ലോകമെമ്പാടുമുള്ള ആളുകളിൽ 50 വയസിൽ താഴെയുള്ളവര്‍ക്ക് കുടൽ കാൻസർ കൂടുന്നുവെന്ന് പഠനങ്ങൾ പറയുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇംഗ്ലണ്ടിൽ കുടൽ കാൻസർ രോഗികളുടെ എണ്ണം കൂടുതലാണെന്നാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
സാധാരണയിൽ നിന്ന് വ്യത്യസ്തമായി യുവാക്കളിൽ വളരെ നേരത്തെ തന്നെ കുടലിലെ കാൻസർ ശ്രദ്ധയിൽപ്പെടുന്നത് ആദ്യമായാണെന്ന് ഡോക്ടർമാർ പറയുന്നു. യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങി ലോകത്തിന്റെ പലഭാഗങ്ങളിലും പിടിമുറുക്കുകയാണ് യുവാക്കളിലെ കുടൽ കാൻസർ.
പരിശോധന നടത്തിയ 50 രാജ്യങ്ങളിൽ 27 രാജ്യങ്ങളിലും രോഗികളുടെ നിരക്ക് വർധിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. ന്യൂസിലൻഡ്(4%), ചിലി(4%), ഇംഗ്ലണ്ട്(3.6%), പോർട്ടോ റിക്കോ(3.8%) എന്നിവിടങ്ങളിലാണ് ഈ വർഷം ഏറ്റവും കൂടുതൽ രോഗം നിർണയിക്കപ്പെട്ടത്.
രോഗ വർധനവിന് പിന്നിലെ കാരണങ്ങൾ തിരയുന്നതിന്റെ പ്രാരംഭഘട്ടത്തിലാണ് വിദഗ്ധർ. ജങ്ക് ഫുഡിന്റെ ഉപയോഗം, വ്യായാമത്തിന്റെ കുറവ്, പൊണ്ണത്തടി, പകർച്ചവ്യാധികൾ എന്നീ ഘടകങ്ങളും അസുഖത്തിന് കാരണമാകുന്നുവെന്ന് ലാൻസെറ്റ് ഓങ്കോളജി പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ചെറുപ്രായത്തിൽ തന്നെ ഉണ്ടാകുന്ന കുടലിലെ കാൻസറിന്റെ വർധനവ് ലോകത്തിന്റെ പലഭാഗങ്ങളിലും അടയാളപ്പെടുത്തിയിരിക്കുകയാണ്. മുൻ കാലങ്ങളിൽ നടത്തിയ പഠനങ്ങൾ പ്രകാരം സാമ്പത്തികമായി ഉയർന്ന നിലയിലുള്ള രാജ്യങ്ങളിലായിരുന്നു കുടൽ കാൻസർ കൂടുതലായും കാണപ്പെട്ടിരുന്നത്, എന്നാൽ പുതിയ പഠനങ്ങൾ പറയുന്നത് എല്ലാ സമ്പത്ത് വ്യവസ്ഥയിലുള്ള രാജ്യങ്ങളിലും അസുഖം രേഖപ്പെടുത്തുന്നുവെന്നാണ്. അമേരിക്കൻ കാൻസർ സൊസൈറ്റിയിലെ പ്രിൻസിപ്പൽ ശാസ്ത്രജ്ഞനും, കുടൽ കാൻസറിനെ കുറിച്ചുള്ള പഠനത്തിന്റെ മുഖ്യ രചയിതാവുമായ ഹ്യൂന സുങ് വ്യക്തമാക്കി.
2017 വരെയുള്ള കാലഘട്ടത്തിൽ നടത്തിയ പഠനത്തിൽ 50 രാജ്യങ്ങളിൽ 27 രാജ്യങ്ങളിലും 25 വയസിനും 49 വയസിനുമിടയിലുള്ള ആളുകളിൽ കുടൽ കാൻസർ നിരക്ക് ഉയരുന്നതായി കണ്ടെത്തിയിരുന്നു, അവസാനമായി ഈ വിഷയത്തിൽ നടത്തിയ പഠനമായിരുന്നു അത്.
ഇംഗ്ലണ്ട്, നോർവേ, ഓസ്‌ട്രേലിയ, ടർക്കി, കോസ്റ്റാറിക്ക, സ്‌കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ യുവതികളിൽ പുരുഷൻമാരെ അപേക്ഷിച്ച് ചെറുപ്പകാലത്ത് ഉണ്ടാകുന്ന കുടൽ കാൻസർ നിരക്ക് വേഗത്തിൽ വർദ്ധിക്കുന്നതായി ഗവേഷകർ കണ്ടെത്തി.
2022ൽ ലോകമെമ്പാടുമുള്ള 19 ലക്ഷം ആളുകൾക്ക് പുതുതായി കാൻസർ രോഗമുണ്ടാകുകയും, 9,04,000 ആളുകൾ കാൻസർ മൂലം മരണപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ആളുകളുടെ മരണത്തിന് കാരണമാകുന്ന കാൻസറുകളിൽ മൂന്നാമതാണ് കുടൽ കാൻസർ.
ഈ മുൻനിര പഠനങ്ങൾ പ്രകാരം കുടൽ കാൻസർ ബാധിക്കുന്ന 25 മുതൽ 49 വയസ് വരെയുള്ള ആളുകളുടെ നിരക്ക് വളരെ വലുതാണ്, ഇതൊരു ആഗോള പ്രശ്‌നമാണ്. കാൻസർ റിസർച്ച് യുകെയുടെ ചീഫ് എക്‌സിക്യൂട്ടീവ് മിഷേൽ മിച്ചൽ വ്യക്തമാക്കി.
ചെറുപ്പക്കാർക്കിടയിൽ വർധിച്ചു വരുന്ന കുടൽ കാൻസറിന്റെ ഭയാനകമായ വർധനവ് ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. ഇംഗ്ലണ്ടിൽ വർധിച്ചു വരുന്ന രോഗികളുടെ നിരക്കിന് പിന്നിലുള്ള കാരണങ്ങൾ വ്യക്തമല്ല, ഇതിനെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതിന്റെ ആവിശ്യകത വളരെ വലുതാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
മലാശയത്തിലെ രക്തസ്രാവം, വയറുവേദന, അകാരണമായി ഭാരം കുറയുക എന്നിവയാണ് കുടൽ കാൻസറിന്റെ പ്രഥമ, പ്രധാന ലക്ഷണങ്ങൾ. അവബോധം വളർത്തുന്നതിലൂടെയും വേഗത്തിലുള്ള രോഗനിർണയത്തിലൂടെയും മറ്റും മരണനിരക്ക് കുറയ്ക്കാൻ നമുക്ക് സാധിക്കുന്നു.
content summary; Bowel cancer rising among under-50s worldwide, research finds