July 17, 2026 |
Share on

​’ഗർഭച്ഛിദ്രം നടത്തുന്ന സ്ത്രീകൾ കൊലപാതകികൾ, ട്രാൻസ്ജെൻഡറിസം ഒരു മാനസിക രോ​ഗം’; ചാർലി കിർക്കെന്ന വിവാദ നായകൻ

കിർക്കിന്റെ വിവാ​ദ പരാമർശങ്ങളെടുത്ത് നോക്കിയാൽ ഒരു നീണ്ട പട്ടിക തന്നെ കാണും

അമേരിക്കൻ രാഷ്ട്രീയത്തിലും ട്രംപ് സാമ്രാജ്യത്തിലും ഒരു സ്ഥാനം നേടിയെടുക്കാൻ സാധിച്ച വ്യക്തിയാണ് ചാർലി കിർക്ക്. ട്രംപിന്റെ പ്രിയ സുഹൃത്ത് കൂടിയായ കിർക്കിന്റെ മരണം അമേരിക്കയെയാകെ ഞെട്ടലിലാക്കിയിരുന്നു. 31 കാരനായ കിര്‍ക്ക് യൂട്ടാ വാലി സര്‍വകലാശാല കാമ്പസിലെ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് വെടിയേറ്റ് മരിക്കുന്നത്. അമേരിക്കൻ രാഷ്ട്രീയത്തിലെ വിവാദ നായകനെന്നാണ് കിർക്ക് അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ വംശജർക്കും, സ്ത്രീകൾക്കും, ട്രാൻസ്ജെൻഡർ വ്യക്തികൾക്കും, പലസ്തീൻ ജനതയ്ക്കുമെതിരെ വംശീയപരവും മോശവുമായ പരാമർശങ്ങൾ നടത്തിയിട്ടുള്ള വ്യക്തികളിൽ പ്രധാനിയാണ്.  ചാർലി കിർക്കിന്റെ വിവാ​ദ പരാമർശങ്ങളെടുത്ത് നോക്കിയാൽ ഒരു നീണ്ട പട്ടിക തന്നെ കാണും.

ഇന്ത്യ വിരുദ്ധ പരാമർശങ്ങൾ

അടുത്ത കാലത്തായി കിർക്ക് ഇന്ത്യാക്കാർക്കെതിരെ പ്രകോപനപരവും വംശീയവുമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇന്ത്യക്കാരെ കൊണ്ട് അമേരിക്ക നിറ‍ഞ്ഞുവെന്ന് ചാൾസ് കിർക്ക് സെപ്റ്റംബർ 2ന് തന്റെ എക്സിൽ കുറിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള ആളുകൾക്ക് ഇനി അമേരിക്ക വിസ നൽകേണ്ട. ഇതുപോലെ അമേരിക്കൻ തൊഴിലാളികളെ മാറ്റിനിർത്തിയ മറ്റൊരു നിയമപരമായ കുടിയേറ്റം ഇല്ലായിരിക്കാം. മതിയായി ഇനി നമ്മുടെ സ്വന്തം ആളുകൾക്ക് മുൻഗണന നൽകാമെന്ന് ചാൾസ് കിർക്ക് വ്യക്തമാക്കി. ഇന്ത്യയ്ക്ക് മേൽ തീരുവ ഏർപ്പെടുത്തിയതിന്റെ പ്രതികാരമായി ട്രംപിനെതിരായ സാമൂഹിക മാധ്യമ പ്രചാരണങ്ങൾക്ക് ഇന്ത്യ പണം നൽകുന്നുണ്ടെന്ന് കിർക്ക് ആരോപിച്ചിരുന്നു. ഈ പ്രൊഫൈലുകൾക്ക് പണം നൽകുന്നത് ആരാണ്, എത്രയാണ് അവർക്ക് ലഭിക്കുന്നത്? നമുക്ക് ഇതിന് ഉത്തരം ലഭിക്കണം കിർക്ക് എക്സിൽ കുറിച്ചു. അതേ ദിവസം തന്നെ, ഇന്ത്യയിലേക്കുള്ള ഔട്ട്‌സോഴ്‌സിങ് തടയാൻ ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതിനെ കിർക്ക് പ്രശംസിച്ചു.

ഗാസവിരുദ്ധ പരാമർശങ്ങൾ

ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തെ ചാൾസ് കിർക്ക് ശക്തമായി പിന്തുണച്ചിരുന്നു. ഗാസയിലെ പട്ടിണികിടക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ വൈകാരികവും ദൃശ്യപരവുമായ യുദ്ധതന്ത്രമാണെന്നും കിർക്ക് ആരോപിച്ചു. 2023-ൽ മുസ്ലീങ്ങൾക്കെതിരെയും അദ്ദേഹം വംശീയ പരാമർശങ്ങൾ നടത്തിയിരുന്നു. ഹമാസ് നടത്തുന്ന മുസ്ലീങ്ങൾക്ക് ഭൂമിയിലുള്ള ഓരോ ജൂതനെയും കൊല്ലാൻ കഴിയുമെന്ന് വിശ്വാസമുണ്ട്. അത് നിലനിൽക്കുന്നത് വരെ ഈ യുദ്ധം നിർത്താൻ കഴിയില്ലന്ന് കിർക്ക് പറഞ്ഞു.

സ്ത്രീവിരുദ്ധ പരാമർശങ്ങൾ

റൈറ്റ്-വിംഗ് കമന്റേറ്ററായ ചാൾസ് കിർക്ക് സ്ത്രീകളെക്കുറിച്ച് നിരവധി മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും ഒടുവിലത്തേത് മരണത്തിന് ദിവസങ്ങൾക്ക് മുൻപ്, സെപ്റ്റംബർ 8-നാണ്. ലോറ ഇംഗ്രാഹാമിന്റെ ഫോക്സ് ന്യൂസ് ഷോയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, യുവതികൾ കുട്ടികളുണ്ടാകുന്നതിന് പ്രാധാന്യം നൽകുന്നില്ലെന്ന് കിർക്ക് ആരോപിച്ചു. ഇതാണ് പാശ്ചാത്യ രാജ്യങ്ങളിൽ പ്രത്യുത്പാദന നിരക്ക് കുറയുന്നതിന്റെ ഒരു കാരണം,കിർക്ക് പറഞ്ഞു. ഓഗസ്റ്റിൽ, ലക്ഷക്കണക്കിന് യുവ അമേരിക്കൻ സ്ത്രീകളുടെ ആരാധനാപാത്രമായ ടെയ്ലർ സ്വിഫ്റ്റിനോട് കിർക്ക് വിവാഹം കഴിക്കാനും ധാരാളം കുട്ടികളുണ്ടാക്കാനും ആവശ്യപ്പെട്ടിരുന്നു.

​ഗർഭച്ഛിദ്ര വിരുദ്ധമായ പരാമർശങ്ങൾ

ഗർഭഛിദ്രത്തിന്റെ കാര്യത്തിൽ കർക്കശമായ നിലപാടാണ് കിർക്ക് സ്വീകരിച്ചിരുന്നത്. ഒരു ചർച്ചയ്ക്കിടെ, പ്രായപൂർത്തിയാകാത്ത സ്വന്തം മകൾ ബലാത്സംഗത്തിനിരയായി ഗർഭിണിയായാൽ എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോൾ, ആ കുഞ്ഞിനെ പ്രസവിക്കും എന്നാണ് കിർക്ക് മറുപടി പറഞ്ഞത്
ബലാത്സംഗം, ലൈംഗിക ബന്ധത്തിലൂടെയുള്ള ഗർഭധാരണം തുടങ്ങിയ കേസുകളിൽ പോലും ഗർഭഛിദ്രത്തിന് ഇളവുകൾ നൽകരുതെന്ന നിലപാടാണ് വലതുപക്ഷ പ്രസ്ഥാനത്തിലെ പലർക്കുമുള്ളത്. ആ നിലപാടിനോട് കിർക്കും യോജിക്കുന്നുണ്ട്. ഗർഭഛിദ്രത്തെ നന്മയും തിന്മയും തമ്മിലുള്ള ആത്മീയ പോരാട്ടമായി കിർക്ക് നിരന്തരം ചിത്രീകരിച്ചിരുന്നു. ഗർഭഛിദ്രം നടത്തുന്ന സ്ത്രീകൾ കൊലപാതകം ചെയ്തതായി അദ്ദേഹം ആരോപിച്ചു.

ട്രാൻസ് വിരുദ്ധ പരാമർശങ്ങൾ

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കെതിരെ കിർക്ക് കടുത്ത നിലപാടുകളാണ് സ്വീകരിച്ചിരുന്നത്.14 വയസ്സുള്ള ഒരു കുട്ടിയുടെ സ്തനങ്ങൾ മുറിച്ചുമാറ്റുന്നത് ഭീകരവും അസ്വസ്ഥജനകവുമാണ് എന്നും കിർക്ക് ഒരിക്കൽ പറഞ്ഞിരുന്നു. 2024 സെപ്റ്റംബറിൽ കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ സംസാരിക്കവെ, ട്രാൻസ്ജെൻഡറിസം ഒരു മാനസിക രോഗമാണ്… ട്രാൻസ്ജെൻഡറിസം കാരണം കഷ്ടപ്പെടുന്ന ആളുകൾക്ക് ആരോഗ്യവും പരിചരണവും ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം എനിക്ക് അവരോട് സഹാനുഭൂതിയുണ്ടെന്നും കിർക്ക് പറഞ്ഞു. ട്രാൻസ് പ്രസ്ഥാനം പ്രകൃതി നിയമങ്ങൾക്ക് എതിരാണെന്നും ഒരിക്കൽ പറഞ്ഞു.

കറുത്തവർ​ഗക്കാർക്കെതിരായ പരാമർശങ്ങൾ

ചാൾസ് കിർക്ക് കറുത്തവർഗ്ഗക്കാർക്കെതിരെ വംശീയ പരാമർശങ്ങൾ നടത്തിയിരുന്നു. വൈവിധ്യം, തുല്യത, തുടങ്ങിയ ആശയങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. അഫർമേറ്റീവ് ആക്ഷൻ (സംവരണ നയം) ഒരു തിന്മയാണെന്ന് 2023-ൽ കിർക്ക് വിമർശിച്ചു.
2023-ൽ, മിഷേൽ ഒബാമ, ജോയ് റീഡ്, ഷീല ജാക്‌സൺ ലീ, കെതൻജി ബ്രൗൺ ജാക്സൺ എന്നിവരുൾപ്പെടെ നിരവധി കറുത്തവർഗ്ഗക്കാരായ സ്ത്രീകളെയും അദ്ദേഹം വിമർശിച്ചു. കൂടാതെ, 2021ൽ യു.എസ്. പോലീസ് കൊലപ്പെടുത്തിയ ജോർജ്ജ് ഫ്ലോയിഡിനെ കിർക്ക് മാന്യതയില്ലാത്തവനെന്നാണ് വിശേഷിപ്പിച്ചത്. അയാൾ ഈ ലഭിക്കുന്ന ലോകശ്രദ്ധയ്ക്ക് യോഗ്യനല്ലെന്ന് ആരോപിക്കുകയും ചെയ്തു.

content summary: calls abortion murder and labels transgenderism a mental illness, Charlie Kirk the controversial hero

Leave a Reply

Your email address will not be published. Required fields are marked *

×