ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആറ് സംസ്ഥാനങ്ങളിലായി ഒൻപത് റാലികളാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബീഹാർ എന്നീ സംസ്ഥാനങ്ങളിലായിരുന്നു മോദിയുടെ റാലിയും പ്രഭാഷണവും. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വാർത്താസമ്മേളനങ്ങളിൽ ഒന്നും തന്നെ പറഞ്ഞില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട റാലികളിലെ പ്രധാന വേദികളിലെല്ലാം മോദിയെത്തിയിരുന്നു.
സൈനിക വിജയത്തെ തന്റെ നേതൃത്വത്തിന്റെ മികവാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി പ്രചാരണത്തിലൂടെ പാകിസ്ഥാന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇന്ത്യ നിർമ്മിച്ച ആയുധങ്ങളെക്കുറിച്ച് സംസാരിക്കുകയും സൈനിക നടപടിയെ കേന്ദ്ര സർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭവുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ സായുധ സേനയുടെ ധൈര്യത്തെക്കുറിച്ച് നടത്തിയ റാലികളിലെല്ലാം മോദി ആവർത്തിച്ച് പറഞ്ഞിരുന്നു.
സ്ത്രീകളുടെ അഭിമാനം കാത്തുസൂക്ഷിക്കാൻ വേണ്ടിയാണ് ഓപ്പറേഷൻ സിന്ദൂർ നടത്തിയതെന്ന് പറയുമ്പോഴും ബിജെപി നേതാക്കൾ സ്ത്രീകൾക്കെതിരെ നടത്തിയ മോശമായ പരാമർശങ്ങൾ മനപൂർവ്വം ഒഴിവാക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.
പഹൽഗാം ഭീകരാക്രമണത്തിനെതിരായ സൈനിക പ്രതികരണത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന മോദി ഇപ്പോഴും ഒളിവിൽ കഴിയുന്ന തീവ്രവാദികളെക്കുറിച്ച് ഒരു റാലിയിൽ പോലും സംസാരിച്ചില്ല എന്നതാണ് മറ്റൊരു കാര്യം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവ സംഘർഷം തടയാൻ യുഎസ് മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളെക്കുറിച്ചും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
പഹൽഗാം ഭീകരാക്രമണത്തെയും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും ചർച്ച ചെയ്യണമെന്നും വാർത്താ സമ്മേളനം വിളിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോഴും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള പ്രചാരണ റാലികൾ നടത്തുകയായിരുന്നു മോദി ചെയ്തത്. മെയ് 22 ന് രാജസ്ഥാനിലെ ബിക്കനീറിലായിരുന്നു മോദിയുടെ ആദ്യ റാലി. ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് യുദ്ധം ജയിക്കാൻ സാധിക്കില്ലെന്ന് റാലിക്കിടെ വിളിച്ചുപറഞ്ഞ പ്രധാനമന്ത്രി തന്റെ സിരകളിലൂടെ ഒഴുകുന്നത് ചൂടേറിയ സിന്ദൂരമാണെന്ന് പറഞ്ഞു.
രാജസ്ഥാനിലെ നാല് ദിവസത്തെ റാലിക്ക് ശേഷം പ്രധാനമന്ത്രി പോയത് ഗുജറാത്തിലേക്കായിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ കേന്ദ്ര സർക്കാർ നടത്തിയ ഇടപെടലുകളെ കുറിച്ച് അവിടെയും മോദി ആവർത്തിച്ചിരുന്നു. 140 കോടി ഇന്ത്യൻ ജനങ്ങളെയാണ് പാകിസ്ഥാൻ വെല്ലുവിളിക്കുന്നതെന്നും അതിന് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഗുജറാത്തിലെ ഭുജിൽ നടത്തിയ റാലിയിൽ തന്റെ മാതൃസംസ്ഥാനമായത് കൊണ്ടാണ് ഗുജറാത്തിലേക്ക് പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ശേഷം ഗാന്ധിനഗർ, സിക്കിം, പശ്ചിമ ബംഗാളിലെ അലിപുർദുവാർ, ബീഹാറിലെ കരകത്ത്, ഉത്തർപ്രദേശിലെ കാൺപൂര്, മധ്യപ്രദേശിലെ ഭോപ്പാൽ തുടങ്ങിയ ഇടങ്ങളിലും സമാനമായ പ്രഭാഷണങ്ങളാണ് നരേന്ദ്ര മോദി നടത്തിയത്.
Content Summary: narendra modi’s rally after operation sindoor