June 18, 2025 |

ഡോഡോകള്‍ തിരിച്ചുവരുമോ അഥവ വംശമുയിര്‍പ്പുകള്‍ യാഥാര്‍ത്ഥ്യമാവുമോ?

ഒരു ജീവിയുടെ ഭൂമിയില്‍നിന്നുള്ള ഇല്ലാതാക്കലിനു മനുഷ്യന്‍ കാരണമാവുന്നതിന്റെ ഏറ്റവും കൃത്യമായ ദൃഷ്ടാന്തമാണ് ഡോഡോ

ഡോഡോ എന്ന പക്ഷിയെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല. പറക്കാനാവാത്തവരായിരുന്നു ഡോഡോകള്‍. വംശമറ്റുപോയവരും. ഇന്ത്യന്‍ സമുദ്രത്തിലെ മാന്ത്രികദ്വീപായ മൊറീഷ്യസില്‍ പ്രാവുവര്‍ഗ്ഗത്തില്‍പ്പട്ട ഡോഡോയുടെ പൂര്‍വ്വികര്‍ എത്തിയത് രണ്ടരക്കോടി വര്‍ഷങ്ങള്‍ക്കു മുമ്പായിരിക്കണം. പേടിക്കാനാരുമില്ലാത്ത സ്വസ്ഥജീവിതമായിരുന്നു അവര്‍ക്കവിടെ. പ്രകൃതി അതിന്റെ അത്ഭുതകരമായ തിരഞ്ഞെടുപ്പില്‍ ഡോഡോയ്ക്ക് ഒരു ശത്രുവിനെ കൊടുക്കാന്‍ മറന്നുപോയെന്നു കാല്പനികമായി ചിന്തിക്കാം വേണമെങ്കില്‍. തനിക്കപകടം വരുത്തുന്ന മറ്റൊരു ജീവിയെ തലമുറകളായി ഡോഡോകള്‍ക്ക് പരിചയമുണ്ടായിരുന്നില്ല. അങ്ങനെ തീര്‍ത്തും നിഷ്‌കളങ്കരായി ആ പറക്കാപ്പക്ഷികള്‍ മൊറീഷ്യസ് ദീപുകളില്‍ ലളിതജീവിതം നയിച്ചുപോന്നു. സസുഖം വാണ ഇവരുടെ തല കാലക്രമേണ ചെറുതായി. കൊക്ക് വലുതായി വളഞ്ഞു. ശരീരം കൊഴുത്തു വലിപ്പവും വെച്ചു. ഒരു മീറ്ററോളം പൊക്കവും. കണ്ടാലൊരു ഹാസ്യകഥാപാത്രമെന്നു ഇവനെ ആദ്യമായി കണ്ട മനുഷ്യനു തോന്നിയതില്‍ അത്ഭുതമില്ലായിരുന്നു. പേടിയില്ലാതെ, രക്ഷപ്പെടാനുള്ള വഴികളുടെ ആവശ്യമേതും ഇല്ലാതെ അവര്‍ സ്വര്‍ഗ്ഗവാസികളെന്നോണം മൊറീഷ്യസില്‍ കാലാകാലം കഴിഞ്ഞു. തലമുറകളിലൂടെ ഡോഡോ തീര്‍ത്തുമൊരു പറക്കാപ്പക്ഷിയായി. എന്തിനു പറക്കണം? തീറ്റയ്ക്ക് ലോഭമില്ലാത്ത ഈ വശ്യമനോഹരഭൂമിയില്‍ വെറുതെ നടന്നാല്‍ തന്നെ ജീവിതം സുഖമയം എന്നു വന്നപ്പോള്‍ ജനിതകപരിണാമവഴി എന്നാലങ്ങനെയാവട്ടെ എന്നു തീരുമാനിച്ചു കാണും. അതിജീവനമാണല്ലോ പരിണാമത്തിന്റെ കാതല്‍.

ഒടുവില്‍, 1500-നു ശേഷം ഡോഡോയുടെ കാലനെത്തി. മനുഷ്യന്റെ രൂപത്തില്‍. കാര്യങ്ങളെല്ലാം അതോടെ തകിടം മറിഞ്ഞു. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ അറബികളും പറങ്കികളുമായിരിക്കണം ഇവിടെയാദ്യം വന്നവര്‍. പക്ഷെ, അവരാരും തന്നെ ഇങ്ങനെയൊരു പക്ഷിയെ കണ്ടതായി പറയുന്നില്ല. പിന്നീട്, ഡച്ചുകാര്‍ ഈ ദ്വീപ് കൈക്കലാക്കി. ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ഒരു കപ്പല്‍ കേന്ദ്രമായും മൊറീഷ്യസ് മാറി. 1598-ല്‍ ഡച്ച് അഡ്മിറല്‍ യാക്കോബ് വാന്‍ നെക്ക് ആണ് ആദ്യമായി ഡോഡോയെ കണ്ടതായി എഴുതുന്നതും അതിനെ വരയ്ക്കുന്നതും. നാവികരെ സംബന്ധിച്ചിടത്തോളം ഈ പക്ഷിയില്‍ ഒരേയൊരു താല്പര്യമേ ഉണ്ടായിരുന്നുള്ളു. കൊന്നുതിന്നുക എന്നതു മാത്രം. നല്ല വലിപ്പമുള്ള പക്ഷിയായതിനാല്‍ ചുട്ടുതിന്ന ശേഷം ബാക്കി ഉപ്പിലിട്ടു സൂക്ഷിക്കുകയായിരുന്നു പതിവ്. ഏറ്റവും തമാശയെന്തെന്നുവെച്ചാല്‍ അന്നത്തെ ഡച്ച് എഴുത്തുകള്‍ പ്രകാരം യാതൊരു സ്വാദുമില്ലാത്തതാണ് ഡോഡോയുടെ ഇറച്ചിയത്രെ. എന്നിട്ടും കൊന്നുതീറ്റയ്ക്കു കുറവൊന്നുമുണ്ടായില്ല. മിക്ക പക്ഷികളിലുമെന്നപോലെ രണ്ട് ആമാശയങ്ങളുണ്ട് ഡോഡോയ്ക്ക്. ക്രോപ്പും ഗിസാര്‍ഡും. ഇതില്‍ ഗിസാര്‍ഡിന് അസാധ്യസ്വാദാണെന്നായിരുന്നു ഡച്ചുകാരുടെ മറ്റൊരു കണ്ടുപിടുത്തം. പോരാത്തതിനു നല്ല മാംസളശരീരമായിരുന്നതിനാല്‍ രണ്ടുമൂന്നു പേരുടെ വിശപ്പു മാറ്റാന്‍ ഒരൊറ്റ ഡോഡോ മതി. അപകടം എന്തെന്നറിയാത്ത ഡോഡോയെ പിടിക്കാനും എളുപ്പമായിരുന്നു. ഡോഡോയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിനാശകരമായത് അതിന് മനുഷ്യനെ പേടിയുണ്ടായിരുന്നില്ല എന്നതായിരുന്നു. ലോകത്തിലെ ഏറ്റവും ക്രൂരനായ ഇരുകാലിമൃഗത്തെ ആ പാവം പക്ഷി കണ്ണുമടച്ചു വിശ്വസിച്ചു. എന്തായാലും ഡച്ചുകാര്‍ക്ക് കുശാലായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

dodo

താമസിയാതെ ഡോഡോകളെ പിടികൂടി കയറ്റുമതിയും തുടങ്ങി. യൂറോപ്പിലും ഇന്ത്യയിലും കിഴക്കന്‍ രാജ്യങ്ങളിലും ഡോഡോ എത്തി. പക്ഷെ, എന്തുകൊണ്ടോ ഒന്നുപോലും അധികകാലം ജീവിച്ചില്ല. ആ മൃതഡോഡോകളുടെ ചില അവശിഷ്ടങ്ങള്‍ യൂറോപ്പിലെ മ്യൂസിയങ്ങളില്‍ ഇപ്പോഴും കാണാം.

പതിനേഴാം നൂറ്റാണ്ടില്‍ മൊറീഷ്യസിലെ ജനസഖ്യ അമ്പതിലധികം പോകാനിടയില്ല. അതുകൊണ്ട് എത്ര തിന്നാലും ഡോഡോകള്‍ ഇല്ലാതായിപ്പോവുകയൊന്നുമില്ല എന്നൊരു വാദമുണ്ട്. പക്ഷെ, മനുഷ്യരുടെ കൂടെ ഈ ദ്വീപിലെത്തിയ മറ്റു ചിലരുണ്ടായിരുന്നു. നായ്ക്കള്‍, പന്നികള്‍, പൂച്ച, എലികള്‍, കുരങ്ങുകള്‍ എന്നിവ. അധിനിവേശക്കാരെപ്പോലെ അവര്‍ പെരുമാറി. ഇതില്‍ ആരൊക്കെയാണ് ഡോഡോയെ ചതിച്ചത് എന്നുറപ്പില്ല. എന്തായാലും, ഇക്കൂട്ടരുടെ വരവോടെ ഡോഡോകളുടെ കൂടുകളില്‍ നിന്ന് മുട്ടകള്‍ നഷ്ടപ്പെടുന്നതു പതിവായി. വര്‍ഷത്തില്‍ ഒരു മുട്ട മാത്രം ഇടുന്ന ഡോഡോയെ സംബന്ധിച്ചിടത്തോളം അതൊരു വല്ലാത്ത ഭീകരപ്രവര്‍ത്തനം തന്നെയായിരുന്നു. അങ്ങനെ മനുഷ്യരും കൂടെ വന്നവരും ചേര്‍ന്നു ഒരു പാവം സ്പീഷീസിനെ അട്ടിമറിച്ചു. അവന്റെ വംശം കുറ്റിയറ്റു.

1662-ല്‍ ഒരു കപ്പല്‍ച്ചേതത്തെത്തുടര്‍ന്ന് മൊറീഷ്യന്‍ ദ്വീപുകളിലെത്തിയ വോള്‍ക്കെര്‍ട്ട് എവര്‍ട്ട്‌സ് ആണ് അവസാനമായി ഡോഡോയെ ജീവനോടെ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്. എങ്കിലും, ശാസ്ത്രജ്ഞന്മാരുടെ നിഗമനം അവസാനത്തെ ഡോഡോ അപ്രത്യക്ഷമായത് 1688-1715 കാലത്തെപ്പോഴോ ആയിരിക്കണമെന്നാണ്. ‘ഡോഡോയെപ്പോലെ ശപിക്കപ്പെട്ടത്’, ‘ഡോഡോയെന്നോണം ചത്തത്’ എന്നീ ഭാഷാപ്രയോഗങ്ങള്‍ ഒരിക്കലും തിരിച്ചുവരാനാവാത്ത ആ അന്ത്യവിധിയെ സൂചിപ്പിക്കുന്നതായി പ്രചാരത്തില്‍ വന്നു.

എന്തായാലും ഇന്നേക്കു രണ്ടേകാല്‍ നൂറ്റാണ്ടായി ഡോഡോ എന്ന അപൂര്‍വ്വപക്ഷിക്ക് വംശംനാശം സംഭവിച്ചിട്ട്. മനുഷ്യന്‍ മൊറീഷ്യസ് ദ്വീപില്‍ ചെന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ, ഇന്നും ആ പാവം പറക്കാപ്പക്ഷികള്‍ അവിടെത്തന്നെ ഉണ്ടായിരുന്നേനേ. ഒരു ജീവിയുടെ ഭൂമിയില്‍നിന്നുള്ള ഇല്ലാതാക്കലിനു മനുഷ്യന്‍ കാരണമാവുന്നതിന്റെ ഏറ്റവും കൃത്യമായ ദൃഷ്ടാന്തമാണ് ഡോഡോ. അതൊരു വലിയ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്; നമ്മള്‍ സഹജീവജാലങ്ങളോടു സൂക്ഷിക്കേണ്ട കരുതലിന്റെ.

എന്നാല്‍ ഡോഡോയുടെ കഥയിവിടെ തീരുന്നില്ല. ഇതിനൊരു രണ്ടാം ഭാഗം കൂടിയുണ്ട്.

dodo

മൊറീഷ്യസിന്റെ ജനിതകത്തില്‍ ഒരുകാലത്ത് ഇഴുകിച്ചേര്‍ന്നിരുന്ന ഈ ഐതിഹാസിക പറവയെ മനുഷ്യനാണല്ലോ ഇല്ലാതാക്കിയത് എന്നതിലെ നിരാശ മൊറീഷ്യസ് വന്യജീവി ഫൗണ്ടേഷന്റെ സാരഥി വികാഷ് തത്തായന്റെ വാക്കുകളില്‍ മുഴങ്ങുന്നത് മനുഷ്യരാശിയുടെ പശ്ചാത്താപമായാണ്. അതാകട്ടെ പ്രായശ്ചിത്തം എന്ന നിലയിലുള്ള ചിന്തയായി. അങ്ങനെയാണ്, കൊളോസല്‍ ബയോസയന്‍സസ് എന്ന അമേരിക്കന്‍ സംഘടനയുമായുള്ള സഹകരണത്തിലേക്കു നയിച്ചത്.

അതില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫസര്‍ ആള്‍ട്ട ചാരോ പറയുന്നതു കേള്‍ക്കൂ: ‘നമ്മുടെ ഭൂഗോളത്തിന്റെ മുറിവുണക്കേണ്ടതു നമ്മുടെ കടമയാണ്. ഭാവിതലമുറയ്ക്കു വേണ്ടി അതിനെ നിലനിര്‍ത്തേണ്ടതുണ്ട്. ആധുനിക ജനിതകശാസ്ത്രത്തിന്റെ നൈതികമായ ഉപയോഗത്തിലൂടെ നമുക്കതു സാധിക്കും. മനുഷ്യന്റെ തെറ്റുതിരുത്തി, ഡോഡോയെ ഒരിക്കല്‍ക്കൂടി ഈ ഭൂമിയില്‍ ജീവനോടെ നടത്തിക്കാന്‍ നമുക്കാവും. വംശനാശത്തില്‍ നിന്നുള്ള ഒരു തിരിച്ചുനടപ്പ്. അതു ഞങ്ങള്‍ സാധിച്ചെടുക്കും. അതു നമ്മുടെ ഭൂമിയെ നാശത്തില്‍ നിന്നു തടയല്‍ കൂടിയാണ്’.

വിനാശവഴിയില്‍ ഇല്ലാതായ ജീവികളെ തിരിച്ചുകൊണ്ടുവരുന്നതിനെ ഇന്നു നാം ഡീ-എക്സ്റ്റിംഗ്ഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളത്തില്‍ ഞാനിതിനെ വംശമുയിര്‍പ്പ് എന്നു വിളിക്കട്ടെ.

നൂതനജനിതകതന്ത്രമാണ് വംശമുയിര്‍പ്പിന്റെ അടിസ്ഥാനമെന്നു കൊളോസലിന്റെ മുഖ്യമൃഗകാര്യദര്‍ശി മാറ്റ് ജെയിംസ് പറയുന്നു. മൃഗസംരക്ഷണത്തിലെ ഇളക്കമില്ലാത്ത സമര്‍പ്പണമാണ് കൊളോസലിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. വിപ്ലവകരമായ ജനിതകരീതികളിലൂടെ ഇതുവരേയ്ക്കും ആരും സാധ്യമാകുമെന്നു വിചാരിക്കാത്ത പാതകളാണവര്‍ താണ്ടുന്നതും. ജനിതകശാസ്ത്രപഠനങ്ങളാണ് ഒരു സ്പീഷീസിന്റെ ഭാവിയിലേക്കുള്ള വിളക്കുമാടങ്ങള്‍. അതിലൂടെ കുറ്റിയറ്റ മൃഗങ്ങള്‍ക്ക് ഭൂമിയിലിനിയും തിരിച്ചുവരാനാവുമെന്നവര്‍ വിശ്വസിക്കുകയും ചെയ്യുന്നു.

dodo

ഒരു ജീവിയുടെ വംശമുയിര്‍പ്പ് നടത്താന്‍ ഏറ്റവും ആദ്യമായി വേണ്ടത് ആ ജീവിയുടെ ജനിതകം അഥവാ ജീനോം കൃത്യമായി മനസ്സിലാക്കിയെടുക്കുക എന്നതാണ്. രണ്ടാമത്തേത്, പക്ഷിയുടെ ആദികോശങ്ങളെ വളര്‍ത്തിയെടുക്കുക്കുകയും. എളുപ്പമേയല്ല ആ ശ്രമം. അനേകം കടമ്പകളുള്ള ഏര്‍പ്പാടാണത്. മൂന്നാമത്തേതാകട്ടെ അങ്ങനെ വളര്‍ത്തിയെടുത്ത ആദികോശങ്ങളെ മറ്റൊരു പക്ഷിയില്‍ ഉദാഹരണത്തിനു കോഴിയിലോ മറ്റോ വളര്‍ത്തുക എന്നതും.

ബെത്ത് ഷാപ്പിറോ എന്ന പുരാജനിതകവിദഗ്ധനാണ് ഡോഡോയുടെ പൂര്‍ണ്ണജനിതകം ആദ്യമായി അടയാളപ്പെടുത്തിയത്. ഈയ്യിടെ ഡോഡോയുടെ ബന്ധുവായ റൊഡ്രിഗസ് സൊലിറ്റയര്‍ എന്ന വംശമറ്റുപോയ പക്ഷിയുടേയും, ഇന്നു ജീവിച്ചിരിക്കുന്ന അടുത്ത ബന്ധുവായ നിക്കൊബാര്‍ പ്രാവിന്റേയും ജനിതകം ഇന്നു നമുക്കറിയാം. നിക്കൊബാര്‍ പ്രാവിന്റെ അണ്ഡാശയത്തിന്റേയും വൃഷണത്തിന്റേയും ആദികോശങ്ങളെ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിനെ കോഴിയുടെ ഭ്രൂണത്തില്‍ വളര്‍ത്തിയെടുക്കാനും കഴിഞ്ഞു. ഇനിയതിനെ ബീജമോ അണ്ഡമോ ആക്കി വളര്‍ത്താനാവണം. ഇത്തരത്തിലുള്ള യുഗ്മജീവികളുടെ പ്രത്യുത്പാദനം ജനിതകശാസ്ത്രത്തിലെ സുപ്രധാന ചുവടുവെയ്പാണ്. ഇപ്പോള്‍ത്തന്നെ ഇത്തരത്തില്‍ താറാവില്‍ നിന്നു കോഴിയെ ഉണ്ടാക്കാനൊക്കെ സാധിച്ചു കഴിഞ്ഞു എന്നോര്‍ക്കണം.

ആദ്യമായി ചെയ്യാന്‍ പോകുന്നത് ഡോഡോയുടേയും സൊലിറ്റയറിന്റേയും ജനിതകം നിക്കൊബാര്‍ പ്രാവില്‍ കുത്തിവെച്ച്, വ്യത്യാസങ്ങള്‍ മനസ്സിലാക്കി, നിക്കൊബാര്‍ പ്രാവിന്റെ ആദികോശങ്ങളില്‍ നടത്തുന്ന ജനിതക തിരുത്തലുകളിലൂടെ ഡോഡോയെന്ന ജീവിയുടെ ഭൗതികരൂപത്തിലേക്കു നയിക്കുന്ന വളര്‍ച്ച സാധ്യമാക്കുക എന്നതാണ്. ഡോഡോയുടെ ഈ ആദികോശങ്ങളെ പിന്നീട് കോഴിയുടെ ഭ്രൂണത്തിലേക്കു കുത്തിവെയ്ക്കും. അവിടെ ആ കോശങ്ങള്‍ വളരും. ഒടുവില്‍ ഒരു കോഴിയില്‍ നിന്നും ഒരു ഡോഡോ ഉണ്ടാകും. നമ്മള്‍ ചിത്രങ്ങളിലൂടെ കണ്ടിട്ടുള്ള, എന്നാല്‍ ഇന്ന് ജീവിച്ചിരിപ്പില്ലാത്ത അതേ ഡോഡോ!

dodo

പക്ഷെ, എന്നാണിതു സംഭവിക്കാന്‍ പോകുന്നത് എന്നതിനു മാറ്റ് ജെയിംസ് ഉത്തരം പറയുന്നില്ല. എന്തായാലും, ഒരുമിച്ച് കൂടുതല്‍ ജനിതക പരീക്ഷണങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന എഡിറ്റിംഗ് ഉപകരണങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. പിന്നെ നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ ഇതെല്ലാം വേഗത്തിലാവുകയും ചെയ്യും. റോബോട്ടുകളെന്നോണം ജനിതകക്രിയകള്‍ ത്വരിതപ്പെടാനാണ് പോകുന്നത്.

ഡോഡോ മനുഷ്യനുണ്ടാക്കിയ വംശനാശത്തിന്റെ മകുടോദാഹരണമാണ്. പ്രകൃതിയോടുള്ള കരുതലില്ലായ്മയുടേയുമതെ. ഇന്ന് കൊളോസല്‍ ബയോസയന്‍സസ് ആ ചീത്തപ്പേര് മായ്ക്കാനുള്ള നിശ്ചയത്തിലാണ്. മൊറീഷ്യസ് സര്‍ക്കാറിന്റെ സഹായത്തോടെ ഡോഡോയുടെ വംശമുയിര്‍പ്പിനു അവര്‍ ഒരുമ്പെട്ടുകഴിഞ്ഞു. ഇതോടൊപ്പം തന്നെ മൊറീഷ്യന്‍ വന്യജീവി ഫൗണ്ടേഷന്‍ വംശമുയിര്‍പ്പിലൂടെ തിരിച്ചുവരാന്‍ പോകുന്ന ഡോഡോയ്ക്കു വേണ്ടി കാടുകള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഈ വിശിഷ്ടാതിഥിക്കു വേണ്ടിയുള്ള നീഡമാതൃകകളും തയ്യാര്‍. ഡോഡോയ്ക്കു പറ്റിയ ആവാസവ്യവസ്ഥ ഇന്നത്തെ മൊറീഷ്യസില്‍ ഉണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു പറയേണ്ടിവരും. അതാണ്, ഇത്രയധികം തയ്യാറെടുപ്പുകള്‍ക്കു ഈ മരതകദ്വീപ് വേദിയാവുന്നത്. മനുഷ്യവാസമില്ലാത്ത ‘റൗണ്ട് ദ്വീപ്, ഐഗ്രറ്റ് ദ്വീപ് എന്നിവയാണ് അതിനു വേണ്ടി മാറ്റിവെച്ചിരിക്കുന്നത്.

എലി, പൂച്ച, പന്നി, നായ, കുരങ്ങ്, കീരി, കാക്ക എന്നിവയൊന്നും ഇല്ലാത്ത ഒരു ലോകമായിരിക്കുമത്.

ഡോഡോയുടെ തിരിച്ചുവരവ് വംശനാശത്തിനടുത്തു നില്ക്കുന്ന ചില സസ്യങ്ങള്‍ക്കു സഹായകവുമാവുമെന്നും കരുതുന്നു. ഈ സസ്യങ്ങളുടെ വിത്തുവിതരണം പണ്ട് ഡോഡോയിലൂടെ ആയിരുന്നത്രെ. ഡോഡോയുടെ തിരിച്ചുവരവിനു വേണ്ടി മൊറീഷ്യസുകാര്‍ക്കൊപ്പം ലോകം മുഴുവന്‍ കാത്തിരിക്കുന്നു.

പ്രകൃതി കോടിക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ടാണ് പ്രാവില്‍ നിന്ന് ഡോഡോയിലേക്കെത്തിയത്. എന്നാല്‍, വെറും ഇരുനൂറില്‍ താഴെ വര്‍ഷങ്ങള്‍കൊണ്ട് മനുഷ്യന്‍ അതിനെ ഇല്ലാതാക്കി. ഇനി എത്ര വര്‍ഷം കൊണ്ട് നാം ആ തെറ്റുതിരുത്തും? തീര്‍ച്ചയായും അധികം വേണ്ടിവരില്ല എന്നു ഉറപ്പു പറയാം. പ്രകൃതിയും ടെക്‌നോളജിയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായുകയാണോ എന്ന സംശയമതു ബാക്കിവെയ്ക്കുന്നുണ്ടെങ്കിലും.

ആര്‍ക്കറിയാം, വിദൂരഭാവിയില്‍ ഡൈനസോറുകളുടെ ജുറാസിക് പാര്‍ക്ക് ചിലപ്പോള്‍ ശരിക്കും സത്യമായേക്കുമോയെന്ന് അല്ലെങ്കില്‍ ഭീമാകാരന്മാരായ മാമത്തുകള്‍ ഇനിയും ഭൂമിയില്‍ നടക്കുന്നതു കാണാനാവുമോയെന്ന്?

കാത്തിരിക്കുക തന്നെ. അതേസമയം ഇതെല്ലാം ഒരു ഭസ്മാസുരനെ ഓര്‍മിപ്പിക്കുന്നുമുണ്ട്.
Can De-Extinction Efforts Bring Back the Dodo?

 

Content Summary; Can De-Extinction Efforts Bring Back the Dodo?

 

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി , അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ൽ യൂറോളജിസ്റ്റ്. പ്രശസ്ത എഴുത്തുകാരനും ക്വിസ് മാസ്റ്ററും യാത്രികനും. മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്.

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×