June 03, 2026 |

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കത്രികവയ്ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയം

”ഡോണ്‍ട് സ്‌പെയര്‍ മി ശങ്കര്‍” നിങ്ങളുടെ കാര്‍ട്ടൂണുകളില്‍ നിന്ന് എന്നെ ഒഴിവാക്കരുത് ശങ്കര്‍ എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രിയില്‍ നിന്ന് ”നിങ്ങള്‍ എന്ത് എന്നെ പറ്റി എന്ത് പറയുന്നുവെന്ന് ഞാന്‍ ആദ്യം അറിയണം” എന്ന് പറയുന്ന പ്രധാനമന്ത്രിയില്‍ എത്തി നില്‍ക്കുകയാണ് ഇന്ത്യ

”ആഗോളതലത്തിൽ പ്രസക്തമായ വിഷയമാണ് ‘ഖാൻ’ എന്ന സിനിമയിൽ പറയുന്നതെന്ന് ഞാൻ കരുതുന്നു. അതിനാൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന സിനിമയായി അത് മാറാൻ സാധ്യതയുണ്ട്. ആളുകൾ ചിരിക്കാനിഷ്ടപ്പെടുന്നത് പോലെ അർത്ഥവത്തായ നാടകീയ സിനിമകൾ കാണാനും ഇഷ്ടപ്പെടുന്നു.” മൈ നെയിം ഈസ് ഖാൻ എന്ന സിനിമയെപ്പറ്റിയുള്ള ഷാരുഖ് ഖാന്റെ വാക്കുകളാണിത്. ഇന്ത്യയിൽ വളരെയധികം വിവാദങ്ങൾക്ക് കാരണമായ ചിത്രമായിരുന്നു മൈ നെയിം ഈസ് ഖാൻ എന്നത്. സെപ്തംബർ 11ന് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തകർച്ചയെ തുടർന്ന് ആഗോളതലത്തിൽ മുസ്ലീം മത വിശ്വാസികൾ നേരിടുന്ന പ്രതിസന്ധി, ഓരോ മുസ്ലീമും താൻ തീവ്രവാദിയല്ലെന്ന് പൊതുസമൂഹത്തോട് വിളിച്ച് പറയേണ്ട സാഹചര്യം. തന്റെ ദേശസ്‌നേഹം തെളിയിക്കേണ്ടി വരുന്ന സങ്കടകരമായ അവസ്ഥ, ഇതൊക്കെയാണ് മൈ നെയിം ഈസ് ഖാൻ എന്ന സിനിമയുടെ പശ്ചാത്തലം. എന്നാൽ സിനിമയ്ക്കും അതിലെ നായകൻ ഷാരൂഖ് ഖാനും നേരിടേണ്ടി വന്നത് വലിയ വർഗീയ പരാമർശങ്ങളും വിവാദങ്ങളുമായിരുന്നു.Censorship is not new; it dates back to India’s Emergency period

ഇന്ത്യയിൽ രാഷ്ട്രീയം പരാമർശിക്കുന്ന സിനിമകൾ എന്നാൽ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പരാമർശിക്കുന്ന സിനിമകളാണ്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയിലെ രാഷ്ട്രീയ പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കാൻ സിനിമ ഉപയോഗിക്കരുത് എന്ന അലിഖിത നിയമമാണ് ഇന്ത്യയിലുള്ളത്. രാഷ്ട്രീയം പ്രമേയമാക്കിയതിന്റെ പേരിൽ വലിയ വിവാദങ്ങളുണ്ടായ ഒട്ടനവധി സിനിമകൾ ഇന്ത്യയിൽ ഉണ്ട്. പഠാനും മൈ നെയിം ഈസ് ഖാനും മുതൽ എമ്പുരാൻ വരെ എത്തി നിൽക്കുകയാണ് വിവാദങ്ങൾ.

കഴിഞ്ഞ ദിവസങ്ങളിലായി പാൻ ഇന്ത്യ തലത്തിൽ പുറത്തിറങ്ങിയ പൃഥ്വിരാജ്‌-മോഹൻലാൽ ചിത്രമായ എമ്പുരാൻ വിവാദങ്ങളുടെ കെട്ടഴിച്ചിരുന്നു. ഗോധ്ര തീപിടുത്തത്തെക്കുറിച്ചും, ഗുജറാത്ത് കലാപത്തെക്കുറിച്ചും പരാമർശിച്ചതിനാൽ ചിത്രത്തിലെ ചില ഭാഗങ്ങൾ സെൻസർ ചെയ്യുന്നതിൽ വരെ എത്തി നിൽക്കുകയാണ് കാര്യങ്ങൾ. എന്നാൽ രാഷ്ട്രീയ പ്രശ്‌നങ്ങൾ പരാമർശിച്ചു എന്ന പേരിൽ വിവാദത്തിലാകുന്ന ആദ്യ ചിത്രമല്ല എമ്പുരാൻ, അവസാനത്തേതുമല്ല പക്ഷെ ഏറ്റവും പുതിയതാണ്.

”ഡോണ്‍ട് സ്‌പെയര്‍ മി ശങ്കര്‍” നിങ്ങളുടെ കാര്‍ട്ടൂണുകളില്‍ നിന്ന് എന്നെ ഒഴിവാക്കരുത് ശങ്കര്‍ എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രിയില്‍ നിന്ന് ”നിങ്ങള്‍ എന്ത് എന്നെ പറ്റി എന്ത് പറയുന്നുവെന്ന് ഞാന്‍ ആദ്യം അറിയണം” എന്ന് പറയുന്ന പ്രധാനമന്ത്രിയില്‍ എത്തി നില്‍ക്കുകയാണ് ഇന്ത്യ. അടിയന്തരാവസ്ഥ കാലം മുതല്‍ ചരിത്രം പരിശോധിച്ചാല്‍ കത്രികവച്ചിട്ടുള്ളത് നിരവധി സിനിമകള്‍ക്കാണ്. സിനിമകള്‍, കലാരൂപങ്ങളെല്ലാം കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്ന് പോലും അംഗീകരിക്കാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്.

കിസ കുർസി കാ

അമിത് നഹതയുടെ സംവിധാനത്തിൽ ഒരുക്കിയ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായിരുന്നു കിസ കുർസി കാ. ഷബാന ആസ്മി, ഉത്പൽ ദത്ത്, രഹന സുൽത്താൻ, സുരേഖ സിക്രി, രാജ് കിരൺ തുടങ്ങിയ പ്രമുഖരായിരുന്നു ചിത്രത്തിൽ അണി നിരന്നത്. അഴിമതിക്കാരനും ദുഷ്ടനുമായ ഒരു രാഷ്ട്രീയക്കാരൻ മൂകയായ സ്ത്രീയെ വശീകരിക്കാൻ ശ്രമിക്കുന്നതും, നിസ്സഹായരായി ഒന്നും ചെയ്യാൻ കഴിയാതെ നിൽക്കുന്ന പൊതുജനത്തെക്കുറിച്ചും പരാമർശിക്കുന്നതായിരുന്നു ചിത്രം. അഴിമതി, ഇന്ത്യൻ ബ്യൂറോക്രസിയുടെ പരാജയങ്ങൾ, അന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സാഹചര്യം എന്നിവയെക്കറിച്ച് ശക്തമായ ഭാഷയിൽ സംസാരിച്ച ചിത്രം കൂടിയായിരുന്നു കിസാ കുർസി കാ.

1975 ഏപ്രിൽ മാസത്തിൽ ചിത്രം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷന് സെൻസർ ചെയ്യാനായി സമർപ്പിച്ചെങ്കിലും ബോർഡ് പ്രദർശനാനുമതി നൽകിയില്ല, പിന്നീട് ചിത്രം ഒരു റിവിഷൻ കമ്മിറ്റിക്ക് അയയ്ക്കുകയായിരുന്നു.

അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയെയും, ധീരേന്ദ്ര ബ്രഹ്മാചാരി, റുക്‌സാന സുൽത്താന, പ്രധാനമന്ത്രിയുടെ സെക്രട്ടറി ആർ കെ ധവാൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ചിത്രം എന്ന് ആരോപിച്ചായിരുന്നു കിസാ കുർസി കാ എന്ന ചിത്രത്തിനെതിരെ എതിർപ്പുകൾ ഉയർന്നത്.

പദ്മാവത്

സഞ്ജയ് ലീല ബൻസാലിയുടെ 2018ൽ പുറത്തിറങ്ങിയ ചിത്രമാണ് പദ്മാവത്. പദ്മാവതിന്റെ പ്രദർശന ദിവസം ഭാരത് ബന്ദ് നടത്താനുള്ള ആഹ്വാനങ്ങൾ പോലും നടന്നിരുന്നു. ചിത്രത്തിലെ നായിക ദീപിക പദ്‌കോണിനെതിരെയും വലിയ തരത്തിലുള്ള സൈബർ ആക്രമണങ്ങളും മറ്റും ഉണ്ടായിരുന്നു. രജപുത്ര ഇതിഹാസങ്ങളിലെ ഏറ്റവും ധീര വനിതകളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന റാണി പത്മിനിയെ മോശമായി മോശമായി കാണിക്കുന്നു എന്ന ആരോപണവുമായാണ് ഹിന്ദുത്വ സംഘങ്ങൾ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയത്.

ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജി 1303ൽ മേവാഡ് ആക്രമിക്കുകയും ഭരണാധികാരി റാവൽ രത്തൻ സിങ്ങിന്റെ ആസ്ഥാനമായ ചിത്തോസ് കേട്ട വളയുകയും ചെയ്തു. പിടിക്കപ്പെടുമെന്നായപ്പോൾ രാജപത്‌നി റാണി പത്മിനിയടക്കം കോട്ടയിലെ സ്ത്രീകളെല്ലാം തീയിൽ ചാടി ജീവനൊടുക്കുകയും പുരുഷന്മാരെല്ലാം ഖിൽജിയോട് ഏറ്റുമുട്ടി കൊല്ലപ്പെടുകയും ചെയ്തു എന്ന ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സിനിമ.

റാണിക്ക് സുൽത്താനോട് പ്രണയമുണ്ടായിരുന്നെന്നും റാണി കാണുന്ന സ്വപ്‌നത്തിൽ ഇരുവരും ഒന്നിച്ചുള്ള പ്രണയരംഗങ്ങൾ ഉണ്ടാകുന്നുണ്ടെന്നും കാണിച്ചായിരുന്നു രാജ്പുത് കർണി സേന രംഗത്തെത്തിയത്. ഹിന്ദുത്വ സംസ്‌കാരത്തെ എതിർത്ത് കാണിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ വ്യക്തമാക്കി.

പഠാൻ

റിലീസിന് മുന്നേ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ചിത്രമാണ് പഠാൻ. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനത്തിലെ ദീപിക പദ്‌കോണിന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. ഗാനരംഗത്തിൽ കാവി നിറമുള്ള ബിക്കിനി ധരിച്ചെത്തിയ ദീപിക പദ്‌കോണായിരുന്നുസംഘപരിവാറിന്റെ സമാധാനം കെടുത്തിയത്. ഇതോടെ സംഘപരിവാർ ബോയ്‌കോട്ട് ക്യാംപെയിൻ ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളുമായി രംഗത്തെത്തുകയായിരുന്നു.

പഠാൻ ബഹിഷ്‌കരിക്കണമെന്നും റിലീസ് ചെയ്യിക്കരുത് എന്നൊക്കെയുള്ള ആവിശ്യങ്ങൾ സംഘപരിവാർ ഉന്നയിച്ചു. പാട്ടിലെ രംഗങ്ങൾ പുറത്തിറങ്ങിയതോടെ ഷാരൂഖിന്റെയും ദീവികയുടെയും കോലം കത്തിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. ‘ബിക്കിനി ധരിക്കാൻ പോലും പേടിക്കണോ’ എന്ന് തുടങ്ങി നിരവധി പ്രതികരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അന്ന് നിറഞ്ഞ് നിന്നിരുന്നു.

ബിരിയാണി

സജിൻ ബാബുവിന്റെ സംവിധാനത്തിൽ കനി കുസൃതി. ഷൈലജ ജല എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ബിരിയാണി. കേരളത്തിലെ മുസ്ലീം സമുദായത്തെക്കുറിച്ച് പരാമർശിക്കുന്ന ചിത്രം വിലക്കണമെന്ന് ആവിശ്യപ്പെട്ട് നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. മുസ്ലീം സമുദായത്തെ ഒട്ടാകെ കരിവാരി തേക്കുന്നതാണ് ചിത്രം എന്ന ആരോപണവും ഉണ്ടായിരുന്നു. പ്രേക്ഷകരെത്തിയിട്ടും ചിത്രം കാണാൻ ചില തിയേറ്റർ ഉടമകളെങ്കിലും അനുവദിക്കാത്തത്, അതിലെ ചില രാഷ്ട്രീയ വിഷയങ്ങൾ കാരണമെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. ബിരിയാണി സിനിമയ്ക്ക് ശേഷം വളരെ മോശം പ്രതികരണങ്ങൾ കനി കുസൃതിയ്ക്ക് നേരെയും ഉണ്ടായിരുന്നു. സൈബർ അക്രമണം അടക്കമുള്ള പ്രശ്‌നങ്ങൾ കനി കുസൃതിക്കും നേരിടേണ്ടി വന്നു.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ

ജിയോ ബേബി സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. സ്ത്രീകളുടെ പ്രശ്‌നത്തോടൊപ്പം, തൊട്ടാൽ പൊള്ളുന്ന ശബരിമല പ്രശ്‌നവും ചിത്രം സംസാരിച്ചിരുന്നു. ഒരു ഹിന്ദു തറവാട് കേന്ദ്രീകരിച്ച് നടക്കുന്ന കഥയായതിനാലും, ശബരിമല വിഷയം പ്രതിപാദിച്ചതിനാലും വലിയ വിമർശനങ്ങളാണ് ചിത്രത്തിന് നേരിടേണ്ടി വന്നത്. സംഘപരിവാർ അനുയായികൾ ചിത്രത്തിന്റെ സംവിധായകനെ ഭീഷണിപ്പെടുത്തിയതായി പോലും അന്ന് വാർത്തകൾ വന്നിരുന്നു.

ഫയർ

ദീപ മേഹ്ത സം‌വിധാനം ചെയ്ത് ശബാന ആസ്മി, നന്ദിത ദാസ് എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച് 1996-ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ്‌ ഫയർ. സ്വവർഗ്ഗാനുരാഗം പ്രമേയമാക്കിയ ഈ ചലച്ചിത്രം പുറത്തിറങ്ങിയപ്പോൾ നിരവധി വിവാദങ്ങൾക്ക് വഴിതെളിച്ചു. സ്വവർ​ഗാനുരാ​ഗികളായ കഥാപാത്രങ്ങൾക്ക് ഹിന്ദു ദൈവങ്ങളുടെ പേര് നൽകി എന്നാരോപിച്ച് ബിജെപി പ്രവർത്തകർ രം​ഗത്തെത്തി. ഹിന്ദു മൂല്യങ്ങൾക്കും, സംസ്കാരത്തിനുമെതിരെയുള്ളതാണ് ഫയർ എന്ന ചിത്രമെന്നായിരുന്നു ഹിന്ദുത്വ സംഘങ്ങളുടെ വാദം.

പി കെ

2014ൽ പുറത്തിറങ്ങിയ അമീർ ഖാൻ ചിത്രമാണ് പി കെ. ഹിന്ദു ദൈവങ്ങളെയും മതപരമായ ആചാരങ്ങളെയും സംരക്ഷിക്കുന്നതിനായി നിര്‍മിച്ച ചിത്രമാണ് ഇതെന്ന് ഹിന്ദുത്വ സംഘടനകള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രം നിരോധിക്കണമെന്ന ആവിശ്യവുമായി നിരവധി പേര്‍ രംഗത്തെത്തി. ജനങ്ങളുടെ സാമൂഹ്യ അവബോധത്തില്‍ മതം ആഴത്തില്‍ വേരൂന്നിയ ഒരു രാജ്യത്തെക്കുറിച്ചായിരുന്നു ചിത്രം ചൂണ്ടിക്കാണിച്ചത്. ഇത് പലരുടെയും ഉറക്കം കെടുത്തി. പി കെ നിരോധിക്കണമെന്ന ആവിശ്യവുമായി നിരവധി ആളുകളാണ് പ്രതിഷേധത്തിനെത്തിയത്.

ചാന്ദ് ബുജ് ഗയ

2005ല്‍ ഷാരിഖ് മിന്‍ഹാജിന്റെ സംവിധാനത്തില്‍ നിര്‍മിച്ച ചിത്രമാണ് ചാന്ദ് ബുജ് ഗയ. എന്നാല്‍ ഗോധ്രയിലുണ്ടായ തീപ്പിടുത്തത്തെ പശ്ചാത്തലമാക്കി നിര്‍മിച്ച ഈ ചിത്രം ഗുജറാത്തില്‍ റിലീസ് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നില്ല. ചിത്രം പുറത്തിറങ്ങിയാല്‍ വര്‍ഗീയ കലാപങ്ങളുണ്ടാകുമെന്നും ആക്രമണങ്ങള്‍ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാണിച്ച് സെന്‍സര്‍ ബോര്‍ഡ് അപ്പലേറ്റഡ് ട്രൈബ്യൂണലും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും നിരസിക്കുകയായിരുന്നു.

ഫനാ

കുനാൽ കോലി സംവിധാനം ചെയ്ത് യാഷ് രാജ് ഫിലിംസിൻ്റെ ബാനറിൽ ആദിത്യ ചോപ്രയും യാഷ് ചോപ്രയും ചേർന്ന് നിർമ്മിച്ച, 2006-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഫനാ. ആമിർ ഖാനും കജോളും പ്രധാന വേഷങ്ങളിൽ അഭിനയിച്ച സിനിമ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഗുജറാത്തില്‍ സിനിമയുടെ പ്രചാരണത്തിനിടെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ നര്‍മ്മ അണക്കെട്ട് പദ്ധതിയെക്കുറിച്ചും ഗ്രാമീണരുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങളെക്കുറിച്ചും അമീര്‍ഖാന്‍ പതിപാദിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ ബിജെപിയില്‍ പ്രതിഷേധത്തിന്റെ ജ്വാലകള്‍ ഉയര്‍ത്തി. പിന്നീട് സിനിമയ്ക്കെതിരെ പ്രതിഷേധങ്ങൾ ആളിക്കത്തുകയും ചിത്രം അനൗദ്യോഗിക നിരോധനം നേരിടുകയും ചെയതു.

2002 ലെ ഗുജറാത്ത് വംശഹത്യയെ ആധാരമാക്കി 2007 ൽ ഭാരതത്തിലറങ്ങിയ ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു ചലച്ചിത്രമാണ്‌ പർസാനിയ. രാഹുൽ ധലാക്കിയ സം‌വിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ ധലോക്കിയയും ഡേവിഡ്. എൻ. ധോനിഹുവും ചേർന്നാണ്‌ എഴുതിയത്. നസീറുദ്ദീൻ ഷാ, സരിക എന്നിവരാണ്‌ മുഖ്യ വേഷങ്ങൾ അവതരിപ്പിച്ചത്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി നിർമിച്ച ചിത്രമായിരുന്നു ഇത്.

പർസാനിയ

2005-ൽ രാഹുൽ ധൊലാക്കിയയുടെ പർസാനിയ എന്ന ചലച്ചിത്രം പ്രദർശനത്തിനെത്തി. ഗുജറാത്ത് കലാപത്തിൽ കാണാതായ മകനായുള്ള അന്വേഷണവും കാത്തിരിപ്പും തുടരുന്ന പാഴ്‌സി ദമ്പതികളായ രൂപയുടെയും ദാറ മോദിയുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രമായിരുന്നു പർസാനിയ. സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ എന്നാണ് പർസാനിയ എന്ന വാക്കിൻ്റെ അർത്ഥം. കലാപത്തിന്റെ ആദ്യനാളുകളിൽ അഹമ്മദാബാദിലെ ഗുൽബർഗ സൊസൈറ്റിയിൽനിന്നാണ് രൂപയ്ക്കും ദാറയ്ക്കും പതിമൂന്നുകാരനായ മകൻ അഷറിനെ നഷ്‌ടപ്പെട്ടത്. എഹ്സാൻ ജഫ്രി എന്ന മുൻ കോൺഗ്രസ് എം.പിയും മറ്റ് 37 പേരും അതിദാരുണമായി കൊല്ലപ്പെട്ട ഇടമാണ് ഗുൽബർഗ സൊസൈറ്റി. ഇവിടെ മൂന്നാം നിലയിലെ ഫ്ളാറ്റിലായിരുന്നു അഷറിൻ്റെ കുടുംബം താമസിച്ചിരുന്നത്. ഗുജറാത്തിൽ അറിയപ്പെടുന്ന നേതാവായിരുന്ന എഹ്സാൻ ജഫ്രിയുടെ സാന്നിദ്ധ്യം കലാപകാരികളെ ഗുൽബർഗ സൊസൈറ്റിയിലേക്ക് വരുന്നതിൽനിന്നു തടയുമെന്ന രൂപയുടെയും ദാറയുടെയും പ്രതീക്ഷ അസ്ഥാനത്തായി. കലാപകാരികളുടെ മുഖ്യലക്ഷ്യം എഹ്സാനായിരുന്നു. 2002 ഫിബ്രവരി 28-ന് രാത്രി എഹ്‌സാൻ സംസ്ഥാന സർക്കാരിലെയും കേന്ദ്ര സർക്കാരിലെയും ഉന്നതരെ വിളിച്ചെങ്കിലും ഒരു സഹായവുമെത്തിയില്ല. കലാപം ഒടുങ്ങിയപ്പോൾ ഗുൽബർഗയിൽനിന്നു കാണാതായ 31 പേരിൽ അഷറുമുണ്ടായിരുന്നു. ഈ കഥയായിരുന്നു പർസാനിയയുടേത്.

ഗുജറാത്തിലെ വർഗീയ കലാപങ്ങൾ പ്രതിപാ​ദിക്കുന്ന ചിത്രമായതിനാൽ, പരിണിത ഫലങ്ങൾ ഭയന്ന് സിനിമാശാല ഉടമകൾ ചിത്രം പ്രദർശിപ്പിക്കാൻ വിസമ്മതിച്ചു. പൗരാവകാശ സംഘടനയായ അൻഹാദിന്റെ മുൻകൈയെത്തുടർന്ന്, 2007 ഏപ്രിലിനുശേഷം സംസ്ഥാനത്തെ ചില സ്ഥലങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചു.

ഫിറാഖ്

നന്ദിത ദാസ് എന്ന സംവിധായകയുടെ ആദ്യത്തെ ചിത്രമായിരുന്നു ഫിറാഖ്. 2008ല്‍ പുറത്തിറങ്ങിയ ചിത്രം നിരവധി വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. വര്‍ഗീയ ലഹളകള്‍ക്ക് കാരണമായേക്കാവുന്ന ഗുജറാത്ത് കലാപത്തിന്റെ കഥകളെക്കുറിച്ച് പറയുന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിക്കണ്ട് ഗുജറാത്തില്‍ ചിത്രം നിരോധിച്ചു.

ഫിറാഖ് എന്ന സിനിമയും ഗുജറാത്ത് കലാപത്തെക്കുറിച്ചായിരുന്നു . ഈ ചിത്രത്തെയും സമാനമായ രീതിയിൽ തന്നെ ബിജെപി നേരിട്ടു. ചിത്രം പ്രദർശിപ്പിക്കാൻ തിയേറ്റർ ഉടമകൾ മടിച്ചു. നരേന്ദ്ര മോഡിയെ പടം കാണിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും പ്രത്യേക പ്രദർശനത്തിൻ്റെ ആവശ്യമില്ലെന്നും ആർക്കു വേണമെങ്കിലും തിയേറ്ററിൽ പോയി സിനിമ കാണാമെന്നുമായിരുന്നു നന്ദിത ദാസിന്റെ പ്രതികരണം

സിനിമകള്‍ക്കും, കലാരൂപങ്ങള്‍ക്കുമെതിരെയുള്ള നിരവധി പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും പല രാജ്യങ്ങളിലും നടക്കുന്നതായി കാണാം. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ കത്രികവയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. കാലങ്ങളായി നിലനില്‍ക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനത്തിന് മാറ്റമുണ്ടാകേണ്ടത് ഒരു ജനാധിപത്യ രാജ്യത്ത് അത്യാവശ്യമാണ്.

content summary; Censorship is not new India. why do Indian political films focus only on the freedom struggle?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×