കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ സി.ഐ.എയ്‌ക്കൊപ്പം ബ്രിട്ടീഷ് ഏജൻസികളുമുണ്ടായിരുന്നുവെന്ന് പുതിയ തെളിവ്

കോൺഗ്രസ് സർക്കാരുമായി ഗൂഢാലോചന നടത്തി

ഇക്കഴിഞ്ഞ ജൂണിൽ ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35ബി യുദ്ധവിമാനം അപ്രതീക്ഷിതമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്തിയതും ഒരു മാസത്തിലധികം കേരളത്തിൽ കുടുങ്ങിക്കിടന്നതും വലിയ ചർച്ചയായിരുന്നു. ബ്രിട്ടീഷ് വിമാനക്കമ്പനിയായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിന്റെ ജെറ്റ് വളരെ പെട്ടെന്നാണ് മാധ്യമ ശ്രദ്ധ നേടിയത്. വിഷയത്തിൽ കൃത്യമായ വിശദീകരണം നടത്താൻ ബ്രിട്ടീഷ് ഹൈക്കമ്മീഷനും ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും തയ്യാറായിരുന്നില്ല. കേരളത്തിൽ ഒരു ബ്രിട്ടീഷ് സാന്നിധ്യം മറച്ചുവെക്കാൻ ഇന്ത്യയും ബ്രിട്ടനും ഒരുമിച്ച് രഹസ്യമായി പ്രവർത്തിക്കുന്നത് ഇതാദ്യമല്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ഇതിന് മുൻപും ബ്രിട്ടൻ്റെ ഇടപെടൽ ഇന്ത്യയിലുണ്ടായിട്ടുണെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

1957 ലാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ അധികാരത്തിൽ വരുന്നത്. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ കമ്മ്യൂണിസ്റ്റ് സർക്കാർ നിലവിൽ വന്ന വർഷം. ഇത് അമേരിക്കയെയും ബ്രിട്ടനെയും അസ്വസ്ഥരാക്കി. സായുധ കലാപത്തിലൂടെയല്ല മറിച്ച് തിരഞ്ഞെടുപ്പുലൂടെയാണ് കമ്മ്യൂണിസ്റ്റുകൾ അധികാരത്തിലെത്തിയതെന്ന യാഥാർത്ഥ്യം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഉറക്കം കെടുത്തി. കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ നേടിയ വിജയം നിലനിർത്താൻ അനുവദിക്കരുതെന്ന് അവർ തീരുമാനിച്ചു.

സിപിഐയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കേരളത്തിലെ കോൺഗ്രസിനോ കേന്ദ്ര സർക്കാരിനോ ഒരു പദ്ധതിയില്ലെന്ന് മനസിലാക്കിയ അമേരിക്കൻ പ്രസിഡന്റ് ഐസൻഹോവർ സിഐഎയോട് ഒരു രഹസ്യ ഓപ്പറേഷൻ നടത്താൻ ഉത്തരവിട്ടു. ഇന്ത്യയിലെ കോൺഗ്രസ് സർക്കാരിന്റെ പിന്തുണയോടെ സിഐഎ സിപിഐയുടെ ഭരണത്തെ ദുർബലപ്പെടുത്താൻ രഹസ്യമായി പ്രവർത്തിച്ചതായി ഇത് തെളിയിക്കുന്നു.

1957 നും 1959 നുമിടയിൽ കേരളത്തിൽ വ്യാവസായിക അസ്വസ്ഥതകളും രാഷ്ട്രീയ കോളിളക്കങ്ങളും സൃഷ്ടിക്കാൻ സിഐഎ കോൺഗ്രസ് നേതാക്കളുടെ സഹോയത്തോടെ പണം കൈമാറിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള എസ് കെ പാട്ടീൽ ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധ തൊഴിലാളി നേതാക്കളെയും ഇതിനായി ഉപയോ​ഗിച്ചു.

1959 ജൂലൈയിൽ അക്രമങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ഇന്ത്യൻ പ്രസിഡന്റ് സിപിഐ സർക്കാരിനെ പിരിച്ചുവിട്ടു. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർക്ക് സോവിയറ്റുകൾ രഹസ്യമായി പണം നൽകിയെന്ന ആരോപണവുമുയർന്നു. കമ്മ്യൂണിസ്റ്റുകൾക്ക് ധനസഹായം നൽകിയതിന് എംബസിയുടെ കൈവശം തെളിവുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് യുഎസ് അംബാസഡർ എൽസ്വർത്ത് ബങ്കർ ആരോപണത്തെ ന്യായീകരിക്കുകയും ചെയ്തു. തുടർന്ന് സിഐഎയുടെ നടപടികളെക്കുറിച്ചുള്ള വിശദീകരണവും നൽകി.

എന്നാൽ ഇന്ത്യയിലെ സിഐഎ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ സംശയമുണ്ടായിരുന്നു. 1957 ഏപ്രിലിൽ, ഇന്റലിജൻസ് ബ്യൂറോ മേധാവി ബിഎൻ മുള്ളിക് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ഒരു റിപ്പോർട്ട് സമർപ്പിച്ചു. കേരളം ഭരിക്കുന്നതിനുള്ള മാർഗനിർദേശത്തിനായി ഉന്നത സിപിഐ നേതാക്കൾ മോസ്കോ സന്ദർശിക്കാൻ പദ്ധതിയിട്ടുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു ആ റിപ്പോർട്ട്. വിദേശ ഇടപെടലിനെക്കുറിച്ച് ആശങ്കാകുലനായ നെഹ്‌റു സോവിയറ്റ് അംബാസഡർ മിഖായേൽ മെൻഷിക്കോവിനെ വിളിച്ചുവരുത്തി കേരളത്തിന്റെ കാര്യങ്ങളിൽ ഇടപെടരുതെന്ന് മുന്നറിയിപ്പ് നൽകി.

കേരളം കമ്മ്യൂണിസം വൻ ശക്തിയായി വളരുമെന്നും കോൺഗ്രസ് പാർട്ടിക്കെതിരെ നിൽക്കുമെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷണർ മാൽക്കം മക്ഡൊണാൾഡ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പ്രധാനമന്ത്രി ഹരോൾഡ് മാക്മില്ലന്റെ കീഴിലുള്ള ബ്രിട്ടീഷ് സർക്കാർ സിഐഎയ്‌ക്കൊപ്പം സ്വന്തം രഹസ്യ ഓപ്പറേഷൻ ആരംഭിച്ചു. പുതുതായി പുറത്തിറങ്ങിയ യുകെ നാഷണൽ ആർക്കൈവ്‌സ് രേഖകൾ കാണിക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാക്കളെയും ട്രേഡ് യൂണിയൻ പ്രവർത്തകരെയും ബ്രിട്ടനിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയിൽ എംഐ6, എംഐ5, ഇന്ത്യയുടെ ഇന്റലിജൻസ് ബ്യൂറോ എന്നിവ ഒരുമിച്ച് പ്രവർത്തിച്ചു എന്നാണ്. അവിടെ അവർക്ക് കമ്മ്യൂണിസത്തിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും കമ്മ്യൂണിസ്റ്റ് സ്വാധീനത്തെ ചെറുക്കുന്നതിനുള്ള രഹസ്യ തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും യൂണിയൻ തന്ത്രങ്ങളിലും പരിശീലനം നൽകുകയും ചെയ്തുവെന്നും രേഖകൾ സൂചിപ്പിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

1958 ൽ ഇന്റലിജൻസ് ബ്യൂറോ മേധാവി ബി.എൻ. മുള്ളിക് പദ്ധതിക്ക് അംഗീകാരം നൽകി. എന്നാൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി നെഹ്രുവിന്റെ പിന്തുണ ലഭിക്കുന്നത് കൂടുതൽ തന്ത്രപരമായിരുന്നു. അദ്ദേഹത്തെ നേരിട്ട് സമീപിക്കുന്നതിനുപകരം, ബ്രിട്ടീഷുകാർ കോമൺ‌വെൽത്ത് സെക്രട്ടറി ലോർഡ് ഹോമിനെ ഇന്ത്യയിലേക്ക് രഹസ്യ ദൗത്യത്തിനായി അയച്ചു. ആഭ്യന്തര മന്ത്രി ഗോവിന്ദ് ബല്ലഭ് പന്ത്, ധനകാര്യ മന്ത്രി മൊറാർജി ദേശായി, നെഹ്‌റു എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

പന്തും ദേശായിയും പദ്ധതിയെ ശക്തമായി പിന്തുണച്ചു. എന്നാൽ പദ്ധതിയിൽ നെഹ്‌റുവിന് അത്ര താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ ചില സന്ദർഭങ്ങളിൽ യുകെ ഇന്റലിജൻസ് സഹായം ഉപയോഗപ്രദമാകുമെന്ന് നെഹ്‌റു സമ്മതിച്ചു. ബ്രിട്ടന്റെ കാബിനറ്റ് സെക്രട്ടറി സർ നോർമൻ ബ്രൂക്ക് ദൗത്യത്തെ ഒരു വിജയമായി വിശേഷിപ്പിക്കുകയും ചെയ്തു.

ബ്രിട്ടന്റെ ഇടപെടലിനുശേഷം ആഭ്യന്തരമന്ത്രി ഗോവിന്ദ് വല്ലഭ് പന്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഇന്റലിജൻസ് പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ചതായി ബിഎൻ മുള്ളിക് പിന്നീട് എംഐ5 മേധാവി റോജർ ഹോളിസിനെ അറിയിച്ചു. ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസിലേക്ക് നുഴഞ്ഞുകയറാൻ പന്ത് സുരക്ഷാ ഏജന്റുമാരെ അധികാരപ്പെടുത്തി. ഇതിനെത്തുടർന്ന്, എംഐ5 മേൽനോട്ടത്തിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രബോധനത്തിനും പ്രവർത്തന പരിശീലനത്തിനുമായി ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ സംഘാടകരെയും ലണ്ടനിലേക്ക് കൊണ്ടുപോകാൻ മുള്ളിക്കും ഹോളിസും ഏർപ്പാട് ചെയ്തു. തുടർന്ന് ഇവരെ അവരുടെ പുതിയ കഴിവുകൾ ഉപയോഗിക്കുന്നതിനായി ദക്ഷിണേന്ത്യയിലേക്ക് തിരിച്ചയച്ചു.

നിർണായകമായ ഒരു രാഷ്ട്രീയ കാലഘട്ടത്തിൽ ഇന്ത്യയിൽ ബ്രിട്ടീഷ് സർക്കാർ എത്രത്തോളം രഹസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് അടുത്തിടെ കണ്ടെത്തിയ ബ്രിട്ടീഷ് രേഖകൾ വെളിപ്പെടുത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു. ശീതയുദ്ധകാലത്ത് ഇന്ത്യയുമായുള്ള പാശ്ചാത്യ രഹസ്യാന്വേഷണ ബന്ധങ്ങളെക്കുറിച്ചും അവ എടുത്തുകാണിക്കുന്നു.

Content Summary: Britain and the CIA conspired with the Centre against Kerala’s Communist government; new evidence emerges

This post was last modified on August 14, 2025 12:15 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment