February 14, 2025 |

ഫഡ്‌നാവിസ് എന്ന കൗശലക്കാരന് ഇത്തവണ കാര്യങ്ങള്‍ അനുകൂലമാകുമോ?

ഈ തെരഞ്ഞെടുപ്പ് ബിജെപിക്കും ഫഡ്‌നാവിസിനും ഒരുപോലെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള പോരാട്ടമാണ്‌

രാഷ്ട്രീയ കൗശലതയ്ക്കും, ധാരണശേഷിക്കും. തിരിച്ചടികളെ തിരിച്ചുവരവുകളാക്കി മാറ്റാനുമുള്ള കഴിവിനും പേരു കേട്ട ഒരു രാഷ്ട്രീയക്കാരനാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപിയുടെ സംസ്ഥാനത്തെ പ്രധാനമുഖവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ഒരു യുവ മുനിസിപ്പല്‍ കൗണ്‍സിലറില്‍ നിന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിവരെയായി വളര്‍ന്ന നേതാവ്. ഈ യാത്ര അദ്ദേഹത്തിന്റെ പ്രതിരോധശേഷി, കണക്കുകൂട്ടിയ നീക്കങ്ങള്‍, അതോടൊപ്പം ആര്‍എസ്എസ്സുമായുള്ള ആഴത്തിലുള്ള പ്രത്യയശാസ്ത്രപരമായ ബന്ധം എന്നിവയാലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. നിയമസഭയില്‍ നാഗ്പൂര്‍ സൗത്ത് വെസ്റ്റിനെ പ്രതിനിധീകരിക്കുന്ന ഫഡ്നാവിസ്, മഹാരാഷ്ട്രയുടെ സങ്കീര്‍ണ്ണമായ, അനുദിനം വികാസം പ്രാപിക്കുന്ന രാഷ്ട്രീയ മണ്ഡലത്തിലെ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വമാണ്.

പൊളിറ്റിക്കല്‍ മാനേജ്മെന്റിന്റെ മാസ്റ്റര്‍
അടുത്തിടെ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് ഫഡ്‌നാവിസ് അഭിമുഖം നല്‍കിയിരുന്നു. ഈ അഭിമുഖത്തിലെ അദ്ദേഹത്തിന്റെ ചില പരാമര്‍ശങ്ങള്‍ രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ ‘അരാജകത്വ’, ‘തീവ്ര-ഇടതുപക്ഷ’ ആഖ്യാനങ്ങളെ നേരിടുന്നതില്‍ ബിജെപി പരാജയപ്പെട്ടതിനെക്കുറിച്ച് ഫഡ്നാവിസ് അഭിമുഖത്തില്‍ പറയുന്നുണ്ട്. സ്വന്തം പാര്‍ട്ടിയിലും തന്ത്രങ്ങളിലും അമിത ആത്മവിശ്വാസം പുലര്‍ത്തുന്ന നേതാവില്‍ നിന്ന് വ്യത്യസ്തമായി സ്വയം വിമര്‍ശനങ്ങള്‍ക്ക് തയ്യാറാകുന്ന അപൂര്‍വതയാണ് ആ ഏറ്റുപറച്ചിലില്‍ കാണാനാകുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ഉയര്‍ന്നുവന്ന പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസത്തെ നേരിടാന്‍ ബിജെപി പരാജയപ്പെട്ടുപോട്ടെന്നും, അത് പ്രതിപക്ഷത്തെ ശക്തിപ്പെടുത്തിയെന്നും ഫഡ്‌നാവിസ് സമ്മതിക്കുന്നു. അദ്ദേഹത്തിന്റെ സമ്മതം പാര്‍ട്ടിക്ക് സംഭവിച്ച തന്ത്രപരമായ പരാജയത്തെ മാത്രമല്ല, ബിജെപിയുടെ അമിത ആത്മവിശ്വാസത്തിനെതിരേയുള്ള ആ നേതാവിന്റെ വിമര്‍ശനം കൂടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെപിയും അവരുടെ പ്രത്യയശാസ്ത്ര പങ്കാളികളും പ്രതിപക്ഷത്തിനെതിരേ ശക്തിപ്പെട്ടിട്ടുണ്ടെന്നും, പ്രതിപക്ഷത്തിനെതിരേ താന്‍ ഉയര്‍ത്തിയ ‘അരാജകത്വ ശക്തികള്‍’ എന്ന ആരോപണത്തെ തന്റെ പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ടെന്നും ഫഡ്‌നാവിസ് പറയുന്നു.

Fadnavis-mohan bhagwat

സ്വയം പ്രതിഫലനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒരു മിശ്രിതം ഫഡ്നാവിസിന്റെ നേതൃത്വത്തിന്റെ മുഖമുദ്രയാണ്. തന്റെ സമകാലീനരില്‍ പലരില്‍ നിന്നും വ്യത്യസ്തമായി, ആവശ്യമുള്ളപ്പോള്‍ തെറ്റുകള്‍ സ്വയം സമ്മതിക്കുന്നതിനും അദ്ദേഹം വിമുഖത കാണിക്കുന്നില്ല. എന്നാല്‍ അതില്‍ തറച്ചിരിക്കാതെ എത്രയം വേഗത്തില്‍ തിരിച്ചു വരാനും അദ്ദേഹത്തിനറിയാം. രാഷ്ട്രീയ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രത്യയശാസ്ത്രപരമായ ‘കുടുംബത്തിന്റെ’ ശക്തി അദ്ദേഹം ഊന്നിപ്പറയും. അത് ആര്‍ എസ് എസ്സിനെക്കുറിച്ചാണ്. പ്രതിപക്ഷത്തെ നേരിടാന്‍ ആര്‍എസ്എസ്സിന്റെയും അനുബന്ധ പരിവാര്‍ സംഘടനകളുടെയും പേര് നേരിട്ട് പറയാതെ അവരെ അദ്ദേഹം പ്രശംസിക്കാറുണ്ട്. നേരിട്ടുള്ള രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കി പൊതു വ്യവഹാരങ്ങള്‍ രൂപപ്പെടുത്തുന്നതിന് തിരശ്ശീലയ്ക്ക് പിന്നില്‍ നില്‍ക്കുന്ന സംഘപരിവാറിനുള്ളില്‍ അദ്ദേഹത്തിന്റെ ആഴത്തിലുള്ള വേരുകളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണത്.

ഫഡ്നാവിസിന്റെ വീക്ഷണം- ആഖ്യാനങ്ങളുടെ യുദ്ധം
കേവലം പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളോട് മാത്രമല്ല ബിജെപിക്ക് എതിരിടേണ്ടതെന്നൊരു ലോകവീക്ഷണം കൂടി ഫഡ്‌നാവിസിനുണ്ട്. വിശാലമായ പ്രത്യയശാസ്ത്രപരമോ സാമൂഹികമോ സാമ്പത്തികമോ ആയ ‘ശക്തികള്‍’ക്കെതിരെ കൂടി ബിജെപി പോരാട്ടം നടത്തുകയാണെന്നാണ് ഫഡ്‌നാവിസ് കണക്കാക്കുന്നത്. പരമ്പരാഗത കക്ഷി രാഷ്ട്രീയത്തിന് അതീതമായ, കൂടുതല്‍ ആഴത്തിലുള്ള ഏറ്റുമുട്ടലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായാണ് ഫഡ്നാവിസിന് ബിജെപിയെക്കുറിച്ചുള്ള വീക്ഷണം.

ഫഡ്‌നാവിസ് പറയുന്ന ശക്തികളെ നേര്‍ക്കുനേര്‍ നേരിടാനുള്ള കഴിവില്ലായ്മയുടെ ഫലമായാണ് 2019 ലെ നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തെ അദ്ദേഹം കാണുന്നത്. അദ്ദേഹം ആരോപിക്കുന്നത്, ഇന്ത്യയുടെ ഭരണഘടനാ ചട്ടക്കൂടിനെ തകര്‍ക്കാനും ജനാധിപത്യ സ്ഥാപനങ്ങളിലുള്ള ബഹുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനും ‘അരാജകത്വവും തീവ്ര-ഇടതുപക്ഷ ശക്തികളും’ ശ്രമിക്കുന്നുവെന്നാണ്. പ്രത്യേകിച്ചും, മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ സമുദായങ്ങളെ ധ്രുവീകരിക്കുന്ന വിഭജന കളിയാണ് പ്രതിപക്ഷം കളിക്കുന്നതെന്നാണ് ഫഡ്നാവിസ് കുറ്റപ്പെടുത്തുന്നത്. ചില മണ്ഡലങ്ങളിലെ മുസ്ലീം വോട്ടിംഗ് രീതി എടുത്തു കാണിച്ചു കൊണ്ട് ഫഡ്‌നാവിസ് കോണ്‍ഗ്രസിനെ കടന്നാക്രമിച്ചിരുന്നു. വോട്ടിംഗ് ജിഹാദ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. തികച്ചും വര്‍ഗീയമാ ഈ പ്രസ്താവന ഫഡ്‌നാവിസിനെതിരേ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

വിമര്‍ശനങ്ങള്‍ക്കിടയിലും, ഈ ധ്രുവീകരണത്തെ രാജ്യത്തിന്റെ ഐക്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമായി മാറ്റാനാണ് ഫഡ്‌നാവിസ് ശ്രമിച്ചത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഈ ശക്തികളെ പ്രതിരോധിക്കുന്നത് ഒരു രാഷ്ട്രീയ പോരാട്ടമല്ല, മറിച്ച് രാജ്യത്തിന്റെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടമാണ്. സംഘപരിവാറിനുള്ളിലെ ഹിന്ദു ദേശീയ ശക്തികള്‍ ‘അരാജകത്വ’ പ്രത്യയശാസ്ത്രങ്ങള്‍ എന്ന് അദ്ദേഹം വിശേഷിപ്പിച്ചവര്‍ക്കെതിരേ നിലകൊള്ളുന്നവരാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങാതെ തന്നെ രംഗത്തിറങ്ങാന്‍ ആര്‍എസ്എസ് അനുബന്ധ സംഘടനകളോടുള്ള അദ്ദേഹത്തിന്റെ ആഹ്വാനം കൂടിയാണത്. ബിജെപിയുടെ ഉയര്‍ച്ചയ്ക്ക് ദീര്‍ഘകാലമായി ശക്തി പകരുന്ന പ്രത്യയശാസ്ത്ര യന്ത്രങ്ങളാണ് മേല്‍പ്പറഞ്ഞ ഹിന്ദുത്വ ശക്തികള്‍, അവയുടെ തന്ത്രപരമായ ഉപയോഗത്തെയാണ് ഫഡ്‌നാവിസ് ആവശ്യപ്പെടുന്നത്.

എല്ലായിപ്പോഴും പൊതുജന ശ്രദ്ധയില്‍ വരുന്നില്ലെങ്കില്‍ പോലും വിവിധ ഹിന്ദുത്വ ശക്തികളെ തിരശ്ശിലയ്ക്ക് പിന്നില്‍ നിന്ന് നയിക്കാനും നിയന്ത്രിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഫഡ്‌നാവിസിനെ പ്രസക്തനാക്കുന്നത്. പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ പോലും, മികച്ച വാക് ചാതുര്യം പുലര്‍ത്തുന്ന ഫഡ്‌നാവിസ് തന്റെ പാര്‍ട്ടിയുടെ ദീര്‍ഘകാല തന്ത്രത്തിന് പ്രയോജനപ്പെടുന്ന രീതിയില്‍ സംസാരിക്കുന്നതില്‍ അഗ്രഗണ്യനാണ്.

സഖ്യങ്ങളുടെ ശില്പി – മുഖ്യമന്ത്രി മുതല്‍ ഉപമുഖ്യമന്ത്രി വരെ
2019ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത് ഫഡ്നാവിസിന്റെ രാഷ്ട്രീയ ജീവിതത്തിലെ നാടകീയമായ വഴിത്തിരിവായിരുന്നു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം നല്‍കാത്ത ജനവിധിക്കൊടുവില്‍ അജിത് പവാറുമായി ചേര്‍ന്ന് ഉണ്ടാക്കിയ സര്‍ക്കാര്‍ ഫഡ്‌നാവിസിന് തിരിച്ചടിയായി മാറുകയായിരുന്നു. അജിത് പവാര്‍ തന്റെ പാര്‍ട്ടിയിലേക്ക് മടങ്ങിയതോടെ തിടുക്കപ്പെട്ടുണ്ടാക്കിയ ആ സഖ്യം തിരിച്ചടിച്ചു. ഫഡ്നാവിസിന് സ്ഥാനമൊഴിയുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാതായി. ആ ശ്രമം പരാജയപ്പെട്ടെങ്കിലും ഫഡ്‌നാസിനെ എഴുതി തള്ളാന്‍ അത് മതിയാകുമായിരുന്നില്ല. 2022ല്‍, ശിവസേനയെ പിളര്‍ത്തി, ഏകനാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഫഡ്നാവിസ് ഉപനായകനുമായ സഖ്യത്തിന്റെ പ്രധാന ശില്പിയായും ഫഡ്നാവിസ് തന്നെയായിരുന്നു.

അധികാരത്തിന്റെ ഇടനാഴികളിലേക്കുള്ള ഫഡ്നാവിസിന്റെ തിരിച്ചുവരവ് ഉപമുഖ്യമന്ത്രിയായിട്ടായിരുന്നു. ചില വിട്ടുവീഴ്ച്ചകള്‍ രാഷ്ട്രീയമായ കൗശലമാണെന്ന് ഫഡ്‌നാവിസിന് സ്വയം അറിയാവുന്ന കാര്യമാണ്. താന്‍ ഇരുന്നിരുന്ന കസേരയ്ക്ക് കീഴില്‍ ഇരിക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റ് പല രാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യത്യസ്തനായി ഫഡ്‌നാവിസ്. അവിടെയിരുന്ന തന്നെ തന്റെ സ്ഥാനം പരമാവധി പ്രയോജനപ്പെടുത്താനും സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയില്‍ കാര്യമായ സ്വാധീനം ചെലുത്താനും അദ്ദേഹത്തിന് സാധിച്ചു.

ഉപമുഖ്യമന്ത്രി എന്ന നിലയില്‍, ആഭ്യന്തരം പോലുള്ള പ്രധാന വകുപ്പുകള്‍ തന്നെ അദ്ദേഹം സ്വന്തമാക്കിയിരുന്നു. മഹാരാഷ്ട്രയുടെ ക്രമസമാധാന നില എങ്ങനെ കൈകാര്യം ചെയ്തുവെന്നത് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിശകലനം ചെയ്യപ്പെടുമെന്ന് ഉറപ്പ്. വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും വിശ്വസിക്കാനാകുന്നൊരു കാര്യനിര്‍വാഹകന്‍ എന്ന പ്രതിച്ഛായ നില നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് അദ്ദേഹം കരുതുന്നത്.

എതിര്‍പ്പിനെ നേരിടാനുള്ള ധൈര്യം
പ്രതിപക്ഷ നേതാക്കളുമായി, പ്രത്യേകിച്ച് എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസിയുമായി നിരവധി തവണയാണ് ഫഡ്‌നാവിസ് വാക് യുദ്ധങ്ങള്‍ നടത്തിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പൂര്‍വ്വികരെക്കുറിച്ചുള്ള ഒവൈസിയുടെ പരിഹാസത്തിന് ഫഡ്നാവിസിന്റെ പ്രതികരണം രാഷ്ട്രീയ വ്യവഹാരങ്ങളില്‍ പുലര്‍ത്തുന്ന പോരാട്ട സ്വഭാവത്തിന്റെ തെളിവാണ്. ”റസാക്കറുകളുടെ പിന്‍ഗാമി” എന്നായിരുന്നു ഒവൈസിയെ ഫഡ്‌നാവിസ് വിളിച്ചത്. സ്വതന്ത്ര ഇന്ത്യയിലേക്ക് ചേരാന്‍ വിസമ്മതിച്ച ഹൈദരാബാദ് നൈസാമിനെ പിന്തുണച്ച വിവാദ അര്‍ദ്ധസൈനിക വിഭാഗമാണ് റസാക്കുകള്‍. ഒവൈസിയെ ഒരു വിഘടനവാദിയില്‍ ചിത്രീകരിക്കാനായിരുന്നു ഫഡ്‌നാവിസ് ലക്ഷ്യമിട്ടത്.

fadnavis

ഈ വാക്‌പോരാട്ടങ്ങള്‍ ഫഡ്‌നാവിസിന്റെ നാവിന്റെ മൂര്‍ച്ച മാത്രമല്ല, ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയിലെ പ്രധാന വിഷയമായ ദേശീയതയെ മുന്നില്‍ നിര്‍ത്താനുള്ള സാമര്‍ത്ഥ്യം കൂടിയാണ് കാണിക്കുന്നത്. വിഭജന ശക്തികള്‍ക്കെതിരായ ദേശീയ ഐക്യത്തിന്റെ സംരക്ഷകനായി സ്വയം നിലയുറപ്പിച്ചുകൊണ്ട്, ബിജെപിയുടെ വിശാലമായ പ്രത്യയശാസ്ത്ര ചട്ടക്കൂടിനുള്ളില്‍ ഫഡ്നാവിസ് തന്റെ പ്രസക്തി നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്.

മുന്നോട്ടുള്ള പാതയും: ആത്യന്തികമായ പരീക്ഷണവും
ഫഡ്നാവിസിന്റെ പ്രവര്‍ത്തികളുടെയും തീരുമാനങ്ങളുടെയെല്ലാം അനന്തരഫലങ്ങള്‍ ഒരു നിര്‍ണായ ഘട്ടത്തിലാണ്. 2024ല്‍ മഹാരാഷ്ട്ര നിര്‍ണായകമായ സംസ്ഥാന തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഭാവി മാത്രമല്ല, സംസ്ഥാനത്ത് ബിജെപിയുടെ ആധിപത്യത്തിന്റെ വിധിയും നിര്‍ണ്ണയിക്കുന്നതില്‍ ഈ ഫലങ്ങള്‍ നിര്‍ണായക ഘടകമായിരിക്കും. ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും, മഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ ഏറ്റവും പ്രകടമായ മുഖമായി ഫഡ്നാവിസ് തുടരുന്നു. ഒരു മികച്ച തന്ത്രജ്ഞന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രശസ്തി, സാഹചര്യങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ്, രാഷ്ട്രീയ സഖ്യങ്ങളുടെ സമര്‍ത്ഥമായ മാനേജ്‌മെന്റ് എന്നിവ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മുമ്പെങ്ങുമില്ലാത്തവിധം ദേവേന്ദ്ര ഫഡ്‌നാവിസിനു മേല്‍ പരീക്ഷിക്കപ്പെടും.

ആത്യന്തികമായി, സ്വന്തം സ്ഥാനം, തന്ത്രപരമായ സഖ്യ രൂപീകരണം, പ്രത്യയശാസ്ത്രങ്ങള്‍ എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കുന്ന ഒരു നേതാവാണ് ദേവേന്ദ്ര ഫഡ്നാവിസ്. മുന്‍കാലങ്ങളില്‍ അദ്ദേഹം ഇടറിവീണിട്ടുണ്ടാകാം, പക്ഷേ സംഘപരിവാറിനുള്ളിലെ ശക്തമായ സംഘടനകളുടെ പിന്തുണയോടെ, മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം ഭാവിയില്‍ ശക്തമായി നിലനില്‍ക്കുമെന്ന് ഉറപ്പാക്കിക്കൊണ്ട് അദ്ദേഹം കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നു തന്നെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ സഹജാവബോധം വ്യക്തമാക്കുന്നത്.
Can Devendra Fadnavis, Maharashtra’s BJPs Astute Tactician Swing it this time?

Content Summary; Can Devendra Fadnavis, Maharashtra’s BJPs Astute Tactician Swing it this time?

×