February 19, 2025 |
Share on

ദ്രാവിഡിനെക്കാള്‍ മുമ്പേ രോഹിത് ആ തീരുമാനമെടുത്തിരുന്നു

എന്തുകൊണ്ട് രോഹിത് എല്ലാവരുടെയും നായകനാകുന്നു എന്നതിനൊരു തെളിവ് കൂടി

സഹ പരിശീലകര്‍ക്ക് കിട്ടുന്ന അതേ തുക മതി തനിക്കും എന്ന തീരുമാനത്തില്‍ അഞ്ചു കോടി വേണ്ടെന്നു വച്ച് രണ്ടര കോടി മാത്രം വാങ്ങിയ രാഹുല്‍ ദ്രാവിഡ്. ഇന്ത്യക്ക് ദ്രാവിഡിനെ അറിയാം; ക്രിക്കറ്റിലും ജീവിതത്തിലും അടിമുടി മാന്യന്‍, മിസ്റ്റര്‍ ക്ലീന്‍. എല്ലാവര്‍ക്കുമിടയില്‍ ഒരാള്‍ മാത്രമാണ് താനെന്ന ഭാവമേ ദ്രാവിഡിന് എന്നുമുണ്ടായിട്ടുള്ളു.

എന്നാല്‍ ദ്രാവിഡിനൊപ്പം തന്നെ, ഒരുവേള അതിനെക്കാള്‍ പ്രശസംനീയമായ പ്രവര്‍ത്തിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍ നിന്നുണ്ടായത്. ആ ശരീരം പോലെ തന്നെ വലിയ മനസാണ് നായകന്.

ട്വന്റി-20 ലോകകപ്പ് വിജയിച്ച ടീമിന് 125 കോടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പാരിതോഷികം പ്രഖ്യാപിച്ചത്. ടീം നായകനായ രോഹിതിനും മുഖ്യപരിശീലകനായ ദ്രാവിഡിനും അഞ്ചു കോടിയാണ് വിഹിതം. എന്നാല്‍ തന്റെ സഹ പരിശീലകര്‍ക്ക് രണ്ടര കോടിയാണ് കിട്ടുന്നതെന്നതുകൊണ്ടാണ് അതേ തുക തനിക്കും മതിയെന്ന് ദ്രാവിഡ് തീരുമാനിച്ചത്.

അതേസമയം ക്യാപ്റ്റന്‍ രോഹിത് മനുഷ്യത്വം കാണിച്ചത് ടീമിന്റെ മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളോടാണ്.

ജൂലൈ ഒന്നിനാണ് പാരിതോഷിക തുകയായി 125 കോടി പ്രഖ്യാപിച്ചത് എന്നാല്‍ ഇതില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. 15 അംഗ കളിക്കാര്‍, റിസര്‍വ് താരങ്ങള്‍, പരിശീലകര്‍ എന്നിവര്‍ക്കാണ് അത്രയും തുക പ്രഖ്യാപിച്ചത്. ടീമിന്റെ മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റുകള്‍, അനലിസ്റ്റുകള്‍, ഉഴിച്ചിലുകാര്‍, ഫിസിയോ തുടങ്ങിയ സ്റ്റാഫുകളെയായിരുന്നു ബിസിസിഐ വിട്ടുകളഞ്ഞത്.

ഇതറിഞ്ഞതോടെ അവര്‍ക്കും തുല്യമായ വിഹിതം നല്‍കണമെന്ന ആവശ്യവുമായി രോഹിത് മുന്നോട്ടു വന്നു. ഇന്ത്യന്‍ ടീമിലെ ഒരു കളിക്കാരനാണ് ദൈനിക് ജാഗരണ്‍ എന്ന ദേശീയ മാധ്യമത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലാവര്‍ക്കും തുല്യമായ തുക ലഭിക്കാന്‍ വേണ്ടി ഇന്ത്യന്‍ നായകന്‍ തനിക്ക് പ്രഖ്യാപിച്ച തുകയില്‍ നിന്നും വീതം വയ്ക്കാന്‍ തയ്യാറായി എന്നാണ് ആ കളിക്കാരന്‍ ബാര്‍ബഡോസില്‍ നിന്നുള്ള ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ വച്ച് മാധ്യമത്തോട് വെളിപ്പെടുത്തിയത്.

തന്റെ സഹായികളായ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച് പരസ് മാംബ്രേ, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ് എന്നിവര്‍ക്ക് രണ്ടര കോടിയാണ് കിട്ടുന്നതെന്നറിഞ്ഞാണ് ഹെഡ് കോച്ച് ദ്രാവിഡ് തനിക്കും അതേ തുക തന്നെ മതിയെന്ന് തീരുമാനിച്ചത്. രോഹിത് ചെയ്തതാകട്ടെ മറ്റുള്ള സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്ക് രണ്ട് കോടി വീതം കിട്ടാനായി തന്റെ വിഹിതം പങ്കുവയ്ക്കാന്‍ തയ്യാറായി. ഇതൊന്നും രോഹിത് ആരോടും പങ്കുവച്ചിരുന്നില്ല. ടീമിന്റെ വിജയത്തിന്റെ ഭാഗമായ എല്ലാവരെയും ഒരുപോലെ കാണാനുള്ള രോഹിതിന്റെ മനസ് ഒരു നല്ല നായകന്റെ അടയാളമാണെന്നാണ് ഈ വിവരം ദൈനിക് ജാഗരണിനോട് പറഞ്ഞ കളിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.

രോഹിത് ഉറച്ച നിലപാടുമായി നിന്നതോടെയാണ് ടീമിന്റെ ഭാഗമായിരുന്ന സ്‌ട്രെംഗ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ചുമാര്‍, ഫിസിയോമാര്‍, അനലിസ്റ്റുകള്‍, മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ എന്നിവര്‍ക്കെല്ലാം രണ്ട് കോടി വീതം നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിക്കുന്നത്.

രോഹിതിന്റെ ഇത്തരം പ്രവര്‍ത്തികളാണ്, അദ്ദേഹത്തെ എല്ലാവര്‍ക്കും പ്രിയപ്പെട്ട നായകനാക്കി മാറ്റുന്നത്. ഇത്രയധികം സ്‌നേഹിക്കപ്പെടുന്ന മറ്റൊരു നായകനും ഇന്ത്യക്ക് ഉണ്ടായിട്ടില്ലെന്നു പറയാം. സീനിയര്‍ താരങ്ങള്‍ക്കു മാത്രമല്ല, പുതിയതായി ടീമിലെത്തിയവര്‍ക്കും അവരുടെ നായകനെ കുറിച്ച് നല്ലതേ പറയാനുള്ളൂ. കപില്‍, ഗാംഗുലി, ധോണി, കോഹ്‌ലി തുടങ്ങിയ പ്രഗത്ഭരായ നായകന്മാരെക്കാളും മറ്റുള്ളവരുടെ സ്‌നേഹം പിടിച്ചു പറ്റുന്നതില്‍ രോഹിത് തന്നെയാണ് മുന്നില്‍. ടീമിലെ പുതു തലമുറ താരങ്ങളെല്ലാം തങ്ങളുടെ ക്യാപ്റ്റനെ ഒരു സഹോദരനായാണ് കാണുന്നത്. അവര്‍ക്കെല്ലാം അയാള്‍ രോഹിത് ഭായിയാണ്. യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ, റിങ്കു സിംഗ്, ധ്രുവ് ജുറല്‍ തുടങ്ങി എല്ലാവര്‍ക്കും ഹിറ്റ്മാന്‍ അവരുടെ മൂത്ത ചേട്ടനാണ്. ഗ്രൗണ്ടില്‍ അയാള്‍ തന്റെ ടീമംഗങ്ങളെ ശകാരിക്കുന്നത് കണ്ടിട്ടുണ്ടാകാം, എങ്കിലും എല്ലാവരെയും തന്റെ ചിറകിന്‍ കീഴില്‍ ചേര്‍ത്തു നിര്‍ത്തുന്നൊരു വല്യേട്ടനാണയാള്‍ എന്ന് രോഹിതിനെ അറിയുന്നവരെല്ലാം പറയുന്നു. കളിക്കാരോട് മാത്രമല്ല, ആ ടീമിന്റെ ഭാഗമായി നില്‍ക്കുന്ന എല്ലാവരോടും അയാള്‍ക്ക് അതേ മനോഭവമാണ്. അതുകൊണ്ടാണ് പറയുന്നത്, രോഹിത് എല്ലാവരുടെയും നായകനാണെന്ന്.  captain rohit sharma’s humanitarian act, he offered to deduct amount from his money for underpaid support staff of team india 

Content Summary; captain rohit sharma’s humanitarian act, he offered to deduct amount from his money for underpaid support staff of team india

×