പോർച്ചുഗീസ് ഫുട്‌ബോളർ ജാവോ ഫെലിക്‌സിനൊപ്പം സെൽഫിയെടുക്കാൻ വേണ്ടി വേലി ചാടിക്കടന്ന് ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ മലയാളി യുവാവിനെതിരെ ഗോവ പോലീസ് കേസെടുത്തു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് സംഭവം. സഹൽ ഗഫൂർ എന്നയാളാണ് വേലി ചാടി ഗ്രൗണ്ടിലേക്ക് ഓടിക്കയറിയത്.
ബുധനാഴ്ച ഫറ്റോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടു ഗ്രൂപ്പ് മത്സരത്തിൽ സൗദി പ്രോ ലീഗ് ടീമായ അൽ-നസ്ർ എഫ്‌സിയും എഫ്‌സി ഗോവയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. അൽ-നസ്ർ കളിക്കാർക്കൊപ്പം വാം അപ്പ് ചെയ്യുകയായിരുന്നു ഫെലിക്സ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരെഴുതിയ ജേഴ്സി ധരിച്ചാണ് സഹൽ ഫെലിക്സിന്റെ അടുത്തേക്ക് ഓടിയെത്തിയത്. വീഡിയോ ദൃശ്യങ്ങളിൽ സഹൽ, ഫെലിക്സിനെ ആലിംഗനം ചെയ്യുന്നതും തുടർന്ന് താരത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതും കാണാം.
പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. “നിയന്ത്രിത മേഖലയിൽ പ്രവേശിക്കുകയും രണ്ട് അന്താരാഷ്ട്ര കളിക്കാരുടെ ജീവന് അപകടമുണ്ടാക്കുകയും ചെയ്തു” എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
“പ്രതി, മെറ്റൽ കൈവരിയിൽ തൂങ്ങി കാണികളുടെ ഭാഗത്തുനിന്ന് നിയന്ത്രിത മേഖലയിലേക്ക് (കളിക്കളം) ചാടി പ്രവേശിക്കുകയും തുടർന്ന് കളിക്കാരന്റെ അടുത്തേക്ക് ഓടുകയും ചെയ്തു. ഇപ്രകാരം അധികാര സ്ഥാപനം പുറപ്പെടുവിച്ച നിയമപരമായ ഉത്തരവ് ലംഘിക്കുകയും, നിയന്ത്രിത മേഖലയിൽ അതിക്രമിച്ച് കടക്കുകയും, അൽ-നസ്ർ, എഫ്‌സി ഗോവ ടീമുകളിലെ അന്താരാഷ്ട്ര കളിക്കാരുടെ ജീവന് അപകടമുണ്ടാക്കുകയും ചെയ്തു…”എന്നാണ് ഫറ്റോർഡ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
പോർച്ചുഗീസ് സൂപ്പർ സ്റ്റാർ ഫുട്‌ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ് താനെന്ന് കോഴിക്കോട് സ്വദേശിയായ സഹൽ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സ്റ്റേഡിയത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ സഹലിനെ പിടികൂടി കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. നിയമനടപടികൾ സ്വീകരിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം ഇയാളെ പിന്നീട് വിട്ടയച്ചതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
മത്സരത്തിൽ അൽ-നസ്ർ എഫ്‌സി 1-2ന് എഫ്‌സി ഗോവയെ പരാജയപ്പെടുത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന ക്ലബ്ബായ അൽ-നസ്റിനെതിരെയാണ് എഫ്‌സി ഗോവ കളിച്ചത് എന്നതിനാൽ തന്നെ റൊണാൾഡോ ഇന്ത്യയിലെത്തുമോ എന്ന ആകാംക്ഷ ആരാധകർക്കിടയിൽ നിലനിന്നിരുന്നു. എന്നാൽ, റൊണാൾഡോയ്ക്ക് വിശ്രമം അനുവദിച്ചതിനാൽ താരം മത്സരത്തിനായി യാത്ര ചെയ്തില്ലെന്ന് അൽ-നസ്ർ പരിശീലകൻ ജോർജ് ജീസസ് നേരത്തെ അറിയിച്ചിരുന്നു.
content summary: Case filed against Malayali youth who entered the field to take a selfie with Portugal star