March 15, 2025 |
Share on

ബിഎംഡബ്ല്യു ഓടിച്ചു കയറ്റിയത് 52 കാരനായ സൗദി ഡോക്ടര്‍; 2016 ല്‍ സമാന രീതിയില്‍ കൊന്നത് 12 മനുഷ്യരെ

ജര്‍മനിയിലെ ക്രിസ്തുമത് ചന്തയില്‍ കാര്‍ ഇടിച്ചു കയറ്റി ആക്രമണം

ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പേരുടെ മരണത്തിനിടയാക്കി ജര്‍മനിയില്‍ നടന്ന കാര്‍ ആക്രമണം തീവ്രാദ ഗ്രൂപ്പുകള്‍ ആസൂത്രണം ചെയ്തതാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലാതെ അധികാരികള്‍. ഒരാള്‍ തനിച്ച് നടത്തിയ ആക്രമണമാണെന്നാണ് പ്രാദേശിക അധികാരികള്‍ പറയുന്നത്. എന്നാല്‍ വലിയൊരു തീവ്രവാദ ശൃംഖലയുടെ പങ്ക് ഇപ്പോള്‍ തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് തീവ്രവാദ വിരുദ്ധ വിഭാഗം പറയുന്നത്. ജര്‍മനിയിലെ മാഗ്ഡിബര്‍ഗിലെ ക്രിസ്തുമസ് മാര്‍ക്കറ്റിലെ ജനത്തിരക്കിനിടയിലേക്കാണ് കാര്‍ ഓടിച്ചു കയറ്റിയത്. 68 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം ഉണ്ടാക്കിയ കാറില്‍ ഒരാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പട്ടണത്തിലെ മറ്റിടങ്ങളില്‍ അക്രമികള്‍ ഇല്ലെന്നു പൊലീസിന് പറയേണ്ടി വന്നത് ജനങ്ങളെ പരിഭ്രാന്തരാക്കാതിരിക്കാന്‍ കൂടി വേണ്ടിയാണെന്നും, എന്നാല്‍ ഇതുകൊണ്ട് മാത്രം ഈ സംഭവത്തില്‍ ഒരാള്‍ മാത്രമെ ഉള്‍പ്പെട്ടിട്ടുള്ളുവെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ലെന്നുമാണ് കൗണ്ടര്‍ എക്‌സ്ട്രീമിസം പ്രൊജകറ്റിന്റെ ഭാഗമായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കൗണ്ടര്‍ ടെററിസത്തിലെ ചിന്തകനായ ഹന്‍സ്-ജേക്കബ് ഷിന്‍ഡ്‌ലെര്‍ പറയുന്നത്. കാറില്‍ നിന്ന് ഒരു ബാഗ് കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നും മനസിലാകുന്നത് അക്രമിക്ക് പുറത്തു നിന്നുള്ള സഹായം ഉണ്ടായിരുന്നുവെന്നാണ് ഷിന്‍ഡ്‌ലെര്‍ അനുമാനിക്കുന്നത്. ഏതായാലും രണ്ട് അനുമാനങ്ങളും പരിഗണനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം വാദിക്കുന്നു.

സൗദി സ്വദേശിയായ ഒരു ഡോക്ടര്‍ ആണ് തന്റെ കറുത്ത ബിഎംഡബ്ല്യു ആളുകള്‍ക്കിടയിലേക്ക് മനപൂര്‍വം ഓടിച്ചു കയറ്റിയത്. ഇയാള്‍ ജര്‍മനിയില്‍ സ്ഥിര താമസക്കാരനായിരുന്നു. ആക്രമണത്തില്‍ സൗദി അറേബ്യ, ജര്‍മന്‍ ജനതയ്ക്ക് തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇരകളുടെ കുടുംബത്തിന്റെ നഷ്ടത്തില്‍ പങ്കു ചേരുന്നതായും രാജ്യം ഔദ്യോഗികമായി പ്രസ്താവിച്ചിട്ടുണ്ട്.

ജര്‍മനിയിലെ സാക്‌സണി-അന്‍ഹാള്‍ട്ട് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ദുരന്തം നടന്ന ക്രിസ്തുമസ് ചന്ത പ്രവര്‍ത്തിച്ചിരുന്ന മാഗ്ഡിബര്‍ഗ്. സംസ്ഥാനത്തിനും പ്രത്യേകിച്ച് മാഗ്ഡിബര്‍ഗിനും ഇതൊരു ഇരുണ്ട ദിവസമാണെന്നാണ് സംസ്ഥാന ആഭ്യന്തര മന്ത്രി ടമാര സീഷാന്‍ഗ് പ്രതികരിച്ചത്. രണ്ട് മരണം മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്.

52 കാരനായ സൗദി സ്വദേശിയാണ് ആക്രമണത്തിന് പിന്നിലെന്നും അയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 2006 ല്‍ ജര്‍മനിയില്‍ എത്തിയ ഇയാള്‍ക്ക് ജര്‍മന്‍ പൗരത്വം ഉണ്ടെന്നാണ് മന്ത്രിയും അറിയിച്ചിരിക്കുന്നത്.

മഗ്ഡിബര്‍ഗില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ബേണ്‍ബര്‍ഗിലായിരുന്നു കുറ്റക്കാരനായ ഡോക്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. നിലവിലെ വിവരം അനുസരിച്ച് ഇയാള്‍ ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചത്. മറ്റാരുടെയെങ്കിലും പങ്ക് ഇതുവരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. എല്ലാക്കാര്യത്തെ കുറിച്ചും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും സീഷാന്‍ഗ് പറഞ്ഞു.

ഇതാദ്യമായല്ല, ജര്‍മനിയിലെ ക്രിസ്തുമസ് ചന്തയില്‍ വാഹനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നതും ആളെ കൊല്ലുന്നതും. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലെ കാര്‍ ഓടിച്ചു കയറ്റി നടത്തി അക്രമത്തില്‍ 12 മനുഷ്യരുടെ ജീവനാണ് നഷ്ടപ്പെട്ടത്. അനിസ് അമ്രി എന്ന, ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടായിരുന്ന ഒരു കുടിയേറ്റക്കാരനായിരുന്നു അന്ന് സ്റ്റിയറിംഗ് നിയന്ത്രിച്ചത്. തന്റെ ലക്ഷ്യം സാധിച്ച ശേഷം അനിസ് അവിടെ നിന്നും രക്ഷപ്പെട്ടു കളഞ്ഞു. എന്നാല്‍ മിലനില്‍ വച്ച്, ഐഡി കാര്‍ഡ് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ നിന്ന്, അമിത വേഗത്തില്‍ ഒരു കാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്. ഇടുങ്ങിയ വഴിയിലൂടെയായിരുന്നു ഇയാള്‍ കാര്‍ ഓടിച്ചു കയറ്റിയത്, ചുറ്റും ആളുകള്‍ നിറഞ്ഞിടമായിരുന്നു. പൊലീസ് സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയറുകളൊക്കെയും തകര്‍ത്തു. ടൗണ്‍ ഹാളില്‍ നിന്ന് 400 മീറ്റര്‍ അകലെയുള്ള ക്രിസ്തുമസ് ചന്ത ലക്ഷ്യമാക്കിയാണ് അക്രമി ഹൈ സ്പീഡില്‍ പാഞ്ഞത്. പൊലീസ് തൂക്കി ചൂണ്ടി അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുമ്പോഴും ജനം വലിയ പരിഭ്രാന്തിയിലായിരുന്നു. അക്രമി സ്‌ഫോടക വസ്തു കരുതിയിട്ടുണ്ടോ എന്ന ഭയത്തിലായിരുന്നു എല്ലാവരും. യൂറോപ്പില്‍ അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള നിരവധി പേര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെയുള്ള പരിശോധനയില്‍ അക്രമിയായ സൗദി മധ്യവയസ്‌കന് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധം കണ്ടെത്താനായിട്ടില്ല.  Car ploughed into a crowd at a christmas market in Germany, suspected Saudi doctor arrested 

Contents Summary; Car ploughed into a crowd at a christmas market in Germany, suspected Saudi doctor arrested

×