കാനഡയില്‍ ലിബറലുകള്‍ വീണ്ടും അധികാരം ഉറപ്പിക്കുമോ? മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തില്‍ ലിബറല്‍ പാര്‍ട്ടി പൊതു തിരഞ്ഞെടുപ്പില്‍ വിജയം നേടുമെന്നാണ് പുറത്തുവന്ന ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. 172 സീറ്റുകളാണ് ഭൂരിപക്ഷത്തിന് ആവശ്യം. തുടര്‍ച്ചയായ നാലാം തവണയും കാനഡ ഒരു ന്യൂനപക്ഷ ഭരണകൂടത്തിന്റെ കീഴിലാകാനുള്ള സാധ്യതകളും ചര്‍ച്ച ചെയ്യുന്നുണ്ട്. വ്യക്തമായ ഭൂരിപക്ഷം കിട്ടാത്തപക്ഷം ചെറു പാര്‍ട്ടികളെ ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനായിരിക്കും ലിബറല്‍ പാര്‍ട്ടി ശ്രമിക്കുക.
വോട്ടെടുപ്പില്‍ തുടക്കത്തില്‍ പിന്നിലായിരുന്ന ലിബറലുകള്‍ക്ക് ഈ തിരഞ്ഞെടുപ്പ് ഫലം ഒരു അത്ഭുതകരമായ വഴിത്തിരിവാണ്. ട്രംപാണ് കാര്‍ണിയെയും ലിബറല്‍ പാര്‍ട്ടിയെയും സഹായിച്ചതെന്നു പറയാം. രണ്ടാം വരവില്‍ കാനഡയ്‌ക്കെതിരേ ട്രംപം എടുത്ത നിലപാടുകളും പറഞ്ഞ അവഹേളനങ്ങളും ലിബറല്‍ പാര്‍ട്ടിയെ സഹായിച്ചിട്ടുണ്ട്. കാര്‍ണി ഈ വിഷയത്തില്‍ ഊന്നല്‍ നല്‍കിയാണ് കാനഡക്കാരുടെ വികാരത്തെ സ്വാധീനിച്ചത്.
പൂര്‍ണമായ ഫല പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും ഭരണം നിലനിര്‍ത്താനുള്ള മുന്നേറ്റം ലിബറര്‍ പാര്‍ട്ടി നടത്തിയിട്ടുണ്ട്. ഇതിനോടകം അവര്‍ വിജയിച്ചതും മുന്നിട്ടു നില്‍ക്കുന്നതുമായ സീറ്റുകള്‍ പ്രകാരം മറ്റു പാര്‍ട്ടികളെക്കാള്‍ അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യതകള്‍ അധികമാണ്. ലിബറലുകള്‍ 59 സീറ്റുകളില്‍ വിജയിക്കുകയും 101 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണെന്നുമാണ് വിവരം. അതേസമയം പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവുകള്‍ 56 സീറ്റുകളില്‍ വിജയിക്കുകയും 76 സീറ്റുകളില്‍ അവര്‍ മുന്നിട്ടു നില്‍ക്കുകയുമാണ്.
ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി)യെയും ബ്ലോക്ക് ക്യൂബെക്കോയിസിനെയും ജനം കൈവിട്ടതും ലിബറലുകളെ തുണച്ചു. പ്രത്യേകിച്ച് ക്യൂബെക്കില്‍ ബ്ലോക്ക് ക്യൂബെക്കോയിസിന്റെ പിന്തുണ നഷ്ടപ്പെട്ടത്, വോട്ടുകള്‍ ലിബറല്‍ പാര്‍ട്ടിക്ക് അനുകൂലമായി വീഴുന്നതിന് കാരണമായി. ക്യൂബെക്കിന്റെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരാണ് ബ്ലോക്ക് ക്യൂബെക്കോയിസ്. ഇരു പാര്‍ട്ടികള്‍ക്കും ശക്തമായ ജനപിന്തുണ ഉണ്ടായിരുന്നുവെങ്കിലും തിരഞ്ഞെടുപ്പില്‍ വിപരീതമായാണ് സംഭവിച്ചത്.
സങ്കീര്‍ണമായൊരു രാഷ്ട്രീയ കാലാവസ്ഥയിലാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നടന്നത് എന്നതായിരുന്നു കാനഡയിലെ ഫലം എന്താകുമെന്നതില്‍ ലോകത്തിന്റെ താത്പര്യം. ജസ്റ്റീന്‍ ട്രൂഡോ പ്രധാനമന്ത്രി പദവും ലിബര്‍പാര്‍ട്ടി നേതൃത്വം രാജിവച്ചതിനെ തുടര്‍ന്നാണ് മാര്‍ക്ക് കാര്‍ണി രംഗത്ത് വരുന്നത്. ലിബറല്‍ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ 2025 മാര്‍ച്ച് 14 നാണ് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നത്. 2008 മുതല്‍ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ ഗവര്‍ണറും 2013 മുതല്‍ 2020 വരെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണറുമായിരുന്ന കാര്‍ണി. ലിബറല്‍ നേതൃത്വത്തിലേക്കുള്ള മത്സരത്തില്‍ 85.9% വോട്ടുകള്‍ നേടിയ കാര്‍ണി, മുന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, മുന്‍ ഗവണ്‍മെന്റ് ഹൗസ് ലീഡര്‍ കരീന ഗൗള്‍ഡ്, മുന്‍ പാര്‍ലമെന്റ് അംഗം ഫ്രാങ്ക് ബെയ്‌ലിസ് എന്നിവരെയാണ് പരാജയപ്പെടുത്തിയത്.
പൂര്‍ണസമയ രാഷ്ട്രീയക്കാരനെന്ന നിലയിലല്ല, പ്രമുഖ സാമ്പത്തിക വിദഗ്ധനും മുന്‍ സെന്‍ട്രല്‍ ബാങ്കറുമായ കാര്‍ണി രാജ്യത്തിന്റെയും നേതൃത്വസ്ഥാനത്തേക്ക് എത്തുന്നത്. വടക്കേ അമേരിക്കയിലെയും യുകെയിലെയും സാമ്പത്തിക പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധേയമായ ട്രാക്ക് റെക്കോര്‍ഡുണ്ട് കാര്‍ണിക്ക്. ഈ മേഖലകള്‍ നേരിട്ട പ്രധാന സാമ്പത്തിക വെല്ലുവിളികളെ വിജയകരമായി കൈകാര്യം ചെയ്യാനും ഏകോപിപ്പിക്കാനും കഴിയുക വഴിയാണ് കാര്‍ണി തന്റെ പ്രാധാന്യം ഉറപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതിലെ കാര്‍ണിയുടെ ശ്രദ്ധേയമായ പശ്ചാത്തലമാണ് അദ്ദേഹത്തെ ഉയര്‍ന്ന യോഗ്യതയുള്ളതും പരിചയസമ്പന്നനുമായ ഒരു നേതാവാക്കി മാറ്റുന്ന പ്രധാന ഘടകം.
ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലായിരുന്നു കാര്‍ണി കാനഡയുടെ സാരഥ്യം ഏറ്റെടുക്കുന്നത്. കാനഡയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയും വ്യാപര പങ്കാളിയുമായ യു എസ്, ഡൊണാള്‍ ട്രംപിന്റെ രണ്ടാം വരവില്‍ ശത്രുതാമനോഭാവത്തോടെയാണ് പെരുമാറുന്നത്. തീരുവ ചുമത്തലുമായി ബന്ധപ്പെട്ട് രൂക്ഷമായ ഏറ്റുമുട്ടല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടന്നു. കാനഡയുടെ സാമ്പത്തിക നില തകര്‍ക്കുന്ന നീക്കങ്ങള്‍ക്കായിരുന്നു ട്രംപ് ശ്രമിച്ചത്.
കാനഡയുടെ അസിത്വത്തെ ചോദ്യം ചെയ്തും പരിഹസിച്ചും ട്രംപ് നടത്തിയ ചില പ്രസ്താവനകളുണ്ടായിരുന്നു. കാനഡ യു എസ്സിന്റെ ഏറ്റവും പുതിയ സംസ്ഥാനമായി മാറുന്നതാണ് അവര്‍ക്ക് നല്ലതെന്നായിരുന്നു ട്രംപിന്റെ ആക്ഷേപം. കാനഡയില്‍ ട്രംപിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ ഈ പ്രസ്താവനയും കാരണമായിരുന്നു. ‘അമേരിക്ക കാനഡയല്ല. കാനഡ ഒരിക്കലും, ഒരു തരത്തിലും, രൂപത്തിലും, രൂപത്തിലും അമേരിക്കയുടെ ഭാഗമാകില്ല,’എന്നായിരുന്നു കാര്‍ണി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നത്. കനേഡിയന്‍ ജനങ്ങളെ പ്രകോപിപ്പിച്ച, യുഎസുമായുള്ള ദീര്‍ഘകാല ബന്ധത്തെ മുറിവേല്‍പ്പിച്ച്, ട്രംപ് ഉയര്‍ത്തിയ അസ്തിത്വ പ്രതിസന്ധി തന്നെയായിരിക്കും പ്രധാനമന്ത്രി എന്ന നിലയില്‍ തന്റെ കാലയളവിലെ പ്രധാന വിഷയമാകുമെന്ന് മനസിലാക്കി കൊണ്ടാണ് കാര്‍ണി ആ പ്രതിസന്ധിയെ നേരിട്ടത്. ഒരു പോരാട്ടത്തിനായി നമ്മള്‍ അങ്ങോട്ട് ചെല്ലുന്നില്ലെങ്കിലും, അങ്ങനെയൊന്നു നടന്നാല്‍ നമ്മള്‍ തന്നെ ജയിക്കുമെന്ന കാര്‍ണിയുടെ വാക്കുകള്‍ക്കും സ്വീകാര്യത കിട്ടിയിരുന്നു. Canada Federal Election 2025, Mark Carney’s Liberal Party is projected to win
Content Summary; Canada Federal Election 2025, Mark Carney’s Liberal Party is projected to win
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.