തന്തക്ക് പിറന്നവനാടാ എന്ന് മലയാള സിനിമയിലെ പുരുഷന്മാര്‍ ആണയിട്ട് ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന കാലത്ത് ബിഗ് ബി-യുമായി എത്തിയ അമല്‍ നീരദ് ഒരു അഭിമുഖത്തില്‍ പറഞ്ഞു: ”തന്തക്ക് പിറന്നവര്‍ക്കിടയില്‍ തള്ളക്ക് പിറന്ന നാലാണുങ്ങളുമായി വന്നതാണ് ഞാന്‍”- എന്ന്. അതൊരു മാറ്റമായിരുന്നു. ജനപ്രിയ മലയാള സിനിമകളുടെ ഉള്ളടക്കവും ആഖ്യാനവും ദൃശ്യഭാഷയും ഒറ്റയടിക്ക് മാറി. അമല്‍ നീരദ് സിനിമകളിലെ അസാധ്യമായ അകമ്പടി സംഗീതത്തിനൊപ്പം കോട്ടിട്ട്, തോക്ക് പിടിച്ച്, സ്ലോ മോഷനില്‍ നടക്കാന്‍ താരങ്ങള്‍ നിരന്ന് നിന്നു. പ്രതികാരം ചെയ്യുന്ന, പൊരുതി നേടുന്ന ആണുങ്ങളുടെ കാലങ്ങള്‍ക്ക് ശേഷം ‘ബൊഗൈന്‍വില്ല’യില്‍ ഒന്ന് കൂടി പ്ലോട്ട് ട്വിസ്റ്റ് ചെയ്യുകയാണ് അമല്‍ നീരദ്. മറ്റൊരു ട്രെന്‍ഡ് സെറ്റര്‍.
ഒരു ഹൈറേഞ്ച് റോഡില്‍ കിഷോര്‍ കുമാറിന്റെ ‘നിലേ നിലേ അംബര്‍ പര്‍’ എന്ന സുന്ദര ഗാനം കേട്ടുകൊണ്ട് ഡ്രൈവ് ചെയ്ത് പോകുന്ന ഒരു സുമുഖനായ യുവാവും അയാളുടെ തോളില്‍ കിടന്ന് മയങ്ങുന്ന സുന്ദരിയായ യുവതിയും സഞ്ചരിക്കുന്ന ഒരു കാര്‍ കാണുമ്പോഴേ ഒരു അമല്‍ നീരദ് സിനിമയുടെ ഫ്രെയ്മിലേയ്ക്കും ഫീലിലേയ്ക്കും പ്രേക്ഷകര്‍ പ്രവേശിക്കുന്നു. ആ കാര്‍ വലിയൊരു അപകടത്തില്‍ പെടുമ്പോഴാണ് കഥ ആരംഭിക്കുന്നത്. എട്ട് വര്‍ഷത്തിന് ശേഷം കുട്ടിക്കാനത്തെ ഒരു ചെറിയ ബംഗ്ലാവില്‍ നിന്ന് കുഞ്ഞുങ്ങളെ സ്‌കൂള്‍ ബസില്‍ കയറ്റി വിടാന്‍ വരുന്ന റീതുവിനെ കാണുമ്പോള്‍ ആ ആക്സിഡന്റിന് ശേഷം അവര്‍ ആകെ മാറി എന്ന് നമുക്ക് മനസിലാകും. ക്രോപ് ചെയ്ത മുടി പകുതിയും നരച്ചിരിക്കുന്നു. വലിയ കണ്ണടകള്‍ക്ക് കീഴെ കണ്ണില്‍ ഓര്‍മ്മയും മറവിയും ഒളിച്ച് കളിക്കുന്നു.
ത്രില്ലര്‍ സിനിമകളെ കുറിച്ച് സ്പോയ്ലറുകള്‍ ഇല്ലാതെ എഴുതുക കഠിനമാണ്. പ്രത്യേകിച്ചും രോഗാതുരമായ ഒരു മനസിന്റെ മറവികള്‍ക്കിടയിലൂടെ സങ്കീര്‍ണമായ ഒരു ക്രിമിനല്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു പ്ലോട്ടില്‍. ഓര്‍മ്മകളാണ് മനുഷ്യര്‍. നഷ്ടപ്പെട്ട ഓര്‍മ്മകള്‍ക്കിടയിലാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തിന്റെ സഞ്ചാരം. റീതു എല്ലാം എഴുതി വച്ചിരിക്കുകയാണ്. താനാരാണ് എന്നും തനിക്കാരുണ്ട് എന്നും ചെയ്യേണ്ടതെന്ത് എന്നും തലേന്ന് എന്ത് നടന്നുവെന്നും എല്ലാം. ഭര്‍ത്താവ് റോയിസിനേയും സഹായിയായ രമയേയും അവളുടെ ഭര്‍ത്താവ് ബിജുവിനേയും മക്കളേയും മാത്രമേ റീതുവിന് ഓര്‍മ്മയുള്ളൂ. മറ്റെല്ലാവരേയും വീണ്ടും വീണ്ടും പുതുതായി പരിചയപ്പെടുകയാണ് റീതു. ഓര്‍മ്മകള്‍ നല്‍കുന്ന സന്തോഷത്തിനും തിരിച്ച് പിടിക്കാന്‍ പറ്റാത്ത മറവിയുടെ നിസഹായതയ്ക്കിടയില്‍ നീതു സഞ്ചരിക്കുന്ന ചിരിയുടേയും കണ്ണീരിന്റേയും ലോകത്തെ ജ്യോതിര്‍മയി മലയാളത്തിലിന്നേവരെ നാം കണ്ടിട്ടില്ലാത്ത മികവോടെയാണ് അവതരിപ്പിക്കുന്നത്.
മൂന്ന് ആണുങ്ങളുണ്ട് സിനിമയില്‍ പ്രധാനമായി. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന റോയിസ് എന്ന ഡോക്ടര്‍, ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന ബിജു എന്ന ഡ്രൈവര്‍, ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഡേവിഡ് കോശി എന്ന പോലീസ് ഉദ്യോഗസ്ഥന്‍. മൂന്ന് പെണ്ണുങ്ങളുമുണ്ട് പ്രധാനമായി. ഓര്‍മ്മ നഷ്ടപ്പെട്ട റീതു, റീതുവിന്റെ സഹായി രമ (സ്രിന്ദ), ക്രിമിനല്‍ സൈക്കോളജിസ്റ്റായ മീര (വീണ നന്ദകുമാര്‍). കുട്ടിക്കാനത്ത് നിന്ന് കാണാതാകുന്ന മൂന്ന് പെണ്‍കുട്ടികളെ ചുറ്റിയാണ് സിനിമയുടെ സഞ്ചാരം. ഒരാള്‍ കുട്ടിക്കാനത്തെ ഒരു കോളേജിലെ വിദ്യാര്‍ത്ഥി. മറ്റ് രണ്ട് പേര്‍ വിനോദസഞ്ചാരികള്‍. ഏതാണ്ട് ഒരേ പ്രായമുള്ള മൂന്ന് പേര്‍. ഈ ത്രയങ്ങള്‍ക്കിടയിലാണ് സിനിമയുടെ സഞ്ചാരം. എന്തായിരിക്കും ഈ പെണ്‍കുട്ടികള്‍ക്ക് സംഭവിച്ചത്? ആ പെണ്‍കുട്ടികളുടെ തിരോധാനവും റീതുവും തമ്മിലുള്ള ബന്ധമെന്താണ്? റീതുവിന്റെ മറവിയുടെ അന്ധകാരത്തില്‍ മറഞ്ഞ മനുഷ്യരും സംഭവങ്ങളുമെന്താണ്? റീതുവിന്റെ ഓര്‍മ്മകള്‍ മുഴുവന്‍ ഉള്ളതാണോ? മനുഷ്യരെ നാമെങ്ങനെ വിശ്വസിക്കും? മറഞ്ഞ് പോയ ഓര്‍മ്മകളെ തിരിച്ചെടുക്കുന്നത് പോലെ ശ്രദ്ധാപൂര്‍വ്വം ഒരുക്കിവച്ചിരിക്കുന്ന ഒരു സ്‌ക്രിപ്റ്റിലൂടെയാണ് തുടര്‍ന്ന് സിനിമ മുന്നോട്ട് പോകുന്നത്. റീതുവിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തങ്ങളുടേത് കൂടിയാണ് എന്ന് തിരിച്ചറിയുന്ന പ്രേക്ഷകരും ഇടയ്ക്ക് ആശയക്കുഴപ്പത്തിലാകും. നാം കണ്ടത് എല്ലാം നിജമല്ല.
തേനിയിലെ ഒരു രാഷ്ട്രീയക്കാരന്റെ മകളാണ് കുട്ടിക്കാനത്തെ കോളേജില്‍ നിന്ന് കാണാതായത് എന്നുള്ളത് കൊണ്ട് തേനി എ.സി.പി ഡേവിഡ് കോശിക്ക് ഉത്തരങ്ങള്‍ കിട്ടിയേ തീരൂ. അയാള്‍ മുന്നിലുള്ള ഏക വഴിയാകട്ടെ തന്റെ നിജമേത് പൊയ്യേത് എന്ന് കുഴങ്ങുന്ന റീതുവും റീതു നിരന്തരം വരയ്ക്കുന്ന ബൊഗൈന്‍ വില്ല പൂക്കളുടെ ചിത്രങ്ങളും മാത്രം. ഇവിടെ നിന്നാണ് ഒരു അന്തരാഷ്ട്ര ക്രൈം ത്രില്ലറിന്റെ തലത്തിലേയ്ക്ക് ഈ ചിത്രം ഉയരുന്നത്. ആനന്ദ് സി.ചന്ദ്രന്റെ ഫ്രൈമുകള്‍ റീതുവിന്റെ ലോകത്തെ നമുക്ക് മുന്നില്‍ സൂക്ഷ്മമായി അനാവരണം ചെയ്യുകയാണ്. ലാജോ ജോസിന്റെ നോവലില്‍ നിന്ന് ലാജോയും അമല്‍ നീരദും ചേര്‍ന്ന് തയ്യാറാക്കിയിട്ടുള്ള സൂക്ഷ്മമായ തിരക്കഥ സുഷിന്‍ ശ്യാമിന്റെ മ്യൂസിക്കിനൊപ്പം പതുക്കെ പതുക്കെ വലിയൊരു പിരിമുറുക്കത്തിലേയ്ക്കും അതിന്റെ ഭാവപൂര്‍ത്തിയിലേയ്ക്കും സഞ്ചരിക്കുന്നു.
റീതുവിന്റെ അനിശ്ചിതത്വവും ആശയക്കുഴപ്പവും ഏറ്റവും കൃത്യമായ അളവില്‍ ആവാഹിച്ച് അവതരിപ്പിക്കുന്ന ജ്യോതിര്‍മയിയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു പതിറ്റാണ്ടിന് ശേഷം അവര്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നത് തന്റെ കരിയറിലെ ഏറ്റവും ഉജ്ജ്വല കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണെന്ന് നിസംശയം പറയാം. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും അമ്പരിപ്പിക്കുന്ന മെയ് വഴക്കത്തിലും സങ്കീര്‍ണമായ ഒരു കഥാപാത്രത്തെ അനായാസമായി അവതരിപ്പിക്കുകയാണ് ജ്യോതിര്‍മയി. ഗേറ്റിന് മുന്നില്‍ മക്കളെ കാത്ത് വഴിക്കണ്ണുമായി നില്‍ക്കുന്നതിനിടയില്‍ എന്തിനാണ് നില്‍ക്കുന്നത് എന്ന് മറന്ന് പോകുന്ന ആ ശൂന്യത മുതല്‍ ഒരോ തവണയും കുളിമുറിയില്‍ നിന്ന് പരിക്ഷീണയായി പുറത്ത് വരുന്നതും തിരിച്ച് വരുന്ന ഓര്‍മ്മകളുടെ പീഡകളില്‍ വലയുന്നതും രാത്രികളില്‍ പന്നിമുക്രയുടെ ഭീതിദമായ ശബ്ദത്തില്‍ ഉണരുന്നതും മുതല്‍ ഒരോ ഫ്രെയ്മിലും ജ്യോതിര്‍മയിയുടെ അസാധ്യമായ അഭിനയത്തികവുണ്ട്.
വളരെയേറെ ആഴങ്ങളുള്ള മറ്റൊരു കഥാപാത്രമാണ് ഡോ.റോയിസ്. ശാന്തനും മിടുക്കനുമായ ഡോക്ടര്‍, സ്നേഹവാനും കരുതലുള്ളവനും ദൈവഭയമുള്ളവനുമായ ഭര്‍ത്താവ് എന്നിങ്ങനെയാണ് നാം റോയിസിനെ കാണുന്നത്. ഒരു സെക്കന്‍ഡിലും നമുക്ക് മുന്നില്‍ ഭാര്യക്ക് വേണ്ടി ജീവിതവും പ്രൊഫഷനും പോലും മാറ്റി വച്ചിട്ടുള്ള കരുതലേറെയുള്ള ഒരു ഭര്‍ത്താവിനെ നമുക്ക് കാണാം. പക്ഷേ നമ്മെ വഞ്ചിച്ച് കൊണ്ട് ആ കണ്ണില്‍ ചില ഇമയനക്കങ്ങളുണ്ടോ? പ്രതാപിയായ നാട്ടുപ്രമാണിയായിരുന്ന വല്യപ്പന്റെ ഓര്‍മ്മകളും പൈതൃക പുരുഷ സ്വത്തുക്കളും അയാളില്‍ എത്രത്തോളമുണ്ട്? ആണുങ്ങള്‍ക്ക് പൈതൃകമായി ലഭിക്കുന്നത് എന്താണ്? കുഞ്ചാക്കോ ബോബന്റെ ദീര്‍ഘമായ കരിയറിലെ വലിയ നാഴികക്കല്ലാണ് ഡോ.റോയിസ്. ഡേവിഡ് കോശിയെ ഫഹദ് ഫാസിലും ബിജുവിനെ ഷറഫുദ്ദീനും അയത്നലളിതമായി, സുന്ദരമായി അതരിപ്പിക്കുന്നു. മികച്ച അഭിനേതാക്കള്‍ ചില ലളിതമായ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന സുന്ദരമായ പെര്‍ഫെക്ഷന്‍ നമുക്കിവിടെ കാണാം. സ്രിന്ദയും വീണയും അവരുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ബൊഗൈന്‍വില്ലയ്ക്ക് വേണ്ടി ചെയ്തിരിക്കുന്നത്.
ആണുങ്ങളുടെ വിളയാട്ട് കാണുവാന്‍ തീയേറ്ററിലേയ്ക്ക് പോകുന്ന പ്രേക്ഷകരെ അമല്‍ നീരദ് ഒരു പക്ഷേ നിരാശനാക്കും. ആണുങ്ങളുടെ വയറിളക്കം പോലുള്ള ഡയലോഗുകളില്‍ പുളകം കൊണ്ടിരുന്ന പ്രേക്ഷകരെ നിരാശനാക്കിയാണ് ബിഗ് ബി എത്തിയത്. അന്ന് നിരാശരായ ആണുങ്ങളുടെ പിന്‍തലമുറയാണ് കള്‍ട്ട് എന്ന് അടിവരയിട്ട് ബിഗ് ബി പിന്നീടുള്ള കാലം മുഴുവന്‍ ആഘോഷിക്കുന്നത്. അതിന്റെ തുടര്‍ച്ചയ്ക്കായി കാത്തിരിക്കുന്നത്. പെണ്ണുങ്ങളെ രക്ഷിക്കാന്‍ തോക്കും വെടിയും കല്ലും കവണയുമായി തൂണില്‍ നിന്നും തുരുമ്പില്‍ നിന്നും പ്രത്യക്ഷപ്പെടുന്ന ആണുങ്ങളുടെ കാലം കഴിഞ്ഞു. ഒറ്റയിടിക്കില്ലാതാകുന്നവരും കാര്യം പിടികിട്ടാതലയുന്നവരും പൊയ്മുഖത്തില്‍ അഭിനയിച്ചവരുമൊക്കെയാണ് ഹീറോകള്‍. പെണ്ണുങ്ങള്‍ അവരുടെ ജീവിതം സ്വയം പൊരുതി നേടുന്നവരും.
തീയേറ്റര്‍ വിട്ടിറങ്ങിയാലും വേട്ടയാടുന്ന കാഴചകളുണ്ടിതില്‍. ബൊഗൈന്‍വില്ലകളിലെ പൂക്കള്‍ക്കെല്ലാം ചോരയുടെ ചുവപ്പാണെന്ന് നാം അറിയുന്നു. മറവിയില്‍ നിന്ന് നാം തിരിച്ച് പിടിക്കുന്നത് പുതിയൊരു ലോകത്തെയാണ്. മുക്കിക്കൊല്ലാന്‍ ശ്രമിച്ച ഓര്‍മ്മകളൊക്കെ വെളിച്ചം പോലെ തിരിച്ചെത്തുമ്പോള്‍ പുതുയൊരു ദിവസം തുടങ്ങുന്നു. ബെഗൈന്‍വില്ല ഒരു പക്ഷേ അമല്‍ നീരദിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച സിനിമയായിരിക്കും. മലയാളത്തിലെ ഏറ്റവും മികച്ച ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങളിലൊന്നായി ജ്യോതിര്‍മയിയുടെ റീതുവിനെ കാലം അടയാളപ്പെടുത്തും.
അമല്‍നീരദിന്, ജ്യോതിര്‍മയിക്ക്, കുഞ്ചാക്കോബോബന്, ലാജോ ജോസിന്, സുഷിന്‍ ശ്യാമിന്, ആനന്ദ് സി ചന്ദ്രന്, വിവേക് ഹര്‍ഷന്, സ്രിന്ദയ്ക്ക്, വീണയ്ക്ക്, ഫഹദിന്, ഷറഫിന്…സ്തുതി. Bougainvillea amal neerad directed malayalam movie, jyothirmayi
Content Summary; Bougainvillea amal neerad directed malayalam movie, jyothirmayi