തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ സി. ജോസഫ് വിജയ് മൂന്നു ഫയലുകളിലാണ് ഒപ്പ് വച്ചത്. സംസ്ഥാനം ഉറ്റുനോക്കിയ മൂന്ന് പ്രധാന തീരുമാനങ്ങളടങ്ങിയതായിരുന്നു ആ ഫയലുകള്‍. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്കായി പ്രത്യേക സുരക്ഷാ സേനയും ഹെല്‍പ്പ് ലൈനും, സംസ്ഥാനവ്യാപകമായി ലഹരിവിരുദ്ധ സംവിധാനം എന്നിവയാണ് അദ്ദേഹം ആദ്യം പ്രഖ്യാപിച്ച പദ്ധതികള്‍.
സത്യപ്രതിജ്ഞയ്ക്ക് ശേഷം സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ വന്‍ ജനസഞ്ചയത്തെ അഭിസംബോധന ചെയ്ത വിജയ്, തന്റെ സര്‍ക്കാരിന്റെ രാഷ്ട്രീയ നയം വ്യക്തമാക്കുന്ന ശക്തമായ സന്ദേശമാണ് നല്‍കിയത്. ‘ഞങ്ങള്‍ അധികാരത്തില്‍ വന്നതുകൊണ്ട് എന്തും ചെയ്യാമെന്ന് ആരും കരുതേണ്ട. അത്തരമൊരു ചിന്ത ആരുടെയും മനസ്സില്‍ വേണ്ട, അത് ഇപ്പഴേ മാറ്റിക്കോളൂ. ഈ ഭരണത്തില്‍ ഒരൊറ്റ അധികാര കേന്ദ്രം മാത്രമേ ഉണ്ടാകൂ, അത് ഞാനായിരിക്കും,’ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഒരു രാഷ്ട്രീയ മാറ്റത്തിനപ്പുറം, ഒരു സിനിമാതാരവും ആരാധകരും തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട വൈകാരിക ബന്ധത്തിന്റെ പൂര്‍ത്തീകരണമായിരുന്നു ആ ചടങ്ങ്. തകര്‍ന്നടിഞ്ഞ ഒരു സംസ്ഥാനത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ദൗത്യമാണ് താന്‍ ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം ജനങ്ങളെ ബോധിപ്പിച്ചു.
കഴിഞ്ഞ ഡിഎംകെ സര്‍ക്കാരിന്റെ കാലത്തെ തമിഴ്നാടിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്ന് വിജയ് വാഗ്ദാനം ചെയ്തു. മുന്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ 10 ലക്ഷം കോടി രൂപയുടെ കടക്കെണിയിലാക്കിയാണ് പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസംഗത്തിനിടയില്‍ തന്റെ ഭൂതകാലത്തെക്കുറിച്ചും അദ്ദേഹം വികാരാധീനനായി സംസാരിച്ചു. ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ മകനായി വളര്‍ന്ന തനിക്ക് ദാരിദ്ര്യവും വിശപ്പും എന്താണെന്ന് അറിയാമെന്നും, താന്‍ വരുന്നത് ഏതെങ്കിലും രാജകുടുംബത്തില്‍ നിന്നല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സിനിമയില്‍ എത്തുന്നതിന് മുമ്പ് നേരിട്ട അവഗണനകളും കഷ്ടപ്പാടുകളും വിവരിച്ച വിജയ്, താന്‍ ജനങ്ങളുടെ മകനും സഹോദരനുമാണെന്നും അവരുടെ ഹൃദയത്തിലാണ് തന്റെ സ്ഥാനമെന്നും പറഞ്ഞു.
തന്റെ വിജയം തമിഴ്നാട്ടിലെ ജനങ്ങളോടുള്ള കടപ്പാടാണെന്ന് വിജയ് ആവര്‍ത്തിച്ചു. സുതാര്യമായ ഭരണം കാഴ്ചവെക്കുമെന്നും ജനങ്ങളുടെ പണം കൊള്ളയടിക്കില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി. സൗജന്യ വൈദ്യുതിയും സാമൂഹിക നീതിയും തന്റെ സര്‍ക്കാരിന്റെ മുഖമുദ്രയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഡിജിറ്റല്‍ വോളന്റിയര്‍മാരെയും സഖ്യകക്ഷി നേതാക്കളെയും അദ്ദേഹം പേരെടുത്ത് പറഞ്ഞ് നന്ദി അറിയിച്ചു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ രണ്ട് വന്മരങ്ങള്ക്കിടയില്, സിനിമയിലെ ജനസ്വാധീനത്തെ ഭരണാധികാരമാക്കി മാറ്റാനുള്ള വലിയൊരു പരീക്ഷണത്തിനാണ് വിജയിന്റെ ഈ ഭരണാരംഭം സാക്ഷ്യം വഹിക്കുന്നത്.
രാവിലെ 9 മണിക്ക് തന്നെ ടിവികെ പ്രവര്‍ത്തകരും സിനിമാ ആരാധകരും സഖ്യകക്ഷി നേതാക്കളെയും കൊണ്ട് സ്റ്റേഡിയം നിറഞ്ഞിരുന്നു. നടി തൃഷ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിജയിന്റെ മാതാപിതാക്കളും സദസ്സിലുണ്ടായിരുന്നു. രാവിലെ 10.24-ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഔദ്യോഗിക വരികളില്‍ നിന്ന് വിജയ് അല്പം വ്യതിചലിച്ചപ്പോള്‍ ഗവര്‍ണര്‍ അത് തിരുത്തി വായിപ്പിച്ചു.
മുഖ്യമന്ത്രിക്ക് പിന്നാലെ ഒന്‍പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. 234 അംഗ നിയമസഭയില്‍ 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് വിജയ് സര്‍ക്കാര്‍ രൂപീകരിച്ചത്. കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, വി.സി.കെ, ഐ.യു.എം.എല്‍ എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഭൂരിപക്ഷം ഉറപ്പാക്കിയത്. മെയ് 13-നകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Content Summary: There will be only one power centre, that is me, Tamil Nadu Chief Minister C Joseph Vijay Clear His Stand.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.