January 22, 2025 |

‘ ഞാൻ ആരാണെന്ന് അറിയാമോ ? മുൻ ഒറ്റപ്പാലം എം പിയുടെ മകനാണ്’; എസ്എഫ്ഐയുടെ ഭീഷണി

വലിയ പദ്ധതികൾ തനിക്കുവേണ്ടി എസ്എഫ്ഐ ആസൂത്രണം ചെയ്തിരുന്നു

ജൂലൈ രണ്ടിന് കാര്യവട്ടം ക്യാംപസിൽ കെഎസ്‍യു നേതാവായ സാഞ്ചോസിനെ എസ്എഫ്ഐ പ്രവർത്തകർ ചേർന്നു മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത് വലിയ വിവാദമായിരുന്നു. എന്നാൽ വിഷയത്തിൽ അഴിമുഖത്തോട് പ്രതികരിച്ച സാഞ്ചോസ് പറയുന്നത് , മർദ്ദനം മാത്രമല്ല അന്നുണ്ടായതിനപ്പുറമുള്ള വലിയ പദ്ധതികൾ തനിക്കുവേണ്ടി എസ്എഫ്ഐ ആസൂത്രണം ചെയ്തിരുന്നുവെന്നാണ്.  brutally beaten 

സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി റസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് ചൊവ്വാഴ്ച രാത്രി ക്യാമ്പസിൽ എത്തുന്നത്. സെക്യൂരിറ്റിയോട് അനുവാദം ചോദിച്ചാണ് അകത്തേക്ക് കയറിയതും, സെൻട്രൽ സർക്കിളിൽ ഞങ്ങളുടെ ഒപ്പമുള്ള കുട്ടികൾ ഇരിക്കുന്നുണ്ടായിരുന്നു, കുറച്ച് മാറി എസ്എഫ്ഐ പ്രവർത്തകരുമുണ്ടായിരുന്നു. ‘ ഒരാൾ ബൈക്കിൽ വരുന്നുണ്ട് അവനെ തടഞ്ഞ് വയ്ക്കണം‘ എന്ന് എന്നെ കണ്ടതും അവർ ആരെയോ വിളിച്ച് പറഞ്ഞു. ഞാനിത് കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു ‘ എന്നെ തടഞ്ഞ് വച്ചിരിക്കുകയാണ് പെട്ടന്ന് വരണം എന്ന് പറഞ്ഞുകൊണ്ട്‘ അൽപ സമയത്തിനകം എനിക്ക് സുഹൃത്തിന്റെ കോൾ വന്നു. കോൾ കട്ടായതും അവർ സുഹൃത്തിന്റെ ഫോൺ കൈക്കലാക്കുകയും ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയും ചെയ്തു. ഞാൻ യൂണിറ്റ് പ്രസിഡന്റിനെ വിളിച്ച് പറഞ്ഞതിന് ശേഷമാണ് അവിടേക്ക് പോയത്. അങ്ങോട്ടേക്ക് എത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ ഏകദേശം നാല്പതോളം പേരുണ്ടായിരുന്നു. ഇവർ ഞങ്ങളെ ഗ്രൗണ്ടിന് സമീപം തടഞ്ഞു വച്ചിരിക്കുകയാണ്, എന്തിനാണ് അവരെ തടഞ്ഞു വച്ചിരിക്കുന്നത് എന്ന് ഞാൻ ചോദിച്ചു. അതിന് മറുപടിയായി മുൻ ഒറ്റപ്പാലം എം പിയുടെ മകനും റിസർച്ച് യൂണിയൻ ചെയർമാനുമായ അജിന്ത് അജയ് പറഞ്ഞത് ‘ ഇവന് നമ്മളോട് സംസാരിക്കണം അല്ലെ, സംസാരിച്ചുകളയാം എന്ന് എന്നോട് പറയുകയും, കൂടെയുള്ളവരോട് ഇവനെ അങ്ങ് തൂക്കി ഹോസ്റ്റലിൽ കേറ്റാൻ നോക്ക് എന്ന് പറഞ്ഞു.

മിണ്ടിയാൽ മർദ്ദനം

എസ്എഫ്ഐയുടെ ഭാരവാഹിയായ അഭിജിത് വന്നാണ് എന്നെ കഴുത്തിൽ കയ്യിട്ടുകൊണ്ട് ഹോസ്റ്റലിലേക്ക് കയറ്റാൻ നോക്കിയത്, ഞാൻ വിസമ്മതിച്ചു, കൂടെ പോകാതിരുന്ന എന്നെ വലിച്ചിഴച്ചാണ് കൊണ്ട് പോയത്. തുടർന്ന്, അവിടെ ഉണ്ടായിരുന്ന കമ്പിയിൽ ഞാൻ പിടിച്ചപ്പോൾ എന്റെ വയറിൽ പിടിച്ച് ബലമായി അകത്തേയ്ക്ക് പോകാൻ നോക്കി. അവിടെ വച്ച് തന്നെ എന്റെ കഴുത്തിൽ പിടിച്ച് ഞെരിച്ചു. അഭിജിത്തും അഭിമന്യുവും ചേർന്നാണ് എന്നെ ഹോസ്റ്റൽ മുറിയിലേക്ക് കൊണ്ട് പോയത്. അവർ ആദ്യം എന്റെ മൊബൈൽ ഫോൺ ബലമായി പിടിച്ച് മേടിച്ചു. അതിനു ശേഷമാണ് എന്റെ സുഹൃത്തിനെ കൊണ്ട് വരുന്നത്. തുടർന്ന് ഞങ്ങളെ രണ്ട് പേരെയും 121-ാം നമ്പർ മുറിയിലേക്ക് കയറ്റി. പിന്നീടങ്ങോട്ട്, ഇവർ എല്ലാവരും ചേർന്ന് തീർത്തും പ്രാകൃതമായ രീതിയിലുള്ള ചോദ്യം ചെയ്യലായിരുന്നു. ചോദിക്കുന്നതിന് മറുപടി പറഞ്ഞാൽ അടിയാണ്. ഞങ്ങൾ പറയുന്നതെല്ലാം കള്ളം ആണെന്ന് പറഞ്ഞാണ് മർദിച്ചത്. ബൂട്ട് കൊണ്ട് എന്റെ കാലിൽ ചവിട്ടി ഞെരിച്ചു. കൂടെ വന്ന സുഹൃത്തിനെ ഒന്നും ചെയ്തില്ല എന്നെ മാത്രമാണ് ഉപദ്രവിച്ചത്. ഹോസ്റ്റലിലേക്ക് കയറുന്നതിന് മുൻപ് എന്റെ തലക്കടിക്കുകയും ചെയ്തു.

Post Thumbnail
ഫിലിപ്പിൻ മേയർ ആൾമാറാട്ടം നടത്തിയോ ?വായിക്കുക

കാമ്പസിൽ കെ എസ് യു വേണ്ട

കോളേജിൽ സംഘടന പ്രവർത്തനം പറ്റില്ല, യൂണിറ്റ് ഇട്ട അന്ന് മുതൽ നിന്നെ നോക്കി വച്ചിരിക്കുകയാണ് എന്ന് തുടങ്ങിയ ഭീഷണികളാണ് അവർ മുഴക്കിയത്. ‘ ഞാൻ ആരാണെന്ന് അറിയാമോ ? ഒറ്റപ്പാലം എംപിയുടെ മകനാണ്, ഞങ്ങൾ വിചാരിച്ചാൽ നിന്നെ എന്ത് വേണമെങ്കിലും  ചെയ്യാൻ പറ്റും, ഭരണം ഞങ്ങൾക്കാണ്, സിൻഡിക്കേറ്റും സെനറ്റും എല്ലാം ഞങ്ങളുടെ കയ്യിലാണ് ‘ എന്നൊക്കെ അവർ ആക്രോശിച്ചു. ഒപ്പം ഞങ്ങളുടെ കൂടെയുളള പെൺകുട്ടികളെ അസഭ്യം പറയുകയും,  അശ്ളീല ചുവയുള്ള പദ പ്രയോഗങ്ങൾ അവർക്കെതിരെ ഉപയോഗിക്കുകയും ചെയ്തു. കൂടാതെ കെ എസ് യുവുമായി മുന്നോട്ട് പോകാൻ ആണ് തീരുമാനമെങ്കിൽ ഈ റൂം അടിച്ച് പൊളിച്ച ശേഷം അത് നിന്റെ തലയിൽ കെട്ടിവയ്ക്കും എന്നും പറഞ്ഞു. ഒപ്പം അജിന്തിനെ കൊല്ലാൻ ശ്രമിച്ചതായും ഞങ്ങൾ പറയുമെന്നും. ബലം പ്രയോഗിച്ച് ഫോണിലെ ലോക്ക് മാറ്റി പരിശോധനയും നടത്തി.

അപ്പോഴേയ്ക്കും ഞങ്ങളെ അന്വേഷിച്ച് ആളുകളെത്താൻ തുങ്ങിയിരുന്നു, കാര്യങ്ങൾ കൈവിട്ട് പോകും എന്ന് മനസിലായതോടെ രണ്ട് വെള്ള പേപ്പറിൽ എന്നെ ആരും ഉപ0ദ്രവിച്ചിട്ടില്ല, എനിക്ക് ഒരു പരാതിയുമില്ല എന്ന് നിർബന്ധിച്ച് എഴുതി വാങ്ങി. പിന്നീട് ഞങ്ങളുടെ വീഡിയോ എടുത്തു ‘ യെസ് ‘ അല്ലെങ്കിൽ ‘ നോ ‘ എന്ന ഉത്തരം മാത്രമേ പറയാൻ അനുവാദം ഉണ്ടായിരുന്നുള്ളു. അതിക്രമിച്ച് കയറിയതല്ലേ എന്ന് ചോദിച്ചാൽ അതെ എന്ന് പറയണം, എന്നെല്ലാം പറഞ്ഞു പഠിപ്പിച്ചിതനുസരിച്ചാണ് വീഡിയോ എടുത്തത്. ഇതിനെല്ലാം ശേഷമാണ് ഞങ്ങളെ പുറത്തേയ്ക്ക് വിട്ടത്.

ഇനി കെ എസ് യു എന്ന് പറഞ്ഞ് കാമ്പസിൽ സംഘടനാ പ്രവർത്തനം നടത്തിയാൽ കൊന്ന് കളയും. ഇലക്ഷൻ കഴിഞ്ഞ ശേഷം കാമ്പസിന് പുറത്തിട്ട് അടിക്കാൻ തീരുമാനിച്ചതായിരുന്നു, അതിന് ആളെ വരെ നിശ്ചയിച്ചിരുന്നുവെന്ന വെളിപ്പെടുത്തലും നടത്തി, അതോടൊപ്പം, നിന്നെ ഇപ്പോൾ കയ്യിൽ കിട്ടിയത് നന്നായി എന്നുമവർ പറഞ്ഞു.

 

content summary;  KSU leader sanjos beaten up in Kariyavattam campus

Tags:

×