July 08, 2025 |
Share on

ലിവര്‍പൂളിന്റെ പ്രീമിയര്‍ ലീഗ് വിജയാഘോഷത്തിനിടയിലേക്ക് കാര്‍ പാഞ്ഞു കയറി; കുട്ടികളടക്കം 50 ഓളം പേര്‍ക്ക് പരിക്ക്

തീവ്രവാദ ആക്രമണം സംശയിക്കുന്നില്ലെന്ന് പൊലീസ്

പ്രീമിയര്‍ ലീഗിലെ ലിവര്‍പൂള്‍ എഫ് സിയുടെ വിജയാഘോഷത്തിനിടയില്‍ നടന്ന ദുരന്തത്തില്‍ കുട്ടികളടക്കം 50 ഓളം പേര്‍ക്ക് പരിക്ക്. നഗരഹൃദയഭാഗത്ത് വച്ച് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഒരു കാര്‍ ഇടിച്ചു കയറിയാണ് ദുരന്തമുണ്ടായത്.

ലിവര്‍പൂള്‍ വിജയത്തിന് പിന്നാലെ സംഘടിപ്പിച്ച വിക്ടറി പരേഡിന് ശേഷമാണ് അപകടം നടക്കുന്നത്. ആഘോഷ പ്രകടനങ്ങള്‍ക്കു ശേഷ റോഡുകള്‍ വീണ്ടും തുറന്നു കൊടുത്ത ശേഷം, റോയല്‍ ലിവര്‍ ബില്‍ഡിംഗിനും ടൗണ്‍ ഹാളിനും മീറ്ററുകള്‍ മാത്രം അകലെയായി, നഗരഹൃദയ ഭാഗമായ വാട്ടര്‍ സ്ട്രീറ്റിലാണ് അപകടം നടന്നത്. ഇടിച്ച വാഹനം ഓടിച്ചതായി കരുതുന്ന 53 വയസുള്ള ഒരു ബ്രിട്ടീഷുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രീമിയര്‍ ലീഗ് വിജയം ആഘോഷിക്കുന്ന ആയിരക്കണക്കിന് ലിവര്‍പൂള്‍ ആരാധകര്‍ നിറഞ്ഞ തെരുവുകളുടെ ദൃശ്യങ്ങളായിരുന്നു തിങ്കളാഴ്ച്ച വൈകുന്നേരം വരെ എങ്ങും. എന്നാല്‍ വൈകുന്നേരം 6 മണിയോടെ റോഡിലൂടെ ആംബുലന്‍സുകള്‍ ചീറിപ്പായുന്നതാണ് കണ്ടത്. ആഹ്ലാദത്തിന്റെ അന്തരീക്ഷം നൊടിയിടയില്‍ ഭയത്തിന്റെതായി മാറി.

രാത്രി വൈകി നടന്ന ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്, നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ് 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ്. പരിക്കേറ്റവരില്‍ ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടം നടന്ന വാട്ടര്‍ സ്ട്രീറ്റിന് സമീപമുള്ള റെസ്റ്ററന്റുകളിലും മറ്റുമായി 20 ഓളം പേര്‍ക്ക് പ്രാഥമിക ചികിത്സകള്‍ നല്‍കിയതായും പറയുന്നു. അപകടം നടന്ന സ്ഥലത്ത് തന്നെയുള്ള ഒരു ഇറ്റാലിയന്‍ റസ്റ്ററന്റില്‍ ആളുകള്‍ക്ക് ചികിത്സ നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. അപകടത്തില്‍ നാല് കുട്ടികള്‍ക്ക് പരിക്കേറ്റുവെന്നാണ് ഔദ്യോഗികമായി അറിയിക്കുന്നത്.

അപകടത്തിന് തീവ്രവാദ സ്വഭാവം ഇല്ലെന്നാണ് പൊലീസ് പറയുന്നത്. മറ്റാരെങ്കിലും ഈ അപകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന സംശയവും പൊലീസ് പറയുന്നില്ല.

ആളുകള്‍ കാറിന്റെ ചില്ലില്‍ ശക്തിയായി ഇടിക്കാനും ഡ്രൈവറെ ഉപദ്രവിക്കാനും ശ്രമിക്കുകയായിരുന്നു. ആ സമയം അയാള്‍ കാറിന്റെ വേഗത കൂട്ടാന്‍ ശ്രമിച്ചതോടെയാണ് നിയന്ത്രണം നഷ്ടമായത്. ആളുകള്‍ക്കിടയിലേക്ക് വേഗത്തില്‍ പാഞ്ഞ കാര്‍ മുന്നില്‍ ഉണ്ടായിരുന്നവരെയൊക്കെ ഇടിച്ചു തെറിപ്പുകയാണുണ്ടായതെന്നാണ് ഒരു ദൃക്‌സാക്ഷിയുടെ വിവരണമായി ഗാര്‍ഡിയന്‍ പറയുന്നത്. കാര്‍ ആദ്യം ഇടിച്ചയാള്‍ ഏകദേശം 20 അടി ദൂരേക്ക് തെറിച്ചു പോയെന്നാണ് ഈ ദൃക്‌സാക്ഷി പറയുന്നത്. അവിടമാകെ ഭയനാകമായ അന്തരീക്ഷമായിരുന്നു. ആളുകളുടെ ഒച്ചയും കുട്ടികളുടെ നിലവിളികളുമെല്ലാമായി പേടിപ്പിക്കുന്ന സാഹചര്യമായിരുന്നുവെന്ന് മറ്റൊരു ദൃക്‌സാക്ഷിയും പറയുന്നു.

കടും നീല നിറത്തിലുള്ള ഒരു കാറാണ് ആളുകള്‍ക്കിടയിലേക്ക് ഇടിച്ചു കയറിയതെന്നാണ് മറ്റൊരാള്‍ ബിബിസിയോട് പറയുന്നത്. ആളുകള്‍ക്കിടയിലേക്ക് കയറിയ കാര്‍ നിര്‍ത്താന്‍ പോലും ശ്രമിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ പോലും ആര്‍ക്കും പറ്റിയില്ലെന്നാണ് ആളുകള്‍ പറയുന്നത്.

അതേസമയം ചിലര്‍ പറയുന്നത്, ആളുകള്‍ക്കിടയിലേക്ക് കാര്‍ മനഃപൂര്‍വം ഇടിച്ചു കയറ്റിയതുപോലെയാണ് തോന്നിയതെന്നാണ്. അയാള്‍ മനഃപൂര്‍വം വേഗത കൂട്ടുന്നതായി തോന്നി, മാത്രമല്ല, അയാള്‍ റിവേഴ്‌സ് എടുത്തശേഷവും മുന്നോട്ട് വേഗത കൂട്ടി വന്നുവെന്നും അവിടെയുണ്ടായിരുന്നവരില്‍ ചിലര്‍ മാധ്യമങ്ങളോട് പറയുന്നുണ്ട്.  Car crashes into crowd at Liverpool FC parade, injuring nearly 50 people

Content Summary; Car crashes into crowd at Liverpool FC parade, injuring nearly 50 people

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×