപണങ്ങള്‍ നിശബ്ദമായി, അപ്പോഴും അതേ അഞ്ചു കളിക്കാര്‍ വിശ്രമത്തിലായിരുന്നു.
ഓസ്ട്രേലിയന്‍ ആരാധകരെ സംബന്ധിച്ച്, ഒരു കാര്യത്തില്‍ മാത്രമാണ് അവരുടെ മനസ്. ഈ വേനല്‍ക്കാലത്ത് സ്വന്തം തട്ടകത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കണം. കഴിഞ്ഞ 10 വര്‍ഷമായി അക്കാര്യമവര്‍ക്ക് ചെയ്യാനായിട്ടില്ല. അക്കാലത്തിനിടയില്‍ ടി20 ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഏകദിന ലോകകപ്പും നേടി. പക്ഷേ, ആ നേട്ടങ്ങളൊന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്ത്യയോട് തങ്ങളുടെ സ്വന്തം നാട്ടിലെ തോല്‍വികള്‍ മറക്കാനുള്ള കാരണങ്ങളായില്ല.
‘ഇപ്പോള്‍ ഡ്രസ്സിംഗ് റൂമില്‍ ഉള്ളവരില്‍ പകുതിയോളം പേര്‍ക്കും ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പര വിജയം ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. അതിനാല്‍ ഇത് ഞങ്ങളില്‍ പലര്‍ക്കും അവസാനത്തെ അവസരമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ ഒട്ടുമിക്ക വെല്ലുവിളികളിലും വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും ആവേശത്തിലാണ്.’ ക്യാപ്റ്റന്റെ ആത്മവിശ്വാസം ഇങ്ങനെയാണ്.
പരമ്പരയ്ക്കായുള്ള കാത്തിരിപ്പ് ഒരു ജ്വരം പോലെ ഓസ്‌ട്രേലിയയില്‍ പടര്‍ന്നിട്ടുണ്ട്. ഓസ്ട്രേലിയയിലെ ചില പ്രധാന പത്രങ്ങളുടെ പിന്‍ പേജുകള്‍ ഹിന്ദിയിലാണ് അച്ചടിച്ചിരിക്കുന്നത്.
പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ അവസ്ഥയെന്താകും എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ കൂടുതലും ചര്‍ച്ച. നിലവിലെ ഫോമും, ആദ്യ ഇലവനില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നതിലൊക്കെ ആശങ്കയും സംശയങ്ങളുമുണ്ട്. ഓസട്രേലിയയ്ക്ക് ഇതൊരു അവസരമാണ്.
ഓസ്‌ട്രേലിയയുടെ വീരകഥകളില്‍ വാചാലനാകുന്നതിനൊപ്പം, തങ്ങളുടെ സംഘവും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സ്ഥാനം നേടണമെന്ന് ആഗ്രഹിക്കുന്ന ക്യാപ്റ്റനാണ് കമ്മിന്‍സ്. എന്നാല്‍ ഈ സംഘത്തിന്റെ കെട്ടുറപ്പ് അത്ര ശക്തമല്ല, കാരണം അവര്‍ ഒന്നിച്ചിട്ട് അധികമായിട്ടില്ല. മാത്രമല്ല, പെര്‍ത്തില്‍ ഇറങ്ങുന്ന ആദ്യ ഇലവനിലെ പത്ത് പേര്‍ക്കും 30 വയസ്സിന് മുകളില്‍ പ്രായമുണ്ട്. പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിവസം ഉസ്മാന്‍ ഖവാജയ്ക്ക് 38 വയസ്സ് തികയും. നഥാന്‍ ലിയോണിന് ബുധനാഴ്ച 37 വയസ്സ് തികഞ്ഞു. സ്റ്റീവന്‍ സ്മിത്തിന് 35. ജനുവരിയില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനും ജോഷ് ഹേസില്‍വുഡിനും യഥാക്രമം 35, 34 വയസ്സ് തികയും. സെലക്ടര്‍മാര്‍ നിര്‍ബന്ധം പിടിച്ച് ഒരു താല്‍ക്കാലിക ഓപ്പണറായി നഥാന്‍ മക്സ്വീനിയെ ടീമിലെടുത്തിരിക്കുന്നതിന്റെ പ്രധാനകാരണം അദ്ദേഹത്തിന് 25 വയസെ ഉള്ളൂവെന്നതിനാലാണ്.
ഒരു കാര്യം ഓസീസ് ടീമിനെ പേടിപ്പിക്കുന്നുണ്ട്. ഇന്ത്യയ്ക്കെതിരായ തുടര്‍ച്ചയായ മൂന്നാം ഹോം പരമ്പരയും തോല്‍ക്കുകയാണെങ്കില്‍, ടീമിന്റെ പാരമ്പര്യത്തെ കളങ്കപ്പെടുത്തുക മാത്രമല്ല, അത് ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുകയും ചെയ്യും. എന്നാല്‍ തന്റെ ഭാഗത്ത് പ്രതീക്ഷയുടെ അമിത ഭാരമൊന്നുമില്ലെന്നാണ് കമ്മിന്‍സ് വിശ്വസിക്കുന്നത്.
‘ഇത് സമ്മര്‍ദമാണോ എന്ന് എനിക്ക് ഉറപ്പില്ല’ എന്നാണ് കമ്മിന്‍സ് പറയുന്നത്. ”ഹോം സീരീസുകള്‍ കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും സമ്മര്‍ദ്ദം അനുഭവിക്കും. നല്ല പ്രകടനത്തിനായാണ് എപ്പോഴും ശ്രമിക്കുക. ഇത്തവണ ഞങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ ശക്തരാണ്. ഇപ്പോഴുള്ള ടീമില്‍ ഞങ്ങളില്‍ പലരും മുമ്പ് നടന്ന രണ്ടോ മൂന്നോ പരമ്പരകളില്‍ കളിച്ചിട്ടുണ്ട്. പോരാട്ടം കടുത്തതായിരുന്നു. ഞങ്ങള്‍ ഭൂതകാലത്തിലേക്ക് അധികം നോക്കുന്നില്ല. ആര്‍ക്കെതിരെ കളിക്കുമ്പോഴും ഏറ്റവും മികച്ചതായി കളിക്കാനാണ് ആഗ്രഹിക്കുന്നത്’- ക്യാപ്റ്റന്‍ പറയുന്നു.
ഇത്തവണ ഒഴികഴിവുകളൊന്നും പറയാന്‍ ഓസീസിനില്ല. 2018-19ല്‍ സ്മിത്തും ഡേവിഡ് വാര്‍ണറും ഓസ്ട്രേലിയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ല. 2020-21ല്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറിനെ ചുറ്റിപ്പറ്റി ടീമിനുള്ളില്‍ കടുത്ത അസംതൃപ്തി പുകഞ്ഞിരുന്നു. ഇക്കുറി ഇത്തരം പ്രശ്‌നങ്ങളൊന്നും അലട്ടുന്നില്ല. എല്ലാം ശന്തവും സ്വസ്ഥവുമാണ്. അതേസമയം എതിരാളികള്‍ അസ്വസ്ഥരാണ്. സ്വന്തം തട്ടകത്തില്‍ ന്യൂസിലന്‍ഡിനോട് 3-0ന് തോറ്റാണ് ഇന്ത്യ ഓസ്ട്രേലിയയിലേക്ക് വരുന്നത്. 2010-11 ലെ ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയ മൂന്ന് ടെസ്റ്റുകളും തോറ്റപ്പോള്‍, സെലക്ടര്‍മാര്‍ക്ക് സ്ഥാനം നഷ്ടമായി, ക്യാപ്റ്റന്‍ രാജിവച്ചു, കോച്ചിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പേടിക്കേണ്ട ചരിത്രം ഓസ്‌ട്രേലിയയ്ക്കുമുണ്ട്.
നിലവിലെ സാഹചര്യത്തില്‍ പെര്‍ത്തില്‍ ഇറങ്ങാന്‍ വലിയ പേടിയൊന്നും ഓസീസിനില്ല. പക്ഷേ, ഒന്നും എളുപ്പമല്ല. ഓപ്പണര്‍ സ്ഥാനത്തുള്ള സ്മിത്തിന്റെ നിയമനം പരാജയമായിരുന്നു. പാകിസ്ഥാനോട് ഏകദിന പരമ്പര തോറ്റതിലെ ആരാധകരുടെ അരിശം തീര്‍ന്നിട്ടില്ല. എന്നാല്‍, കമ്മിന്‍സ് പ്രതീക്ഷയിലാണ്. അഞ്ചു കളിക്കാര്‍ക്ക് വിശ്രമം അനുവദിച്ചതും, സ്മിത്തിനെ ഓപ്പണര്‍ ആക്കിയതും ടെസ്റ്റ് പരമ്പരയില്‍ ഫലം ചെയ്യുമെന്നാണ് ക്യാപ്റ്റന്‍ വിശ്വസിക്കുന്നത്. സിഡ്‌നി-അഡ്‌ലെയ്ഡ്-പെര്‍ത്ത് കറങ്ങി ഏകദിന മത്സരങ്ങള്‍ക്കായി വിശ്രമമില്ലാതെ യാത്ര ചെയ്യേണ്ടി വരുന്നത് കളിക്കാരെ തളര്‍ത്തുമായിരുന്നുവെന്നാണ് കമ്മിന്‍സ് പറയുന്നത്. കൡക്കാര്‍ക്ക് വിശ്രമം അനുവദിച്ചതില്‍ ചിലര്‍ക്ക് വിയോജിപ്പുണ്ടാകാം. അതിന്റെ ഗുണം പിന്നീടുണ്ടാകും. ശ്രീലങ്കയില്‍ കളിച്ച അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടെ ആവശ്യമായ മത്സര പരിചയം കിട്ടിയിരുന്നു. അതിനാല്‍ കളിക്കാര്‍ക്ക് വിശ്രമം അനുവദിച്ചതില്‍ തെറ്റില്ലെന്നും അത് ആവശ്യമായിരുന്നുവെന്നുമാണ് കമ്മിന്‍സിന്റെ വാദം.
ഓസ്ട്രേലിയ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. നിലവിലെ ഗ്രാഫ് വച്ച് ദുര്‍ബലമായൊരു എതിരാളിയാണ് അവര്‍ക്ക് കാത്തിരിക്കുന്നത്. ഒരു കാര്യം കമ്മിന്‍സിനും കൂട്ടര്‍ക്കും വ്യക്തമായി അറിയാം, ഇപ്പോള്‍ നല്ല അവസരമാണ്, ഇത് പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ പിന്നെയത് അത്ര എളുപ്പമാകില്ല. Border-Gavaskar test series Australia’s chances against India
Content Summary; Border-Gavaskar test series Australia’s chances against India