UPDATES

മോദി ഫാസിസ്റ്റാണോ?

ജെമിനയുടെ മറുപടിയില്‍ പ്രകോപിതരായി കേന്ദ്രസര്‍ക്കാര്‍, ഗൂഗിളിന് നോട്ടീസ് അയച്ചു

                       

ഗൂഗിളിന്റെ എ ഐ പ്ലാറ്റ്‌ഫോം ജെമിനിക്കെതിരെ കേന്ദ്ര ഐടി മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് നിയമവിരുദ്ധമായ പ്രതികരണങ്ങള്‍ ഗൂഗിളിന്റെ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ജെമിനി സൃഷ്ടിച്ചു എന്നാരോപിച്ച് മന്ത്രാലയം ഗൂഗിളിന് നോട്ടീസ് അയിച്ചിരിക്കുകയാണ്.

ജെമിനി(മുന്‍പ് ബാര്‍ഡ്) വെബ്‌സൈറ്റില്‍ നിന്നുള്ള ഒരു ലേഖനത്തിന്റെ സംഗ്രഹം ചോദിച്ചപ്പോള്‍, അനുചിതമായ പ്രതികരണം നല്‍കിയതായാണ് സര്‍ക്കാര്‍ പറയുന്നത്. പ്രധാനമന്ത്രി മോദിയെ കുറിച്ച് അടുത്തിടെ നല്‍കിയ ആക്ഷേപകരമായ അനുചിത പ്രതികരണങ്ങളാണ് നോട്ടീസ് പുറപ്പെടുവിക്കുന്നതിനു കാരണമായി മന്ത്രാലയം വ്യക്തമാകുന്നത്. ജെമിനി, ചാറ്റ് ജിപിടി പോലുള്ള എ ഐ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിനുള്ള പരിരക്ഷയുമായി ബന്ധപ്പെട്ട് നിയമ നിര്‍മാതാക്കളും സാങ്കേതിക കമ്പനികളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തിന്റെ പ്രതിഫലനം കൂടിയാണ് ഐ ടി മന്ത്രാലയത്തിന്റെ ഗൂഗിളിനെതിരെയുളള നോട്ടീസ്.

നാസി കാലഘട്ടത്തിലെ ജര്‍മന്‍ സൈനികരെ എ ഐ ഉപയോഗിച്ച് ചിത്രീകരിച്ചതില്‍ ഉണ്ടായ അപാകതകള്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് ഗൂഗിള്‍ അടുത്തിടെ ക്ഷമാപണം നടത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഫാസിസ്റ്റ്’ ആണോ എന്ന് ജെമിനിയോട് ചോദിച്ചപ്പോള്‍, ബിജെപിയുടെ ഹിന്ദു ദേശീയ പ്രത്യയശാസ്ത്രം, അടിച്ചമര്‍ത്തല്‍ നയം, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം തുടങ്ങിയ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടി ചില വിദഗ്ധര്‍ ഫാസിസ്റ്റ് എന്ന് കരുതാവുന്ന നയങ്ങള്‍ നടപ്പാക്കുന്നുവെന്ന തരത്തിലുള്ള പ്രതികരണം നല്‍കിയെന്നു കാണിക്കുന്ന സ്‌ക്രീന്‍ഷോട്ട് ഒരു ഉപയോക്താവ് സാമൂഹ്യ മാധ്യമായ എക്‌സില്‍ പങ്കുവെച്ചിരുന്നു. മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കുറിച്ച് സമാനമായ ഒരു ചോദ്യം ചോദിച്ചപ്പോള്‍, ഏറ്റവും കൃത്യമായ വിവരങ്ങള്‍ക്കായി ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിക്കാന്‍ ജെമിനി നിര്‍ദ്ദേശിക്കുകയും അതിവേഗം മാറുന്ന വിവരങ്ങളുള്ള സങ്കീര്‍ണ്ണമായ വിഷയമാണ് ഉപയോക്താവ് ചോദിച്ചത് എന്ന തരത്തില്‍ പ്രസ്താവന നല്‍കുകയും ചെയ്തിരുന്നു. ജെമിനിയുടെ ഈ പ്രതികരണങ്ങള്‍ ഐടി ആക്ടിലെ റൂള്‍ 3(1)(ബി) യും ക്രിമിനല്‍ കോഡിലെ വിവിധ വ്യവസ്ഥകളും ലംഘിക്കുന്നതായി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു. ഇത്തരം ചട്ടങ്ങള്‍ ഗൂഗിള്‍ പോലുള്ള മാധ്യമങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗൂഗിളിന്റെ എ ഐ സിസ്റ്റം പക്ഷപാതപരമായ ഉത്തരങ്ങള്‍ നല്‍കുന്നത് ഇതാദ്യമല്ലെന്ന് ഐടി മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിമര്‍ശിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ജെമിനി ചില വ്യക്തികളെക്കുറിച്ച് മാത്രം ഇത്തരം പക്ഷപാതപരമായ കാഴ്ച്ചപ്പാടുകള്‍ സൃഷ്ടിക്കുന്നതെന്ന് ചോദിച്ച് അവര്‍ ഗൂഗിളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചെന്നും ആ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഗൂഗിളിന്റെ പ്രതികരണം തൃപ്തികരമല്ലെങ്കില്‍, അവര്‍ കോടതി നടപടികള്‍ നേരിടേണ്ടിവരും എന്നും അദ്ദേഹം പറയുന്നു.

പ്രധാനമന്ത്രി മോദിയെക്കുറിച്ച് ഇതേ ചോദ്യം വീണ്ടും ചോദിച്ചപ്പോള്‍, ജെമിനിയുടെ പ്രതികരണം കൂടുതല്‍ വിശദമായി. മോദി ഒരു ഫാസിസ്റ്റാണെന്ന് ചില വിമര്‍ശകര്‍ ആരോപിക്കുന്നുവെന്നും, എങ്കിലും എല്ലാവര്‍ക്കും ഒരേ അഭിപ്രായമല്ലെന്നുമായിരുന്നു ജെമിനിയുടെ പ്രതികരണം. ഹിന്ദു ദേശീയ പാര്‍ട്ടിയെന്ന് ആരോപിക്കപ്പെടുന്ന ബിജെപിയുമായുള്ള മോദിയുടെ ബന്ധവും 2002ലെ ഗുജറാത്ത് കലാപം പോലുള്ള മുന്‍കാല പ്രവര്‍ത്തനങ്ങളും ഫാസിസ്റ്റ് പ്രവണതകളുടെ തെളിവായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നതായി ജെമിനി വിശദീകരിക്കുകയും ചെയ്തു. മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍, സാമൂഹിക ക്ഷേമ പരിപാടികള്‍ എന്നിവ ചൂണ്ടി കാണിച്ചു കൊണ്ട് അദ്ദേഹത്തെ ഫാസിസ്റ്റായി കണക്കാക്കാതിരിക്കാനുള്ള കാരണങ്ങളായും ജെമിനി മറുപടി നല്‍കി.

ഇതിന് മുന്‍പ് ഇത്തരത്തില്‍ ഒരു പിഴവ് സംഭവിച്ചപ്പോള്‍ ‘ബാര്‍ഡ്’ പൊതു ഡാറ്റയില്‍ പരിശീലിപ്പിച്ച എ ഐ ആണെന്നും അവ നല്‍കുന്ന ഉത്തരങ്ങള്‍ ഗൂഗിളിന്റെ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും വിശദീകരണവുമായി ഗൂഗിള്‍ രംഗത്തെത്തിയിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍