കടൽ ശക്തമായി ആഞ്ഞടിക്കുകയാണ്. അഞ്ച് ദിവസത്തെ ദുരിതപെയ്ത്തിന്റെ അവശേഷിപ്പുകൾ പുത്തൻത്തോട് തീരത്ത് കാണാം. ബസ് സ്റ്റോപ്പിൽ നിന്ന് നൂറു മീറ്റർ നടന്നു വേണം ബീച്ചിലേക്കെത്താൻ. ചാലുപൊട്ടി വെള്ളം വരുന്നത് നോക്കി പോന്നാൽ കൃത്യമായി അങ്ങോട്ടെത്താം. ബീച്ചിൽ നിന്ന് കുറച്ച് ദൂരം നടക്കുമ്പോൾ തന്നെ ഇടുങ്ങിയ വഴിയ്ക്കിരു സൈഡുകളിലുമായി വീടുകളാണ്. തിര വിഴുങ്ങിയ വീടുകളാണ് അവയിൽ പകുതിയും.
”നടന്നുവരുന്ന ഭാഗത്തെ വീടുകളൊക്കെ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ മുഴുവൻ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുകയാണ്. കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് രായ്ക്ക് രാമാനം സ്വന്തം വീട് ഉപേക്ഷിച്ച് നിരവധി ആളുകൾക്കാണ് പോകേണ്ടി വന്നത്”. കടൽഭിത്തിയോട് ചേർന്ന് കിടക്കുന്ന നിരയിലെ ആളൊഴിഞ്ഞ വീടുകൾ ചൂണ്ടി പുത്തൻതോട് സ്വദേശി ആന്റണി പറഞ്ഞു.
കടൽമണ്ണിനൊപ്പം ഉറവ വറ്റാതെ ഉപ്പുവെള്ളവും വീടുകൾക്കുള്ളിൽ തളംകെട്ടി കിടക്കുന്നുണ്ട്. കടലിരച്ചു കയറിയപ്പോൾ ആരൊക്കെയോ ഒറ്റയ്ക്കാക്കി പോയ രണ്ട് ഫോട്ടോകളും ഒരു വീടിന് ചുമരിലായുണ്ടായിരുന്നു. വിള്ളലു വീണ ഭിത്തിയിൽ നിന്ന് അവ എപ്പോൾ വേണമെങ്കിലും താഴേക്ക് പതിച്ചേക്കാമെന്ന് തോന്നി. ഓരോ തിരയടിക്കുമ്പോഴും വീടുകളൊന്നാകെ കുലുങ്ങി. പുത്തൻതോടും ചെല്ലാനത്തും കണ്ണമാലിയിലും ആളനക്കമുള്ള വീട് കണ്ടെത്തുക കുറച്ചു പ്രയാസമുള്ള കാര്യമാണ്. കരയ്ക്കും കടലിനുമിടയിലുള്ള അതിരുകൾ പോലെയാണ് ആ വീടുകൾ നിന്നിരുന്നത്.
ജിയോ ബാഗുകൾ ഒക്കെ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും അവയ്ക്ക് പലപ്പോഴും തിരകളെ തടുക്കാൻ സാധിക്കുന്നില്ല. പുത്തൻതോടിന്റെ തീരദേശത്തായി സ്ഥാപിച്ചിരിക്കുന്ന ജിയോ ബാഗുകളുടെ കൂമ്പാരം ചൂണ്ടിക്കൊണ്ട് ആന്റണി പറഞ്ഞു. ഇതാണ് ഞങ്ങളുടെ അവസ്ഥ എന്ത് ചെയ്യണമെന്നറിയാതെ നിസഹായരാണ് ഞങ്ങളെന്നും ആന്റണി പറയുന്നു.

ആന്റണി
തീരപ്രദേശങ്ങളിലെ മണ്ണൊലിപ്പ് തടയാനും വെള്ളപ്പൊക്കം നിയന്ത്രിക്കാനും വേണ്ടി ഉപയോഗിക്കുന്ന താത്കാലിക സംവിധാനമാണ് ജിയോ ബാഗുകൾ. പോളിസ്റ്റർ അല്ലെങ്കിൽ പോളിപ്രൊഫൈലിൻ പോലുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ജിയോ ബാഗുകൾ നിർമ്മിക്കുന്നത്. ഇവയ്ക്കുള്ളിൽ മണൽ നിറച്ചാണ് ഉപയോഗിക്കുന്നത്.
ടെട്രാപോഡുകളുടെയും കടൽഭിത്തികളുടെയും നിർമ്മാണം അതിവേഗമാക്കുന്നത് തങ്ങൾക്ക് ഉപകാരപ്രദമായിരിക്കുമെന്നാണ് പുത്തൻത്തോട് സ്വദേശി അനു പറയുന്നത്. ”ഇവിടുത്തെ ജനങ്ങൾ അത്രയും നശിഞ്ഞു പോയി. കടൽ എന്നു പറയുന്ന സംഭവമില്ലേ അതിനെ നമ്മൾ പിടിച്ചാൽ കിട്ടില്ല. ഭക്ഷണം പോലും കിട്ടാതെയാണ് അഞ്ച് ദിവസങ്ങളോളം ഞങ്ങൾ കഴിച്ചുകൂട്ടിയത്. ഞങ്ങൾ ഒരുപാട് വിഷമിച്ചു” അനു വ്യക്തമാക്കി. അന്നന്ന് പണിയ്ക്ക് പോയി ജീവിക്കുന്നവരാണ് ചെല്ലാനത്തെ ജനത. കടൽക്ഷോഭമുണ്ടായ ആ അഞ്ചു ദിവസങ്ങളിലും പണിയ്ക്ക് പോകാൻ സാധിച്ചിരുന്നില്ല വല്ലാതെ ബുദ്ധിമുട്ടിയ ദിവസങ്ങളായിരുന്നു തീരദേശവാസികൾ നേരിട്ടത്.
ഞങ്ങളൊക്കെ ജനിച്ചപ്പോ മുതൽ അനുഭവിക്കുന്ന ദുരിതമാണിത്. എന്നാൽ 2023ൽ ടെട്രാപോഡിന്റെ ആദ്യ ഘട്ടത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ ആ അവസ്ഥയിൽ നിന്ന് ചെല്ലാനം ജനത കരകയറിയത് പോലെയാണെന്ന് ചെല്ലാനം സ്വദേശി മാർട്ടിൻ അഴിമുഖത്തോട് പറഞ്ഞു.
കാലങ്ങളായി കടൽക്കയറ്റം ദുരിതം വിതച്ചിരുന്ന ചെല്ലാനം തീരം ഇത്തവണ ശാന്തമായിരുന്നു. കടൽക്കയറ്റ ഭീഷണിയുണ്ടായിരുന്ന പല പ്രദേശങ്ങളിലും ഇത്തവണ കടൽ കയറിയിരുന്നില്ല. ടെട്രോപോഡ് പദ്ധതി ഉൾപ്പെടെ 344 കോടി രൂപയുടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ ഈ തീരദേശ ഗ്രാമത്തിൽ ഫലപ്രദമായി തീർന്നുവെന്നാണ് ചെല്ലാനം നിവാസികളുടെ ജീവിതം കാണിക്കുന്നത്.

ചെല്ലാനം തീരത്തെ ടെട്രോപോഡ് കടൽഭിത്തി
ചെല്ലാനം ഭാഗത്ത് ടെട്രോപോഡുകൾ വന്നതോടെ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് ചെല്ലാനം സ്വദേശി മെർലിനും വ്യക്തമാക്കുന്നത്. സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ഇങ്ങനെയൊരു ജീവിതം നേടിയെടുത്തതെന്ന് മെർലിൻ പറഞ്ഞു. ടെട്രോപോഡിന്റെ അതിരുകൾ ചൂണ്ടിക്കാണിച്ചു തരുമ്പോഴും മെർലിന്റെ കണ്ണിൽ ദുരിതപെയ്ത്തിന്റെ ഓർമ്മകൾ മിന്നി മറയുന്നുണ്ടായിരുന്നു. 2021ലെ മഴയിലും കടൽക്ഷോഭത്തിലും നശിച്ച വീടുകളും കെട്ടിടങ്ങളും തൊട്ടടുത്തായി കാണാം.
എന്നാൽ ചെല്ലാനം കൊച്ചി തീരത്ത് തീര സംരക്ഷണ പദ്ധതി മുറിച്ചു മുറിച്ചു നടപ്പിലാക്കുന്നത് തികച്ചും അശാസ്ത്രീയവും കടൽകയറ്റം തടയാൻ അപ്രായോഗികവുമാണെന്നാണ് കൊച്ചി- ചെല്ലാനം ജനകീയ ഐക്യവേദി പ്രസിഡന്റ് സെബാസ്റ്റ്യൻ പറയുന്നത്. ഭാഗികമായി പദ്ധതി നടപ്പിലാക്കുമ്പോൾ കടൽ കയറ്റം പരിഹരിക്കുകയല്ല ചെയ്യുന്നത്. മറിച്ച് സംരക്ഷണ പദ്ധതി നടപ്പിലാക്കിയതിന് വടക്കോട്ടുള്ള പ്രദേശങ്ങളിലേക്ക് കടൽ കയറ്റം തിരിച്ചു വിടുക മാത്രമാണ് ചെയ്യുന്നതെന്നും സെബാസ്റ്റ്യൻ പറയുന്നു.
2023ൽ ടെട്രോപോഡ് നിർമ്മാണത്തിന്റെ ആദ്യ ഘട്ടം നടപ്പിലാക്കിയത് പുത്തൻതോട് മുതൽ ചെല്ലാനം വരെയാണ്. അതിനു ശേഷമാണ് പുത്തൻ തോടിന് വടക്കുവശം മുതൽ ശക്തമായ കടൽ കയറ്റം അനുഭവപ്പെടാൻ തുടങ്ങിയതെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഇപ്പോൾ സർക്കാർ തീരുമാനിച്ചത് പ്രകാരം ചെറിയ കടവ് വരെ കടൽ ഭിത്തി നിർമ്മിച്ചാൽ അതിനു വടക്കോട്ടുള്ള സിഎംഎസ് മുതലുള്ള പ്രദേശങ്ങളിൽ അതിശക്തമായ കടൽ കയറ്റം അനുഭവപ്പെട്ടേക്കാമെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.
ചെല്ലാനം ജനകീയവേദിയുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന് ടെട്രാപോഡ് പദ്ധതിയുടെ വിസ്തൃതി കൂട്ടണം എന്നതാണ്. അത് മുഴുവൻ തീരപ്രദേശത്തേക്ക് വ്യാപിപ്പിക്കുകയും ഒപ്പം തന്നെ നിശ്ചിത ദൂരത്തിൽ പുലിമുട്ടുകളും സ്ഥാപിക്കണമെന്നതുമാണ് ഐക്യവേദി മുന്നോട്ടു വയ്ക്കുന്ന പ്രധാന നിർദേശം.

പുത്തൻത്തോടിലെ വീടുകളിൽ ഒന്ന് ഉപേക്ഷിച്ച നിലയിൽ
കടൽക്ഷോഭം പ്രദേശത്ത് ഭീതി വിതച്ചപ്പോൾ വീണ്ടും സമരവുമായി മുന്നോട്ടിറങ്ങുക അല്ലാതെ പുത്തൻത്തോടിലെ ജനങ്ങൾക്ക് മറ്റു വഴികളില്ലായിരുന്നു. സമരത്തെ തുടർന്ന് സർക്കാരിന്റെ തീരസംരക്ഷണ പദ്ധതിയുടെ ഭാഗമായി ടെട്രാപോഡ് നിർമ്മാണത്തിന്റെ രണ്ടാം ഘട്ടത്തിനായി 305 കോടി രൂപയോളമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
ടെട്രാപോഡുകളുടെ നിർമ്മാണം മുറിച്ചു മുറിച്ച് ചെയ്യുന്നത് അശാസ്ത്രീയമായ രീതിയാണെന്ന് തന്നെയാണ് കണ്ണമാലി സ്വദേശി ബേബിച്ചനും പറയുന്നത്. ഇത്തവണ കടൽക്ഷോഭം രൂക്ഷമായതോടെയാണ് ടെട്രാപോഡ് നിർമ്മാണം പുനരാരംഭിക്കാൻ അധികാരികൾ തയ്യാറാവുന്നത്. ടെട്രാപോഡുകൾക്ക് പുറമേ പുലിമുട്ടുകൾ കൂടി വന്നാലെ ഞങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് കൃത്യമായ പരിഹാരം ലഭിക്കൂ. പുലിമുട്ടുകൾ വരുന്നതോടെ കപ്പൽ ചാലുകൾ ഇല്ലാതാവും. ഇതുകൊണ്ടാണ് പുലിമുട്ടുകളുടെ കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിക്കുന്നതെന്ന് ബേബിച്ചൻ വ്യക്തമാക്കി.
2021 ജൂൺ 10നാണ് സംസ്ഥാന സർക്കാർ ചെല്ലാനം തീരസംരക്ഷണ പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതി പ്രകാരം 344 കോടി രൂപ മുതൽ മുടക്കി ടെട്രാപോഡ് കടൽഭിത്തി ചെല്ലാനം ഹാർബർ മുതൽ ഫോർട്ട് കൊച്ചി വരെ (17.9 കിലോമീറ്റർ) നിർമ്മിക്കാൻ തീരുമാനിച്ചു. 7.5 കി.മീ ദൂരമുള്ള ചെല്ലാനം ഹാർബർ മുതൽ പുത്തൻത്തോട് ബീച്ച് വരെയുള്ള പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാവാറായി. പ്രശ്‌നരഹിതമായി കഴിഞ്ഞ മഴക്കാലം കടന്നുപോയതോടെ പ്രദേശവാസികൾക്കും ടെട്രാപോഡ് ശാശ്വത പരിഹാരം ആവുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
എന്നാൽ അശാസ്ത്രീയ രീതിയിൽ പണിതിരിക്കുന്ന ചെല്ലാനം തീരത്തെ ടെട്രാപോഡുകൾ മറ്റു പ്രദേശങ്ങളിലെ ദുരിതം വർദ്ധിപ്പിക്കുമെന്ന് അടിവരയിട്ട് പറയുകയാണ് സെബാസ്റ്റ്യൻ;
2021ൽ ഇവിടെ കടൽ കയറാനുള്ള കാരണം ഈ കൊച്ചിൻ പോർട്ടിന്റെ ആഴം കൂട്ടലുമായിട്ട് ബന്ധപ്പെട്ട് ഇവിടെ ഉണ്ടാകുന്ന ഒരു സെൻട്രിഫ്യൂഗൽ ഫോഴ്‌സ് വഴിയുണ്ടാവുന്ന ഒഴുക്കാണ്. ആ ഒഴുക്കിൽ സാധാരണഗതിയിൽ കടലിലെ വെള്ളം വടക്കുനിന്ന് തെക്കോട്ടാണ് ഒഴുകുന്നതെങ്കിലും ചെല്ലാനം കൊച്ചി തീരത്തെ കടലിലെ വെള്ളത്തിന്റെ തീരക്കടലിലെ ഒഴുക്ക് തെക്കുനിന്ന് വടക്കോട്ടാണ്. തെക്കുനിന്ന് വടക്കോട്ട് ഒഴുകുമ്പോൾ വെള്ളത്തോടൊപ്പം മണ്ണൊഴുകിപ്പോകും അങ്ങനെ ആഴം കൂടുമെന്നും സെബാസ്റ്റ്യൻ പറയുന്നു. ആഴം കൂടുമ്പോൾ ആഴത്തിന് ആനുപാതികമായി തീരമാലയുടെ ഉയരം വർദ്ധിക്കും കൂടാതെ തിരമാല ഒടിയുന്നത് ഒന്നെങ്കിൽ കരിങ്കൽ ഭിത്തിയിലോ അല്ലെങ്കിൽ അതിന് കിഴക്കുവശത്തുള്ള വീടുകളിൽ വന്ന് പതിച്ചുകൊണ്ടാവും. ആഴം കുറവാണെങ്കിൽ തിരമാല കുറേ പടിഞ്ഞാറ് വച്ച് ഒടിഞ്ഞിട്ട് തട്ടിത്തട്ടി വന്ന് കഴിയുമ്പോൾ ഈ കരിങ്കൽ ഭിത്തിക്ക് അടുത്ത് എത്തുന്നതിനു മുൻപ് തന്നെ ക്ഷയിച്ച് പോകും. ഇക്കാരണങ്ങൾ കൊണ്ടാണ് ടെട്രാപോഡുകൾക്ക് ഒപ്പം തന്നെ പുലിമുട്ടുകളും വേണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന് സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു.
750-800 കിലോഗ്രാം ഭാരമുള്ള കല്ലുകൾ കൊണ്ടുപോയി കടൽത്തീരത്ത് നിക്ഷേപിക്കും. അതിന്റെ മുകളിലായാണ് ടെട്രാപോഡുകൾ സ്ഥാപിക്കുന്നത്. 17 മീറ്റർ നീളത്തിൽ ഏകദേശം 6 മീറ്റർ പൊക്കത്തിൽ ആണ് നിർമ്മാണം. 2.5 ടൺ മുതൽ 3.5 ടൺ വരെ ഭാരം വരുന്ന ടെട്രാപോഡുകൾ എന്ന നിർമ്മിതിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ടെട്രാപോഡ് കടൽഭിത്തി നിർമ്മാണ പദ്ധതി ചെല്ലാനത്ത് നടപ്പിലാക്കുന്നത്.
ടെട്രാപ്പോഡ് എങ്ങനെ ഇട്ടാലും ഒരേ ഷേപ്പിൽ കിടക്കും അതുകൂടാതെ തന്നെ ഇത് ഉരുണ്ടു പോകില്ല. കടലിലെ തിരരമാലയുടെ ഫോഴ്‌സിനെ ഡൈവേർട്ട് ചെയ്തു കളയാനും ടെട്രാപ്പോഡുകൾക്ക് സാധിക്കും. മണ്ണൊഴുകിപ്പോകാതിരുന്നാൽ മാത്രമേ ഇവിടുത്തെ കടൽ കയറ്റം പരിഹരിക്കാൻ പറ്റുകയുള്ളൂ. മണ്ണൊഴുകിപ്പോകാതിരിക്കാൻ ആഴം കുറയ്ക്കണെമെന്ന് സെബാസ്റ്റ്യൻ പറയുന്നു.
17.5 കിലോമീറ്ററോളം വരുന്ന ചെല്ലാനം കടൽത്തീരം മണാശ്ശേരിയിൽ നിന്ന് സെന്റ് ജോർജ്‌സ് പള്ളി വരെ നീണ്ടു കിടക്കുന്നു. കേരളത്തിൽ ഏറ്റവുമധികം തീരശോഷണം നേരിടുന്ന കടലോരങ്ങളിൽ ഒന്നായാണ് ചെല്ലാനത്തെ വിലയിരുത്തുന്നത്. കുഫോസിന്റെ പഠനമനുസരിച്ച് ചെറിയകടവ്, കമ്പനിപ്പടി, കണ്ണമാലി, പുത്തൻതോട്, വേളാങ്കണ്ണി, ബസാർ, ചാളക്കടവ്, മാലാഖപ്പടി എന്നിവ ഗുരുതരമായി തീരശോഷണം ബാധിക്കാറുള്ള ചെല്ലാനം പ്രദേശങ്ങളാണ്. ടെട്രാപോഡുകളുടെ വലിയ ഗുണമായി കണക്കാക്കുന്നത് അവ ശക്തമായി അടിക്കുന്ന തിരമാലകളുടെ ശക്തി ചിതറിപ്പിക്കും വിധം പ്രതിരോധം തീർക്കുന്നു എന്നതാണ്.
നിലവിൽ ചെല്ലാനം ഫിഷിങ് ഹാർബറിനുള്ളത് വലിയ പുലിമുട്ടാണ്. അതിനടുത്തായി 10 കിലോമീറ്റർ നീളത്തിൽ മണ്ണു നിക്ഷേപമുണ്ട്. ഇത് ആ പ്രദേശത്തെ ജനങ്ങൾക്ക് വളരെ സഹായകമാണെന്നാണ് ഐക്യവേദിയുടെ വാദം. 2021ൽ ഈ പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ ഇവർ പദ്ധതി നിർദ്ദേശം നൽകിയിരുന്നു. അതിങ്ങനെയാണ്; ”ഒരു കിലോമീറ്ററിന് 200 മീറ്റർ വീതം അകലത്തിൽ 15 പുലിമുട്ടുകൾ വരണം അപ്പോൾ 18 കിലോമീറ്റർ സ്ഥലത്തും പുലിമുട്ടുണ്ടാവും. അതിനു പുറമേ കൊച്ചിൻ പോർട്ട് ഡ്രെഡ്ജ് ചെയ്ത് ആ മണ്ണ് ചെല്ലാനം തീരത്ത് നിക്ഷേപിക്കുന്നതോടെ ഇവിടുത്തെ കടൽ കയറ്റം ഇല്ലാതാവും”. പുത്തൻതോട് നിന്ന് ചെല്ലാനത്തേക്ക് ആദ്യ ഘട്ട നിർമ്മാണം ആരംഭിക്കുന്നത് പ്രശ്‌നം രൂക്ഷമാക്കിയേക്കുമെന്ന് ഐക്യവേദി 2021ലെ മുന്നറിയിപ്പ് നൽകിയിരുന്നു.
2021 നവംബറില്ലായിരുന്നു ടെട്രോപോഡ് നിർമ്മാണം ആരംഭിക്കുന്നത്. 2022 മെയ് മാസത്തിൽ പണി പൂർത്തിയാവുകയും ചെയ്തു. എന്നാൽ 2022 മെയ് ജൂൺ മാസങ്ങളിൽ തൊട്ട് ഈ പുത്തൻതോട് കണ്ണമാലി ചെറിയടവ് കാട്ടിപ്പുറം സൗദി മാനാശേരി പ്രദേശങ്ങളിൽ കടൽ കയറ്റം അതിരൂക്ഷമായി.
”ഇറിഗേഷൻ വകുപ്പിലെ ഡിപ്ലോമയും മറ്റുമൊക്കെ പഠിച്ചു വരുന്ന കടൽ എന്താണെന്നോ കടലിന്റെ സ്വഭാവം എന്താണെന്നോ കടലിന്റെ ശാസ്ത്രം എന്താണെന്നോ പഠിക്കാത്ത ആൾക്കാരാണ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും ചീഫ് എഞ്ചിനീയറുമൊക്കെയായി ചെല്ലാനത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എത്തുന്നത്. അവരെ സംബന്ധിച്ചിടത്തോളം കടലിനെക്കുറിച്ച് യാതൊന്നും അറിയില്ല സത്യമതാണ് ഈ കടലിന്റെ ഇതിനെക്കുറിച്ച് വലിയ പിഎച്ച്ഡിയോ അല്ലെങ്കിൽ അതേപോലുള്ള സമുദ്രശാസ്ത്രത്തെക്കുറിച്ച് പഠിച്ചവരോ അല്ല. അതൊരു വലിയ പ്രശ്‌നമായി തോന്നുന്നു”. സെബാസ്റ്റ്യൻ വ്യക്തമാക്കി.
കരിങ്കൽ ഭിത്തി കെട്ടുമ്പോഴോ ടെട്രാപോഡ് നിർമ്മിക്കുമ്പോഴോ ഇവിടുത്തെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ജനങ്ങൾ. അത് തീരുകയില്ല. കൃത്യമായ കാരണങ്ങൾ കണ്ടുപിടിച്ചാൽ മാത്രമേ പ്രശ്‌നങ്ങൾ പരിഹരിക്കാനാവൂവെന്ന് സെബാസ്റ്റ്യന്റെ വാക്കുകൾ.
ശക്തിയായി തിരയടിച്ചുയരുമ്പോൾ തീരത്തോട് ചേർന്ന് കിടക്കുന്ന വീടുകിൽ പ്രകമ്പനം അനുഭവപ്പെടും ഇത്തരം പല പല ദുരിതങ്ങളും അനുഭവിച്ചാണ് സിവിൽ എഞ്ചിയനീയറിംഗ് വിദ്യാർത്ഥിയായ ടെസിയുടേത് ഉൾപ്പെടെ പല കുടുംബങ്ങളും തങ്ങളുടെ ഓരോ ദിവസവും ള്ളിനീക്കുന്നത് . ”കടലിൽ ന്യൂനമർദ്ദമുണ്ടാവുന്നത് എപ്പോഴാണെന്ന് നമുക്ക് പറയാൻ സാധിക്കില്ലല്ലോ. മുന്നറിയിപ്പ് കിട്ടാതെ ഞങ്ങളെന്ത് ചെയ്യാനാണ്. ഞങ്ങൾക്ക് പോലും മനസിലാക്കാൻ പറ്റാത്ത വിധത്തിലേക്ക് കടലിന് മാറ്റം സംഭവിച്ചു”. ജനകീയ വേദി വർഷങ്ങളായി നടത്തുന്ന സമരത്തിന്റെ ഫലമായാണ് ഈ തുക അനുവദിച്ചത് പോലുമെന്ന് ടെസി പറഞ്ഞു.
ടെട്രാപോഡിന്റെ ഗുണങ്ങളെക്കുറിച്ച് പോലും തീരദേശത്തെ ജനങ്ങൾക്ക് കൃത്യമായ ധാരണയില്ല. പഠനം അനുസരിച്ച് പത്ത് മുതൽ പതിനഞ്ച് വർഷം വരെയാണ് ടെട്രാപോഡുകളുടെ ആയുസ് . നിശ്ചിത ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി പുലിമുട്ടുകൾ നിർമ്മിക്കേണ്ടത് പ്രധാന ആവശ്യമായി ജനങ്ങൾ ഉന്നയിക്കുന്നു. ജിയോ ബാഗുകൾ ഒരു പരിധി വരെ മാത്രമേ തിരയെ തുടക്കൂ. ഇപ്പോൾ ഇവിടെ നിർമ്മിച്ചിരിക്കുന്ന ജിയോ ബാഗുകൾ ഈയടുത്താണ് സ്ഥാപിച്ചത്. അവയ്ക്ക് ആയുസ് കുറവാണ് ടെട്രാപോഡ് വരുമെന്ന പ്രതീക്ഷയിൽ നിലവിലെ സ്ഥലം കൊടുക്കാത്തവരുമുണ്ടെന്ന് ബേബിച്ചൻ പറയുന്നു.
ഒന്നാം ഘട്ടം എന്ന നിലയ്ക്ക് 7 കിലോമീറ്ററിൽ ആണ് ടെട്രാപോഡ് നിർമ്മാണം നിലവിൽ പൂർത്തിയായിട്ടുള്ളത്. ഒന്നാം ഘട്ടത്തിൽ ഉണ്ടായിരുന്ന പോരായ്മകൾ പരിഹരിച്ച് രണ്ടാംഘട്ടത്തിൽ അവിടുത്തെ ആളുകളോട് സംവദിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് പഞ്ചായത്തിന്റെ പദ്ധതിയെന്ന് ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കെ എൽ അഴിമുഖത്തോട് പറഞ്ഞു. വർഷങ്ങളായി കടൽക്ഷോഭത്തിന്റെ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ് ചെല്ലാനത്തെ തീരദേശ ജനത. ഒന്നാം ഘട്ടത്തിൽ പദ്ധതി പൂർത്തിയായ പ്രദേശം ഇപ്പോൾ സുരക്ഷിതമാണ്. പ്രദേശം സുരക്ഷിതമാണെന്ന് പറയുമ്പോഴും ചില പ്രശ്‌നങ്ങളെക്കുറിച്ച് എടുത്തു പറയേണ്ടതുണ്ട്. ടെട്രാപോഡുകളും പുലിമുട്ടുകളും ഒരുമിച്ച് നിർമിച്ചാൽ മാത്രമാണ് പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കൂ ജോസഫ് വ്യക്തമാക്കി.
ചെല്ലാനത്തെ ടെട്രോപോഡ് കടല്‍ ഭിത്തി നിര്‍മാണം10 കിലോ മീറ്റർ ആണ് തീരുമാനിച്ചിരുന്നത്. പദ്ധതി പ്രകാരം ബാക്കിയാവുന്നത് 2.5 കി മി ആണ്. കാലതാമസമില്ലാതെ ബാക്കി വന്ന കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.തീര സംരക്ഷണം സംസ്ഥാന സർക്കാർ പ്രധാന വിഷയമായി തന്നെയാണ് കണ്ടിരിക്കുന്നതെന്നും രണ്ടാംഘട്ട നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും സർക്കാർ ഇതിനകം ചെല്ലാനം ജനതയ്ക്ക് വാക്കു നൽകിയിട്ടുണ്ട്.
നിലവിൽ പണികഴിപ്പിച്ചിട്ടുള്ള ടെട്രാപോഡുകളെക്കാൾ ഉയരത്തിൽ വേണം ഇനിയുള്ള രണ്ടുമൂന്നു ടെട്രാപോഡുകൾ പണിക്കഴിപ്പിക്കേണ്ടത്. എന്നാൽ മാത്രമേ അവയ്ക്ക് ഉയർന്ന നിരകളെ തടുക്കാൻ സാധിക്കൂ. അനുവദിച്ചിരുന്ന തുക തികയാതെ വന്നതോടെയാണ് നിലവിലെ പദ്ധതി പാതിവഴിയിൽ നിർത്തേണ്ടി വന്നത്. അതിന്റെ രണ്ടാംഘട്ടമാണ് 306 കോടി രൂപ ഉപയോഗിച്ച് പുനരാരംഭിക്കാൻ പോകുന്നത്. മുൻപ് അനുമതി ലഭിച്ച ഒരു പദ്ധതി ആയിരുന്നത് കൊണ്ട് തന്നെ ഇനിയൊരു ടെൻഡറിന്റെ ആവശ്യകത നിലനിൽക്കുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ അധികം വൈകാതെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കെ എൽ ജോസഫ് പറഞ്ഞു.
നിലവിൽ ബാക്കിയായ 2.5 കി മി ഭാഗത്തു കൂടി ഉടൻ പണി പൂർത്തിയാവണമെന്ന ആഗ്രഹത്തിലും കടലെടുക്കാത്ത നാളുകളോർത്ത് പേടിക്കാതെ ഉറങ്ങാൻകഴിയുമെന്ന പ്രതീക്ഷയിലുമാണ് ചെല്ലാനത്തെ ജനത. പ്രതീക്ഷയ്ക്കീ പദ്ധതി തുണയാവട്ടെ.
content summary: Can the tetrapod wall project in the Chellanam coastal area truly protect the lives of coastal residents?