”അനുയായികളില്‍ നിന്ന് പരമമായ ത്യാഗം ആവശ്യപ്പെടുന്നതാണ്
കമ്യൂണിസത്തിന്റെ ആകര്‍ഷകത്വം”
റിച്ചാര്‍ഡ് ക്രോസ്മാന്‍
ആ ഏപ്രില്‍ അവര്‍ക്ക് ക്രൂരമായിരുന്നു.
ടി.എസ്. എലിയറ്റിന്റെ വിഖ്യാത കവിതയായ വേസ്റ്റ് ലാന്‍ഡിലെ ‘ഏപ്രില്‍ മാസം ക്രൂരമാണ് എന്ന വരികള്‍ ‘ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അറുപത്തൊന്ന് വര്‍ഷം മുന്‍പ് അക്ഷരാര്‍ത്ഥത്തില്‍ ശരിക്കും ക്രൂരമായി. ഇന്ത്യയിലെ ഓരോ കമ്യൂണിസ്റ്റുകാരനേയും പുരോഗമനാശയക്കാരേയും മതേതരവാദികളെയും വേദനിപ്പിച്ച ഏപ്രില്‍ ദിനമായിരുന്നു അത്. 1964 ഏപ്രില്‍ 11 ന്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നു.
1925 ല്‍ കാണ്‍പൂരില്‍ സ്ഥാപിച്ച ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 1939 ല്‍ കേരളത്തില്‍ പിണറായിയില്‍ വെച്ചാണ് രൂപംകൊണ്ടത്. സമരങ്ങളും ബഹുജനപ്രക്ഷോഭങ്ങളും, പാര്‍ട്ടി നിരോധനവും, കയ്യൂര്‍ പോലുള്ള സമരങ്ങളിലെ രക്തസാക്ഷിത്വവും പുന്നപ്ര വയലാര്‍ പോലുള്ള സായുധ സമരങ്ങളും നടത്തി തീക്ഷ്ണമായ കാലത്തിലൂടെ കടന്നുപോയ പാര്‍ട്ടി ഒടുവില്‍ സ്വതന്ത്ര ഇന്ത്യയില്‍ 1957 ല്‍ ലോകത്ത് ആദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരമേല്‍ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയായി… ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പില്‍ 16 സീറ്റ് നേടി പ്രധാന പ്രതിപക്ഷ കക്ഷിയുമായിരുന്നു.
1964 ലെ പിളർപ്പിന് ശേഷം, സി.പി. എം. ആദ്യ പോളിറ്റ് ബ്യൂറോ
1962 ഒക്ടോബറില്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ അധിനിവേശം നടത്തി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആശയക്കുഴപ്പത്തിലായി. ചൈനയുടെ ആക്രമണത്തെ പാര്‍ട്ടിയിലെ പ്രമുഖന്‍ ഇസഡ് എ. അഹമ്മദ് പരസ്യമായി വിമര്‍ശിച്ചു. എന്നാല്‍ അഹമ്മദ് ബൂര്‍ഷ്വാ ദേശീയ വാദിയാണെന്ന് ജോതി ബസു വിമര്‍ശിച്ചു.
അതോടെ പാര്‍ട്ടിയില്‍ നേരത്തെ ഉണ്ടായിരുന്ന വിഭാഗീയത മറനീക്കി പുറത്ത് വന്നു. സി.പി.ഐ. ജനറല്‍ സെക്രട്ടറി അജോയ് ഘോഷും ആക്രമണത്തെ പരസ്യമായി വിമര്‍ശിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ എസ്.എ ഡാങ്കേ, എം.എന്‍ ഗോവിന്ദന്‍ നായര്‍, യോഗീന്ദ്രശര്‍മ്മ എന്നിവരടങ്ങുന്ന ഭൂരിപക്ഷം പേര്‍ ചൈനയെ എതിര്‍ത്തു.
ജനറല്‍ സെക്രട്ടറിയായ ഇ.എം.എസ് മധ്യനയത്തിലായിരുന്നു. പിന്നീട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘നാം നമ്മുടെതെന്നും അവര്‍ അവരുടെതെന്നും പറയുന്ന’ ഇ. എം. എസിന്റെ വാചകങ്ങള്‍ അപ്പോഴാണ് ആദ്യം കേട്ടത്. ഇത് വളരെ വിവാദമുണ്ടാക്കിയ വാചകമായി ഇ. എം. എസിനെതിരെ വിമര്‍ശകര്‍ ഉപയോഗിച്ചു.
അക്കാലത്ത് തന്നെ ഡല്‍ഹിയില്‍ ഇ.എം. എസ് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ വെച്ച് എസ്.എ ഡാങ്കേ പരസ്യമായി ഇ.എം.എസിനോട് ‘അധിനിവേശ പ്രദേശത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണെന്ന് ?’ പരിഹാസത്തോടെ ചോദിച്ചതായി കമ്യൂണിസ്റ്റ് ചിന്തകനും മാര്‍ക്‌സിയന്‍ ബുദ്ധിജീവിയുമായ മോഹിത് സെന്‍ന്റെ ആത്മകഥയായ ‘A Traveller and The Road – The Journey of An Indian Communist’ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ഇതേക്കുറിച്ച് കേരളത്തില്‍ നിന്നുള്ള അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യസഭ എം.പി യും മാതൃഭൂമി മുന്‍ എഡിറ്ററുമായ പി. നാരായണന്‍ നായരുടെ ആത്മകഥയായ ‘അരനൂറ്റാണ്ടിലൂടെ’യില്‍ പറയുന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്.
നാരായണന്‍ നായര്‍ ഇങ്ങനെ പറയുന്നു:
“മക്‌മോഹന്‍ രേഖ ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയായി പാര്‍ട്ടി അംഗീകരിച്ചിട്ടുള്ളതാണ് എന്ന് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ 1963 ജനുവരിയില്‍ ലോകത്തിലെ എല്ലാ സഹോദര പാര്‍ട്ടികളേയും എഴുതിയറിയിച്ച നമ്പൂതിരിപ്പാട് പിന്നീട് മക്-മോഹന്‍ രേഖക്ക് തെക്കുള്ള പ്രദേശത്തെ ഇന്ത്യ ഇന്തയുടെതായും ചൈന ചൈനയുടേതായും അവകാശപ്പെടുന്ന പ്രദേശം എന്ന് വിശേഷിപ്പിച്ചത് ഞങ്ങളില്‍ പലരേയും അന്ന് സ്തബ്ദരാക്കി”
സി.പി.ഐയിലെ അഭിപ്രായ വ്യത്യാസം രൂക്ഷമായെന്നും പാര്‍ട്ടിയില്‍ ഇരുചേരി രൂപാന്തരപ്പെട്ടിരിക്കുകയാണെന്ന വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടി. അതോടെ ഉള്‍പാര്‍ട്ടി കാര്യങ്ങള്‍ പത്രങ്ങളില്‍ വരാന്‍ തുടങ്ങി. ഡല്‍ഹിയില്‍ നിന്ന് പുറത്തുവരുന്ന ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് വാര്‍ത്താ വാരികയായ ‘ലിങ്ക്’ ന്റെ എഡിറ്റര്‍ എടത്തട്ട നാരായണന്‍ പാര്‍ട്ടിയിലെ ഉന്നതരുമായി പ്രത്യേകിച്ച് എസ്.എ. ഡാങ്കേയുമായി വളരെ അടുപ്പം പുലര്‍ത്തിയതിനാല്‍ പല രഹസ്യ സ്വഭാവമുള്ള പാര്‍ട്ടി വാര്‍ത്തകളും ലിങ്കില്‍ വന്നത് പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായി. അവയൊക്കെ സത്യമായതിനാല്‍ നിഷേധിക്കാനും കഴിഞ്ഞില്ല. ഒടുവില്‍ ലിങ്കുമായി യാതൊരു സഹകരണവും പാടില്ലെന്ന് കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മറ്റി പ്രമേയം പാസ്സാക്കി. ലിങ്കില്‍ വന്ന ഈ വാര്‍ത്തയൊക്കെ സത്യമായെന്ന് പിന്നീട് ലോകമറിഞ്ഞു.
എസ്.എ ഡാങ്കേ ചൈനീസ് ആക്രമണത്തെ അപലപിക്കുകയും പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ചൈനാ ചാരന്മാരായി പാര്‍ട്ടിയിലെ ഇടതു ചേരിക്കാരെ മുദ്രകുത്തപ്പെട്ടു. ചൈനയെ അധിനിവേശ പ്രദേശത്ത് നിന്ന് തുരത്തി ഇന്ത്യയുടെ സ്ഥലം സംരക്ഷിക്കണമെന്നൊരു പ്രമേയം എസ്.എ ഡാങ്കേ കൊണ്ടുവന്നു. എന്നാല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ അക്രമത്തിന് പകരം സമാധാന ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും യുദ്ധത്തിന് പകരം യുദ്ധമല്ല എന്ന രീതിയില്‍ ഭേദഗതി നിര്‍ദ്ദേശം വന്നു. എന്നാല്‍ ഡാങ്കേ പക്ഷക്കാര്‍ അത് അംഗീകരിച്ചില്ല.
അതിനിടയില്‍ ഡാങ്കേ ആഭ്യന്തര മന്ത്രിയായ ഗുല്‍സാരി ലാല്‍ നന്ദയെ നേരിട്ട് ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ചൈന പക്ഷക്കാരുടെ പേരുകള്‍ നല്‍കി. ഇവര്‍ രാജ്യത്തിന്റെ സുരക്ഷക്ക് എതിരാണെന്നും ഡാങ്കേ നന്ദയെ ധരിപ്പിച്ചു. അതോടെ പാര്‍ട്ടിയിലെ ചൈനീസ് അനുകൂലികള്‍ രാജ്യരക്ഷാ നിയമമനുസരിച്ച് അകത്തായി.
ഇ.എം.എസിനെ അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലിലിട്ടെങ്കിലും ഒരാഴ്ച കഴിഞ്ഞ് വിട്ടയച്ചു. ജ്യോതി ബസു, ബി.ടി. രണദിവെ, പി. സുന്ദരയ്യ എന്നീ പ്രമുഖരേയും അകത്താക്കി. കേരളത്തില്‍ ചൈനീസ് ആക്രമണത്തെ അപലപിച്ച പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന്റെ സി. അച്യുതമേനോനേയും, ഉണ്ണി രാജയേയും വരെ അറസ്റ്റ് ചെയ്തു.
മദ്രാസില്‍ നിന്ന് നൂറിലേറെ സഖാക്കള്‍, പശ്ചിമ ബംഗാളില്‍ നിന്ന് 60, ഗുജറാത്തില്‍ നിന്ന് 35, കേരളത്തില്‍ നിന്ന് 25, പഞ്ചാബില്‍ നിന്ന് 24, ആന്ധ്രയില്‍ നിന്ന് 22, അസമില്‍ നിന്ന് 15, മദ്ധ്യപ്രദേശില്‍ നിന്ന് 11, ഇന്ത്യയൊട്ടുക്ക് 550 പേര്‍ ചൈനാ അനുകൂലികള്‍ എന്ന പേരില്‍ അറസ്റ്റിലായി. റഷ്യന്‍ പക്ഷക്കാരനായ ഡാങ്കേയുടെ ചൈനാ വിരുദ്ധ നയങ്ങളും ചൈനീസ് പക്ഷക്കാരായ നേതാക്കളുടെ അറസ്റ്റും പാര്‍ട്ടി പിളരാന്‍ പോകുകയെന്ന സൂചനകളായിരുന്നു.
അതിനിടയിലാണ് എസ്.എ. ഡാങ്കേ ചതിയനും വര്‍ഗ വഞ്ചകനുമാണെന്ന് ആരോപിച്ച് എതിര്‍പക്ഷം ഒരു ബോംബ് പൊട്ടിച്ചത്. 1942 ലെ കാണ്‍പൂര്‍ ഗൂഢാലോചന കേസില്‍ ശിക്ഷിക്കപ്പെട്ട ഡാങ്കേ മാപ്പ് പറഞ്ഞു കൊണ്ട് ബ്രിട്ടീഷ് ഭരണകൂടത്തിന് കത്തെഴുതി. വിടുതല്‍ ലഭിച്ചാല്‍ ബ്രിട്ടീഷ് പക്ഷം ചേര്‍ന്ന് സഹായിക്കാമെന്നും ആ കത്തിലുണ്ടായിരുന്നു. കൂടാതെ ചൈനീസ് അനുകൂലികളായ പാര്‍ട്ടിക്കാരുടെ ലിസ്റ്റ് ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയത് ഡാങ്കേയുടെ നിര്‍ദേശമനുസരിച്ചാണെന്നും എതിര്‍പക്ഷം ആരോപിച്ചു. പാര്‍ട്ടിയിലെ ചൈനീസ് ലൈന്‍ ശക്തിപ്പെടുകയായിരുന്നു.
ഏപ്രില്‍ 11 ന് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഡാങ്കെയുടെ കത്തുകള്‍ ഒരു കമ്മീഷനെ വെച്ച് പരിശോധിച്ച് സത്യാവസ്ഥ അറിയണമെന്നും ഇടതു ചേരി ആവശ്യപ്പെട്ടു. അന്വേഷണം നടക്കുമ്പോള്‍ ഡാങ്കേ പാര്‍ട്ടി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്നും അവര്‍ യോഗത്തില്‍ ഉന്നയിച്ചു. ഡാങ്കേയുടെ കത്ത് പ്രസിദ്ധീകരിച്ച ‘കറന്റ്’ വാരികയ്‌ക്കെതിരെ പാര്‍ട്ടി തലത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതെല്ലാം ഡാങ്കേ പക്ഷം നിരാകരിച്ചതോടെ വിമത അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. സഖാക്കള്‍ ഇറങ്ങിപ്പോകുന്നതു കണ്ട ഡാങ്കേ പറഞ്ഞു ‘പോകുന്നവര്‍ പോകുക, ആ ശല്യം തീരട്ടെ,’ ഡാങ്കേയുടെ ആ വാക്കുകള്‍ കേട്ട്, രണ്ടു പേരും കൂടി അവരില്‍ ചേര്‍ന്നു. അങ്ങനെ 32 പേര്‍ പുറത്തേക്ക് നടന്നു.
ഇ.എം.എസ്., എ.കെ.ജി., ഇ.കെ. നായനാര്‍, വി.എസ് അച്യുതാനന്ദന്‍, സി.എച്ച് കണാരന്‍, ഇ.കെ. ഇമ്പിച്ചി വാവ, എ.വി. കുഞ്ഞമ്പു എന്നീ ഏഴുപേര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ കേരളത്തില്‍ നിന്നുള്ള പ്രമുഖരും. ‘അഖിലേന്ത്യാ തലത്തില്‍ പ്രശസ്തരായ പി. സുന്ദരയ്യ, ജോതി ബസു, എം.ബസവ പുന്നയ്യ, പി. രാമമൂര്‍ത്തി, ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്ത് മുസഫര്‍ അഹമ്മദ് എന്നിവരും ഈ 32 പേരില്‍ പെടുന്നു. അന്ന് പുറത്ത് പോയവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക അംഗം വി.എസ്. അച്യുതാനന്ദന്‍ മാത്രമാണ്.
വി.എസ് അച്യുതാനന്ദൻ ജീവിച്ചിരിക്കുന്ന ഏക ആദ്യ പോളിറ്റ് ബ്യൂറോ മെമ്പർ
പിന്നീട് ഇന്ത്യന്‍ കമ്മൂണിസ്റ്റ് പാര്‍ട്ടി രണ്ട് പാര്‍ട്ടികളായി അറിയപ്പെട്ടു. റഷ്യന്‍ ചായ്വുമുള്ള സി.പി.ഐ., ചൈനീസ് പക്ഷക്കാരായ സി.പി.ഐ. (എം). അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോയവര്‍ ഒരു വര്‍ഷത്തിന് ശേഷം 1964 നവംബര്‍ 7 ന്, ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവ വാര്‍ഷിക ദിനത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന ഏഴാം കോണ്‍ഗ്രസിന്റെ സമാപന ദിവസം പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു.’ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്) ഒരേ പേര് ഒഴിവാക്കാനും ഔദ്യോഗിക അംഗീകാരത്തിനുമായി ബ്രാക്കറ്റില്‍ മാര്‍ക്‌സിസ്റ്റ് എന്ന് ചേര്‍ക്കുകയായിരുന്നു. കേന്ദ്ര കമ്മറ്റി അംഗങ്ങളായി കേരളത്തില്‍ നിന്ന് 4 പേര്‍. എ.കെ.ജി, ഇ.എം.എസ്, ഇ. കെ. നായനാര്‍, വി.എസ് അച്യുതാനന്ദന്‍. ഇതില്‍ പോളിറ്റ് ബ്യൂറോവില്‍ ഇ.എം.എസും എ.കെ.ജിയും അംഗങ്ങളായി. പി. സുന്ദരയ്യയായിരുന്നു ജനറല്‍ സെകട്ടറി.
തങ്ങളാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ എന്ന അവകാശവാദമായിരുന്നു പിന്നീട് നടന്നത്. ബോംബേയില്‍ നടന്ന ഔദ്യോഗിക പക്ഷത്തിന്റെ സമ്മേളനത്തിന്‍ തങ്ങളാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍ എന്ന് സിപിഐ പ്രഖ്യാപിച്ചു. എന്നാല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സി.പി.എം. (എം) ആണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പ്രഖ്യാപനം നടത്തി അവരെ അംഗീകരിച്ചു. കിഴക്കന്‍ ജര്‍മ്മനി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയായി അംഗീകരിച്ചത് സി.പി.ഐയെ ആയിരുന്നു.
സി.എച്ച് കണാരൻ
1964 ഒക്ടോബറില്‍ പുതിയ പാര്‍ട്ടിയില്‍ 90,000 അംഗങ്ങള്‍ അണികളായിക്കഴിഞ്ഞെന്ന് സി.പി.എം. അവകാശപ്പെട്ടു. ഉടനെ അത് നിഷേധിച്ച് എതിര്‍വാദവുമായി സിപിഐ കണക്കുകളുമായി രംഗത്തെത്തി. ഇരുപത് ലക്ഷം അംഗങ്ങളില്‍ മൂന്നിലൊന്ന് മാത്രമേ പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുള്ളൂ എന്ന് വ്യക്തമാക്കി. അതായത് സിപിഐ(എം) ല്‍ വെറും 66,000 പേര്‍ മാത്രം. തെളിവിനായി അവര്‍ നിയമസഭാ അംഗക്കണക്ക് എടുത്തുകാട്ടി. ആകെയുണ്ടായിരുന്ന 170 നിയമസഭാ പ്രതിനിധികളില്‍ 49 പേര്‍ മാത്രമെ സിപിഎം ലേക്ക് പോയുള്ളൂ. 9 പേര്‍ നിഷ്പക്ഷര്‍. അങ്ങനെ 58 പേര്‍ കഴിഞ്ഞാല്‍ സി.പി.ഐക്ക് 112 അംഗങ്ങള്‍ ഉണ്ട്. അതിനാല്‍ കണക്കില്‍ വലിയ പാര്‍ട്ടി സിപിഐ തന്നെയായി.
പാര്‍ട്ടി രണ്ടായതോടെ ലോകസഭയിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയെന്ന സ്ഥാനം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നഷ്ടപെട്ടു. എകെ.ജിയും അദ്ദേഹത്തിന്റെ കൂടെയുള്ള 11 പേരും ഒരു സ്വതന്ത്രപാര്‍ലമെന്ററി പാര്‍ട്ടിയായി. കേരള സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വരാനിരിക്കെ 1964 സെപ്റ്റംബര്‍ 15 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരെ സ്വതന്ത്ര പാര്‍ട്ടിയായി അംഗീകരിച്ചു.
ഇ. കെ. ഇമ്പിച്ചി വാവ
ഇരുപക്ഷക്കാരും തങ്ങളുടെ ഭാഗത്തേക്ക് അണികളെ കൂട്ടാനുള്ള ശ്രമം എല്ലാ സംസ്ഥാനത്തും ആരംഭിച്ചു. കേരളത്തിലാണ് ഏറ്റവും ശക്തിപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നത്. നാടൊട്ടുക്കും നടന്ന പൊതുയോഗങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ വിശദീകരിച്ചു. സ്വന്തം നിലപാടുകളെ ന്യായീകരിച്ച ഇരുവരും പരസ്പരാരോപണങ്ങള്‍ ഉന്നയിച്ചു. സിപിഐയുടെ നേതാവ് എം.എന്‍. ഗോവിന്ദന്‍ നായരും സി.പി.എം ന്റെ നേതാവ് ഇ.എം.എസും ആയിരുന്നു.
വാക്ക് പോരാട്ടങ്ങള്‍ മുറയ്ക്ക് നടന്നു. ”കമ്യൂണിസത്തെയും വര്‍ഗ്ഗസമരത്തേയും ഒറ്റ് കൊടുക്കുന്നവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്ന്” സി.പി.എം നേതാവ് എ. കെ. ഗോപാലന്‍. ‘ചരിത്രം ആരുടേയും പിതൃസ്വത്തല്ല’ സി.പി.ഐ നേതാവ് എം. എന്‍. ഗോവിന്ദന്‍ നായര്‍.
എ.വി. കുഞ്ഞമ്പു
അതോടെ പിതൃസ്വത്ത് അഥവാ പാര്‍ട്ടി സ്വത്ത് കൈയ്യടക്കലും ആരംഭിച്ചു. പാര്‍ട്ടി ഓഫീസുകളും പ്രസിദ്ധീകരണങ്ങളും രണ്ട് പാര്‍ട്ടിക്കാരും പിടിച്ചെടുക്കാന്‍ ശ്രമം തുടങ്ങി. പ്രധാന ഓഫീസുകളും സ്റ്റേറ്റ് കമ്മറ്റിയോഫീസ്, പ്രഭാത് ബുക്ക് ഹൗസ്, ജനയുഗം തുടങ്ങിയവ സി.പി.ഐക്ക് ലഭിച്ചു. പാര്‍ട്ടിക്ക് കേരളത്തില്‍ ഉണ്ടായിരുന്ന രണ്ട് ദിനപത്രങ്ങള്‍ കൊല്ലത്തെ ജനയുഗവും കോഴിക്കോടെ ദേശാഭിമാനിയുമായിരുന്നു.
1964 മെയ് 23 ന് ആസൂത്രിതമായ ഒരു നീക്കത്തിലൂടെ സിപിഎം ദേശാഭിമാനി പത്രസ്ഥാപനം പിടിച്ചെടുത്തു. വി.ടി. ഇന്ദുചൂഡനായിരുന്നു എഡിറ്റര്‍. രാത്രി രണ്ട് പത്രാധിപ സമിതിയംഗങ്ങളായ ഐ.എസ്. നമ്പൂതിരിയും കെ.ജി. നെടുങ്ങാടിയും എഡിറ്റോറിയല്‍ വിഭാഗം പൂട്ടി പോയതായിരുന്നു. സിപിഎം നേതാവ് എം. കണാരന്റെ നേതൃത്വത്തില്‍ ഓഫീസ് പൂട്ട് പൊളിച്ചു അകത്ത് കയറി. പത്രാധിപ സമിതിയില്‍ ഭൂരിപക്ഷം സിപിഐക്കായിരുന്നെങ്കിലും പ്രസ്സിലെ തൊഴിലാളികള്‍ ഭൂരിഭാഗവും സിപിഎം കാരായിരുന്നു.
എ. കെ. ഗോപാലൻ
മൊഴാറ വീരനായകനും രാഷ്ട്രീയ എതിരാളികളുടെ പേടി സ്വപ്‌നമായ കെ. പി. ആര്‍. ഗോപാലനാണ് ഓപ്പറേഷന്‍ ദേശാഭിമാനിക്ക് നേതൃത്വം നല്‍കിയത്. കോഴിക്കോടെ അഡ്വക്കേറ്റ് പി.കെ. കുഞ്ഞിരാമ പൊതുവാളാണ് പിടിച്ചെടുക്കല്‍ പരിപാടി ആസൂത്രണം ചെയ്തത്. പത്രത്തിന്റെ മാനേജറായിരുന്ന എം. ഗോവിന്ദന്‍ കുട്ടി സി.പിഎം കാരനായതിനാല്‍ കാര്യം വേഗത്തില്‍ നടന്നു. സി.പി.എം അനുഭാവികളായ പത്രപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ തയ്യാറാക്കി കമ്പോസ് ചെയ്യുകയും നിയോജന മണ്ഡലത്തിലെ സി.പി.എം സെക്രട്ടറിയായ ചാത്തുണ്ണി മാസ്റ്ററുടെ നിര്‍ദേശപ്രകാരം പ്രസ് തൊഴിലാളികള്‍ ജോലി ചെയ്യാനും തുടങ്ങിയതോടെ, എതിര്‍ക്കാന്‍ നില്‍ക്കാതെ മുതിര്‍ന്ന സി.പി.ഐ അനുഭാവികളായ പത്രാധിപ സമിതിയിലുള്ളവര്‍ സ്ഥലംവിട്ടു.
മോഹിത് സെൻ്റെ ആത്മകഥ
പിറ്റേനാള്‍ പുറത്തുവന്ന പത്രത്തില്‍ ദേശാഭിമാനിയുടെ ‘ഉടമസ്ഥത’ സി. പി. എം ല്‍ നിക്ഷ്പിതമാണ് എന്നൊരു പ്രസ്താവന സ്ഥാപനത്തിന്റെ എം.ഡി കെ. പി. ആര്‍ ഗോപാലന്റെതായി അച്ചടിച്ചിരുന്നു. മെയ് 24 ലെ ദേശാഭിമാനി പത്രത്തിന്റെ ഉള്ളടക്കവും വിചിത്രമായിരുന്നു. ആദ്യം തയ്യാറാക്കുന്ന അകത്തെ പേജുകളില്‍ സി.പി.എം കാരെ ‘പിളര്‍പ്പന്‍മാര്‍’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മുന്‍പേജ് ഉള്‍പ്പെടെ അവസാനം തയ്യാറാക്കുന്ന പേജുകളില്‍ ഔദ്യോഗികപക്ഷം അഥവാ സി.പി.ഐയെ പിളര്‍പ്പന്‍ ഡാങ്കേയിസ്റ്റുകള്‍ എന്നും വിശേഷിപ്പിച്ചിരുന്നു.
ഇ.കെ. നായനാർ
സി.പി.ഐ വെറുതെയിരുന്നില്ല. സി. അച്യുതമേനോന്‍ പത്രസ്ഥാപനം സി.പി.എം കാര്‍ അക്രമത്തിലൂടെ പിടിച്ചെടുത്തു എന്നൊരു പരാതി കോഴിക്കോട് കളക്ടര്‍ക്ക് നല്‍കി. ജിലാ കളക്ടര്‍ സ്ഥാപനത്തില്‍ വന്ന് പരിശോധന നടത്തിയപ്പോള്‍ അസാധാരണമായി ഒന്നും കണ്ടില്ല. പിന്നീട് സി.പി.ഐ സ്റ്റേറ്റ് സെക്രട്ടറി എസ്. കുമാരന്‍ കോഴിക്കോട് വന്ന് കേസ് കൊടുത്തു. പാര്‍ട്ടി പത്രത്തിന്റെ ഉടമയാണെങ്കിലും ഉടമസ്ഥാവകാശം അക്കാലത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.എം.എസിന്റെ പേരിലായിരുന്നു. പിന്നീട് ഇ.എം.എസ് ജനറല്‍ സെക്രട്ടറിയായി ന്യൂ ഡല്‍ഹിയിലേക്ക് പോയപ്പോള്‍ ഉടമസ്ഥാവകാശം സ്റ്റേറ്റ് കമ്മറ്റി സെക്രട്ടറിയായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായരുടെ പേരിലാക്കണമെന്ന് സ്റ്റേറ്റ് കൗണ്‍സില്‍ പത്രത്തിന്റെ മാനേജറായ ഗോവിന്ദന്‍ കുട്ടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഗോവിന്ദന്‍ കുട്ടി നടപടിയൊന്നും എടുത്തില്ല.
എം.എൻ ഗോവിന്ദൻ നായർ
കേസ് കോടതിയിലെത്തിയപ്പോള്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. പത്രത്തിന്റെ ഉടമ ഇ.എം.എസ് അല്ല എം.എന്‍ ഗോവിന്ദന്‍ നായരാണ് എന്നായിരുന്നു സി.പി.ഐയുടെ വാദം. എന്നാല്‍ പത്രത്തിന്റെ ചീഫ് എഡിറ്ററായ വി. ടി. ഇന്ദുചൂഡന്‍ ദേശാഭിമാനിയുടെ ഉടമസ്ഥാവകാശം തന്റെ പേരിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇ.എം.എസിനെഴുതിയ ഒരു കത്ത് സി.പി.എം. കോടതിയില്‍ ഹാജരാക്കിയതോടെ ചീഫ് എഡിറ്റര്‍ പോലും കരുതുന്നത് പത്രയുടമ ഇ. എം. എസ് ആണെന്ന വസ്തുത അംഗീകരിച്ച് കേസ് കോടതി തള്ളി.
നിര്‍ണായകമായ ഈ കത്ത് പാര്‍ട്ടി ഫയലില്‍ നിന്ന് സിപിഎം ന് കിട്ടിയത് സഖാവ് അഴിക്കോടന്‍ രാഘവന്‍ വഴിയായിരുന്നു. സിപിഎം കൂറുള്ള അഴിക്കോടന്‍ പാര്‍ട്ടി പിളര്‍ന്നതിനു ശേഷവും സിപിഐ സെക്രട്ടറിയേറ്റില്‍ രാജിവെയ്ക്കാതെ തുടര്‍ന്നിരുന്നു. കൂറ് മറുപുറത്തായിട്ടും പാര്‍ട്ടി അഴിക്കോടനെ പുറത്താക്കിയുമില്ല. അതിന്റെ ഫലമായിരുന്നു ഈ കത്ത് അദ്ദേഹത്തിന് ലഭിച്ചത്.
ഇ.എം.എസ്
പത്രം സി.പി.എംന്റെതായെങ്കിലും അവര്‍ക്ക് നല്ലൊരു എഡിറ്റര്‍ ഇല്ലായിരുന്നു. കഴിവുള്ളവരെല്ലാം സി.പി.ഐ ലായി. എ.കെ.ജി.യും ഇ. എം. എസും കൂടി ചേര്‍ന്ന് തീരുമാനിച്ച് പി.ഗോവിന്ദ പിള്ളയെ ഡല്‍ഹിയില്‍ നിന്ന് വരുത്തി ദേശാഭിമാനിയുടെ ചീഫ് എഡിറാക്കി. ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ പീപ്പിള്‍സ് പബ്ലിഷിങ് ഹൗസില്‍ എഡിറ്ററായിരുന്ന പി.ജി. അങ്ങനെ സി.പി.എം പാര്‍ട്ടി പത്രമായ ദേശാഭിമാനി ആദ്യ ചീഫ് എഡിറ്ററായി.
മുന്‍ കമ്യൂണിസ്റ്റും പ്രശസ്ത പത്രപ്രവര്‍ത്തകനും പഴയ സഹപ്രവര്‍ത്തകനുമായ സി.പി. രാമചന്ദ്രന്‍ അക്കാലത്ത് പി.ജി.യോട് ചോദിച്ചു. ‘അല്ല പി.ജി. ഇപ്പോള്‍ പാര്‍ട്ടി സ്റ്റഡി ക്ലാസ്സൊക്കെ നിറുത്തിയോ? പിജിയുടെ മറുപടി : അതെങ്ങനാ സി.പി. ക്ലാസ്സെടുക്കാന്‍ കഴിവുള്ളവരൊക്കെ സി. പി. ഐയിലല്ലേ?.
ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന കാര്യം അമേരിക്കയിലെ CIA രേഖകളിൽ (1964)
ആന്ധ്രയിലെ പാര്‍ട്ടി പത്രമായ ‘വിശാലാന്ധ്ര’ സി.പി.ഐ നേതാവ് സി.രാജേശ്വരറാവു പിടിച്ചെടുത്തു. അവിടെ പി. സുന്ദരയ്യ അടക്കമുള്ള ഭൂരിപക്ഷം നേതാക്കളും ചൈനാ ചാരന്മാരെന്നാരോപിച്ച് ജയിലിലായതിനാല്‍ പത്രം എതിര്‍പ്പില്ലാതെ സി.പി.ഐയുടെ കയ്യിലായി. കൊല്ലത്തെ ജനയുഗം പത്രവും പാര്‍ട്ടി യുടെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക സ്ഥാപനമായ കെ.പി.എ.സി. നാടക സമിതിയും കൈവിട്ട് പോകാതെ സി.പി.ഐ നിലനിറുത്തി.
ജില്ലാ കമ്മിറ്റികളൊക്കെ പിടിച്ചെടുക്കുന്നതില്‍ കാര്യമായ എതിര്‍പ്പൊന്നും സി.പി.എംന് നേരിടേണ്ടി വന്നില്ല. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സി.പി.ഐ യുടെ ഗാന്ധിയന്‍ സമീപനം അത് കുറെക്കൂടി സി.പി.എം ന് എളുപ്പമാക്കി. കോഴിക്കോട് ദേശാഭിമാനി പത്രം പിടിച്ചെടുത്തതിനെതിരെ ഒരു പ്രകടനം പോലും നടത്താന്‍ സി.പി.ഐക്ക് കഴിഞ്ഞില്ല എന്ന് പവനന്‍ എഴുതി. എന്നാല്‍ ഇരുകൂട്ടരും തമ്മിലുള്ള വാക്ക് പോരാട്ടയുദ്ധത്തിലൂടെ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളിലൂടെ പുതിയൊരു പോര്‍മുഖം പ്രത്യക്ഷമായി.
ചിന്ത, ദേശാഭിമാനിയിലൂടെ ഇ.എം.എസും, നവയുഗം ജയയുഗം എന്നതിലൂടെ അച്യുതമേനോനും ലേഖനങ്ങളിലൂടെ ഏറ്റുമുട്ടി. ‘മുതലാളിത്തത്തിന്റെ പ്രതിരൂപമായ കോണ്‍ഗ്രസുമായി സഹകരിക്കുന്ന വലതുപക്ഷക്കാര്‍ തൊഴിലാളി വര്‍ഗത്തിന്റെ ശത്രുക്കളാണ്.’ ഇ. എം. എസ്.
” വലതു- വാമപക്ഷങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളില്‍ നടുനില സ്വീകരിച്ച് ഒടുവില്‍ ജയിക്കുന്ന പക്ഷത്തേക്ക് കാല്‍ മാറ്റിക്കൂടുകയാണത്രെ ശ്രീ നമ്പൂതിരിപ്പാട് പതിവ്’ സി. അച്യുതമേനോന്‍ എഴുതി.
നിയമസഭയില്‍ പ്രതിപക്ഷ നേതാവായ ഇ. എം. എസിന് 11 പേരുടെ പിന്‍തുണയേ ഉണ്ടായുള്ളൂ. 19 പേരുടെ പിന്‍തുണയോടെ അച്യുതമേനോന്‍ പ്രതിപക്ഷ നേതാവായി. ആര്‍. ശങ്കറിന്റെ മന്ത്രി സഭയെ പുറത്താക്കുന്നതിന് പി.കെ കുഞ്ഞ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളും പിന്‍തുണച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഭിന്നിച്ച് കേരളത്തിലെ സാഹിത്യ സാംസ്‌കാരിക രംഗത്തെ പലരേയും ദുഃഖിപ്പിച്ചു. പുരോഗമനാശയക്കാര്‍ ഏത് പാര്‍ട്ടിയുടെ കൂടെ പോകുമെന്ന് ആശയക്കുഴപ്പത്തിലായി. ജനകീയ പ്രസ്ഥാനമായ കെ.പി.എ.സിയിലൂടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന അനശ്വര നാടകത്തിലൂടെ പാര്‍ട്ടിക്ക് മുന്നേറ്റം നടത്താന്‍ ഏറെ സഹായിച്ച നാടക രചയിതാവും, എഴുത്തുകാരനും പാര്‍ട്ടി എം.എല്‍.എ ആയിരുന്ന സഖാവ് തോപ്പില്‍ ഭാസി ദുഃഖത്തോടെ പാര്‍ട്ടിയിലെ പിളര്‍പ്പിനെ അപലപിച്ച് കൊണ്ട് ‘തെളിവിലെ യാഥാര്‍ത്ഥ്യങ്ങള്‍’ എന്ന ലഘുരേഖയെഴുതി. പ്രിയപ്പെട്ട ഇ.എം.എസ് പ്രിയപ്പെട്ട എ.കെ.ജി എന്ന് തുടങ്ങുന്ന ലേഖനം പിളര്‍പ്പിനെ കുറിച്ച് ചില ചോദ്യങ്ങള്‍ ചോദിച്ച് തോപ്പില്‍ ഭാസി എഴുതി.
‘അച്ചടക്കത്തിന്റെ പടച്ചട്ട’ നിങ്ങള്‍ വെട്ടിപ്പൊളിച്ചിരിക്കുന്നു. ഒരു പാര്‍ട്ടിയായാലും രണ്ടു പാര്‍ട്ടിയായാലും ഇടതായാലും വലതായാലും പടക്കളഞ്ഞിലിറങ്ങേണ്ട സാധാരണ സഖാക്കള്‍ ഇനി വെറും ശരീരത്തോടെ വേണം സമരഭൂമിയിലിറങ്ങേണ്ടതെന്നാണ് നിങ്ങളുടെ വിധി’ ഒരു അഭിമുഖത്താല്‍ പാര്‍ട്ടി പിളര്‍പ്പിന് റഷ്യന്‍ ചൈന സംഘര്‍ഷമാണോ കാരണമെന്ന ചോദ്യത്തിന് ഇ.എം.എസ് മറുപടി പറഞ്ഞത് ഇങ്ങനെയാണ്,
‘സോവിയറ്റ് യുണിയനോടോ ചൈനയോടൊ കമ്യൂണിസ്റ്റ് പാര്‍ട്ടി എടുക്കുന്ന നിലപാടല്ല. കോണ്‍ഗ്രസിന്റെ വര്‍ഗ സ്വഭാവത്തെക്കുറിച്ചുള്ള വിലയിരുത്തലാണ് അഭിപ്രായവ്യത്യാസത്തിന്റെ കാതല്‍. വിശാലമായ ഐക്യമുന്നണി കെട്ടിപ്പടുക്കുമ്പോള്‍ കോണ്‍ഗ്രസും ഉള്‍പ്പെടും എന്ന സിപിഐയുടെ വിലയിരുത്തലിനെ ഞങ്ങള്‍ എതിര്‍ക്കും’ അദ്ദേഹം വിശദികരിച്ചു.
1962 ല്‍ ഒക്ടോബറില്‍ ചൈന ഇന്ത്യന്‍ അധിനിവേശം നടത്തി. ഒരാഴ്ച കഴിഞ്ഞ് വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന വാര്‍ഷികാചരണത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു. ഈ വിഷയം പ്രധാന ചര്‍ച്ചയായപ്പോള്‍ അവിടെ പ്രാസംഗികരാരും തന്നെ ചൈനീസ് അധിനിവേശത്തെ വിമര്‍ശിച്ചില്ല. തള്ളിപ്പറയാതെ ഒരുതരം സമദൂരം പാലിച്ചു. അന്ന് പാര്‍ട്ടി പിളര്‍ന്നിട്ടില്ല.
വയലാര്‍ രാമവര്‍മ്മ തന്റെ പ്രസംഗം ആരംഭിച്ചത് തന്നെ ചൈനീസ് ആക്രമണത്തെ നിശിതമായി ആക്രമിച്ചുകൊണ്ടായിരുന്നു. സൗഹൃദത്തിന്റെ കൈനീട്ടിയ നമ്മളെ മുടന്തന്‍ ന്യായം പറഞ്ഞാണ് അവിടുത്തെ ‘വിവര ദോഷികള്‍’ ഇന്ത്യയെ ആക്രമിച്ചത്. നമ്മളെല്ലാം പാടിനടന്ന മധുര മനോജ്ഞ മനോഹര ചൈനയെന്ന കവിതയില്‍, അതിലെ ചൈന നശിച്ചിരിക്കുന്നു. ഇനിയും അവര്‍ നമ്മളെ ഉപദ്രവിക്കും അതിനാല്‍ ഞാന്‍ ആ കവിതയെ ‘ഹോ കുടില കുതന്ത്ര ചൈനേ’ എന്ന് തിരുത്തുന്നു. പ്രസംഗം കഴിഞ്ഞപ്പോള്‍ കയ്യടി ഉയര്‍ന്നെങ്കിലും രസിക്കാത്തവരുമുണ്ടായിരുന്നു. പിന്നീട് രണ്ടു വര്‍ഷത്തിന് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വയലാര്‍ രാമവര്‍മ്മ സി.പി.ഐ പക്ഷത്തു ഉറച്ചു നിന്നു. വയലാറിന്റെ ഈ നിലപാട് ചൈനീസ് അനുകൂലികള്‍ക്ക് ഒട്ടും രസിച്ചില്ല.
പിളര്‍പ്പിന് ശേഷം വീണ്ടും ഇടതും വലതും രണ്ട് പാര്‍ട്ടിയായി തന്നെ മുന്നണിയില്‍ ഒരുമിച്ചെങ്കിലും ഇ.എം.എസ്. ഇടയ്ക്ക് സി.പി.ഐക്ക് ഒരു കൊട്ടുകൊടുത്തു താഴ്ത്തിക്കെട്ടാന്‍ പലപ്പോഴും ശ്രദ്ധിച്ചിരുന്നു. ദേശീയ തലത്തില്‍ പോലും പത്രക്കാരുമായുള്ള നിരന്തര സമ്പര്‍ക്കമുണ്ടെങ്കിലും എപ്പോഴെങ്കിലും ഏതെങ്കിലും വിധത്തില്‍ അവരെ സ്വാധീനിക്കാനോ തന്റെ ആശയങ്ങള്‍ക്ക് പിന്‍തുണ നേടാനോ ഇ.എം.എസ് ശ്രമിക്കാറില്ല. എന്നാല്‍ തന്റെ ലക്ഷ്യം കൃത്യമായി എന്താണെന്ന് അവരെ ധരിപ്പിക്കാന്‍ ചാണക്യസൂത്രം പ്രയോഗിക്കും. അത്തരമൊരു സംഭവം മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി. അരവിന്ദാക്ഷന്‍ ഒരിക്കല്‍ എഴുതി.
1967 ല്‍ ഒരു ദിവസം കോഴിക്കോട്ട് വെച്ച് രാവിലെ ഇ.എം.എസ് നമ്പൂതിരിപ്പാട് അരവിന്ദാക്ഷനെ വിളിച്ചു… ഒന്ന് കാണണം ഇ.എം.എസ് അന്ന് പറഞ്ഞതനുസരിച്ച് അന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകനായ അരവിന്ദാക്ഷന്‍ അതിരാവിലെ താമസസ്ഥലത്ത് എത്തി. (പിന്നീട് ഇന്ത്യന്‍ എക്‌സ്പ്രസ് വിട്ട് അരവിന്ദാക്ഷന്‍ മലയാള മനോരമയുടെ തിരുവനന്തപുരം പതിപ്പിന്റെ റസിഡന്റ് എഡിറ്ററായി.)
1967 ല്‍ കേരളത്തില്‍ രൂപീകരിച്ച സപ്തകക്ഷി മുന്നണിയുടെ സീറ്റ് വിഭജനം സംബന്ധിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നിലപാടായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. ഇ.എം.എസിന്റെ വാക്കുകള്‍ മുറിഞ്ഞ് മുറിഞ്ഞു തെറിച്ച് വീണപ്പോള്‍ കേട്ടപ്പോഴേ അരവിന്ദാക്ഷന് കാര്യം മനസിലായി. സംശയം തീര്‍ക്കാന്‍ ചോദിച്ചു
‘അപ്പോള്‍ മലബാറില്‍ സി.പി.ഐക്ക് സീറ്റില്ലെന്നാണോ?’ കണ്ണില്‍ കുസൃതിയും ചുണ്ടില്‍ ചിരിയുമായി വീണ്ടും ഒരു വിക്ക്. ‘ഹത് നിങ്ങള് പറയണം. ഞാന്‍ പറഞ്ഞില്ല.’ ആലോചിക്കുമ്പോള്‍ ഒരിക്കലും വിക്കാത്ത, അളന്ന് തൂക്കിയുള്ള ആ ഇ.എം.എസ് ഭാഷ്യത്തിന് വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരുന്നു.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ചങ്ങാത്തത്തിലായ സി.പി.ഐയെ ഒന്ന് താഴ്ത്തിക്കെട്ടണം. അത് പുതിയ സൗഹൃദത്തിന് പോറലേല്‍ക്കാതെ വേണം. അതിന് ഒരു പത്രക്കാരനെ വേണം. അതും ഇംഗ്ലീഷ് പത്രപ്രവര്‍ത്തകനെ കൊണ്ട് തന്നെ വേണം അത് സാധിക്കാന്‍ . എന്നാലെ വാര്‍ത്ത കേരളത്തിന് പുറത്തെത്തു, ഡല്‍ഹിയില്‍, സി.പി.ഐ തറവാടായ അജോയ് ഭവനിനുള്ളവരെ ചൊടിപ്പിക്കൂ. അതാണ് അരവിന്ദാക്ഷന് മാത്രം നല്‍കിയ എക്‌സ്‌ക്ലൂസീവ് വാര്‍ത്ത.
ഇന്ത്യൻ കമ്യൂണിസ്റ്റ് മുഖപത്രം വാൻഗാർഡ്
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭിന്നിപ്പിന് വഴിയൊരുക്കി നേതൃത്വം നല്‍കിയത് ബംഗാളില്‍ നിന്നുള്ള പ്രമുഖ നേതാവ് ഹരേ കൃഷ്ണ കോനാര്‍ ആണെന്ന് മോഹിത് സെന്‍ ആത്മകഥയില്‍ എഴുതുന്നു
‘കോനാര്‍ ബെയ്ജിങ്ങില്‍ പോകുകയും ചൈനീസ് പാര്‍ട്ടി നേതാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും തിരികെ വന്ന് മാവോയിസ്റ്റ് ശൈലിയാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് അനുയോജ്യമെന്ന് പ്രചരിപ്പിക്കുകയും പാര്‍ട്ടിയെ ഭിന്നിപ്പിലെത്തിക്കുകയും ചെയ്തു.’ മോഹിത് സെന്‍ എഴുതി.
അവിഭക്ത കമ്യൂണിസ്റ്റ് പിന്‍തുണയോടെ തലശ്ശേരിയില്‍ നിന്ന് ജയിച്ച് പാര്‍ലിമെന്റിലെത്തിയ പ്രശസ്തനായ സാഹിത്യകാരന്‍ എസ്.കെ പൊറ്റെക്കാട് പാര്‍ട്ടി പിളരുന്നതിന്റെ പിന്നണി കഥകളെല്ലാം അറിയുന്ന വ്യക്തിയായിരുന്നു. എ.കെ.ജി യായി വളരെ അടുപ്പമുണ്ടായിരുന്ന പൊറ്റെക്കാടിന്റെ നിരീക്ഷണത്തില്‍ അഭിപ്രായ വ്യത്യാസങ്ങളെക്കാള്‍ വ്യക്തി വിദ്വേഷ സൂത്രങ്ങളായിരുന്നു ആ പിളര്‍പ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. പൊറ്റെക്കാടിന്റെ അവസാന നോവലായ ‘നോര്‍ത്ത് അവന്യൂ’ വില്‍ പാര്‍ട്ടി പിളര്‍പ്പിന്റെ ഈ അന്തര്‍ നാടകങ്ങളെല്ലാം എഴുതി. പക്ഷേ, നോവല്‍ പൂര്‍ത്തിയാക്കാതെ പൊറ്റെക്കാട് അന്തരിച്ചു.
പാര്‍ട്ടി രണ്ടായപ്പോള്‍ സോവിയറ്റ് യൂണിയന്‍ ചേരിയായ അന്നത്തെ കിഴക്കന്‍ ജര്‍മ്മനി (GDR) സി.പി.ഐ യെ ആണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായി അംഗീകരിച്ചത്. ബെര്‍ളിനില്‍ നിന്ന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ വാര്‍ത്തകള്‍ അയച്ചിരുന്ന പി.കെ. കുഞ്ഞനന്തന്‍ നായര്‍ എന്ന ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ ഇഎംസിന്റെ അടുത്തയാളും സി.പി.എം. പക്ഷക്കാരനുമായിരുന്നു. പിളര്‍പ്പ് നടന്നപ്പോള്‍ കുഞ്ഞനന്തന്‍ നായര്‍ വെട്ടിലായി. കുഞ്ഞനന്തന്‍ നായര്‍ സി.പി.ഐ അല്ലാത്തതിനാല്‍ സര്‍ക്കാര്‍ സംവിധാനം കിട്ടില്ല മാത്രമല്ല, സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയാകും. കൂടാതെ 1965 ല്‍ എസ്.എ ഡാങ്കേ GDR സന്ദര്‍ശിച്ചപ്പോള്‍ ജി.ഡി.ആറിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വാള്‍ട്ടര്‍ ഉള്‍ബ്രറ്റിനോട് കുഞ്ഞനന്തന്‍ നായരെ GDR ല്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഉള്‍ബ്രറ്റ് അത് തള്ളിക്കളഞ്ഞു. ‘ഇന്ത്യന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടിമാരായ അജയഘോഷും ഇ.എം.എസിനും കുഞ്ഞനന്തന്‍ നായരെ കുറിച്ച് നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ. അദ്ദേഹം ഒരു ഉത്തമ കമ്യൂണിസ്റ്റായാണ് ഞങ്ങള്‍ കണക്കാക്കുന്നത് എന്നാണ്’.
ഈ പ്രതിസന്ധിയില്‍ തല്‍ക്കാലം പാര്‍ട്ടി കൂറ് വെളിപ്പെടുത്താതെ തന്ത്രപരമായി അവിടെ തുടരാന്‍ പി. സുന്ദരയ്യയും ഇ.എം.എസും നിര്‍ദ്ദേശിച്ചു. അങ്ങനെ കുഞ്ഞനന്തന്‍ നായര്‍ അവിടെ നിഷ്പക്ഷനായി തുടര്‍ന്നു. പിന്നീട് കുഞ്ഞനന്തന്‍ നായര്‍ സി.പി.എം ന്റെ ‘ന്യൂ ഏജ്’ നും സി.പി.ഐ അനുഭാവ ഇംഗ്ലീഷ് പത്രമായ പേട്രിയറ്റിനും കിഴക്കന്‍ യൂറോപ്പിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഏറെക്കാലം വാര്‍ത്തകള്‍ അയച്ചു, ബെര്‍ളിന്‍ കുഞ്ഞന്തന്‍ നായര്‍ എന്നറിയപ്പെട്ടു.
ലോക കമ്യൂണിസം പരസ്പരം ഏറ്റു കൂട്ടുന്നു. ഡെയ്ലി മെയിൽ കാർട്ടൂൺ
61 വര്‍ഷം പിന്നിട്ട പാര്‍ട്ടി പിളര്‍പ്പിന്റെ ബാക്കി പത്രം എന്താണ്? പാര്‍ലമെന്റിലൊക്കെ ശ്രദ്ധിക്കപ്പെടുന്ന പാര്‍ട്ടി ശബ്ദങ്ങളൊക്കെ നിലച്ച് ദേശീയ തലത്തില്‍ അപ്രസക്തമായ അവസ്ഥയായി. 25 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ബംഗാളില്‍ ഭരണത്തില്‍ നിന്ന് പുറത്തായി. പഴയകോട്ട ത്രിപുരയില്‍ ഭരണം മുഖ്യ ശത്രുവായ ബി.ജെ.പി. പ്രധാനമായും വടക്കേ ഇന്ത്യയില്‍ വളര്‍ന്ന ജാതി രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്ഥാനമില്ലാതായി. ബഹുജനപിന്‍തുണയുള്ള നേതാക്കള്‍ ഇല്ലാതായി. കേരളത്തില്‍ മാത്രമൊതുങ്ങുന്ന ശക്തിയായി രണ്ട് പാര്‍ട്ടികളും അവശേഷിക്കുന്നു. ഡല്‍ഹിയില്‍ ചെങ്കോട്ടയില്‍ ചുവപ്പ് പതാക പാറുകയെന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ലക്ഷ്യം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെയായി.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പിന്റെ അറുപതാണ്ടില്‍ രണ്ട് പാര്‍ട്ടികളും തമ്മിലുള്ള ഭിന്നതകള്‍ കുറഞ്ഞിട്ടുണ്ട് എന്നത് മാത്രമാണ് ഏക ആശ്വാസം.
പാര്‍ട്ടി രണ്ടായതിന് ശേഷം ഡല്‍ഹി പത്രക്കാരുടെ ഇടയില്‍ പ്രചരിച്ച ഒരു ഫലിത കഥ: എന്താണ് സി.പി.ഐ യും സി. പി.എം തമ്മിലുള്ള വ്യത്യാസം?
‘സി.പി.ഐ യുടെ അജോയ് ഭവനില്‍ പത്രസമ്മേളനം നടക്കുമ്പോള്‍ ആദ്യം ചായയും ബിസ്‌കറ്റും കിട്ടും. സി.പി.എമ്മിന്റെ ഗോപാലഭവനില്‍ പത്രസമ്മളനം കഴിഞ്ഞ് ചായയും ബിസ്‌കറ്റും കിട്ടും. അത് തന്നെ വ്യത്യാസം.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിന്റെ 100-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് അന്നത്തെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി നാലു വര്‍ഷം മുന്‍പ് ഇങ്ങനെ പറഞ്ഞു: ‘ലയനം അജണ്ടയിലില്ല. പ്രവര്‍ത്തനങ്ങളില്‍ ഐക്യമുണ്ട്. അത് തെരഞ്ഞെടുപ്പില്‍ മാത്രമല്ല സമരങ്ങളിലുമുണ്ട്. അത് പ്രധാനമാണ്.’today marks 61 years since the communist party of India split into left and right
Content Summary: today marks 61 years since the communist party of India split into left and right