ഇന്ത്യ, ചൈന, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (SDS) പ്രോഗ്രാം കാനഡ ഔദ്യോഗികമായി അവസാനിപ്പിച്ചു. പ്രോഗ്രാം വാഗ്ദാനം ചെയ്യുന്ന വേഗത്തിലുള്ള വിസ പ്രോസസ്സിംഗ് സകൗര്യം പ്രയോജനപ്പെടുത്താനിരുന്ന നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തുന്ന തീരുമാനമാണിത്. എന്നാല്‍ അത്രകണ്ട് ഭയപ്പെടേണ്ടതുമില്ല, കാനഡയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാധാരണ വിസ മാര്‍ഗം തുടര്‍ന്നും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താമെന്നാണ് ഇമിഗ്രേഷന്‍ വിദഗ്ധര്‍ പറയുന്നത്.
എന്താണ് എസ്ഡിഎസ്(SDS)പ്രോഗ്രാം
2018ല്‍ ആരംഭിച്ച എസ്ഡിഎസ് പ്രോഗ്രാം, കാനഡയിലെ നിയുക്ത ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ (DLIs) പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്റ്റുഡന്റ് വിസ അപേക്ഷകള്‍ അതിവേഗം ട്രാക്ക് ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള സംവിധാനമാണ്. അതിലേക്ക് യോഗ്യത നേടുന്നതിനായി വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസ് മുന്‍കൂറായി അടയ്ക്കുക, ബാങ്ക് ഗ്യാരണ്ടിയുടെ തെളിവായി 20,635 മൂല്യമുള്ള കനേഡിയന്‍ ഡോളര്‍(സിഎഡി) ഗ്യാരണ്ടീഡ് ഇന്‍വെസ്റ്റ്മെന്റ് സര്‍ട്ടിഫിക്കറ്റ് (GIC) നല്‍കുക, തുടങ്ങിയ കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കണമായിരുന്നു. വേഗത്തിലുള്ള വിസ പ്രോസസ്സിംഗ് നടക്കുന്നു എന്നതിനാല്‍ എസ്ഡിഎസ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയിരുന്നു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എങ്ങനെ ബാധിക്കുന്നു?
എസ്ഡിഎസ് പ്രോഗ്രാം അവസാനിക്കുന്നതോടെ, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണപോലെ എസ്ഡിഎസ് ഇതര വിസ മാര്‍ഗങ്ങള്‍ തേടേണ്ടി വരും. ഈ മാര്‍ഗത്തിന് സിഎഡിഎസ് സംവിധാനത്തിന് ഉള്ളയത്ര വേഗത ഉണ്ടാകില്ല. എന്നാല്‍ കര്‍ശനമല്ലാത്താ മാനദണ്ഡങ്ങളും താങ്ങാനാകുന്ന നിബന്ധനകളുമാണുള്ളത്.
നോണ്‍-എസ്ഡിഎസ് അപേക്ഷാ പ്രക്രിയ
സാധാരണ വിസ മാര്‍ഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ മുഴുവന്‍ ട്യൂഷന്‍ ഫീസും മുന്‍കൂറായി നല്‍കേണ്ടതില്ല. പകരം, അവര്‍ ആറുമാസത്തെ ട്യൂഷന്‍ ഫീസ് നല്‍കിയാല്‍ മതി. പോരാത്തിന് ജീവിതച്ചെലവുകള്‍ വഹിക്കാന്‍ തങ്ങള്‍ക്ക് മതിയായ പണം അകൗണ്ടില്‍ ഉണ്ടെന്നതിന് മാത്രം തെളിവ് നല്‍കിയാല്‍ മതി.
എസ്ഡിഎസ് പ്രോഗ്രാമിന്റെ ഉയര്‍ന്ന മുന്‍കൂര്‍ ചിലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗഹാര്‍ദ്ദപരമായ സംവിധാനമാണ് നോണ്‍-എസ്ഡിഎസ് സംവിധാനം. ജിഐസി ഇപ്പോഴും ഒരു മാനദണ്ഡമാക്കിയിട്ടുണ്ടെങ്കിലും, എസ്ഡിഎസ് ഇതര പ്രക്രിയയില്‍ ഇനിമുതല്‍ നിര്‍ബന്ധമല്ല.
പഞ്ചാബ് ആസ്ഥാനമായുള്ള വിസ കണ്‍സള്‍ട്ടന്റായ അമന്‍ പര്‍മര്‍ പറയുന്നത്, എസ്ഡിഎഎസ് ഇതര വിസ പ്രക്രിയ ജര്‍മ്മനിയോ യൂറോപ്പോ പോലെയുള്ള ചോയ്‌സുകള്‍ ഉപേക്ഷിച്ച് കാനഡയെ കൂടുതലായി പരിഗണിക്കുന്നതിന് വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചേക്കുമെന്നാണ്.
ഭാഷാ പ്രാവീണ്യത്തിലെ മാറ്റങ്ങള്‍
IELTS-ല്‍ കുറഞ്ഞത് 6 ബാന്‍ഡുകളോ PTE-യില്‍ 60 മാര്‍ക്കുകളോ ഉള്‍പ്പെടെ, എസ്ഡിഎസ് പ്രോഗ്രാമിന് പ്രത്യേക ഭാഷാ പ്രാവീണ്യം നിര്‍ബന്ധമായിരുന്നു. അതേസമയം, നോണ്‍-എസ്ഡിഎസ് റൂട്ടിന് കീഴില്‍, ഐഇഎല്‍ടിഎസിലെ 5.5 ബാന്‍ഡുകള്‍ പോലെ, അല്‍പ്പം കുറഞ്ഞ സ്‌കോര്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഇത് കുറഞ്ഞ ഭാഷാ പരീക്ഷ മാര്‍ക്കുകള്‍ കിട്ടുന്ന അപക്ഷകര്‍ക്കു കൂടി സഹായകമാകുന്നു.
സാമ്പത്തിക പരിഗണനകള്‍
വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷത്തെ മുഴുവനും ട്യൂഷന്‍ ഫീസും മുന്‍കൂറായി നല്‍കേണ്ടതില്ലെങ്കിലും, കാനഡയില്‍ താമസിച്ച് പഠിക്കാന്‍ തങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ തെളിയിക്കേണ്ട ആവശ്യം ഇപ്പോഴുമുണ്ട്. എന്നിരുന്നാലും, സാധാരണ വിസ റൂട്ടിന് കീഴില്‍ സാമ്പത്തിക പരിധി ഗണ്യമായി കുറവാണ്, അതായത് ബാങ്ക് ഗ്യാരണ്ടിയായി ഏകദേശം 5 മുതല്‍ 6 ലക്ഷം വരെ ഉണ്ടായാല്‍ മതി. എസ്ഡിഎസില്‍ ഇതിന്റെ നാലിരട്ടി തുക വേണമായിരുന്നു.
നിലവാരമുള്ള അപേക്ഷകള്‍ തയ്യാറാക്കുക
സാധാരണ വിസ പ്രക്രിയ വിജയിക്കണമെങ്കില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണം. കാനഡയിലെ പഠനത്തിനും കരിയര്‍ ലക്ഷ്യങ്ങള്‍ക്കും ഉറച്ച അക്കാദമിക് റെക്കോര്‍ഡും വ്യക്തവും യാഥാര്‍ത്ഥ്യബോധമുള്ളതുമായ പദ്ധതിയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ അപേക്ഷയില്‍ ഉറപ്പാക്കണം. വിസ ഓഫീസര്‍മാര്‍ നോക്കുന്നത് പ്രധാനമായും അപേക്ഷകരുടെ വിദ്യാഭ്യാസ താത്പര്യവും അവരുടെ പ്രൊഫഷണല്‍ അഭിലാഷങ്ങളോടുള്ള പ്രതിബദ്ധതയുമാണ്.
കാനഡയുടെ കുടിയേറ്റ നയത്തിലെ മാറ്റങ്ങള്‍
കാനഡയുടെ കുടിയേറ്റ നയത്തില്‍ ഉണ്ടായിരിക്കുന്ന വിപുലമായ മാറ്റങ്ങളുടെ ഭാഗമാണ് എസ്ഡിഎസ് പ്രോഗ്രാം അവസാനിപ്പിക്കുന്നത്. ഈ വര്‍ഷം, കാനഡ നല്‍കുന്ന പഠന വിസകളുടെ എണ്ണത്തില്‍ അവരൊരു പരിധി വച്ചിട്ടുണ്ട്. പക്ഷേ ആ ലക്ഷ്യം അതിമോഹമാകുമോയെന്നറിയില്ല. 2027 വരെ പ്രതിവര്‍ഷം 305,000 പഠന വിസകളാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ധാരാളം അപേക്ഷകര്‍ ഉണ്ടായേക്കാമെങ്കിലും, മികച്ച സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം കിട്ടാന്‍ സാധ്യതയേറെയാണ്. എസ്ഡിഎസ് പ്രോഗ്രാംഅവസാനിപ്പിക്കുന്നത് തുടക്കത്തില്‍ ഒരു തിരിച്ചടിയായി തോന്നുമെങ്കിലും, സാധാരണ വിസ റൂട്ട് ഇപ്പോഴും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധാരാളം അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്ക് ഗ്യാരണ്ടിയും നിലവാരം പുലര്‍ത്തുന്ന അപേക്ഷകള്‍ വഴിയും പഠനത്തോടുള്ള ഗൗരവമായ പ്രതിബദ്ധത പ്രകടിപ്പിക്കാന്‍ സാധിക്കുന്നതിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് കനേഡിയന്‍ വിസ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഉറപ്പ്.