ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മനാ പാസിന് സമീപം ഹിമപാതം ഉണ്ടായതായി റിപ്പോർട്ട്. ഹിമപാതത്തെ തുടർന്ന് 41 ബോർഡർ റോഡ് ഓർഗനൈസേഷൻ തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായി അധികൃതർ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 57 തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത് ഇവരിൽ പതിനാറ് പേരെ രക്ഷിച്ച് മനയിലെ സൈനിക ക്യാമ്പിലേക്ക് മാറ്റിയതായും ഔദ്യോഗിക വെളിപ്പെടുത്തൽ. രക്ഷപ്പെടുത്തിയവരുടെ നില ഗുരുതരമായി തുടരുന്നു. ബാക്കി 41 പേർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
നാല് ആംബുലൻസുകൾ സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിനായി അയച്ചിരുന്നുവെന്നും കനത്ത മഞ്ഞുവീഴ്ച മൂലം ദുരന്തബാധിത പ്രദേശത്ത് രക്ഷാപ്രവർത്തകൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിടുന്നതായി ബിആർഒയുടെ എക്സിക്യൂട്ടീവ് എഞ്ചിനീയർ സിആർ മീന പറഞ്ഞു. ഏറ്റവും വിഷമകരമായ സംഭവമെന്ന് അപകടത്തെക്കുറിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എക്സിൽ കുറിച്ചു. ഐടിബിപി, ബിആർഒ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായും പുഷ്കർ സിംഗ് ധാമി കൂട്ടിച്ചേർത്തു.
ബദരീനാഥ് ധാമിൽ നിന്ന് 52 കിലോമീറ്റർ വടക്കും ഡെറാഡൂണിൽ നിന്ന് 310 കിലോമീറ്റർ അകലെയുമാണ് മനാ പാസ് പ്രദേശം. ജ്യോതിർമഠിൽ നിന്ന് ഞങ്ങളുടെ ടീമിനെ അപകടം സംഭവിച്ച സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും എസ്ഡിആർഎഫ് ഉത്തരാഖണ്ഡ് കമാൻഡർ അർപൺ യദുവംശി പറഞ്ഞു. കൂടാതെ ഗൗര, സഹസ്രധാര എന്നിവടങ്ങളിൽ നിന്നുള്ള മികച്ച ടീമുകളെയും രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ഇവരെ ഹെലികോപ്റ്റർ ഉപയോഗിച്ച് ദുരന്തസ്ഥലത്തേക്ക് അയക്കുമെന്നും അർപൺ യദുവംശി പറഞ്ഞു.
മന പ്രദേശത്ത് ഹിമപാതം ഉണ്ടായതായി രാവിലെ എട്ട് മണിയോടെ വിവരം ലഭിച്ചതെന്ന് ബിആർ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മനാ പ്രദേശത്ത് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരാണ് അപകടത്തിൽപ്പെട്ടതെന്ന് ഔദ്യോഗിക സ്ഥിരീകരണം. രക്ഷാപ്രവർത്തകർ നിലവിൽ 12 പേരെ രക്ഷപ്പെടുത്തിയിരുന്നു, ആരുടെയും പരിക്കിന്റെ വ്യാപ്തി വ്യക്തമല്ലെന്നും ഔദ്യോഗിക വൃത്തം കൂട്ടിച്ചേർത്തു. ദുരന്തബാധിത പ്രദേശത്തേക്ക് നിലവിൽ പ്രവേശിക്കാനോ പ്രദേശത്തുളളവരെ ബന്ധപ്പെടാനോ സാധിക്കാത്ത സാഹചര്യമാണുള്ളത്. 60-65ഓളം ആളുകളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. റോഡ് മാർഗമുള്ള യാത്രയ്ക്ക് തടസം നേരിട്ടതിനാൽ നിലവിൽ ഗതാഗത യോഗ്യമല്ലാതായി തീർന്ന ലംബാഗഡിലെ വഴി വൃത്തിയാക്കാൻ സൈന്യത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ കനത്ത മഴയും മലവെള്ളപ്പാച്ചിലും ഉണ്ടാവുമെന്ന് ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരന്ത സാധ്യത മുൻനിർത്തി ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിൽ ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്മെന്റ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
content summary: Several BRO workers are feared to be trapped in an avalanche in Uttarakhand, with rescue efforts currently underway.