രാമക്ഷേത്രം നിര്‍മിച്ചതുകൊണ്ട് ഒരാള്‍ ഹിന്ദു നേതാവ് ആകുന്നില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. രാമക്ഷത്രം നിര്‍മിക്കുകയെന്നത് ഹിന്ദു വിശ്വാസത്തിന്റെ ഭാഗമാണ്, എന്നാല്‍ അതുകൊണ്ട് മാത്രം ഒരാള്‍ ഹൈന്ദവ നേതാവ് ആകുന്നില്ലെന്നാണ് പുനെയില്‍ സംഘടിപ്പിച്ച വിശ്വഗുരു ഭരത് പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്ത് കൊണ്ട് ആര്‍ എസ് എസ് മേധാവി പറഞ്ഞത്. രാമക്ഷേത്രം ഇന്ത്യക്കാരുടെ വിശ്വാസത്തിന്റെ കാര്യമാണ്. എന്നാല്‍ ഭൂതകാലം ചുമത്തുന്ന ഭാരം പേറിക്കൊണ്ട് വെറുപ്പും വിദ്വേഷവും ശത്രുതയും അവലംബിക്കരുത്. അനാവശ്യമായ സംശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് നമ്മള്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
ഇന്ത്യയില്‍ കാലങ്ങളായി, വ്യത്യസ്ത മതത്തിലും ജാതിയിലും തത്വസംഹിതകളിലും പ്രത്യയശാസ്ത്രങ്ങളിലും വിശ്വസിക്കുന്നവര്‍ സൗഹാര്‍ദ്ദത്തോടെയാണ് ജീവിക്കുന്നതെന്നും രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ മേധാവി ഓര്‍മിപ്പിക്കുകയാണ്. അത് കൊണ്ട് നാം ഭിന്നിപ്പിന്റെയും, ന്യൂനപക്ഷ-ഭൂരിപക്ഷ വിവേചനത്തിന്റെയും, മേല്‍ക്കോയ്മയുടെയുമെല്ലാം ഭാഷ മറന്ന്, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സംസ്‌കാരത്തിന്റെ കീഴില്‍ ഒന്നിക്കണം- ഭഗവതിന്റെ ആഹ്വാനം.
വിപുലമായ സൗകര്യങ്ങളും സമ്പത്തും ഉണ്ടായിട്ടും ലോകത്ത് സമാധാനമില്ലെന്നാണ് ഭഗവത്, തന്റെ പ്രഭാഷണത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടാണ് ലോകം ഒരു ഗുരുവിനെ ആഗ്രഹിക്കുന്നത്, ആ ആവശ്യം നിറവേറ്റാന്‍ പ്രാപ്തിയുള്ളത് ഇ്ന്ത്യയ്ക്കാണ്. ജാതിമത വ്യത്യാസങ്ങള്‍ മറന്ന് സന്യാസിമാര്‍ കാണിച്ചുതന്ന സമത്വത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നവനാണ് വിശ്വഗുരു- ഭഗവതിന്റെ വാക്കുകള്‍. ഇന്ത്യ പുരോഗമിക്കുകയാണെന്നും എന്നാല്‍ രാജ്യം ധാര്‍മ്മിക പാതയില്‍ മുന്നേറേണ്ടതുണ്ടെന്നുമാണ് ഭഗവത് പറയുന്നത്. ”അങ്ങനെ സംഭവിച്ചാല്‍, അടുത്ത 20 വര്‍ഷത്തിനുള്ളില്‍ നമുക്ക് ഒരു വിശ്വഗുരു പദവി കൈവരിക്കാനാകും” എന്നാണ് ആര്‍ എസ് എസ് മേധാവി പ്രതീക്ഷ വയ്ക്കുന്നത്. By building Ram temple one can’t become a hindu leader, says RSS chief Mohan Bhagwat
Content Summary; By building Ram temple one can’t become a hindu leader, says RSS chief Mohan Bhagwat