‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാഷ് കൗണ്ടറിലിരുന്ന കാഷ്യര്‍ ചെക്ക് മാറാന്‍ വന്ന ഭാഗവതരോട് പറഞ്ഞു. ‘ഇത് വരെ ഭാഗവതരുടെ കച്ചേരി കേള്‍ക്കാന്‍ തരായില്ല.’
‘ആഹാ എന്നാല്‍പ്പിന്നെ ഇപ്പോള്‍ തന്നെ കേള്‍പ്പിച്ച് തരാമെന്ന്’ പറഞ്ഞ് ബാങ്കിന്റെ നിലത്ത് ഇരുന്നു ഘനഗംഭീരമായ ശബ്ദത്തില്‍ ഭാഗവതര്‍ ‘വാതാപി ഗണപതി’ എന്ന ദീക്ഷിതര്‍ കൃതി ആലപിക്കാന്‍ തുടങ്ങി. രാവിലെ ബാങ്കില്‍ നല്ല തിരക്കുള്ള സമയമായിരുന്നു. കൂടെയുണ്ടായിരുന്ന ഭാഗവതരുടെ സഹായികള്‍ വയലിന്‍, മൃദംഗം കാറില്‍ നിന്ന് എടുത്തു കൊണ്ടുവന്ന് ഭാഗവതരുടെ കൂടെയിരുന്ന് ആലാപനം കൊഴിപ്പിച്ചു. മാനേജറും സ്റ്റാഫും ഇടപാടുകാരും ഭാഗവതരുടെ ചുറ്റും കൂടി. ബാങ്കിന്റെ പ്രവര്‍ത്തനം തന്നെ തടസ്സപ്പെട്ടു. നാദഗാംഭീര്യം കൊണ്ട് മതി മയക്കിയ, അരമണിക്കൂര്‍ നീണ്ട ഗംഭീര കച്ചേരി ബാങ്കില്‍ അലയടിച്ചു. അവിടെയുള്ള ഒരാളും കച്ചേരി നിറുത്താന്‍ പറഞ്ഞില്ല. പാട്ട് കഴിഞ്ഞപ്പോള്‍ കാഷ്യറോട് ‘മോഹം സാധിച്ചില്ലെ?’ എന്ന് ചോദിച്ച് ചെക്ക് മാറി പണം വാങ്ങി ഒന്നും സംഭവിക്കാത്തതുപോലെ ഭാഗവതര്‍ സ്ഥലം വിട്ടപ്പോഴാണ് ആ സ്വരരാഗ ഗംഗാ പ്രവാഹത്തില്‍ ലയിച്ച അവിടെയുള്ളവര്‍ ആ അനുഭൂതിയില്‍ നിന്ന് ഉണര്‍ന്നത്.
‘ചെമ്പടതാളത്തില്‍ ശങ്കരാഭരണത്തില്‍ ചെമ്പൈ വായ്പ്പാട്ട് പാടീ’ എന്ന ചലച്ചിത്ര ഗാനത്തിലേ വരികള്‍ പോലെ അവിടെയുള്ളവര്‍ അത്രയും നേരം ‘സ്വയം മറന്നു നിന്നു’. സാക്ഷാല്‍ ചെമ്പെ വൈദ്യനാദ ഭാഗവതരുടെ സ്വരമാധുരി അന്ന് നേരിട്ട് അനുഭവിക്കാന്‍ അവിടെയുണ്ടായിരുന്നവര്‍ക്ക് അങ്ങനെ ഭാഗ്യം സിദ്ധിച്ചു.
പ്രവര്‍ത്തന സമയത്ത് ബാങ്കില്‍ ഒരു കച്ചേരി നടത്തുക! അത് ഇന്ത്യയിലല്ല, ലോകത്ത് ആദ്യമായിട്ടായിരിക്കും. സംഗീതം കേള്‍ക്കാനാഗ്രഹിക്കുന്നവന് അത് നല്‍കുകയെന്നതായിരുന്നു കച്ചേരി നടത്തിയ ചെമ്പൈ വൈദ്യനാഥ അയ്യര്‍ എന്ന ഭാഗവതരുടെ മതം.
കര്‍ണ്ണാടക സംഗീത ലോകം ഒരു പിടി തമിഴ് ബ്രാഹ്‌മണര്‍ കുത്തകയാക്കി വെച്ച കാലത്താണ് വൈദ്യനാഥ അയ്യര്‍ എന്ന മലയാളിപ്പട്ടര്‍ എറെ കടമ്പകള്‍ കടന്ന് സംഗീത ലോകത്ത് അംഗീകാരം നേടിയെടുത്തത്. ചൗഡയ്യയേയും, രാജരത്‌നപിള്ളയേയും ദക്ഷിണാമൂര്‍ത്തി പിള്ളയേയും പോലുള്ള അബ്രാഹ്‌മണ പക്കമേളക്കാരുമൊത്ത് കച്ചേരിയവതരിപ്പിക്കുന്നതില്‍ രസക്കേട് തോന്നി ഒരു ബ്രാഹ്‌മണ ഗായകന്‍ അവജ്ഞയോടെ ചെമ്പെയോട് ചോദിച്ചു. ‘ടേയ് വൈത്തീ, നിനക്കാ പൂണുലു പൊട്ടിച്ച് കളഞ്ഞിട്ടായിക്കൂടെ ഇവറ്റകളുടെ കൂടെ പാടല് ‘
ഭാഗവതര്‍ ശാന്തനായി മറുപടി കൊടുത്തു. ‘എനിക്ക് നിങ്ങളുടേയും എന്റെയും പൂണലിനേക്കാള്‍ ബഹുമാനം ആ പൂണുലില്ലാത്തവരുടെ കലയോടാണ്.’
ജാതി മാത്രമല്ല, ഭാഷയും ചെമ്പൈയെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഒരിക്കല്‍ തിരിച്ചെന്തൂരില്‍ ഒരു കച്ചേരിയില്‍ പാടുമ്പോള്‍ ‘ എന്തൊരോ മഹാനുഭാവുലു’ എന്ന പഞ്ചരത്‌നകൃതി പാടാന്‍ തുടങ്ങിയപ്പോള്‍ മുന്‍വരിയിലിരുന്ന പള പള മിന്നുന്ന വേഷ്ടിയും കാതില്‍ സ്വര്‍ണ്ണക്കടുക്കനുമിട്ട, പത്ത് വിരലിലും മോതിരവുമണിഞ്ഞ ഒരു മാന്യന്‍ എഴുന്നേറ്റ് നിന്നു പറഞ്ഞു.’ തമിഴ് പാട്ട് പാടിയാല്‍ മതി’ മറ്റൊരാള്‍ വിളിച്ചു പറഞ്ഞു, ‘ഇന്നലെ ഈ വേദിയില്‍ ദണ്ഡപാണി ദേശികന്‍ തമിഴ് പാട്ട് മാത്രമേ പാടിയിട്ടുള്ളൂ.
ഭാഗവതര്‍ പാട്ടു നിറുത്തി. സ്വതസിദ്ധമായ തന്റെ മന്ദഹാസത്തോടെ നല്ല തമിഴ് മലയാള വെങ്കലത്തില്‍ പറഞ്ഞു. ‘എനിക്ക് സംഗീതമേ അറിയു. ഭാഷ എനിക്കറിയില്ല. ഞാന്‍ പഠിച്ചിട്ടുമില്ല. അത് കൊണ്ട് എനിക്കറിയാവുന്ന പാട്ടുകളുടെ ആദ്യ പാദം ഞാന്‍ പാടാം. ഭാഷ അറിയുന്ന നിങ്ങള്‍ സംഗതി വ്യക്തമാക്കിത്തരുക. നിങ്ങള്‍ക്ക് തൃപ്തിയായാല്‍ ഞാന്‍ പാടാം’.
ഭാരതപ്പുഴയുടെ തീരത്ത് ഒലവക്കോട് – ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ചെമ്പൈ. കര്‍ണ്ണാടകസംഗീതത്തിന് കേരളം നല്‍കിയ ഏറ്റവും അമൂല്യമായ രത്‌നങ്ങളിലൊന്നായ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ 1896 സെപ്റ്റംബര്‍ 14 ന് ഇവിടെ ജനിച്ചു. അനന്തഭാഗവതരും പാര്‍വതിയമ്മാളുമായിരുന്നു മാതാപിതാക്കള്‍. പരമ്പരാഗതമായി കുടുംബം സംഗീതജ്ഞരായിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവിന്റെ സദസ്സില്‍ കച്ചേരി അവതരിപ്പിച്ച് മഹാരാജാവിന്റെ ആദരവ് നേടിയ പ്രശസ്ത സംഗീതജ്ഞനായ സുബയ്യ എന്നാരു പൂര്‍വ്വികന്‍ ചെമ്പെയുടെ കുടുംബത്തില്‍ ഉണ്ടായിരുന്നു. ‘താനം’ ആലാപനത്തില്‍ ഉണ്ടായിരുന്ന വൈഭവത്തെ മുന്‍ നിറുത്തി ‘ഘന ചക്രതാനം സുബ്ബയ്യ’ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ഗായകന്റെ ശാരീരം, സംഗീത പരിജ്ഞാനം, മനോധര്‍മ്മം എന്നിവയെല്ലാം യഥോചിതം സമ്മേളിച്ചെങ്കില്‍ മാത്രമേ, താനം പാടി ഫലിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. സാധാരണ ഗതിയില്‍ താനം പാടി ഫലിപ്പിക്കുക ഒന്നാം നിര ഭാഗവതന്മാര്‍ക്ക് പോലും പ്രയാസമാണ്. സുബയ്യ ഭാഗവതര്‍ ഇത് അനായാസേന പാടി ഫലിപ്പിച്ചിരുന്നു. അങ്ങനെ ‘ഘന ചക്രതാനം സുബ്ബയ്യ എന്ന് പേരില്‍ അദ്ദേഹം കര്‍ണ്ണാടക സംഗീത ലോകത്ത് പ്രശസ്തനായി. ഈ പാരമ്പര്യമായിരുന്നു ചെമ്പെ വൈദ്യനാഥ ഭാഗവതരുടേത്.
വൈത്തു എന്ന ഓമനപ്പേരിലാണ് ചെമ്പൈ കുഞ്ഞു നാളില്‍ അറിയപ്പെട്ടിരുന്നത്. മൂന്നാം വയസ്സ് തൊട്ട് പിതാവില്‍ നിന്ന് സംഗീതം പഠിക്കാനാരംഭിച്ചു. അനുജനായ സുബ്രഹ്‌മണ്യനും സംഗീതം പഠിക്കാന്‍ തുടങ്ങി. ഇയാള്‍ പിന്നീട് ചുപ്പാമണി ഭാഗവതര്‍ എന്ന പേരില്‍ പ്രസിദ്ധനായി.
1904 ല്‍ ഗ്രാമത്തിലെ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വെച്ചാണ് ചെമ്പൈ സഹോദരന്മാരുടെ അരങ്ങേറ്റം നടന്നത്. പിതാവ് അനന്ത ഭാഗവതര്‍ പ്രശസ്തനായതിനാല്‍ അദ്ദേഹത്തിന്റെ മക്കളുടെ അരങ്ങേറ്റ കച്ചേരി കാണാന്‍ ധാരാളം സംഗീത വിദ്വാന്മാരും, സംഗീതപ്രേമികളും വന്നെത്തി. ആകര്‍ഷമായി പാടിത്തുടങ്ങിയ മണിക്കൂറുകള്‍ നീണ്ടു നിന്ന കച്ചേരി അവസാനിച്ചപ്പോള്‍ നീണ്ട കരഘോഷം അവിടെ മുഴങ്ങി. അവിടെയുള്ളവരെല്ലാം കുട്ടികളെ വാരിപ്പുണര്‍ന്ന് അഭിനന്ദിച്ചു. എറെ സമ്മാനങ്ങളും അവര്‍ക്ക് ലഭിച്ചു.
അരങ്ങേറ്റത്തിലെ കച്ചേരി ശ്രദ്ധിക്കപ്പെട്ടതോടെ വിവാഹങ്ങളോടനുബന്ധിച്ച് കച്ചേരികള്‍ നടത്താന്‍ ചെമ്പൈ സഹോദരമാരെ അന്വേഷിച്ച് ആളുകള്‍ വന്നു തുടങ്ങി. സംഗീത പഠനത്തിന്, വളര്‍ച്ചക്ക് ഇത് നല്ല പരിശീലനമായിരിക്കും എന്നറിയാവുന്ന പിതാവ് അനന്ത ഭാഗവതര്‍ രണ്ട് കുട്ടി ഭാഗവതര്‍മാരേയും എല്ലാ സ്ഥലങ്ങളിലേക്കും അയച്ചു. കര്‍ശനമായ ഒരു നിബന്ധന അദ്ദേഹം കച്ചേരിക്ക് ക്ഷണിക്കാന്‍ വരുന്നവരോട് പറഞ്ഞിരുന്നു. ‘ഒരു പ്രതിഫലവും കച്ചേരിക്ക് തരരുത്’ അനുഗ്രഹവും ആശീര്‍വാദവും മാത്രം കുട്ടികള്‍ക്ക് നല്‍കിയാല്‍ മതി’. കുട്ടികള്‍ നാടിന്റെ നാനാഭാഗങ്ങളിലും കച്ചേരിക്ക് പോയിത്തുടങ്ങി. പക്കവാദ്യം ഇല്ലെങ്കില്‍ പോലും തംബുരുവിന്റെ ശ്രുതിക്കൊത്ത് അവര്‍ പാടി. സദസ്സില്‍ ആള് കുറഞ്ഞാലും കൂടിയാലും യാതൊരു ഭാവഭേദവുമിലാതെ അവര്‍ പാടി. കച്ചേരി നടത്തി വിജയിപ്പിക്കാന്‍ തന്നെ പ്രാപ്തനാക്കിയത് ഈ കല്ല്യാണ കച്ചേരികളാണ് എന്ന് ചെമ്പൈ പിന്നീട് പറഞ്ഞിട്ടുണ്ട്.
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അങ്ങേറ്റം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷം, 1907 ല്‍ വൈക്കത്തഷ്ടമിക്ക് ആദ്യമായി ചെബൈ സഹോദരന്മാരുടെ കച്ചേരി വൈക്കത്തപ്പന്റെ സന്നിധിയില്‍ നടന്നു. ചെമ്പൈ സഹോദരങ്ങളെന്നറിയപ്പെട്ട, പതിനൊന്നു വയസ്സുള്ള വൈദ്യനാഥനും എട്ടു വയസുകാരനായ സുബ്രഹ്‌മണ്യനും പിതാവായ അനന്ത ഭാഗവതര്‍ വായിച്ച വയലിന്റെ അകമ്പടിയോടെ ശ്രുതിമധുരമായി കര്‍ണ്ണാടക സംഗീതം ആലപിച്ചു. പിന്നീട് പല വര്‍ഷങ്ങളിലും അഷ്ടമിക്ക് ചെമ്പെ വൈക്കത്ത് പാടി.
വൈക്കത്ത് കച്ചേരിക്ക് പോകും മുന്‍പ് അനന്ത ഭാഗവതര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെന്ന് ദര്‍ശനം നടത്തുമായിരുന്നു. അങ്ങനെ കുട്ടികളെ ഗുരുവായൂര്‍ കൊണ്ടു പോയി ദര്‍ശനം നടത്തി. ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ ചെന്ന് ഭാഗവതര്‍ തന്റെ രണ്ട് മക്കള്‍ക്കും എല്ലാ വര്‍ഷവും ഗുരുവായൂരപ്പന്റെ സന്നിധാനത്തില്‍ പാടാന്‍ അവസരം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. അതോടെ ചെമ്പൈ ഗുരുവായൂരപ്പനില്‍ സര്‍വ്വവും സമര്‍പ്പിച്ച ഭക്തനായി മാറി.
1910 ല്‍ ചെമ്പൈയുടെ വിവാഹം കഴിഞ്ഞു. മീനാക്ഷി എന്നായിരുന്നു വധുവിന്റെ പേര്. പിറ്റേ വര്‍ഷം തൊട്ട് കുട്ടികളെ പ്രതിഫലമില്ലാതെ സംഗീതം പഠിപ്പിക്കാന്‍ ആരംഭിച്ചു. തന്റെ സംഗീതജ്ഞാനം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നത് ജീവിത വ്രതമാക്കിയ, പതിനാറാം വയസില്‍ ഗുരുസ്ഥാനമേറ്റെടുത്ത ചെമ്പൈ ജീവിതാവസാനം വരെ ഇതിന് പ്രതിഫലം വാങ്ങിയില്ല.
1912 ല്‍ ചെമ്പെയുടെ ശബ്ദം അടഞ്ഞു പോയി. ശബ്ദം നഷ്ടപ്പെട്ടു. പിന്നെ ചികിത്സക്ക് ശേഷം കുറച്ച് നാളുകള്‍ കഴിഞ്ഞാണ് തിരികെ കിട്ടിയത്. ശബ്ദമില്ലാത്ത നാളുകളില്‍ വയലിന്‍ അഭ്യസിക്കാന്‍ തുടങ്ങി. അങ്ങനെ വയലിന്‍ വായനയില്‍ നല്ല പ്രയോഗ ചാതുര്യം നേടുകയും ചെയ്തു.
1918 ല്‍ മദ്രാസില്‍ ചെമ്പെ സഹോദരന്മാര്‍ ആദ്യമായി കച്ചേരി അവതരിപ്പിച്ചു. വന്‍ പ്രചരണമായിരുന്നു ഇതിന് ലഭിച്ചത്. ‘ചെമ്പൈ സഹോദരന്‍മാരുടെ കച്ചേരി’ എന്ന പോസ്റ്ററുകള്‍ മദ്രാസിലുടനീളം പ്രതൃക്ഷപ്പെട്ടു. പത്രപ്പരസ്യങ്ങള്‍ വേറേയും. കച്ചേരിയുടെ ടിക്കറ്റുകള്‍ നേരത്തെ വിറ്റഴിഞ്ഞതിനാല്‍ കച്ചേരി തുടങ്ങിയപ്പോള്‍ ടിക്കറ്റ് കിട്ടാതെ നിരാശരായവര്‍ പുറത്ത് വലിയൊരു ആള്‍കൂട്ടമായി രൂപാന്തരപ്പെട്ട് അകത്തു കയറാന്‍ ബഹളം വെച്ചു. ഭാഗവതരുടെ ഘനശാരീരത്തില്‍ ‘ഭൈരവി’ രാഗം മണ്ഡപത്തില്‍ അലയടിച്ചതോടെ പുറത്തെ ജനകൂട്ടം നിയന്ത്രാണീതമല്ലാതായി. ഒടുവില്‍ പുറമെയുള്ളവരെ മുഴുവന്‍ അകത്തേക്ക് കേറ്റി വിടേണ്ടി വന്നു. ശ്രോതാക്കളും, പത്രങ്ങളും, നിരൂപകരും ഒന്നായി മുക്തകണ്ഠം പ്രശംസിച്ച കച്ചേരിയായി അത്. അതോടെ ദക്ഷിണേന്ത്യന്‍ സംഗീത ലോകത്ത് ചെമ്പെ വൈദ്യനാഥ ഭാഗവതര്‍ അനിഷേധ്യനായി മാറി.
അക്കാലത്തെ ഒരു പ്രശസ്തനായ സംഗീത വിദ്വാനോട് ഒരു കീര്‍ത്തനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു തരാന്‍ മടിച്ചപ്പോള്‍ ചെമ്പൈയെ അത് അസ്വസ്ഥനാക്കി. എന്തു കൊണ്ടാണ് പുതു തലമുറക്കാരായ തങ്ങള്‍ക്ക് അദ്ദേഹം ഇത് പറഞ്ഞ് തരാത്തത് എന്ന വ്യഥ ചെമ്പെയുടെ ഹൃദയത്തെ മഥിച്ചു. ഇത്തരം അപൂര്‍വ്വ കൃതികള്‍ ശിഷ്യന്‍മാര്‍ക്കോ, അടുത്ത തലമുറയിലുള്ളവര്‍ക്കോ പകര്‍ന്നു കൊടുക്കുന്നതില്‍ പഴയ തലമുറ കാട്ടുന്ന അലംഭാവമാണ് കര്‍ണ്ണാടക സംഗീതത്തിന്റെ അധ:പതനത്തിന് കാരണമെന്ന് അദ്ദേഹത്തിന് വ്യക്തമായി.
താന്‍ അഭ്യസിച്ചതും സ്വായത്തമാക്കിയതുമായ സംഗീതം ശിഷ്യന്മാര്‍ക്ക് പഠിപ്പിച്ചു കൊടുക്കുക എന്ന് അന്നദേഹം ദൃഡനിശ്ചയം ചെയ്തു. അത് നിറവേറ്റാനായി 1923 ല്‍ ‘ചെമ്പെ സൗജന്യ സംഗീത വിദ്യാലയം’ എന്നൊരു പഠന കേന്ദ്രം തന്റെ ഗ്രാമത്തില്‍ ഭാഗവതര്‍ ആരംഭിച്ചു. പതിനാറാമത്തെ വയസ്സില്‍ കുട്ടികളെ സംഗീതം അഭ്യസിച്ച് തുടങ്ങിയ ഭാഗവതര്‍ക്ക് കേരളത്തിനകത്തും പുറത്തുമായി പ്രശസ്തരും അപ്രശസ്തരുമായ അനേകം ശിഷ്യന്മാരുണ്ടായി. ബാലമുരളി കൃഷ്ണ, ജയവിജയന്മാര്‍, ആലങ്കുടി രാമചന്ദ്രന്‍, ടി. വി. ഗോപാലകൃഷ്ണന്‍, പല്ലാവൂര്‍ മണി, മണ്ണൂര്‍ രാജകുമാരനുണ്ണി, പൂമുള്ളി മനയ്ക്കല്‍ രാമന്‍ നമ്പൂതിരി, യേശുദാസ്, പി. ലീല, സുകുമാരി നരേന്ദ്രമേനോന്‍ തുടങ്ങിയ പ്രശസ്തരുടെ നീണ്ട നിര.
1973 ജനുവരി 10. ബോംബയിലെ ഷണ്‍മുഖാനന്ദ നാളില്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ വേദിയില്‍ ചെമ്പൈ ഭാഗവതര്‍, തൊട്ട് ഇരിക്കുന്നത് ശിഷ്യന്‍, മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍- യേശുദാസ്. കച്ചേരി തുടങ്ങാന്‍ പോകുകയാണ്. ചെമ്പൈ സംസാരിച്ചു ‘ഇന്ന് നമ്മുടെ ദാസിന് 33 വയസ്സ് പിറന്നാളാണ്'(സദസ്സില്‍ നിന്ന് നിറുത്താതെ കരഘോഷം). അത് സംബന്ധിച്ചാണ് ഇന്നത്തെ കച്ചേരി തന്നെ. വിശേഷിച്ച് ഈ തംബുരുനെ ദാസിന് പ്രസന്റായി കൊടുക്കാന്‍ പോകണു (കയ്യടി). കര്‍ണ്ണാടക സംഗീതം പാടണം എന്ന് പറഞ്ഞിട്ടാണ് കൊടുക്കാന്‍ പോണത്. തംബുരു യേശുദാസിന് നീട്ടി, വെച്ചോളൂ. നമ്മടെ ടി വി ഗോപാലകൃഷ്ണന്റെ വകയാണ് തംബുരു’. ദയവ് ചെയ്തിന്ന് സിനിമാപ്പാട്ടുകള്‍ പാടണമെന്ന് നിങ്ങള്‍ കഴിയുന്നതും പറയരുത്(സദസ്സില്‍ നിരാശ പടര്‍ന്നത് കണ്ടാകാം) ഒടുവില്‍ നാല് പാട്ട്. സിനിമയാകട്ടെ, എന്തും നിങ്ങള് ആവശ്യമുണ്ടോ അത് പാടിക്കും. അത് വരെ ക്ഷമയായി കേള്‍ക്കുക.’. ചെമ്പെ പറഞ്ഞവസാനിപ്പിച്ചു.
യേശുദാസിനെ പൊന്നാടയണിച്ച് ചെമ്പൈ ആ ചടങ്ങില്‍ ആദരിക്കുകയുണ്ടായി. ചെമ്പൈയും യേശുദാസും ഒന്നിച്ച ആ കച്ചേരി വളരെ കേമമായിരുന്നു. തന്റെ ശൈലിയില്‍ കുറെ കീര്‍ത്തനങ്ങള്‍ പഠിപ്പിച്ചാണ് യേശുദാസിനെ ചെമ്പൈ ആ കച്ചേരിയില്‍ പാടിപ്പിച്ചത്.
യേശുദാസ് മലയാള ചലചിത്ര ഗാനരംഗം കീഴടക്കിയ കാലം. യേശുദാസിന്റെ കച്ചേരി കേള്‍ക്കണമെന്ന് ചെമ്പൈ ഗ്രാമത്തില്‍ എല്ലാവര്‍ക്കും ആഗ്രഹം. അങ്ങനെ ഗുരുവിന്റെ ആവശ്യപ്രകാരം 1972 ല്‍ യേശുദാസ് ചെമ്പൈ ഗ്രാമത്തിലെത്തി കച്ചേരി പാടി. ‘സിനിമാ പാട്ട് പാടിക്കോളൂ, വിരോധ്യല്ലാ’ ചെമ്പൈ പറഞ്ഞു. ചലചിത്ര പിന്നണി ഗായകനെ കാണാനെത്തിയ സാധാരണക്കാരുടെ മനമറിഞ്ഞുള്ള ഭാഗവതരുടെ നിര്‍ദേശമായിരുന്നു അത്.
പിന്നീട് യേശുദാസ് എല്ലാ വര്‍ഷവും ചെമ്പൈ സംഗീതോത്സവത്തില്‍ മുടങ്ങാതെ വന്നു. 2018 വരെ കച്ചേരി അവതരിപ്പിച്ചിരുന്നു. പിന്നീട് കോവിഡ് കാലം മുതല്‍ ഓണ്‍ ലൈനിലൂടെയും പാടി. പിന്നീട് യേശുദാസ് ചെമ്പൈ ഗ്രാമത്തില്‍ സപ്തസ്വര മണ്ഡപം പണിത് ചെമ്പൈയുടെ പ്രതിമ സ്ഥാപിക്കുകയുണ്ടായി.
ശിഷ്യവത്സലനായ ആ സംഗീത ചക്രവര്‍ത്തി തനിക്കുള്ളതെല്ലാം ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കിയിരുന്നു. പഠിപ്പിക്കാന്‍ കിട്ടുന്ന ഒരു അവസരവും അദ്ദേഹം പാഴാക്കിയിരുന്നില്ല.
ഒരിക്കല്‍ ചെമ്പൈയും ശിഷ്യരായ ജയവിജയന്മാരും പക്കമേളക്കാരും തഞ്ചാവൂരില്‍ ഒരു കച്ചേരി കഴിഞ്ഞ് റെയില്‍വേ സ്റ്റേഷനില്‍ എത്തി. മദ്രാസിലേക്കുള്ള തീവണ്ടി രണ്ട് മണിക്കൂര്‍ താമസം. ഭാഗവതര്‍ പറഞ്ഞു. ‘എടാ രണ്ട് മണിക്കൂര്‍ സമയമുണ്ട്. ഒരു കീര്‍ത്തനം പഠിപ്പിക്കാം. എന്റെ ബെഡ് താഴെ വിരിക്ക്, നിങ്ങളവിടെയിരിക്ക്’. ചെമ്പെ അഠാണ രാഗത്തിലുള്ള ഏലാ നീ ദയറാദ എന്ന കീര്‍ത്തനം പാടാനാരംഭിച്ചു. ജയ വിജയന്മാര്‍ ഏറ്റുപാടീ. ഭാഗവതര്‍ തെറ്റ് തിരുത്തി വീണ്ടും പാടി കൊടുത്തു. അവര്‍ വീണ്ടും പാടീ. റെയില്‍വേ സ്റ്റേഷനാണെന്നൊന്നും നോക്കിയില്ല. ചെമ്പൈക്ക് ഉറക്കെ പാടിയാണ് ശീലം. ഉച്ചത്തിലുള്ള ആലാപനം കേട്ട് ആള് കൂടി. കീര്‍ത്തനം മഴുവന്‍ ശിഷ്യരായ ജയവിജയന്മാര്‍ പഠിച്ചു കഴിഞ്ഞു.
അവിടെ കൂടിയവരോട് ചെമ്പൈ ചോദിച്ചു. ‘എന്താ ഇവര്‍ നന്നായി പാടിയോ?’
അവര്‍ ഒന്നാകെ പറഞ്ഞു. ‘റൊമ്പ ഭേഷായിരിക്ക്’.
പൂമുള്ളി മനയിലെ രാമന്‍ നമ്പൂതിരിപ്പാട് അഥവാ രാമപ്പനെന്ന് വിളിക്കുന്ന ഏഴാം തമ്പുരാന്‍ ചെമ്പൈ ശിഷ്യനായിരുന്നു. അതിന്റെ പിന്നിലെ കഥ ഇങ്ങനെ. രണ്ടാം തവണ ചെമ്പൈയ്ക്ക് ശബ്ദം നഷ്ടമായപ്പോള്‍ ചികിത്സയിലൂടെ തിരികെ ശബ്ദം നല്‍കിയത് വൈദ്യമഠം നാരായണന്‍ നമ്പൂതിരിയായിരുന്നു. വൈദ്യമഠത്തിന്റെ ഒരാഗ്രഹമായിരുന്നു പൂമുള്ളി രാമപ്പനെ ചെമ്പൈ സംഗീതം പഠിപ്പിക്കണമെന്ന്. അത് ചെമ്പൈയോട് പറയുകയും ചെയ്തു. പൂമുള്ളിയില്‍ താമസിപ്പിച്ചാണ് ചെമ്പൈയെ വൈദ്യമഠം ചികിത്സിച്ചത്. അങ്ങനെ ആഗ്രഹം പോലെ രാമപ്പന്‍ ചെമ്പൈ ശിഷ്യനായി.
സംഗീത പഠനം ആരംഭിച്ച് ഏറെ കഴിയും മുന്‍പ് ഭാഗവതര്‍ക്ക് മനസിലായി ശിഷ്യന്‍ അസാമാന്യനാണെന്ന്. ഫുട്‌ബോള്‍ മുതല്‍ ചിത്രകല വരെ പഠിച്ച രാമപ്പന് മറ്റൊരു വിഷയം മാത്രമായിരുന്നു ഈ സംഗീത പഠനം. സിനിമാട്ടോഗ്രാഫി, ടെന്നീസ്, കഥകളി, നൃത്തം, പാശ്ചാത്യസംഗീതം രാമപ്പന്‍ കൈ വെയ്ക്കാത്ത മേഖലയില്ല. അക്കാലത്ത് മദ്രാസില്‍ സായിപ്പുമാരുടെ കൂടെ ടെന്നീസ് ഗെയിം വരെ കളിക്കുന്ന താരമാണ് രാമപ്പന്‍. ഈ ശിഷ്യന്‍ കൂടെയുണ്ടെങ്കില്‍ അടഞ്ഞ ശബ്ദവുമായി താന്‍ കച്ചേരി നടത്തുമെന്ന് ചെമ്പൈ ഉറപ്പിച്ചു.
ബാഗ്ലൂരില്‍ ഒരു പ്രമാദമായ കച്ചേരി, ചൗഡയ്യ വയലിന്‍, മധുര മണി മൃദംഗം. വേദിയില്‍ ചെമ്പൈ ഭാഗവതരുടെ കൂടെ തബുരു ശ്രുതി ശരിപ്പെടുത്തി കൊണ്ട് വെളുത്ത് തടിച്ച് സുമുഖനായ ഒരാള്‍ കൂടിയിരിക്കുന്നത് കണ്ടപ്പോള്‍ ഭാഗവതരുടെ ഒരു ശിഷ്യന്‍ എന്നേ സദസ്സിലുള്ളവര്‍ കരുതിയുള്ളൂ. കച്ചേരി തുടങ്ങും മുന്‍പ് ഭാഗവതര്‍ അയാളില്‍ നിന്നും തംബുരു വാങ്ങി പിന്നിലിരുന്ന മറ്റൊരു ശിഷ്യനെ ഏല്‍പ്പിച്ചു. എന്നിട്ട് അയാളെ തന്റെ ഇടതു ഭാഗത്തിരുത്തി. സംഘാടകരോട് അദ്ദേഹത്തിന് ഒരു മൈക്ക് കൊടുക്കാന്‍ പറഞ്ഞു.
സംഗീതജ്ഞര്‍ക്കും കേള്‍വിക്കാര്‍ക്കുമൊരു അത്ഭുതമായിരുന്നു അത്. ശിഷ്യന്‍ എത്രകേമനാണെങ്കിലും, അയാളെ ഭാഗവതന്മാര്‍ പിന്നിലെ ഇരുത്താറുള്ളൂ. അവരോട് അല്‍പ്പം താഴ്ത്തി പാടാനും പറയും. ഒരിക്കലും അവരുടെ ശബ്ദം നേരിട്ട് കേള്‍പ്പിക്കില്ല. അതാണ് നടപ്പു രീതി. പക്ഷേ, ഇത് രാമപ്പനായിരുന്നു, വേറിട്ട ഒരു ശിഷ്യന്‍ .
കച്ചേരി ആരംഭിച്ചു. ചൗഡയ്യയും, മണി അയ്യരും ഭാഗവതരുടെ പുതിയ ശിഷ്യനെ നോക്കി അല്‍പ്പം പുച്ഛം പ്രകടമാക്കി. ചെമ്പൈ ‘വീര ബോണി വര്‍ണ്ണം’ പാടി തുടങ്ങി. ആലാപനം രണ്ടാം കാലം മേല്‍സ്ഥായിലേക്ക് എത്തുമ്പോള്‍ ചെമ്പൈ ഭാഗവതരുടെ ഒച്ച അടയുമെന്ന് പക്കമേളക്കാര്‍ക്ക് അറിയാം. ആ സമയത്ത് മേളം ഉച്ചത്തിലാക്കും. അതാണ് പതിവ്. എന്നാല്‍ ഇത്തവണ ഭാഗവതരുടെ ഒച്ച അടയുന്നില്ല. അത് അടിവെച്ചടിവെച്ച് ഉച്ചസ്ഥായിലേക്ക് പോകുകയാണ്. അപ്പോഴാണ് മണി അയ്യര്‍ ശ്രദ്ധിച്ചത്. ഭാഗവതര്‍ക്ക് കണ്ഠമിടറിയ മാത്രയില്‍ വെച്ച്, പുതിയ ശിഷ്യന്‍ പിടിച്ചിരിക്കുന്നു. രാമപ്പന്റെ ആലാപനം, സദസ്സിനെ കോരിത്തരിപ്പിക്കുന്ന ശുദ്ധവും സ്ഫുടവുമായ ശാരീരം. പക്കമേളം സാധാരണ നിലയില്‍ തുടര്‍ന്നു. ചെമ്പൈയുടെ വിശ്വാസം തെറ്റിയില്ല. കച്ചേരി ഗംഭീരമായി.
കച്ചേരി കഴിഞ്ഞപ്പോള്‍ ചൗഡയ്യ ചോദിച്ചു.
‘യാരിദ്?’
‘പെരിയ ജമീന്ദാര്‍, മലയാളത്തുകാരന്‍’.
‘സംഗീതത്തുക്കും ജമീന്ദാറാകപ്പോകാറത്’; ചൗഡയ്യ പ്രവചിച്ചു.
പൂമുള്ളി രാമപ്പന്റെ ചരമക്കുറിപ്പിലാണ് കാട്ടുമാടം നാരായണന്‍ ഈ ചെമ്പൈയുടെ അസാധാരണ കച്ചേരിയെ കുറിച്ചും അസാമാന്യശിഷ്യനെ പറ്റിയും എഴുതിയത്. ചെമ്പൈയുടെ പാട്ടും ചൗഡയ്യയുടെ വയലിനും മണി അയ്യരുടെ മൃദംഗവും കര്‍ണ്ണാടക സംഗീതത്തിലെ എക്കാലത്തേയും ഏറ്റവും ഉത്തമമായ സംഗീത സംഗമമായി വാഴ്ത്തപ്പെട്ടു.
എഴുത്തുകാരനായ കാട്ടുമാടം നാരായണനുമായി വളരെ സൗഹാര്‍ദ ബന്ധം പുലര്‍ത്തിയിരുന്നു ഭാഗവതര്‍. ഒരിക്കല്‍ കാട്ടുമാടത്തിന് ഒരു ടെലിഗ്രാം കിട്ടി.’അടുത്ത വണ്ടിക്ക് മദിരാശിയില്‍ എത്തുക. താമസമുണ്ടെങ്കില്‍ അറിയിക്കണം. വിഷയം സ്വകാര്യം: ചെമ്പൈ.
കാട്ടുമാടം നാരായണന്‍ ഉടനെ മദ്രാസിലെത്തി. ഭാഗവതര്‍ കാറുമായി റെയില്‍വേ സ്റ്റേഷനില്‍ വന്ന് കൂട്ടിക്കൊണ്ടുപോയി. മൈലാപ്പൂരിലെ വുഡ്‌ലാന്‍സിലെ എ.സി. കോട്ടേജില്‍ കാട്ടുമാടത്തിന് താമസമൊരുക്കി. എന്നിട്ട് ഭാഗവതര്‍ സ്വകാര്യ വിഷയം പറഞ്ഞു.
‘സിനിമാക്കാരിക്കാണ് മന്ത്രവാദം. നല്ല പണക്കാരി ഒട്ടും കൊറയ്ക്കണ്ട. ‘ താരമാതാവ് കാട്ടുമാടത്തെ കാണാനെത്തി. അഭിനയിച്ച് ധാരാളം പണം വാരിക്കൂട്ടുന്ന തന്റെ മകള്‍ സിനിമ വിട്ട് ഏതോ ‘പശലേ തിരുമണം ‘ ചെയ്യാന്‍ പോകുന്നു.
ആ കല്യാണം നടക്കരുത്. മകള്‍ക്ക് നേര്‍ബുദ്ധി തോന്നണം. അതിന് മന്ത്രവാദം നടത്തണം. കാട്ടുമാടക്കാര്‍ പരമ്പരാഗത മന്ത്രവാദികളാണല്ലോ.
ആലോചിച്ച് പറയാം എന്ന് താരമാതാവിനോട് പറഞ്ഞു കാട്ടുമാടം അവരെ പറഞ്ഞയച്ചു. മക്കളുടെ വിവാഹം നടത്താനും ഭാര്യാഭര്‍ത്താക്കന്മാരുടെ ബന്ധം ദൃഡമാകാനും, സന്താനമുണ്ടാകാനും ആളുകള്‍ മന്ത്രവാദം ചെയ്യാന്‍ സമീപിക്കാറുണ്ട്. ഇവിടെ മകളുടെ കല്യാണം മുടക്കാനും സന്താനമുണ്ടാവാതിരിക്കാനുമാണ് മന്ത്രവാദം നടത്താന്‍ അമ്മ പറയുന്നത്. അതും മകളായ പ്രശസ്ത മലയാള നടിക്ക് വേണ്ടി.
ഈ പണി ചെയ്യില്ലെന്നും കാട്ടുമാടം തീര്‍ത്തു പറഞ്ഞു.
അപ്പോള്‍ ഭാഗവതര്‍ പറഞ്ഞു. അതൊന്നും താന്‍ ചെയ്യേണ്ട. എല്ലാം ശരിയാകാനുദ്ദേശിച്ച് ഒരു ഗണപതി ഹോമവും ഭഗവതി സേവയും ചെയ്യുക. ബാക്കി ഞാനേറ്റു.
ഭാഗവതര്‍ നിര്‍ദേശിച്ച വിധം കാട്ടുമാടം താരമാതാവിന്റെ വീട്ടില്‍ ഗണപതി ഹോമവും ഭഗവതി സേവയും ഗംഭീരമായി നടത്തി മടങ്ങി. കുറെനാള്‍ കഴിഞ്ഞപ്പോള്‍ കാട്ടുമാടത്തിനെ കണ്ടപ്പോള്‍ ഭാഗവതര്‍ പറഞ്ഞു. ‘കാര്യമെല്ലാം ഭംഗിയായി. ആ പെണ്ണ് ഉദേശിച്ച ചെറുക്കനെ തന്നെ കെട്ടി. തള്ള മകളുണ്ടാക്കിയ പണം പലിശക്ക് കൊടുത്തു കഴിയുന്നു.’ ശുഭം.
പത്മഭൂഷന്‍ കിട്ടിയ വേളയില്‍ പാലക്കാട് ടൗണ്‍ ഹാളില്‍ ചെമ്പൈക്ക് സ്വീകരണം. വേദിയില്‍ കടന്നു ചെന്ന് പലരും ചെമ്പൈയെ ഹാരമണിയിച്ച് കാല്‍തൊട്ട് വന്ദിക്കുന്നുണ്ട്. ആ സമയത്ത് ഒരു നേതാവ് നാലഞ്ച് അനുയായികളുമായി ഹാളിലേക്ക് കടന്നു വന്നു. ഉടനെ ഭാഗവതര്‍ വേദിയില്‍ നിന്ന് ഇറങ്ങി വന്ന് തനിക്ക് കിട്ടിയ ഏറ്റവും വലിയ ഹാരം ആ നേതാവിനെ അണിയിച്ചു. ഉടനെ നേതാവ് ചെമ്പൈയുടെ കാല്‍തൊട്ട് വന്ദിച്ചു. മറ്റാരുമല്ല എ. കെ. ജി ആയിരുന്നു ആ നേതാവ്. എ. കെ. ജിയെ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ മാലയിട്ട് സ്വീകരിക്കുന്നു. പാവങ്ങളുടെ പടത്തലവന്‍ സംഗീതാചാര്യന്റെ കാല്‍ തൊട്ട് വന്ദിക്കുന്നു. അതൊരു അപൂര്‍വകാഴ്ചയായിരുന്നു.
ശിഷ്യന്മാരായ ജയവിജയന്മാര്‍ വര്‍ഷങ്ങളോളം ചെമ്പൈയോടൊത്ത് കച്ചേരികളില്‍ പാടിയിരുന്നു. പിന്നിട് അവര്‍ സ്വതന്ത്രരായി കച്ചേരികള്‍ നടത്താന്‍ തുടങ്ങി. കൊയ്യമ്പത്തൂര്‍ ബാലദണ്ഡപാണി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് ജയവിജയന്മാരുടെ കച്ചേരിയില്‍ ജയവിജയന്മാര്‍ തന്നെ ഈണം നല്‍കിയ ഒരു ഗാനം അവര്‍ പാടി. ബിച്ചു തിരുമല എഴുതിയ ‘നക്ഷത്ര ദീപങ്ങള്‍ തിളങ്ങി എന്ന ആ ഗാനത്തിലെ ‘ ചെമ്പടതാളത്തില്‍ ശങ്കരാഭരണത്തില്‍ ചെമ്പൈ വായ്പ്പാട്ട് പാടീ എന്ന ഭാഗമുണ്ട്. അത് കേള്‍ക്കാന്‍ സാക്ഷാല്‍ ചെമ്പൈ മുന്‍ നിരയിലിരിപ്പുണ്ടായിരുന്നു. അത് കേട്ട് അദ്ദേഹത്തിന് സന്തോഷമായി. പിന്നീട് ആ ഗാനം ജയവിജയന്മാരുടെ കച്ചേരിയിലെ പ്രധാന ആകര്‍ഷണമായി മാറി. കുറെ നാള്‍ കഴിഞ്ഞ് 1977ല്‍ നിറകുടം എന്ന ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ജയവിജയന്മാര്‍ ഈ പാട്ട് യേശുദാസിനെ കൊണ്ടു പാടിച്ചു. എ. ഭീംസിങ്ങ് സംവിധാനം ചെയ്ത നിറകുടത്തില്‍ ഈ ഹിറ്റ് പാട്ട് പാടി അഭിനയിച്ചത് യേശുദാസ് തന്നെ.
ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടും വൈദ്യമഠത്തിന്റെ മിടുക്കുകൊണ്ടുമാണ് മൂന്നാമതും തനിക്ക് നഷ്ടമായ ശബ്ദം തിരികെ കിട്ടിയതെന്ന് ഭാഗവതര്‍ ഉറച്ചു വിശ്വസിച്ചു. അതിന് ശേഷം കച്ചേരിക്ക് കിട്ടിയ പ്രതിഫലം തന്റെ ചിലവിനുള്ള അത്യാവശ്യം പണം എടുത്ത് ബാക്കി ഗുരുവായൂരപ്പന് മാറ്റി വെയ്ക്കും. ഇങ്ങനെയുള്ള പണം ഗുരുവായൂരെ ഉദയാസ്തമന പൂജക്ക് തികഞ്ഞാല്‍ ഉടനെ ഗുരുവായൂരെത്തി ഉദയാസ്തമന പൂജ നടത്തും. അന്ന് ഈ പൂജ വിരളമാണ്. ഏറ്റവും കൂടുതല്‍ ഗുരുവായൂരില്‍ ഉദയാസ്തമന പൂജ നടത്തിയിട്ടുള്ളത് ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ്.
1928 ല്‍ പാലക്കാട്ട് കല്‍പ്പാത്തി ഗ്രാമത്തില്‍ ഒരു വിവാഹത്തിന് നടത്തിയ ചെമ്പൈയുടെ കച്ചേരി ചരിത്രസംഭവമായി. ത്യാഗരാജ ഭാഗവതരുടെ കൃതിയായ ‘എവറണി’ പാടണമെന്ന് ചെമ്പൈയോട് സദസ്യര്‍ ആവശ്യപ്പെട്ടു. അത് പാടിയാല്‍ മഴ പെയ്യും എന്ന് ഭാഗവതര്‍. പാട്ടു പാടി മഴ പെയ്യിക്കുക വെറും പഴമൊഴിയാന്നെന്ന് സദസ്സിലെ ആരോ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘എനിക്ക് ആ കീര്‍ത്തനം അറിയാം. ശരിയായ മട്ടില്‍ ചിട്ടയൊപ്പിച്ച് എവറണി പാടിയാല്‍ ചിലപ്പോള്‍ ഇവിടെ മഴ പെയ്‌തെന്നിരിക്കും. കല്യാണത്തിന് സാധാരണ പന്തലേ തയ്യാറാക്കിയിട്ടുള്ളൂ. മഴ പെയ്താല്‍ ആളുകള്‍ വിഷമിക്കും’. പിന്നേയും ശ്രോതാക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു പുഞ്ചിരിയോടെ ചെമ്പൈ ആ കീര്‍ത്തം പാടാനാരംഭിച്ചു. എവറണിയുടെ മായാലോകത്ത് സദസ്സ് മുഴുകിയിരിക്കെ അതാ മഴക്കാറ് ഉരുണ്ടു കൂടുന്നു. മഴ ചാറാന്‍ തുടങ്ങുന്നു. മഴയായി മാറുന്നു.
1920 കളില്‍ തന്നെ ദക്ഷിണേന്ത്യയിലെ മികച്ച ഗായകനായി ചെമ്പൈ അറിയപ്പെട്ടിരുന്നു. 1932 ല്‍ ചെമ്പൈയുടെ ആദ്യത്തെ ഗ്രാമഫോണ്‍ റെക്കോര്‍ഡ് കൊളംബിയ കമ്പനി പുറത്തിറക്കി. രാഗമാലിക എന്ന് പേരുള്ള അത് വേഗം വിറ്റഴിഞ്ഞു. എന്നാല്‍ 7 ദശാബ്ദം കര്‍ണാടക സംഗീതത്തിലെ മഹാമേരുവായ ചെമ്പൈ വൈദ്യനാഥ ഭാഗവതരെ ദേശീയ റേഡിയോ കച്ചേരിക്കായി ഡല്‍ഹിയിലേക്ക് ആകാശവാണി ക്ഷണിച്ചത് മരിക്കുന്നതിന് 3 വര്‍ഷം മുന്‍പ് 1971 ല്‍ മാത്രമാണ്. പിന്നീട് ഈ കച്ചേരി എച്ച്. എം. വി കാസെറ്റായി ഇറക്കി.
1946 ല്‍ വാണി എന്ന കന്നഡ ചലചിത്രം നിര്‍മ്മിച്ച വയലിന്‍ ചക്രവര്‍ത്തി ചൗഡയ്യ പടത്തില്‍ ചെമ്പൈയുടെ ഒരു ശാസ്ത്രീയ ഗാനം ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചു. പാടാന്‍ അന്നത്തെ വന്‍ തുകയായ അയ്യായിരം രൂപയാണ് ചെമ്പൈ പ്രതിഫലമായി ആവശ്യപ്പെട്ടത്. ആ തുകകൊണ്ട് ചെമ്പൈ ഗ്രാമത്തിലെ പാര്‍ത്ഥസാരഥി വിഗ്രഹത്തിന് ഒരു സ്വര്‍ണ ഗോളക പണിയിച്ച് തന്റെ ഒരു ചിരകാല അഭിലാഷം നിറവേറ്റി.
1974 ഒക്ടോബര്‍ 16- പൂഴിക്കുന്നം ക്ഷേത്രത്തിലായിരുന്നു അവസാന കച്ചേരി. ക്ഷേത്രത്തിലേക്ക് സ്‌ട്രെക്ചറിലായിരുന്നു ഭാഗവതരെ കൊണ്ടുവന്നത്. സാധാരാണ പാടാത്ത കീര്‍ത്തനങ്ങള്‍ അന്ന് അദ്ദഹം പാടി. വന്ദേമാതര മംബികാം ഭഗവതി എന്ന കീര്‍ത്തനം പാടി കച്ചേരി അവസാനിച്ചു. തിരികെ ഒളപ്പമണ്ണ മനയില്‍ എത്തി. കുറച്ച് സമയത്തിന് ശേഷം അവിടെ വെച്ച് മരിച്ചു.
ഗുരുവായൂരിലെ ഏകാദശി ഉത്സവത്തിനോടനുബന്ധിച്ച് ചെമ്പൈ എല്ലാം വര്‍ഷവും അവിടെ വന്നു പാടിയിരുന്നു. അക്കാലത്ത് 3 ദിവസം നടന്ന കച്ചേരിയില്‍ നിരവധി സംഗീതജ്ഞര്‍ പങ്കെടുത്തിരുന്നു. 20ാം വയസ്സില്‍ തുടങ്ങിയ ആ സംഗീതാര്‍ച്ചന ചെമ്പൈ ജീവിതാവസാനം വരെ തുടര്‍ന്നു. 1974 ല്‍ ചെമ്പൈയുടെ മരണശേഷം സംഗീതോത്സവം ഗുരുവായൂര്‍ ദേവസ്വം ഏറ്റെടുത്തു. ചെമ്പൈയുടെ സ്മരണ നിലനിറുത്തുന്നതിനായി ‘ചെമ്പൈ സംഗീതോത്സവം’ എന്ന് ഉത്സവത്തിന് നാമകരണം ചെയ്തു. അത്1979 ല്‍ നാല് ദിവസമാക്കി. ഇപ്പോള്‍ പതിനഞ്ച് ദിവസം. ഗുരുവായൂര്‍ ഏകാദശിക്ക് 15 നാള്‍ മുന്‍പ് ആരംഭിക്കുന്ന ഇത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗീതോത്സവമാണ്.
കേരളീയ സംഗീത ലോകത്തെ പരിപോഷിപ്പിക്കുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയ സംഗീതജ്ഞനായിരുന്നു ചൈമ്പൈ വൈദ്യനാഥ ഭാഗവതര്‍.
ത്യാഗരാജ സ്വാമികളുടെ ‘കദ്ദനു വാരികി’ എന്ന തോടി രാഗത്തിലുള്ള കൃതി പാടി അതിന്റെ പ്രസക്തമായ പരിഭാഷ ശിഷ്യര്‍ക്ക് എപ്പോഴും പറഞ്ഞു കൊടുക്കും. അതിങ്ങനെയാണ്;
‘നിദ്രയെ നിരാകരിക്കുക. സുന്ദരമായ തംബുരു കൈയിലെടുക്കുക. ശുദ്ധമായ ഹൃദയത്തോട് കൂടി സുസ്വരം ആലപിക്കുക.’ carnatic music maestro chembai vaidyanatha bhagavathar 50th death anniversary
Content Summary; carnatic music maestro chembai vaidyanatha bhagavathar 50th death anniversary