June 14, 2026 |
Share on

മോദിയുടെ ചിത്രമില്ലെങ്കിൽ അരിയുമില്ല

പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നല്‍കേണ്ട 7000 കോടിയാണ് തടഞ്ഞുവച്ചിരിക്കുന്നത്‌

പശ്ചിമ ബംഗാളിന് നല്‍കേണ്ട റേഷന്‍ പണം തടഞ്ഞു വച്ച് കേന്ദ്രം. പ്രധാനമന്ത്രിയുടെ ചിത്രമോ ലോഗോയോ പതിപ്പിക്കാത്തതിന്റെ പേരിലാണ് സംസ്ഥാനത്തിന് നല്‍കേണ്ട 7,000 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നതായി മമത ബാനര്‍ജി സര്‍ക്കാര്‍ ആരോപിക്കുന്നത്. ലോഗോയും പ്രധാനമന്ത്രിയുടെയും സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഫോട്ടോ പ്രദര്‍ശിപ്പിക്കുന്ന ബ്രാന്‍ഡിംഗ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എന്‍എഫ്എസ്എ) പ്രകാരമാണ് റേഷന്‍ പണം തടഞ്ഞുവച്ചത്.

ബി.ജെ.പി സര്‍ക്കാര്‍ എന്‍.എഫ്.എസ്.എ പ്രകാരം സംസ്ഥാനത്തിന് മുന്നില്‍ രണ്ട് നിബന്ധനകള്‍ വച്ചതായി സംസ്ഥാന ഭക്ഷ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഒന്നാമത്തെ നിബന്ധന, എല്ലാ റേഷന്‍ കടകള്‍ക്ക് മുന്നിലും പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ച ഒരു ഫ്‌ളെക്‌സോ ബാനറോ സ്ഥാപിക്കണം, രണ്ടാമത്തേത് റേഷന്‍ വാങ്ങിച്ചതിനു ശേഷം പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീനില്‍ നിന്നും നല്‍കുന്ന രസീതില്‍ നാഷണല്‍ ഫുഡ് സേഫ്റ്റി അതോറിറ്റി (എന്‍എഫ്എസ്എ) യുടെ ലോഗോ ഉണ്ടായിരിക്കണം. ഈ രണ്ട് നിബന്ധനകളും ഞങ്ങള്‍ പാലിച്ചില്ല. തുടക്കത്തില്‍, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പദ്ധതി പ്രകാരം സംസ്ഥാനത്തിന് പണം നല്‍കുന്നത് നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു, ”വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, സംസ്ഥാനത്തെ അര്‍ഹതയുള്ള ആറ് കോടി ഗുണഭോക്താക്കള്‍ക്ക് ഭക്ഷണം വാങ്ങുന്നതിനായി കേന്ദ്രം എന്‍എഫ്എസ്എ പ്രകാരം പണം അനുവദിച്ചിരുന്നു. പശ്ചിമ ബംഗാളിന് നല്‍കേണ്ട 7,000 കോടി രൂപ തടഞ്ഞുവച്ചതോടെ റേഷന്‍ പണം വകയിരുത്തേണ്ട ചുമതല സര്‍ക്കാരിനാണ്. നെല്ല് സംഭരണം നടത്തിയാണ് ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ റേഷന്‍ വിതരണം ചെയ്യുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 70 ലക്ഷം ടണ്‍ സംഭരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവരെ ലക്ഷ്യത്തിന്റെ 30 ശതമാനം സംഭരിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞുതായി വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. 70 ലക്ഷം ടണ്‍ നെല്ല് സംസ്ഥാനത്തെ രണ്ട് കോടിയിലധികം ആളുകള്‍ക്ക് പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ 55 ലക്ഷം ടണ്‍ നെല്ല് സംഭരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു, ആ വര്‍ഷം 50 ലക്ഷം ടണ്‍ സംഭരിക്കാന്‍ കഴിഞ്ഞു. ഫെബ്രുവരി ആദ്യവാരം വരെ നെല്ല് സംഭരണം തുടരും.

എംജിഎന്‍ആര്‍ഇജിഎ (ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി), പിഎം ആവാസ് യോജന (പിഎംഎവൈ) എന്നിവയ്ക്ക് ശേഷം, പശ്ചിമ ബംഗാളിലെ ടിഎംസി സര്‍ക്കാരിന് പണം നല്‍കുന്നത് തടഞ്ഞുവയ്ക്കാന്‍ കേന്ദ്രത്തിലെ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ച മൂന്നാമത്തെ പദ്ധതിയാണിത്. നിലവില്‍, സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) പൊതുവിതരണ സംവിധാനത്തിലെ (പിഡിഎസ്) ക്രമക്കേടുകള്‍ അന്വേഷിക്കുകയും സംസ്ഥാന മന്ത്രി ജ്യോതി പ്രിയ മല്ലിക്കിനെയും അദ്ദേഹത്തിന്റെ രണ്ട് അടുത്ത സഹായികളെയും അറസ്റ്റും ചെയ്തിരുന്നു. 2011 മുതല്‍ 2021 വരെ ഫുഡ് ആന്‍ഡ് സപ്ലൈസിന്റെ പോര്‍ട്ട്ഫോളിയോ മല്ലിക്കിന്റെ കൈവശമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×