June 03, 2026 |
Share on

ഇസഡ് പ്ലസ് സുരക്ഷ; മുകേഷ് അംബാനി സ്വന്തം പണം ചെലവാക്കണം, മോഹന്‍ ഭാഗവതിന് വേണ്ടി സര്‍ക്കാരത് ചെയ്യും

ജനാര്‍ദ്ദന്‍ മൂനും ലലന്‍ കിഷോര്‍ സിംഗും ആര്‍എസ്എസിനെ കുറിച്ച് നല്‍കുന്ന രണ്ട് വിവരങ്ങള്‍

ആര്‍എസ്എസ്, അഥവ രാഷ്ട്രീയ സ്വയം സേവക് സംഘത്തെ സംബന്ധിച്ച് രാജ്യം അറിയേണ്ടി രണ്ട് നിര്‍ണായക വിവരങ്ങള്‍ പുറത്തു വരാന്‍ കാരണക്കാരായ രണ്ട് മനുഷ്യരാണ് ജനാര്‍ദ്ദന്‍ മൂന്‍, ലലന്‍ കിഷോര്‍ സിംഗ് എന്നിവര്‍. ഒന്ന്, ആര്‍എസ്എസ് എവിടെയും രജിസ്റ്റര്‍ ചെയ്യാത്തൊരു സംഘടനയാണ്. രണ്ട്, മൂന്നു തവണ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ള, ഒരു സര്‍ക്കാര്‍ ഇതര സംഘടനയായ ആര്‍എസ്എസിന് വേണ്ടി രാജ്യത്തെ ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിക്കപ്പെടുന്നു.

ദി കാരവന്‍ പ്രസിദ്ധീകരിച്ച അമൃത സിംഗ് തയ്യാറാക്കി, ‘രേഖകളില്ലാത്ത ആര്‍.എസ്.എസ്; ആരോടും ബാധ്യതയില്ലാത്ത ഒരു സംഘടനയുടെ രഹസ്യഘടനയുടെ രൂപരേഖ’ എന്ന ദീര്‍ഘലേഖനത്തില്‍(അഴിമുഖം 10 ഭാഗങ്ങളായി പ്രസിദ്ധീകരിച്ച അതിന്റെ മലയാള പരിഭാഷ ഇവിടെ വായിക്കാം) രഹസ്യ സ്വഭാവത്തോടെയും എന്നാല്‍ ഇന്ത്യയുടെ ഭരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയും പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘത്തെ കുറിച്ച് ഇന്നും പൊതുസമൂഹത്തിന് അജ്ഞാതമായ വിവരങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ആ കൂട്ടത്തില്‍ ഏറ്റവും നിര്‍ണായകമാണ് ജനാര്‍ദ്ദന്‍ മൂന്‍, ലലന്‍ കിഷോര്‍ സിംഗ് എന്നിവര്‍ കാരണമായ വിവരങ്ങള്‍.

നാഗ്പൂര്‍ സ്വദേശിയായ വിരമിച്ച സ്‌കൂള്‍ അധ്യാപകനും, കോര്‍പ്പറേഷന്‍ അംഗവുമായിരുന്നു ജനാര്‍ദ്ദന്‍ മൂന്‍. 2017 ഓഗസ്റ്റിലാണ് ജനാര്‍ദ്ദന്‍ മൂന്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന് പേരുള്ള ഒരു സംഘടന രജിസ്റ്റര്‍ ശ്രമം നടത്തുന്നത്. മൂന്‍ പറയുന്നത്, ലോകാമെമ്പാടും പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘം ഒരിടത്തും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന കാര്യം തങ്ങള്‍ പഠിച്ചു മനസിലാക്കിയശേഷമാണ് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതെന്നാണ്.

ജനാര്‍ദ്ദനും മറ്റ് പന്ത്രണ്ട് സാമൂഹ്യപ്രവര്‍ത്തകരും അധ്യാപകരും ചേരികളില്‍ തൊഴിലാളികളായ ബഹുജന്‍ സമുദായാംഗങ്ങളും ചേര്‍ന്നാണ് ആര്‍എസ്എസിന്റെ രജിസ്‌ട്രേഷനായി രംഗത്തിറങ്ങിയത്. അവര്‍ നാഗ്പൂരിലുള്ള ചാരിറ്റി കമ്മീഷന് മുമ്പില്‍ രജിസ്‌ട്രേഷനുള്ള രേഖകള്‍ സമര്‍പ്പിച്ചു. അതോടൊപ്പം ആര്‍എസ്എസ് സ്ഥാപക ദിനം ആഘോഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഈ പേരില്‍ ജനാര്‍ദ്ദനും കൂട്ടരും സാമൂഹ്യ പ്രവര്‍ത്തനങ്ങളും പ്രചരണങ്ങളും വിദ്യാഭ്യാസ പരിപാടികളും പൗരാവകാശ പരിപാടികളും സംഘടിപ്പിക്കാന്‍ തുടങ്ങി.

എന്നാല്‍ ജനാര്‍ദ്ദന്‍ മൂനും സംഘവും വിചാരിച്ചപോലെയല്ല കാര്യങ്ങള്‍ നടന്നത്. അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ് സൊസൈറ്റീസ് സംഘടനയുടെ രജിസ്‌ട്രേഷന്‍ നിഷേധിച്ചു. നേരത്തേ ഈ പേരില്‍ ഒരു സംഘടന രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതും ‘രാഷ്ട്രീയ’ അഥവാ ദേശീയ എന്ന പേരില്‍ ഒരു സംഘടന ആരംഭിച്ചാല്‍ അതിന് സര്‍ക്കാരിന്റെ രക്ഷകര്‍ത്തൃത്വമുണ്ടെന്ന അബദ്ധധാരാണയുണ്ടാകും എന്നതുമായിരുന്നു കാരണങ്ങള്‍.

ഇത് മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചില്‍ ജനാര്‍ദ്ദന്‍ മൂന്‍ ചോദ്യം ചെയ്തു. എന്നാല്‍ മോഹന്‍ ഭാഗവത് മേധാവിയായ ആര്‍.എസ്.എസ് മഹാരാഷ്ട്രയിലെ ചന്ദ്രനഗറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നായിരുന്നു കോടതിയില്‍ ഉണ്ടായ എതിര്‍ വാദം. എന്നാല്‍ അത് പൂര്‍ണമായ ഒരു നുണയായിരുന്നുവെന്നാണ് ജനാര്‍ദ്ദന്‍ പറയുന്നത്. ‘ഞാന്‍ ചന്ദ്രപൂരിലെ പബ്ലിക് ട്രസ്റ്റ് രജിസ്‌ട്രേഷന്‍ ഓഫീസില്‍ ഒരു വിവരാവകാശ അപേക്ഷ നല്‍കി. അവര്‍ ഇങ്ങനെയൊരു കാര്യം നിഷേധിച്ചു’; ജനാര്‍ദ്ദന്‍ പറയുന്നു. എന്തായാലും കോടതിയും ജനാര്‍ദ്ദന്‍ മൂനിന്റെ ഹര്‍ജി തള്ളി.

എന്തുകൊണ്ട് ആര്‍എസ്എസ് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചു എന്ന ചോദ്യത്തിന് ജനാര്‍ദ്ദന്‍ മൂന്‍ നല്‍കുന്ന മറുപടി ഇങ്ങനെയാണ്; ”രാജ്യത്തുടനീളം ഒരു അനധികൃത സംഘടന പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. അവരാകട്ടെ മനുവാദം പ്രചരിപ്പിക്കുകയും ചെയ്യുന്നു. നമ്മളതിനെ സാമൂഹ്യസംഘടന എന്നാണോ ജാതീയ സംഘടന എന്നാണോ വിളിക്കേണ്ടത്?’

മറ്റേ ആര്‍.എസ്.എസ് ഭരണഘടനപരമായല്ല പ്രവര്‍ത്തിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കാനുള്ള ഒരു വഴിയായാണ് അദ്ദേഹമിത് കണ്ടത്. അത് ഒരു കണ്ണാടി ഉയര്‍ത്തിക്കാണിക്കുന്നത് പോലെയായിരുന്നു. ആ കണ്ണാടിയില്‍ പ്രതിഫലിച്ച് കാണുന്നത് രാജ്യത്ത് ഒരു നിയമ പരമായി രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന, അധികാരസ്ഥാനങ്ങളിലെല്ലാം പിടിമുറുക്കിയ ആര്‍.എസ്.എസിനെ ആണ്.

രാജ്യത്ത് ഏറ്റവും അധികാരമാളുന്ന, ഇസഡ് പ്ലസ് സുരക്ഷയും കണക്കില്ലാത്ത ഭൂസ്വത്തും കേന്ദ്രസര്‍ക്കാറിനെ നയിക്കുന്ന സ്വാധീനവും ഉള്ള സംഘടന നിയമപരമായി നിലനില്‍ക്കുന്നില്ല എന്നാണ് ജനാര്‍ദ്ദന്‍ മൂന്‍ വാദിക്കുന്നത്.

ജനാര്‍ദ്ദന്‍ മൂനിന്റെ ഈ വിശദീകരണം കൂടി കേള്‍ക്കണം; ‘എനിക്ക് 10 കോടി രൂപയുടെ ഒരു ബംഗ്ലാവ് ഉണ്ടെങ്കില്‍ സി.ബി.ഐയും ഇഡിയും എല്ലാം എന്നേ അന്വേഷിച്ച്, ഞാന്‍ എവിടെയെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആളാണോ എന്ന് നോക്കി വരില്ലേ? പക്ഷേ, എന്റെ കെട്ടിടത്തിന് 10 കോടി വിലയുണ്ട്, പക്ഷേ ഞാന്‍ പറയുന്നു, ഇത് ഗുരുദക്ഷിണയാണ്, ഞങ്ങളുടെ പ്രവര്‍ത്തകര്‍ തന്നെ പണമാണെന്ന്. സര്‍ക്കാര്‍ വിശ്വസിക്കുമോ?” മോഹന്‍ ഭാഗവത് നയിക്കുന്ന ആര്‍.എസ്.എസ് ‘അവര്‍ക്ക് ആരൊക്കെയാണ്, എത്രയൊക്കെ കോടികളാണ് രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നും നല്‍കിയിട്ടുള്ളത് എന്ന് പറയാനുള്ള ബാധ്യതയുണ്ട്.”

ആര്‍.എസ്.എസിനെതിരായ ഇത്തരം ചോദ്യങ്ങള്‍ അപൂര്‍വ്വമാണ് എന്നതാണ് ജനാര്‍ദ്ദന്‍ മൂനിനെ പ്രസക്തനാക്കുന്നത്. അതുപോലെയാണ് ലലന്‍ കിഷോര്‍ സിംഗും ആര്‍എസ്എസിനെതിരേ വലിയൊരു ചോദ്യം ഉയര്‍ത്തിയത്.

ആര്‍എസ്എസ് എന്ന സംഘടനയ്ക്ക് വേണ്ടി ജനത്തിന്റെ നികുതി പണം ചെലവാക്കപ്പെടുന്നുണ്ടോ എന്നായിരുന്നു ലലന്‍ കിഷോര്‍ സിംഗിന്റെ ചോദ്യം. 2021 മുതല്‍ ഈ ചോദ്യത്തിന് തൊഴിലാളി സംഘടനയുടെ ഭാഗമായിരുന്ന 64 കാരന്‍ ഉത്തരം തേടുകയായിരുന്നു.

”ആര്‍.എസ്.എസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടന പോലുമല്ല, എന്നിട്ടും എന്ത് നിയമപ്രകാരമാകും സര്‍ക്കാര്‍ അവരുടെ സുരക്ഷയ്ക്ക് ഇത്രയേറെ പണം ചെലവഴിക്കുന്നത്? അല്ല, ഇനിയിപ്പോ ആര്‍.എസ്.എസ് ആണ് അവരുടെ സുരക്ഷയ്ക്ക് പണം ചെലവഴിക്കുന്നതെങ്കില്‍ എത്രമാത്രമാണത് എന്ന് പുറത്തറിയിക്കേണ്ടേ?’ ഇതായിരുന്നു സിംഗിന് തന്റെ പ്രവര്‍ത്തിയെ ന്യായീകരിക്കാനുള്ള കാരണങ്ങള്‍.

ആര്‍എസ്എസിന്റെ ചെലവ് അറിയാന്‍ സിംഗ് വിവരാവകാശ നിയമം ഉപയോഗിച്ചു. വിവരാവകാശ നിയമത്തിന്റെ 24(എ) ചട്ടപ്രകാരം ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാവില്ല എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. രഹസ്യാന്വേഷണ, സുരക്ഷ ഏജന്‍സികളെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ പുറത്ത് നല്‍കുന്നതിനെ വിലക്കുന്ന നിയമങ്ങളാണിവ.

എന്നാല്‍ ലലന്‍ സിംഗ് വെറുതെയിരുന്നില്ല. 2024-ല്‍ ബോംബേ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചില്‍ ഒരു റിട്ട് ഹര്‍ജി നല്‍കി. കേന്ദ്രസര്‍ക്കാരിന് നല്‍കാന്‍ പറ്റുന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷയായ ഇസഡ് പ്ലസ് സുരക്ഷ വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനും ആര്‍.എസ്.എസിന്റെ നാഗ്പൂര്‍ ആസ്ഥാനത്തിനും 2015 മുതല്‍ നല്‍കുന്നുണ്ടെന്നറിയുന്നു, ഇതെന്തിനാണ് നല്‍കുന്നത് എന്നറിയാനുള്ള ഹര്‍ജിയായിരുന്നു അത്.

‘നൂറ്റിയന്‍പതോളം ഉദ്യോഗസ്ഥര്‍ ഈ സുരക്ഷാ പ്രവര്‍ത്തിയില്‍ നിയുക്തരാണ്.’-സിംഗ് കോടതിയോട് പറഞ്ഞു. അദ്ദേഹം തുടര്‍ന്ന് കോടതിക്ക് മുന്നാകെ ഉദ്ധരിക്കുന്നത് മുകേഷ് അംബാനിക്ക് 58 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയ്ക്കായി നല്‍കിയ വാര്‍ത്തയാണ്. ഏഷ്യയിലെ ഏറ്റവും സമ്പന്ന വ്യവസായി ആയ മുകേഷ് അംബാനിയുടെ സുരക്ഷയ്ക്ക് 40 ലക്ഷം രൂപ സര്‍ക്കാരിന് പ്രതിമാസം ചെലവാകുന്നുണ്ട്. ഇത് പ്രകാരം ആര്‍.എസ്.എസിനും മോഹന്‍ ഭാഗവതിനും സര്‍ക്കാര്‍ നല്‍കുന്ന സുരക്ഷയ്ക്ക് മാസം 1.25 കോടി രൂപയെങ്കിലും ചെലവുണ്ടാകും. എത്രമാത്രം ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങള്‍ക്കായി വിന്യസിക്കപ്പെടുന്നുണ്ട് എന്ന് നോക്കിയാല്‍ കണക്ക് ലഭ്യമാകും. അതിനര്‍ത്ഥം ചുരുങ്ങിയത് 150 കോടി രൂപയെങ്കിലും കഴിഞ്ഞ പത്തുവര്‍ഷമായി ആര്‍.എസ്.എസിന്റെ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട് എന്നാണ്. ലലന്‍ സിംഗ് 2023 ഫെബ്രുവരിയിലെ സുപ്രീം കോടതി ഉത്തരവും ചൂണ്ടിക്കാണിക്കുന്നു. അംബാനിയോട് തന്റെ സുരക്ഷയ്ക്കുള്ള പണം ചെലവാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെടുന്ന ഉത്തരവാണിത്. ആ അര്‍ത്ഥത്തില്‍ ആര്‍.എസ്.എസ് അവരുടെ സുരക്ഷയ്ക്കുള്ള ചെലവ് വഹിക്കേണ്ടതല്ലേ? ‘പൊതു ഖജനാവിലെ പണമാണിത്. ഇത് പൊതുജന താത്പര്യത്തിന് വേണ്ടിയാണ് ചെലവഴിക്കപ്പെടേണ്ടത്. മാത്രമല്ല, രജിസ്റ്റര്‍ ചെയ്തിട്ടുപോലുമില്ലാത്ത, മൂന്ന് തവണ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുള്ള ഒരു സര്‍ക്കാര്‍ ഇതര സംഘടനയ്ക്ക് സുരക്ഷ നല്‍കാനാണ് സര്‍ക്കാര്‍ ഇത്രയും പണം ചെലവഴിക്കുന്നത്.’  The central government is spending crores of rupees on security for the RSS, despite it being an unregistered organization

Content Summary; The central government is spending crores of rupees on security for the RSS, despite it being an unregistered organization

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×