മോഡി ഭരണത്തിന്‍ കീഴില്‍ കുതിച്ചുയരുന്ന ശതകോടീശ്വരനെന്ന് വിശേഷിപ്പിച്ചുകൊണ്ട്, അദാനി ബിസിനസ് സാമ്രാജ്യത്തിന്റെ ഉള്ളുകള്ളികള്‍ വിശദീകരിക്കുന്ന ലേഖനം കനേഡിയന്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ വാള്‍റസില്‍ പ്രസിദ്ധീകരിച്ചു. യേല്‍ സര്‍വ്വകലാശാലയില്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് വിഭാഗം അധ്യാപകനും കാരവന്‍ മാഗസിന്റെ കണ്‍സള്‍ട്ടന്റ് എഡിറ്ററുമായ സുശാന്ത് സിങ്ങാണ് അദാനി ബിസിനസ് സാമ്രാജ്യത്തിനെ വളര്‍ച്ചയും വികാസവും ആഴത്തില്‍ പരിശോധിക്കുന്ന ലേഖനം തയ്യാറാക്കിയിരിക്കുന്നത്. 2002-ല്‍ നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്ന കാലം മുതലാണ് സര്‍ക്കാര്‍ തലങ്ങളില്‍ നിന്ന് അദാനി കോര്‍പറേഷന് ഭീമമായ സഹായങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത് എന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു.canadian online reporting adani-modi relation; the billionaire rising under modi government
ലേഖനത്തിന്റെ പ്രധാന ഭാഗങ്ങള്‍
ലോകത്തെ ഏറ്റവും വലിയ ധനവാന്മാരില്‍ ഒരാളായ ഗൗതം അദാനിയെ, നരേന്ദ്ര മോഡിയുടെ ഇന്നേവരെയുള്ള ഏറ്റവും പ്രിയപ്പെട്ട വ്യവസായ ഭീമന്‍ എന്ന് പലരും വിശേഷിപ്പിക്കുന്നുണ്ട്. 2014 പൊതുതിരഞ്ഞെടുപ്പ് തൂത്തുവാരിയ ശേഷം പ്രധാനമന്ത്രിയാകാനായി ന്യൂഡല്‍ഹിലേക്ക് നരേന്ദ്ര മോഡി പറന്നെത്തിയ സ്വകാര്യ വിമാനത്തില്‍ വലുതായി പ്രദര്‍ശിപ്പിച്ചിരുന്ന അദാനി ഗ്രൂപ്പിന്റെ ലോഗോ സര്‍വ്വരുടേയും ശ്രദ്ധയില്‍ പെട്ടതാണ്. 62-കാരനായ അദാനിയുമായി നരേന്ദ്ര മോഡിക്കുള്ള ബന്ധം രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ്. 2002-ല്‍ മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം ഓരോ പടിയും ഇരുവരും മുന്നോട്ട് വച്ചത് പരസ്പരം കൈപിടിച്ചായിരുന്നു. അക്കാലം മുതല്‍ ഭരണകൂടത്തിന്റെ അനുകൂലമായ തീരുമാനങ്ങള്‍ തുടര്‍ച്ചയായി അദാനി കോര്‍പറേഷന് വേണ്ടി ഉണ്ടായിക്കൊണ്ടിരുന്നു.
അഹമ്മദാബാദില്‍ തന്റെ ചെറിയ പ്ലാസ്റ്റിക് ഫാക്ടറി നടത്താന്‍ സഹോദരനെ സഹായിച്ച് കൊണ്ടാണ് ഗൗതം അദാനി ബിസിനസ് യാത്ര ആരംഭിക്കുന്നത്. 1983 കാലമാകുമ്പോഴേക്കും പി.വി.സി കയറ്റുമതി ചെയ്യാന്‍ അവര്‍ ആരംഭിച്ചു. 1988 ആയപ്പോഴേക്കും അദാനി ഗ്രൂപ്പ് സ്ഥാപിച്ചുകൊണ്ട് ചരക്ക് വാണിജ്യം അവര്‍ ആരംഭിച്ചു. അത്തരത്തില്‍ ചുരുങ്ങിയ നിലയില്‍ ആരംഭിച്ച സ്ഥാപനമാണ് ഇപ്പോള്‍ അടിസ്ഥാന സൗകര്യവികസനം, വൈദ്യുതി ഉത്പാദനം, ഖനനം, പ്രകൃതി വാതക വിതരണം, പാരമ്പര്യേതര ഊര്‍ജ്ജം, വിമാനത്താവളം, സിമന്റ്, മാധ്യമങ്ങള്‍ എന്നിങ്ങനെ വളര്‍ന്നത്. പ്രധാനമന്ത്രി പദവിയില്‍ മോഡി എത്തിയ ശേഷം അദാനി കോര്‍പറേഷന്റെ ഓഹരികളുടെ വില ആകാശം മുട്ടെ പറന്നുയര്‍ന്നു. മോഡിയുടെ പ്രധാനമന്ത്രിയായി ഒരു വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം ഏകദേശം 5,700 കോടി ഡോളറോളമായി കുതിച്ചു കേറി. ഇന്ത്യയുടെ വികസന നയത്തിന്റെ മുഖമായി വൈകാതെ അദാനി മാറി. കോളേജ് പഠനം പൂര്‍ത്തിയാക്കാത്ത, സ്വന്തം നിലയില്‍ വളര്‍ന്ന വ്യവസായി മോഡിയുടെ വിദേശ നയത്തിന്റേയും ഭാഗമായി.
കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ രാജ്യത്തെ എട്ട് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. 13 തുറമുഖങ്ങളുടെയും നടത്തിപ്പും അവര്‍ നേടി. അഥാ ഇന്ത്യയുടെ വ്യോമഗതാഗത്തിന്റേയും തുറമുഖങ്ങള്‍ വഴി ഇന്ത്യയിലേയ്ക്കുള്ള പ്രവേശനത്തേയും നാലിലൊന്ന് നിയന്ത്രിക്കുന്നത് അദാനി കോര്‍പറേഷനാണ്. അടുത്തിടെ, പാകിസ്താനുമായുള്ള അതിര്‍ത്തിക്ക് തൊട്ടടുത്ത് അദാനി കോര്‍പറേഷന് പാരമ്പര്യേതര ഊര്‍ജ്ജോത്പാദനം നടത്തുന്നത് ദേശീയ സുരക്ഷാ നിയമങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടം ഇളവ് വരുത്തിയതായി അടുത്തിടെ റിപ്പോര്‍ട്ടുണ്ടുണ്ടായിരുന്നു.
കഴിഞ്ഞ നവംബറില്‍ അമേരിക്കന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ അദാനി ഗ്രൂപ്പിനെതിരെ കൈക്കൂലിയും തട്ടിപ്പും സംബന്ധിച്ച് വ്യാജ പ്രസ്താവന നല്‍കിയ ഗൂഢാലോചന കേസില്‍ അദാനി ഗ്രൂപ് കുറ്റക്കാരാണ് എന്നാരോപിച്ചതോടെയാണ് ഗൗതം അദാനിയും നരേന്ദ്രമോഡിയും തമ്മിലുള്ള ബന്ധം ശ്രദ്ധയില്‍ വന്നത്. രണ്ട് പതിറ്റാണ്ടിനുള്ളില്‍ 2000 കോടി ഡോളറെങ്കിലും ലാഭമുണ്ടാക്കുന്ന രണ്ട് സൗരോര്‍ജ്ജ ഉത്പാദന കരാറുകള്‍ അദാനി എനര്‍ജി ലിമിറ്റഡിനും അസുര്‍ പവര്‍ ഗ്ലോബലിനും വേണ്ടി കൈക്കലാക്കുവാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഏതാണ്ട് 25 കോടി ഡോളറിലധികം കൈക്കൂലിയായി നല്‍കാമെന്ന് അദാനിയും കൂട്ടാളികളും വാഗ്ദാനം ചെയ്തിരുന്നുവെന്നും അതേക്കുറിച്ച് അമേരിക്കന്‍ ഇടപാടുകളില്‍ കള്ളം പറഞ്ഞുവെന്നുമാണ് യു.എസ് പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം. അദാനി ഗ്രൂപ്പിന്റെ വികസനത്തിനായുള്ള ഫണ്ട് അമേരിക്കന്‍ വിപണിയില്‍ നിന്ന് ശേഖരിക്കാന്‍ ഈയടുത്തിടെ അവര്‍ ശ്രമം നടത്തിയതോടെയാണ് ഈ പ്രതിസന്ധികള്‍ ഉടലെടുത്തത്.
അദാനിയുടെ ബിസിസസ് സംരംഭങ്ങളെല്ലാം മോഡിയുടെ രാഷ്ട്രീയ-സാമ്പത്തിക തന്ത്രങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നുള്ളത് കൊണ്ട് അമേരിക്കയിലെ ഈ നിയമനടപടികള്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഇന്ത്യയുടെ ആഗോള ബന്ധങ്ങളേയും നിക്ഷേപകരുടെ ആത്മവിശ്വാസത്തേയും മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക പദവിയേയും യശസിനേയും ഇത് മോശമായ രീതിയില്‍ ബാധിക്കും. മാത്രമല്ല, രാജ്യത്ത് നിലനില്‍ക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ അപകടങ്ങളിലേക്ക് ലോകശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യുന്നതാണത്. ആഭ്യന്തരമന്ത്രി അമിത്ഷാ കാനഡയിലെ സിഖ് വിഘടനവാദികള്‍ക്കെതിരെ അപകടകരമായ പ്രചരണം സംഘടിപ്പിച്ചുവെന്ന ആരോപണം ഇപ്പോള്‍ തന്നെ മോഡിക്ക് മേല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സംശയദൃഷ്ടി പതിയാന്‍ കാരണമായിട്ടുണ്ട്.
2014-ല്‍ മോഡി പ്രധാനമന്ത്രി ആയതിന് ശേഷമാണ് അദാനിയുടെ സ്വാധീനവും പ്രസക്തിയും ദ്രുതഗതിയില്‍ മുന്നേറുന്നത്. പിന്നീട് അദാനിക്ക് എന്തും സാധിക്കുമെന്നായി മാറി. മോഡിയോ കേന്ദ്രസര്‍ക്കാരിലെ ഏതെങ്കിലും പ്രധാനികളോ വിദേശ രാജ്യങ്ങളില്‍ പോയാല്‍ ആ നാടുമായി അദാനി ഒരു അന്താരാഷ്ട്ര കരാറുണ്ടാക്കുമെന്നതില്‍ സംശയമില്ല. മൂന്ന് ഉദാഹരണങ്ങള്‍ ഇതാ.
2023-ല്‍ ശ്രീലങ്ക അവരുടെ രാജ്യത്ത് ഒരു കാറ്റാടി വൈദ്യുതി പദ്ധതിക്ക് 44.2 കോടി ഡോളര്‍ നിക്ഷേപം നടത്താന്‍ അദാനി ഗ്രൂപ്പിനെ തിരഞ്ഞെടുത്തു. ഒരു വര്‍ഷം മുമ്പ് സിലോണ്‍ വൈദ്യുതി ബോര്‍ഡിന്റെ ഉദ്യോഗസ്ഥന്‍ പാര്‍ലമെന്റ് സമിതിക്ക് മുമ്പാകെ ഹാജരായി ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊതബായ രാജ്പക്സേയെ ഈ കരാര്‍ അംഗീകരിക്കുന്നതിനായി മോഡി സമ്മര്‍ദ്ദം ചെലുത്തിയതായി വെളിപ്പെടുത്തിയിരുന്നു. ഈ ഉദ്യോഗസ്ഥന് പിന്നീട് തന്റെ പ്രസ്താവന പിന്‍വലിച്ച് രാജിവയ്ക്കേണ്ടതായി വന്നു.
അദാനി ഗ്രൂപ്പിന് നല്‍കിയ അടിസ്ഥാന സൗകര്യ വികസന കരാര്‍ വിവാദമായതിനെ തുടര്‍ന്ന് കെനിയന്‍ പ്രധാനമന്ത്രി റായ്ല ഒഡിന്‍ഗ കഴിഞ്ഞവര്‍ഷം നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹമാണ് തനിക്ക് അദാനി ഗ്രൂപ്പിനെ പരിചയപ്പെടുത്തി തന്നത് എന്ന് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ വിവാദമായ കരാറും ഒരു പതിറ്റാണ്ടിനപ്പുറം ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കൈക്കൊണ്ടിരുന്ന നടപടികളും തമ്മിലുള്ള നേരിട്ടുള്ള ബന്ധം തന്നെ സൂചിപ്പിക്കുന്നത് അദാനിയുടെ കാര്യത്തില്‍ എല്ലാകാലത്തും ഇതേ ജാഗ്രത മോഡി പുലര്‍ത്തിയിരുന്നുവെന്നാണ്.
ഷേഖ് ഹസീന പ്രധാനമന്ത്രിയായിരിക്കേ ജാര്‍ഖണ്ഡിലെ ഗോഡ്ഡ താപോര്‍ജ്ജനിലയത്തില്‍ ഉണ്ടാക്കുന്ന 1600 മെഗാവാട്ട് വൈദ്യുതി ബംഗ്ലാദേശിലേക്ക് നല്‍കാന്‍ അദാനി ഒരു കരാര്‍ ഒപ്പിട്ടു. അദാനിയുടെ ഓസ്ട്രേലിയന്‍ ഖനികളില്‍ നിന്നുള്ള കല്‍ക്കരിയായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത് എന്ന് പറയുന്നു. ഇതാകട്ടെ ബംഗ്ലാദേശില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ജനാധിപത്യ ധ്വംസനത്തിനുമെതിരെ പടിഞ്ഞാറന്‍ നാടുകളില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ നരേന്ദ്രമോഡി നല്‍കിയ പിന്തുണയ്ക്കുള്ള സ്നേഹപ്രകടനമായി ലഭിച്ചതാണ്. അദാനിയുടെ അന്തരാഷ്ട്ര ബിസിനസ് താത്പര്യങ്ങളായ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, വൈദ്യുതി, കല്‍ക്കരി ഖനനം, ആയുധ വ്യാപാരം എന്നിവ ഓസ്ട്രേലിയ, ബംഗ്ലാദേശ്, വിയറ്റ്നാം, ഗ്രീസ്, ഇന്തോനേഷ്യ, ഇസ്രയേല്‍, നേപ്പാള്‍, കെനിയ, ശ്രീലങ്ക, ടാന്‍സാന്‍നിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ മോഡി സഹായിച്ചിട്ടുണ്ടെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
ജോ ബൈഡന്‍ ഭരണകൂടവുമായി മോഡി ഭരണകൂടം ഉണ്ടാക്കിയ ബന്ധത്തിന്റെ തുടര്‍ച്ചയായി അദാനിക്ക് യു.എസിന്റെ ഔദ്യോഗിക പിന്തുണ ലഭിച്ചു. 2023 നവംബറില്‍ യു.എസ്. അന്താരാഷ്ട്ര ധനകാര്യ കോര്‍പറേഷന്‍ 53.3 കോടി ഡോളര്‍ ശ്രീലങ്കയിലെ കൊളംമ്പോ തുറമുഖത്ത് ആഴക്കടല്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ ഉണ്ടാക്കുന്നതിനായി അദാനി ഗ്രൂപ്പിന് വായ്പ നല്‍കി. അദാനി കോര്‍പറേഷന്റെ പ്രവര്‍ത്തന മികവിന്റേയും ലോകോത്തര അടിസ്ഥാന സൗകര്യ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിലുള്ള അവരുടെ കഴിവിന്റേയും പ്രതിഫലനമായാണ് പൊതുവേ യു.എസ് കോര്‍പറേഷന്‍ നല്‍കിയ വായ്പ വിലയിരുത്തപ്പെട്ടത്. പ്രത്യേകിച്ചും ഹിന്‍ഡെന്‍ബര്‍ഗ് ഗവേഷണ സ്ഥാപനങ്ങളുടെ ആരോപണങ്ങളാല്‍ അദാനി കോര്‍പറേഷന് അടിയേറ്റതിന് ഏതാനും മാസങ്ങള്‍ക്കുള്ളിലായിരുന്നു ഇത്.
അമേരിക്ക ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലിങ് സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗ് ആരോപിച്ചത് ‘കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ് അദാനി നടത്തുന്നത്’ എന്നാണ്. ഗുരുതരമായ സാമ്പത്തിക തട്ടിപ്പിന്റെ പേരിലുള്ള ഈ ആരോപണത്തെ തുടര്‍ന്ന് 15,000 കോടി ഡോളറിന്റെ നഷ്ടം അദാനി കോര്‍പറേഷനുണ്ടായി. ഓഹരി വിപണിയില്‍ 35.4 ശതമാനം ഇടിവാണ് അദാനി കോര്‍പറേഷന് ഉണ്ടായത്. ഇത്തരത്തിലുള്ള വിമര്‍ശനങ്ങളൊക്കെ ഉയര്‍ന്നിട്ടും യാതൊരു നടപടിയും ഇന്ത്യന്‍ ധനകാര്യ വകുപ്പിന്റേയോ നിയന്ത്രിതാക്കളുടേയോ ഭാഗത്ത് നിന്നുണ്ടായില്ല. കോടതികളാകട്ടെ യാതൊരു സൂക്ഷ്മ പരിശോധനയ്ക്കും മുതിര്‍ന്നില്ല. പകരമായി ഇന്ത്യയുടെ പരമാധികാരത്തിനെതിരായ വെല്ലുവിളിയായി അദാനി ഗ്രൂപ്പ് ഈ സംഭവത്തെ ചിത്രീകരിച്ചു. അദാനി പ്രതിനിധികള്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ മുന്നില്‍ നിന്ന് പ്രസ്താവനകള്‍ പുറപ്പെടുവിച്ചു. അദാനിയുമായുള്ള മോഡിയുടെ ബന്ധത്തിന്റെ പേരില്‍ പ്രതിപക്ഷം പല വിമര്‍ശനങ്ങളും ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ബി.ജെ.പിയോ മോഡിയോ ഇതിനോട് പ്രതികരിച്ചിട്ടേ ഇല്ല. ഭരണത്തിലേറിയ ശേഷം ഇന്ത്യയിലെ ഒരു പത്രസമ്മേളനത്തിലും മോഡി പങ്കെടുത്തിട്ടില്ല. 2019 നടത്തിയ ഒരു പത്രസമ്മേളനത്തില്‍ മറുപടി പറയാന്‍ അമിത് ഷായെ ഏല്‍പ്പിച്ചു.
ഹിന്‍ഡ്ബെര്‍ഗ് ആരോപണങ്ങള്‍ക്ക് ശേഷവും അദാനി വന്‍ തിരിച്ച് വരവ് നടത്തി. 2024 തുടക്കം അദാനി കമ്പിനികളുടെ ഓഹരി മൂല്യം റെക്കോര്‍ഡ് ഉയരത്തിലെത്തി. 2024-ല്‍ യു.എസ് ബ്രോക്കറേജ് സ്ഥാപനമായ കാന്റര്‍ ഫിറ്റ്സ്ജെറാള്‍ഡ് ‘ഇന്ത്യ കൈവരിക്കാനുദ്ദ്യേശിക്കുന്ന നേട്ടങ്ങളുടെ ആകെത്തുക’ എന്ന് അദാനി ഗ്രൂപ്പിനെ വിശേഷിപ്പിച്ചു. ആ ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് അദാനി ഗ്രൂപ്പിനെതിരെ കേസ് അമേരിക്കയില്‍ നിന്ന് ഉണ്ടാകുന്നത്. ഈ കുറ്റാരോപണങ്ങള്‍ക്ക് ശേഷം മോഡി നിശബ്ദത തുടര്‍ന്നു. എന്നാല്‍ ബിജെപി വക്താക്കള്‍ എക്സിലൂടെ അമേരിക്കക്കെതിരെ ആഞ്ഞടിച്ചു. സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റും അമേരിക്കയെ നയിക്കുന്ന ‘ഡീപ് സ്റ്റേറ്റും’ ചേര്‍ന്ന് ഇന്ത്യയിലെ പ്രതിപക്ഷത്തിനൊപ്പം ഗൂഢാലോചന നടത്തുകയാണെന്നും അത് ‘വ്യക്തമായും ഇന്ത്യയെ അസന്തുലിതമാക്കുന്നതിന്’ ആണെന്നും അവര്‍ ആരോപിച്ചു.
അമേരിക്കയില്‍ അദാനിക്കെതിരെയുണ്ടായ നിയമനടപടി ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കുന്ന തരത്തിലുള്ള പ്രകോപനപരമായ നിലപാട് പലര്‍ക്കും അത്ഭുതമായിരുന്നു. ഈ ആരോപണത്തെ ‘നിരാശാജനകം’ എന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വിശേഷിപ്പിച്ചത്. ഇന്ത്യന്‍ വിദേശമന്ത്രാലയമാകട്ടെ ജേണലിസ്റ്റുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. പാര്‍ട്ടിക്ക് മേല്‍ സര്‍വ്വാധിപത്യമുള്ള മോഡിയാകട്ടെ തങ്ങളുടെ വക്താക്കളോട് ഇത് സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്യാനാവശ്യപ്പെട്ടില്ല. പ്രവാചകന്‍ മുഹമ്മദിനെ കുറിച്ച് വക്താവ് നൂപുര്‍ ശര്‍മ്മ ആക്ഷേപരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഖത്തറും മറ്റ് ഇസ്ലാമിക രാജ്യങ്ങളും പ്രതികരിക്കുകയും നൂപുര്‍ ശര്‍മ്മയെ ബി.ജെ.പി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ അമേരിക്കയോട് പോലും പോരാടാന്‍ പാകത്തിന് മോഡിക്കും ബി.ജെ.പിക്കും അദാനിയുമായി എത്രമാത്രം ബന്ധമുണ്ട് എന്നതിന്റെ തെളിവ് കൂടിയാണ് ഈ സംഭവം. കാന്റര്‍ ഫിറ്റ്സ്ജെറാള്‍ഡ് 2014 ജനുവരിയില്‍ എഴുതിയത്, ‘അവഗണിക്കാന്‍ കഴിയാത്തത്ര വലുതാണ് അദാനി. അദാനിക്ക് ഇന്ത്യ എത്രമാത്രം ആവശ്യമുണ്ടോ, അത്രത്തോളം അദാനിയെ ഇന്ത്യയ്ക്കും ആവശ്യമുണ്ട്’ എന്നാണ്. എന്തായാലും മോഡി അല്ല ഇന്ത്യ. അദാനി ഒരുപക്ഷേ മോഡിക്ക് വേണ്ടി സേവനങ്ങള്‍ നടത്തുന്നുണ്ടാകും. പക്ഷേ അദാനിയുടെ പ്രവര്‍ത്തികള്‍ ഇന്ത്യയുടെ താത്പര്യത്തിനാണ് വലിയ ഭീഷണിയാകുന്നത്.
ഇന്ത്യയുടെ ഏറ്റവും അടുത്ത നയതന്ത്ര പങ്കാളിയെന്ന നിലയില്‍ ഉന്നതിയിലേക്ക് കുതിക്കുന്ന ചൈനയുമായി ഭൗമരാഷ്ട്രീയാതിര്‍ത്തികള്‍ പങ്കിടുന്ന ഇന്ത്യ അനിശ്ചിതമായ പാതകളിലൂടെയാണ് കടന്നുപോകുന്നത്. ഡോണാള്‍ഡ് ട്രംപ് പ്രസിഡന്റ് ആയതോടെ ഇതിന്റെ ഭാവി കൂടുതല്‍ അനശ്ചിതത്വവും പ്രവചനാതീതവുമായി മാറി. ഇന്ത്യ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി ചുങ്കം ചുമത്തുന്നുവെന്ന് വിമര്‍ശിച്ച ട്രംപ് അത് ഒഴിവാക്കാനും ആവശ്യപ്പെട്ടു. തന്റെ പ്രസിഡന്റ് പദവിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിങ്ങിനെ വിളിച്ച ട്രംപ് നരേന്ദ്രമോഡിയെ ക്ഷണിച്ചില്ല എന്നത് ഇന്ത്യയ്ക്ക് വലിയ ആഘാതമായിരുന്നു. 2020-ല്‍ ട്രംപ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് അദ്ദേഹത്തിന് വേണ്ടി ഹൂസ്റ്റണിലും അഹമ്മദാബാദിലും റാലി സംഘടിപ്പിച്ച മോഡി ഇപ്പോഴും ട്രംപുമായി വ്യക്തിപരമായി അടുത്ത ബന്ധത്തിലാണ് എന്നാണ് അവകാശപ്പെടുന്നത്.
കഴിഞ്ഞമാസം മോഡി അമേരിക്ക സന്ദര്‍ശിക്കുന്നതിന് മുമ്പായി അദാനിയുടെ കേസില്‍ ട്രംപ് ചെറിയൊരു ഇളവ് അനുവദിച്ചു. കേസിന് ആധാരമായ നിയമത്തിന്റെ നടത്തിപ്പ് തടഞ്ഞ് വയ്ക്കുകയാണ് ചെയ്തത്. ഇത് താത്കാലികമായി അദാനി ഗ്രൂപ്പിന് ആശ്വാസം നല്‍കുന്നതാണെങ്കിലും ആറുമാസം കഴിഞ്ഞ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന് ഈ നിയമം മരവിപ്പിക്കുന്നതിനുള്ള പ്രസിഡന്റിന്റെ ഉത്തരവ് പുനപരിശോധിക്കാവുന്നതാണ്. ട്രംപ് ആകട്ടെ അറിയപ്പെടുന്ന കച്ചവടങ്ങളുറപ്പിക്കുന്നതിന് പേര് കേട്ടയാളാണ്. അദാനിക്കെതിരെയുള്ള അഴിമതി കേസ് അദാനി കോര്‍പറേഷന്റെ വ്യവസായ സാമ്രാജ്യത്തെ പിടിച്ച് കെട്ടാന്‍ പശ്ചാത്യരാജ്യങ്ങള്‍ ഉപയോഗിക്കാതിരിക്കണമെങ്കില്‍ മോഡി, ആത്യന്തികമായി ഇന്ത്യ, അതിന് കനത്ത വില നല്‍കേണ്ടി വരും. ഇന്ത്യയുടെ നയതന്ത്ര ദൗര്‍ബല്യമായി ഇനി അദാനിയെ ഉപയോഗിക്കാന്‍ അമേരിക്കയ്ക്കും പശ്ചാത്യ രാജ്യങ്ങള്‍ക്കുമാകും.
ദക്ഷിണേഷ്യയില്‍ പോലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ചെറു രാജ്യങ്ങള്‍ പോലും ഇന്ത്യയെ അടിക്കുന്നതിനുള്ള മാര്‍ഗ്ഗമായി അദാനിയെ കാണുന്നുണ്ട്. ബംഗ്ലാദേശ് അവരുമായുള്ള അദാനി കോര്‍പറേഷന്റെ വൈദ്യുതി ഇടപാട് പുനപരിശോധിക്കുന്നതിന് കനത്ത സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. ശ്രീലങ്കയില്‍ നിന്ന് തങ്ങളുടെ കാറ്റാടി വൈദ്യുതി പദ്ധതിയും പിന്‍വലിച്ച് അദാനി തിരിച്ച് പോന്നു. ആഫ്രിക്കയിലാകട്ടെ, കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ രണ്ട് അദാനി പദ്ധതികള്‍ റദ്ദാക്കിയതായി പ്രഖ്യാപിച്ചു. അതേസമയം കൊളംബോ തുറമുഖ ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിച്ചതിനാല്‍ അമേരിക്കന്‍ സാമ്പത്തിക വികസന കോര്‍പറേഷനില്‍ നിന്നുള്ള വായ്പയ്ക്കായുള്ള അപേക്ഷ അദാനി കോര്‍പറേഷന്‍ പിന്‍വലിച്ചു. കൈക്കൂലി ആരോപണങ്ങള്‍ വന്നതിനെ തുടര്‍ന്ന് വായ്പ നല്‍കിയാലുണ്ടാകാവുന്ന ‘അനന്തര ഫലങ്ങളെ കുറിച്ച് വിചിന്തനം ചെയ്യുകയാണ്’ എന്ന് യു.എസ്.ഏജന്‍സി നേരത്തേ അറിയിച്ചിരുന്നു.
യു.എസ് കേസിനെ തുടര്‍ന്ന് പല സാമ്പത്തിക സമ്മര്‍ദ്ദങ്ങളും അദാനിക്ക് ഉണ്ടായിട്ടുണ്ട്. ഓഹരിവില ആടിക്കളിക്കുകയും അദാനി ഗ്രീന്‍ കമ്പിനിയില്‍ 19.75 ശതമാനം ഓഹരിയുള്ള ഫ്രഞ്ച് കമ്പിനിയായ ടോട്ടല്‍ എനര്‍ജീസ് തങ്ങളുടെ ഭാവി നിക്ഷേപങ്ങള്‍ പിടിച്ച് വച്ചതും അവര്‍ക്ക് തിരിച്ചടിയായി. ആരോപണങ്ങളില്‍ വാസ്തവമില്ലെന്ന് തെളിയുന്നത് വരെ ഭാവിയില്‍ അദാനി ഗ്രൂപ്പില്‍ നിക്ഷേപങ്ങള്‍ നടത്തില്ലെന്ന് ടോട്ടല്‍ എനര്‍ജീസ് പ്രഖ്യാപിച്ചു. അദാനി ഗ്രൂപ്പിന്റെ ദീര്‍ഘകാല വായ്പകളില്‍ പകുതിയും, 27,500 കോടി ഡോളര്‍, വിദേശങ്ങളില്‍ നിന്നാണ് എന്നതും അവര്‍ക്ക് പ്രശ്നമാണ്.
മോഡിയും അദാനിയും തമ്മിലുള്ള ഈ ബന്ധം ഇന്ത്യയിലെ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഘടനാപരമായ ദൗര്‍ബല്യത്തെയാണ് കാണിക്കുന്നത്. അദാനിയെ തുണയ്ക്കണമോ ഇന്ത്യയെ ആഗോള മൂലധനത്തിന്റെ സുപ്രധാന കേന്ദ്രമാക്കി മാറ്റണോ എന്ന ചോദ്യമാണ് മോഡിക്ക് മുന്നിലുള്ളത്. അദാനിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പാര്‍ലമെന്റ് കമ്മിറ്റിയെ ഏല്‍പ്പിച്ചും പാര്‍ലമെന്റില്‍ സ്വതന്ത്ര ചര്‍ച്ച നടത്തിയും മോഡിക്ക് സ്വയം അദാനിയില്‍ നിന്ന് അകന്ന് നില്‍ക്കാം. സര്‍ക്കാരിന് കടുത്ത നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരികയും കൂടുതല്‍ കര്‍ക്കശമായി നിയമങ്ങള്‍ നടപ്പിലാക്കുകയും സര്‍ക്കാരും അദാനിയുടെ വ്യവസായവും തമ്മിലുള്ള അടുത്ത ബന്ധത്തെ പുനപരിശോധിക്കുകയും ചെയ്യാം. പക്ഷേ മോഡി രാജ്യത്തിന്റെ സാമ്പത്തിക താത്പര്യങ്ങളേക്കാള്‍ പ്രാധാന്യം കല്‍പ്പിക്കുന്നത് അദാനിയായുള്ള സൗഹൃദത്തിനാണ് എന്നാണ്.
മോഡി ഭരണകൂടം അമിത് ഷായുമായി ബന്ധപ്പെട്ട് കടുത്ത അന്താരാഷ്ട്ര നിരീക്ഷണത്തില്‍ ഉള്ളപ്പോഴാണ് അദാനി വിവാദവും ഉണ്ടാകുന്നത് എന്നത് പ്രധാനമാണ്. കാനഡയില്‍ സിഖ് വിഘടന വാദികള്‍ക്കെതിരായി പല പ്രചരണങ്ങളും അമിത് ഷാ സംഘടിപ്പിച്ചുവെന്ന് ആരോപണമുണ്ട്. അദാനിയും അമിത് ഷായും ആയി ബന്ധപ്പെട്ട ഈ കാര്യങ്ങള്‍ അഴിമതി, സ്വാധീനം, നിയമവിരുദ്ധ നടപടികള്‍ എന്നിവയുടെ ഒരു ശൃംഖല സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ നമ്മുടെ അതിര്‍ത്തിയും കടന്ന് സഞ്ചരിക്കുന്നുവെന്നാണ് ഇതിന്റെ അര്‍ത്ഥം.
1960 കളില്‍ ദക്ഷിണ കൊറിയയില്‍ സംഭവിച്ചത് പോലുള്ള ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയാണ് ഇവിടെ സംഭവിക്കുന്നത് എന്നാണ് മോഡിയുടെ പിന്തുണക്കാര്‍ പറയുന്നത്. രാഷ്ട്രീയ ബന്ധമുണ്ടായിരുന്ന വ്യാവസായിക ശക്തികളായ ഹുണ്ടായ്, ദേവൂ, സാംസങ് എന്നിവ സര്‍ക്കാരിന് ചില കൈക്കൂലികള്‍ നല്‍കി തരമാക്കിയ വലിയ കരാറുകളിലൂടെയും സബ്സിഡികളിലൂടെയും ഉയരുകയും വന്‍ സ്ഥാപനങ്ങളായി ഉയരുകയാണ് ചെയ്തത്. എന്നാല്‍ കുറച്ചു കൂടി യോജിക്കുന്ന താരതമ്യം വ്ളാഡിമിര്‍ പുടിന് കീഴില്‍ റഷ്യന്‍ ഭരണകൂടവുമായി ബന്ധമുള്ള ഒളിഗാര്‍ഖി എന്ന നവപ്രഭുത്വം ഭൗമരാഷ്ട്രീയ താത്പര്യപ്രകാരം ഉയര്‍ന്ന് വന്നതും അവര്‍ വന്‍തോതില്‍ സമ്പത്ത് വാരിക്കൂട്ടുകയും ചെയ്തതാണ്. ആഗോള വ്യവസായ മാതൃക സൃഷ്ടിക്കുന്നതിന് പകരം ആഗോള സമൂഹത്തിന് മുന്നില്‍ ഇന്ത്യയെ ക്ഷയിപ്പിക്കുകയാണ് മോഡി ചെയ്തത്.canadian online reporting adani-modi relation; the billionaire rising under modi government
Content Summary: canadian online reporting on adani-modi relation; the billionaire rising under modi government