July 17, 2025 |

ചേറ്റൂര്‍ ശങ്കരന്‍ നായര്‍: ഹിന്ദുത്വക്ക് കീഴടക്കാന്‍ എളുപ്പമല്ലാത്ത മഹാ ഔന്നത്യം, മാപ്പല്ല, പോരാട്ടമായിരുന്നു വഴി

ചേറ്റൂര്‍ ശങ്കരന്‍ നായരെ തങ്ങളുടെ പോസ്റ്ററുകളുടെ ഭാഗമാക്കുകയാണ് ബി.ജെ.പിയുടെ പുതിയ ലക്ഷ്യം

ഒരു പതിറ്റാണ്ടിലേറെയായി ദേശീയ ഭരണം കൈയാളുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം ഇന്ത്യയില്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി അവര്‍ക്ക് പുരാണത്തിലും ഇതിഹാസത്തിലുമല്ലാതെ ചരിത്രത്തില്‍ നായക ബിംബങ്ങളില്ല എന്നതാണ്. ബി.ജെ.പിയെ നയിക്കുന്ന ആര്‍.എസ്.എസ് ഈ വര്‍ഷം അവരുടെ ശതാബ്ദി ആഘോഷിക്കുകയാണ്. പക്ഷേ ഈ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ നേതൃത്വത്തെ ഒരിക്കലും ദേശീയ നായകരായി പൊതുസമൂഹം അംഗീകരിക്കുന്നില്ല. ഏത് സംഘപരിവാര്‍, ഹിന്ദുത്വ സ്ഥാപക നേതാക്കള്‍ക്കുമാകട്ടെ മഹാത്മാഗാന്ധി വധത്തിന്റെ രക്തക്കറയില്‍ നിന്ന് പൂര്‍ണമായും രക്ഷപ്പെടാനുമാകില്ല. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുണ്ടായിരുന്ന ഭഗത്സിങ്ങിനെ മുതല്‍ ഹിന്ദുത്വയുടെ പ്രത്യയശാസ്ത്രത്തോട് നിരന്തരം പൊരുതിയ, അവസാനം അനുയായികള്‍ക്കൊപ്പം ഹിന്ദുമതം തന്നെ ഉപേക്ഷിച്ച ഡോ.ബി.ആര്‍ അംബേദ്കറിനെ വരെ തങ്ങളുടെ ഭാഗമാക്കാന്‍ അവര്‍ ശ്രമം നടത്തുന്നു. സര്‍ദാര്‍ പട്ടേലിന് പ്രതിമ പണിതതും സുഭാഷ് ചന്ദ്രബോസിനെ അനുസ്മരിക്കുന്നതും അതിന്റെ ഭാഗമായിട്ട് തന്നെയാണ്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനും വൈസ്രോയി കൗണ്‍സിലിലെ ഒരേയൊരു ഇന്ത്യാക്കാനുമായിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരെ തങ്ങളുടെ പോസ്റ്ററുകളുടെ ഭാഗമാക്കുകയാണ് ബി.ജെ.പിയുടെ പുതിയ ലക്ഷ്യം. ബി.ജെ.പി പ്രൊപഗാന്‍ഡ സിനിമകളുടെ സ്ഥിരം നായകനായ അക്ഷയ്കുമാറിന്റെ പുതിയ സിനിമയായ കേസരി ചാപ്റ്റര്‍ ടു പുറത്തിറങ്ങിയതോടെയാണ് ഈ ശ്രമങ്ങള്‍ക്ക് കൂടുതല്‍ തെളിച്ചത്തോടെ പുറത്ത് വരുന്നത്. പ്രധാനമന്ത്രി മോദി ചേറ്റൂര്‍ ശങ്കരന്‍ നായരെ ജാലിയന്‍വാലാബാഗ് ദിനത്തില്‍ പ്രത്യേകം അനുസ്മരിച്ചതിന് പുറമേ കോണ്‍ഗ്രസ് ചേറ്റൂരിന്റെ സ്മരണയെ അപമാനിക്കുന്നുവെന്ന പ്രചാരം ശക്തമായി. അതിന്റെ തുടര്‍ച്ചയായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ചേറ്റൂര്‍ ശങ്കരന്‍ നായരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയും ചെയ്തു.

എന്നാല്‍ ഹിന്ദുമതത്തിനുള്ളിലെ അനാചാരങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ച, വിവിധ ജാതി വിഭാഗങ്ങള്‍ തമ്മിലും മതക്കാര്‍ തമ്മിലുമുള്ള വിവാഹങ്ങളെ പ്രോത്സാഹിപ്പിച്ച, മതപരിവര്‍ത്തനം സ്വാഭാവികമായി കണ്ട പരിഷ്‌കരണ വാദിയായിരുന്നു ചേറ്റൂര്‍ ശങ്കരന്‍ നായര്‍. 1857-ല്‍ പലക്കാട് ജില്ലയിലെ മങ്കരയില്‍ ജനിച്ച ശങ്കരന്‍ നായര്‍ കോഴിക്കോട് നിന്ന് സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദവും മദ്രാസ് ലോകോളേജില്‍ നിന്ന് നിയമ ബിരുദവും നേടി. തുടര്‍ന്ന് അഭിഭാഷകനായി ജീവിതം ആരംഭിക്കുന്ന കാലത്തേ വിട്ടുവീഴചകളില്ലാത്ത നിലപാടുകള്‍ കൊണ്ടും തീഷ്ണമായ ഭാഷകൊണ്ടും മൂര്‍ച്ചയേറിയ വാദങ്ങള്‍ കൊണ്ടും അദ്ദേഹം ശ്രദ്ധേയനായി. മദ്രാസിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ കണ്ണിനെ കരടായി മാറിയ ശങ്കരന്‍ നായരെ കോടതികള്‍ അടക്കി ഭരിച്ചിരുന്ന ബ്രാഹ്‌മണ സമൂഹത്തിനും ഇഷ്ടമല്ലായിരുന്നു.

ഇന്ത്യയിലെ ബ്രിട്ടീഷ് സെക്രട്ടറി ആയിരുന്ന എഡ്വിന്‍ മൊണ്ടേഗ് ചേറ്റൂര്‍ ശങ്കരന്‍ നായരെ വിശേഷിപ്പിക്കുന്നത് അസാധ്യ മനുഷ്യന്‍ എന്നാണ്. ‘വാദിക്കുന്ന സമയത്ത് ശബ്ദമുയര്‍ത്തി അലറുന്ന അദ്ദേഹം എതിര്‍ വാദങ്ങളെ ഗൗനിക്കുക കൂടി ചെയ്യില്ലായിരുന്നു. ഒരു കാരണവശാലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാക്കാത്ത ആളായിരുന്നു അദ്ദേഹം’- ദ കേസ് ദാറ്റ് ഷുക്ക് ദ എമ്പയര്‍ എന്ന പുസ്തകത്തില്‍ മൊണ്ടേഗ് പറയുന്നു. സാമൂഹ്യ പരിഷ്്കരണ വാദിയും പുരോഗമന വാദിയും എന്ന നിലയില്‍ അറിയപ്പെട്ട അദ്ദേഹം 1897-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ചെറുപ്പക്കാനായ അധ്യക്ഷനായി. നാളിതേ വരെ ആ പദവിയില്‍ എത്തിയിട്ടുള്ള ഏക മലയാളി അദ്ദേഹമാണ്. 1908-ല്‍ മദ്രാസ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി അദ്ദേഹം നിയമിക്കപ്പെട്ടു. മതപരിവര്‍ത്തനം ചെയ്തവരെ ഭ്രഷ്ട് കല്‍പ്പിച്ച് പുറത്താക്കാനാവില്ല എന്നത് മുതലുള്ള പല ഗൗരവമേറിയ വിധികളും അദ്ദേഹത്തിന്റെ കാലത്തെ അടയാളപ്പെടുത്തി.

1912-ല്‍ അദ്ദേഹത്തിന് സര്‍ പദവി ലഭിച്ചു. ഇന്ത്യയ്ക്ക് സ്വയം ഭരണം ലഭിക്കണമെന്ന് വിശ്വസിക്കുകയും അതിന് വേണ്ടി സംസാരിക്കുകയും ചെയ്തിരുന്ന അദ്ദേഹം 1915-ല്‍ വൈസ്രോയി കൗണ്‍സിലില്‍ അംഗമായി. അക്കാലത്ത് കൗണ്‍സിലിലെ ഏക ഇന്ത്യാക്കാരനായിരുന്ന അദ്ദേഹത്തിന് വിദ്യാഭ്യാസത്തിന്റെ ചുമതലയായിരുന്നു. മൊണ്ടേഗു-ചെംസ്ഫോര്‍ഡ് പരിഷ്്കരണ പരിപാടികളുടെ വിപുലീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കാനും ചേറ്റൂരിനായി. ഈ പരിഷ്‌കരണ നടപടികളുടെ റിപ്പോര്‍ട്ട് പുറത്തിറങ്ങിയത് ശങ്കന്‍ നായരുടെ വിയോജിപ്പുകളോടെയായിരുന്നു. 1919-ല്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് വൈസ്രോയി കൗണ്‍സിലില്‍ നിന്ന് രാജിവച്ചു. ശങ്കരന്‍ നായരുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്കെതിരായുള്ള വൈകാരിക അന്തരീക്ഷം രാജ്യത്തെമ്പാടും സൃഷ്ടിക്കാനും കാരണമായി. വൈസ്രോയി കൗണ്‍സിലില്‍ നിന്ന് രാജിവച്ച ശേഷം മദ്രാസിലെത്തിയ ശങ്കരന്‍ നായര്‍ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്.

ഗാന്ധിജിയുടെ ആദ്യകാല രീതികളോട് വിയോജിപ്പുണ്ടായിരുന്ന ശങ്കരന്‍ നായര്‍ അഹിംസാ, സത്യാഗ്രഹ, നിസഹകരണ സമരങ്ങളോടുള്ള തന്റെ എതിര്‍പ്പ് തുറന്ന് പ്രഖ്യാപിച്ചു. 1922-ല്‍ പുറത്തിറക്കിയ ‘ഗാന്ധി ആന്റ് അനാര്‍ക്കി’ എന്ന പുസ്തകത്തിലായിരുന്നു ഈ വിയോജിപ്പ് പ്രകടമാക്കിയത്. അതേപുസ്തകത്തില്‍ പഞ്ചാബ് ലൂറ്റനന്റ് ഗവര്‍ണര്‍ മൈക്കേല്‍ ഒ ഡയറിന് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിലുണ്ടായിരുന്ന പങ്കിനേയും ശങ്കരന്‍ നായര്‍ രൂക്ഷമായി വിമര്‍ശിച്ചു. ജനറല്‍ ഡയറിന്റെ നിലപാടുകളും തീരുമാനങ്ങളുമാണ് കൂട്ടക്കൊലയ്ക്ക് കാരണമായതെന്ന ഈ വിമര്‍ശനത്തിനെതിരെ ഡയര്‍ ഇംഗ്ലണ്ടില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ലണ്ടനിലെ കിങ്സ് ബഞ്ചിലെ വിചാരണ നീണ്ട് നിന്നത് അഞ്ചര ആഴ്ചയാണ്. അക്കാലത്തെ ഏറ്റവും നീളം ചെന്ന സിവില്‍ കേസായിരുന്നു അത്.

ജസ്റ്റിസ് ഹെന്റി മക്കാര്‍ഡിയുടെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ജൂറി തങ്ങള്‍ക്ക് ജനറല്‍ ഡയറിനോടുള്ള ആഭിമുഖ്യം മറച്ച് പിടിച്ചില്ല. ലണ്ടനില്‍ ബ്രിട്ടീഷ് അഭിഷാഷകര്‍ക്ക് മുന്നില്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥനെതിരായി പൂര്‍ണമായും ബ്രിട്ടീഷ് ജൂറിക്ക് മുന്നാകെ നിര്‍ഭയം ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഏറ്റുമുട്ടിയത് ചരിത്രമായി മാറി. 12 ജഡ്ജിമാരില്‍ 11 പേരും ജനറല്‍ ഡയറിന് അനുകൂലമായി നിലപാടെടുത്തു. ആ സാഹചര്യത്തില്‍ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ക്ക് അനുകൂലമായി നിലപാടെടുത്ത ജഡ്ജി ആരാണ് എന്നുള്ളതും ചരിത്രമാണ്. വിശ്വപ്രശസ്ത മാര്‍ക്സിയന്‍ ചിന്തകനായ ഹരോള്‍ഡ് ലാസ്‌കിയായിരുന്നു വിയോജിപ്പ് രേഖപ്പെടുത്തിയ ഏകയാള്‍. 500 പൗണ്ട് പിഴയടക്കുകയോ മാപ്പുപറയുകയോ ചെയ്യണമെന്നതായിരുന്നു വിധി.

ശങ്കരന്‍ നായര്‍ മാപ്പ് പറഞ്ഞില്ല എന്ന് മാത്രമല്ല, ഈ വിധിയേയും ഈ വിചാരണയേയും ഇന്ത്യയ്ക്ക് നേരെയുള്ള ബ്രിട്ടീഷുമാരുടെ ആക്രമണത്തിന്റെ ഉദാഹരണമാക്കി മാറ്റി. ദേശീയ പ്രസ്ഥാനം ശക്തിയാര്‍ജ്ജിച്ചിരുന്ന ആ നാളുകളില്‍ ചേറ്റൂരിന്റെ നിലപാട് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിനുള്ള ഇന്ധനമായിരുന്നു. 1934-ല്‍, 77-ാം വയസില്‍, സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ അന്തരിച്ചു.  C. Sankaran Nair: A towering figure of great stature that couldn’t be easily conquered by Hindutva

 

Content Summary; C. Sankaran Nair, a figure beyond Hindutva’s grasp

 

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×