February 17, 2025 |
Avatar
അമർനാഥ്‌
Share on

ചാള്‍സ് ഡിക്കന്‍സ് ലോകത്തിന് നല്‍കിയ അനശ്വരമായ ക്രിസ്തുമസ് സമ്മാനം – ”ഒരു ക്രിസ്മസ് കരോള്‍”

ഡിക്കന്‍സിന്റെ അരങ്ങ് മനുഷ്യ മനസ്സായിരുന്നു

ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ക്രിസ്മസ് കഥയുടെ പൊരുള്‍

A Christmas Carol

I have endeavoured in this Ghostly little book, to raise the Ghost of an Idea, which shall not put my readers out of humour with themselves, with each other, with the seaosn, or with me. May it haunt their houses pleasantly, and no one wish to lay it.

Their faithful Friend and Servant,
C. D.
December, 1843.

ക്രിസ്മസ് എന്ന വാക്കിന് തന്നെ ഒരു മാന്ത്രികതയുണ്ടെന്ന് എഴുതിയത് ചാള്‍സ് ഡിക്കന്‍സാണ്. ആ വിശുദ്ധ ദിനത്തിന്റെ ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം അഞ്ച് കഥകള്‍ എഴുതിയതാകാം ക്രിസ്മസ് കണ്ട് പിടിച്ച ആള്‍ എന്ന് അദ്ദേഹത്തെ ചിലര്‍ വിശേഷിപ്പിച്ചിരുന്നത്. ഡിക്കന്‍സിന് മുന്‍പും ക്രിസ്മസുണ്ടായിരുന്നു. പക്ഷേ ‘ ‘A Christmas Carol ‘ എന്ന തന്റെ ക്ലാസ്സിക്ക് കൃതിയിലൂടെ ക്രിസ്തുമസ് എന്ന തിരുപ്പിറവിയെ ലോകം ആഘോഷിക്കുന്ന വലിയൊരു ദിവസമാക്കി ഡിക്കന്‍സ് മാറ്റി. ക്രിസ്മസ് എന്ന ആഘോഷദിനത്തെ പുനര്‍നിര്‍മ്മിച്ച പ്രതിഭയാണ് ചാള്‍സ് ഡിക്കന്‍സ്. Charles Dickens gave the world immortal Christmas gift

181 വര്‍ഷം മുന്‍പ്, 1843 ലെ ക്രിസ്തുമസ് വന്നെത്താന്‍ ആറുദിവസം മുന്‍പ് ചാള്‍സ് ഡിക്കന്‍സ് രചിച്ച ഒരു ക്രിസ്മസ് കരോള്‍ ലോകത്തില്‍ ഇതുവരെ ‘രചിച്ച ഏറ്റവും മഹത്തരം എന്ന് വാഴ്ത്തുന്ന രണ്ടാമത്തെ ക്രിസ്തുമസ് കഥയായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും ജനപ്രീതി നേടിയ ക്ലാസ്സിക്കായി പരിഗണിക്കപ്പെടുന്ന ഈ കൃതി ഇന്നും ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നാണ്.

christmas car

ആദ്യത്തെ ക്രിസ്മസ് കാർഡ്

അത്യാര്‍ത്തി മൂത്ത് ജനവിദ്വേഷിയായി മാറിയ എബ്‌നേസര്‍ സ്‌ക്രൂജ് എന്ന പണക്കൊതിയനും അറുപിശുക്കനുമായ വൃദ്ധന്‍ ഭൂതം, വര്‍ത്തമാനം ഭാവിയെ പ്രതിനിധീകരിക്കുന്ന മൂന്ന് ഭൂതങ്ങളുടെ സന്ദര്‍ശനാനന്തരം നന്മയുടെയും കാരുണ്യത്തിന്റെയും മൂര്‍ത്തീഭാവമായി മാറുന്ന ഹൃദയസ്പര്‍ശിയായ കഥയാണ് ക്രിസ്മസ് കരോള്‍ ‘ മനുഷ്യമനസ്സിന്റെ ഇരുണ്ട അറകളിലെ സ്വാര്‍ത്ഥതയും മനുഷ്യത്വരാഹിത്യവും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്മനസിന്റെയും വെളളി വെളിച്ചം കൊണ്ട് തൂത്തുമാറ്റാമെന്ന പാഠമാണ് ഡിക്കന്‍സ് ഈ കൃതിയിലൂടെ ലോകത്തിന് നല്‍കുന്നത്. ചാള്‍സ് ഡിക്കന്‍സിന്റെ ജീവചരിത്രകാരന്‍ മൈക്കല്‍ സ്ലേറ്റര്‍ എഴുതിയ പോലെ ‘ദരിദ്രര്‍ക്കും ശക്തിയില്ലാത്തവര്‍ക്കും നേരെ ഐശ്വര്യമുള്ളവരുടെയും ശക്തരുടെയും ഹൃദയങ്ങള്‍ തുറക്കാന്‍ സഹായിക്കുക…’ എന്നതാണ് ഡിക്കന്‍സ് ‘എ ക്രിസ്മസ് കരോളിന്റെ രചനയില്‍ ലക്ഷ്യമിട്ടത്.

dickens

ചാൾസ് ഡിക്കൻസ്

‘Marley is dead’ എന്ന വാചകത്തിലാരംഭിച്ച് ക്രിസ്മസ് കരോളിന്റെ മനോഹരമായ ലോകത്തിലേക്ക് ഡിക്കന്‍സ് വായനക്കാരെ കൊണ്ടുപോയി. ക്രിസ്മസിന്റെ മൂന്ന് പ്രേതങ്ങളിലൂടെ എബ്‌നേസര്‍ സ്‌ക്രൂജിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും വ്യാഖ്യാനിച്ചു.

നാവിക കേന്ദ്രത്തിലെ ഒരു ഗുമസ്തന്റെ എട്ട് മക്കളില്‍ രണ്ടാമത്തെ മകനായി ഇംഗ്ലണ്ടിലെ ലാന്റ് പോര്‍ട്ടില്‍ 1812 ഫെബ്രുവരി 7ന് ജനിച്ച ചാള്‍സ് ഡിക്കന്‍സ് കുട്ടിക്കാലത്തെ കുടുംബത്തിന്റെ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ കഷ്ടപ്പെട്ടിരുന്നു. പിതാവ് 40 പൗണ്ടിന്റെ കടം വീട്ടാത്തതിനാല്‍ ജയിലില്‍ കിടന്നു. ഇതൊക്കെ ഡിക്കന്‍സിനെ വല്ലാതെ എഴുത്തില്‍ സ്വാധീനിച്ചു.

manuscript

ഡിക്കന്‍സിന്റെ കൈയ്യെഴുത്ത് പ്രതി

വിക്ടോറിയന്‍ കാലഘട്ടത്തിലെ കുടുംബങ്ങളിലെ സാമ്പത്തിക അരക്ഷിതാവസ്ഥയേയും കുടംബബന്ധങ്ങളിലെ സംഘര്‍ഷങ്ങളെ കുറിച്ച് നല്ല അറിവുണ്ടായിരുന്ന ഡിക്കന്‍സ് സാമൂഹിക മാറ്റങ്ങള്‍ക്കായി തന്റെ കൃതികളിലൂടെ ശ്രമിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലായ ഒലിവര്‍ ട്വിസ്റ്റില്‍ അക്കാലത്തെ ഇംഗ്ലണ്ടില്‍ നടന്നിരുന്ന ബാലവേല, ഗാര്‍ഹിക പീഡനം, കുട്ടികളെ കുറ്റവാളി സംഘങ്ങളില്‍ ചേര്‍ക്കുക, തെരുവ് കുട്ടികളെ സമൂഹം നോക്കിക്കാണുന്ന മനുഷ്യത്വരഹിതമായ രീതികള്‍ എന്നിവയെ ഒരു പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ഡിക്കന്‍സ് ഒലിവര്‍ ട്വിസ്റ്റിലൂടെ തുറന്നുകാട്ടിയിരുന്നു.

ഋതുക്കളുമായി ബന്ധപ്പെട്ട നൃത്തഗാനങ്ങളെയാണ് പണ്ട് ‘കരോള്‍’ എന്ന് വിളിച്ചിരുന്നത്. യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിക്കുന്ന ക്രിസ്തുമസ് ലോകത്തെ ക്രിസ്തുമത വിശ്വാസികള്‍ക്കും പ്രത്യാശയുടേയും ആനന്ദത്തിന്റെയും വിശുദ്ധനാളാണ്. ക്രിസ്തുമസ് കാലത്ത് പാടുകയും ആടുകയും പതിവായി. ഇതിനെ ക്രിസ്മസ് കരോള്‍ എന്ന് വിളിക്കുവാന്‍ തുടങ്ങി. തിരുപ്പിറവി ഉത്‌ഘോഷിക്കുന്ന, എല്ലാവര്‍ക്കും ആഹ്ലാദമുണ്ടാക്കാവുന്ന സദ്വാര്‍ത്തയാണ് ഈ ഗാനങ്ങള്‍ 1521 ല്‍ വിന്‍കിന്‍ ഡിവേര്‍ഡ് എന്നയാള്‍ ആദ്യമായി ‘ഇംഗ്ലീഷ് കരോള്‍ ഗാനങ്ങളുടെ ഒരു സമാഹാരം അച്ചടിപ്പിച്ചു. ‘We Three King of Orient ‘ എന്നാരംഭിക്കുന്ന അതിലെ കരോള്‍ ഗാനമെല്ലാം അങ്ങനെ ജനപ്രീതി നേടി. 1823 ല്‍ പുറത്തുവന്ന A Visit from St.Nicolas’ എന്ന ഗാനം പിന്നീട് ഹെന്റി ലിവിംഗ്സ്റ്റണ്‍ ജൂനിയര്‍’ T was the night before Christmas ‘ എന്ന പേരില്‍ പ്രസിദ്ധീകരിച്ചത് ഏറെ പ്രശസ്തമായി.

movie

എബെനെസർ സ്ക്രൂജായി വേഷമിട്ട വിവിധ നടന്മാർ 

1843 ഡിസംബര്‍ 19 ന് ചാള്‍സ് ഡിക്കന്‍സ് തന്റെ ക്ലാസ്സിക്ക് നോവലായ ‘എ ക്രിസ്മസ് കരോള്‍’ പൂര്‍ത്തിയാക്കി അച്ചടിപ്പിച്ചു. അക്കാലത്ത് നല്ല സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്ന അദ്ദേഹം അതിന്റെ സമ്മര്‍ദ്ദം കാരണം ലണ്ടനില്‍ ചുറ്റി നടന്നാണ് നോവല്‍ എഴുതിയത്. ആറാഴ്ച കൊണ്ട് നോവല്‍ പൂര്‍ത്തിയാക്കി. ക്രിസ്തുമസ് രാവില്‍ തന്നെ, അച്ചടിച്ച 6,000 കോപ്പികളും വിറ്റുതീര്‍ന്നു. ഒരുവര്‍ഷം പിന്നിട്ടപ്പോഴേക്കും 13 പതിപ്പുകള്‍ അച്ചടിച്ചു. ആദ്യപതിപ്പ് 6,000 കോപ്പികള്‍ വളരെ വേഗത്തില്‍ വിറ്റു തീര്‍ന്നെങ്കിലും, പുസ്തകം അച്ചടിക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമുള്ള ചെലവ് ഉയര്‍ന്നതായിരുന്നു. ഡിക്കന്‍സിന് അതില്‍ നിന്ന് സാമ്പത്തിക ലാഭം ഒന്നും തന്നെ ലഭിച്ചില്ല. നോവലിന്റെ വിജയം വ്യാജ്യമായി നോവല്‍ അച്ചടിക്കാന്‍ ഇടയാക്കി. വ്യാജ്യ പതിപ്പുകള്‍ ഇറക്കിയവരോട് അദ്ദേഹം കോടതി വഴി നിയമപോരാട്ടം നടത്തി.

‘എ ക്രിസ്മസ് കരോളിന്റെ’ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ച ശേഷം തിരികെ കിട്ടിയ 66 പേജുള്ള കൈയെഴുത്ത് പ്രതി ഡിക്കന്‍സ് ബൈന്റ് ചെയ്ത് ഗില്‍റ്റില്‍ അലങ്കരിച്ച് കൈയ്യൊപ്പിട്ട് തന്റെ സുഹൃത്തായ തോമസ് മിറ്റണിന് സമ്മാനിച്ചു. ന്യൂയോര്‍ക്കിലെ മോര്‍ഗന്‍ ലൈബ്രറി ആന്‍ഡ് മ്യൂസിയത്തില്‍ അനശ്വരമായ ആ കൈയെഴുത്തുപ്രതി ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു.

അറുപിശുക്കനും അത്യാഗ്രഹിയുമായ പ്രധാന കഥാപാത്രമായ എബ്‌നേസര്‍ സ്‌ക്രൂജിനെ അദ്ദേഹം രണ്ട് ചരിത്ര പുരുഷന്മാരുടെ സ്വഭാവങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് സൃഷ്ടിച്ചത്. ജനസഖ്യ കുറയ്ക്കണമെന്ന് വാദിച്ച ഇംഗ്ലീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു തോമസ് റോബര്‍ട്ട് മാല്‍ത്തസ് (1766-1834).

thomas malthas

തോമസ് മാൽത്തസ്

ദരിദ്രരെ സഹായിക്കുന്നതിനെതിരെ വാദമുഖങ്ങള്‍ നിരത്തിയ വ്യക്തിയായിരുന്നു മാല്‍ത്തസ്. ദരിദ്രര്‍ മരിക്കുന്നത് അധികമുള്ള ജനസംഖ്യ കുറയ്ക്കും. അയാള്‍ വാദിച്ചു. ഇതിനെ പരിഹസിക്കാന്‍ ഡിക്കന്‍സ് സ്‌ക്രൂജിനെ കൊണ്ട് പറയിപ്പിച്ചു. ദരിദ്രരെ സഹായിക്കാന്‍ തന്റെ കൈയ്യില്‍ നിന്ന് സംഭാവന പിരിക്കാന്‍ വന്ന മാന്യന്മാരോട് അയാള്‍ ചോദിക്കുന്നുണ്ട്. ‘
”അവര്‍ക്ക് താമസിക്കാന്‍ അഗതി മന്ദിരങ്ങളില്ലേ?” ‘

അളവറ്റ സമ്പത്തിനുടമയായ അറുപിശുക്കനായ ഇംഗ്ലീഷ് പാര്‍ലമെന്റംഗമായിരുന്നു ജോണ്‍ എല്‍വിസ്. രാത്രി മെഴുകുതിരി വാങ്ങാതിരിക്കാന്‍ നേരത്തെ ഉറങ്ങുകയും, പണം ലാഭിക്കാന്‍ മിതമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന അറുപിശുക്കനായ കോടീശ്വരനായിരുന്നു എല്‍വിസ്.

ഈ രണ്ട് പേരുടെയും സ്വഭാവ വൈശിഷ്ടങ്ങള്‍ ഡിക്കന്‍സ് തന്റെ നോവലിലെ കഥാപാത്രമായ എബ്‌നേസര്‍ സ്‌ക്രൂജിന് നല്‍കി. ഡിക്കന്‍സിന്റെ ചെറുപ്പകാലത്ത് കൂടുംബം ദാരിദ്രത്തിലാണെങ്കിലും എല്ലാ വര്‍ഷവും ക്രിസ്മസ് നന്നായി ആഘോഷിച്ചു. ആ സ്മരണകളൊക്കെ തന്റെ നോവലില്‍ ഡിക്കന്‍സ് ഭംഗിയായി പകര്‍ത്തി.

പ്രശസ്തരായ എഴുത്തുകാര്‍ അവരുടെ കൃതികള്‍ ഒരു സദസ്സിന് മുന്‍പില്‍ വായിക്കുക എന്ന രീതി, ആദ്യമായി അവതരിപ്പിച്ച പ്രശസ്ത എഴുത്തുകാരന്‍ ചാള്‍സ് ഡിക്കന്‍സാണ്. 1853-ല്‍ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലെ ഒരു ടൗണ്‍ ഹാളില്‍ വെച്ച് ഏകദേശം 2,000 പേര്‍ പങ്കെടുത്ത സദസ്സില്‍ തന്റെ എറ്റവും പുതിയ നോവലായ ‘എ ക്രിസ്മസ് കാരോള്‍’ വായിച്ചതാണ് ഇത്തരത്തിലുള്ള ആദ്യത്തെ സംഭവം. പിന്നിട് ചിക്കാഗോയില്‍ ഈ വായന ആവര്‍ത്തിച്ചപ്പോള്‍ ഒരു വ്യവസായിയായ ഫെയര്‍ബാങ്ക്‌സ് ഈ കഥയില്‍ ആകൃഷ്ടനാവുകയും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ക്രിസ്തുമസ് നാളില്‍ തന്റെ ഫാക്ടറിക്ക് അവധി നല്‍കുകയും ഓരോ ജീവനക്കാര്‍ക്കും ഒരു ടര്‍ക്കി കോഴി ക്രിസ്മസ് സമ്മാനമായി നല്‍കുകയും ചെയ്തു. സമൂഹത്തിലെ ദാനധര്‍മ്മ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കാന്‍ പിന്നീട് ഈ നോവല്‍ ഒരു നിമിത്തമായി മാറി.
ക്രിസ്മസ് ഈവില്‍ സ്‌ക്രൂജിനെ കാണാന്‍ വരുന്ന മരുമകന്‍ ഫ്രെഡ് തന്റെ അമ്മാവനായ എബ്‌നേസര്‍ സ്‌ക്രൂജിന് ആശംസിച്ച രണ്ട് വാക്കുകള്‍ ‘ ‘മെറി ക്രിസ്മസ്’ പിന്നീട് ഇംഗ്ലീഷ് ഭാഷയിലെ എക്കാലത്തേയും ക്രിസ്മസ് ആശംസാ വാചകമായി സ്ഥാനം നേടി. ‘മെറി ക്രിസ്മസ്’ എന്ന ആംശംസാ വാചകം സാര്‍വ്വത്രിക പ്രചാരം നേടിയത് ഡിക്കന്‍സിന്റെ എ ക്രിസ്മസ് കരോളിലൂടെയാണ്, എല്ലാ ക്രിസ്മസ് കാലത്തും പറയുന്ന ആശംസയായി ആ രണ്ട് വാക്കുകള്‍ – മെറി ക്രിസ്മസ്, ആധുനിക ഇംഗ്ലീഷ് സംസാരിക്കുന്ന ലോകം അംഗീകരിച്ചു. ക്രിസ്മസ് കരോള്‍ പുറത്തിറങ്ങിയ വര്‍ഷം തന്നെയാണ് ക്രിസ്മസ് കാര്‍ഡുകള്‍ കണ്ടുപിടിച്ചത്. അതേവര്‍ഷം തന്നെ കാര്‍ഡുകളില്‍ ആശംസാ വാചകമായി മെറി ക്രിസ്മസ് എന്ന് അച്ചടിച്ചു.

1938 image

1938ലെ ചിത്രം

കഥയുടെ അവസാനം നല്ലവനായി മാറിയ സ്‌ക്രൂജ് തന്റെ ജോലിക്കാരനായ ബോബ് ക്രാഷിറ്റിനെ സാമ്പത്തികമായി സഹായിക്കുകയും മറ്റുള്ളവരോടെല്ലാം കരുണയോടെ പെരുമാറുകയും ചെയ്തു. ക്രാഷിറ്റിന്റെ അനാരോഗ്യവാനായ മകന്‍ ടിം മ്മിനെ തോളിലേറ്റി സ്‌ക്രൂജ് തെരുവിലൂടെ സന്തോഷത്തോടെ നടക്കുമായിരുന്നു. ക്രിസ്മസിന്റെ മഹത്വം സ്‌ക്രൂ ജിനെപ്പോലെ മനസ്സിലാക്കിയവര്‍ ചുരുക്കമാണെന്ന് ആളുകള്‍ പറഞ്ഞു തുടങ്ങി. അവസാനം നോവലില്‍ ഡിക്കന്‍സ് സന്ദേശം നല്‍കുന്നു… ടീം ആശംസിച്ച പോലെ ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ.

ക്രിസ്മസ് വിഷയമാക്കി അഞ്ച് കഥകള്‍ ഡിക്കന്‍സ് എഴുതി. അതില്‍ ആദ്യത്തേതാണ് ‘എ ക്രിസ്മസ് കരോള്‍’ എറ്റവും പ്രശസ്തമായതും ജനപ്രീതി നേടിയതും ഇത് തന്നെ. ദി ചൈംസ് (1844), ദി ക്രിക്കറ്റ് ഓണ്‍ ദി ഹിര്‍ത്ത് (1845), ദി ബാറ്റില്‍ ഓഫ് ലൈഫ് (1846) ദി ഹോണ്ടഡ് മാന്‍ (1848) ഇവയാണ് മറ്റു കഥകള്‍.

ക്രിസ്മസ് കരോള്‍ പ്രസിദ്ധീകരിച്ച് ഏറെ കഴിയും മുന്‍പ് തന്നെ നോവലിന്റെ ആവിഷ്‌ക്കാരമായി ലണ്ടനില്‍ മാത്രം അര ഡസന്‍ നാടകങ്ങള്‍ അരങ്ങേറി. 1908 ല്‍ ഒരു ഹ്രസ്വചിത്രം വന്നു. ഇന്റര്‍നെറ്റ് മൂവി ഡാറ്റബേസ് അനുസരിച്ച് ക്രിസ്മസ് കരോളിന്റെ 100 ലധികം ചലച്ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്.

1938 ല്‍ എ ക്രിസ്മസ് കരോള്‍ ചലചിത്രം എഡ്വിന്‍ എല്‍ മരിന്‍ സംവിധാനം ചെയ്ത് പുറത്തിറക്കി. റെജിനാള്‍ഡ് ഓവര്‍ സ്‌ക്രൂജായി അഭിനയിച്ചു. 2009 ല്‍ ഡിസ്‌നി പിക്‌ചേഴ്‌സ് നിര്‍മ്മിച്ച അനിമേഷന്‍ ചിത്രം എ ക്രിസ്മസ് കരോള്‍ വളരെ ശ്രദ്ധനേടി. ജിം കാരി, ഗാരി ഓള്‍ഡ് മാന്‍, ബോബ് ഹോസ്‌കിന്‍സ് എന്നീ പ്രശസ്ത നടന്മാരാണ് ഇതില്‍ ശബ്ദം നല്‍കിയത്.

2019 pic

2009 ലെ അനിമേഷൻ ചിത്രം

ഇംഗ്ലീഷ് നോവലിസ്റ്റുകളില്‍ ഏറ്റവും മഹാപ്രതിഭയാണ് ചാള്‍സ് ഡിക്കന്‍സ്. ഇംഗ്ലീഷ് സാഹിത്യ ലോകത്ത് ഡിക്കന്‍സിന്റെ സര്‍ഗശേഷിയെ മറികടന്ന ഒരേയൊരാള്‍ സാക്ഷാല്‍ വില്യം ഷേക്‌സ്പിയര്‍ മാത്രമാണ്. ഷേക്‌സ്പിയറുടെ കഥാപാത്രങ്ങള്‍ ചരിത്രത്തില്‍ നിന്നും വിശ്വാസത്തില്‍ നിന്നും ജനിച്ചെങ്കില്‍ തെരുവില്‍ നിന്ന് കയറി വന്ന സാധാരണക്കാരായിരുന്നു ഡിക്കന്‍സിന്റെ കഥാപാത്രങ്ങള്‍. ഷേക്‌സ്പിയറുടെ കഥാപാത്രങ്ങള്‍ അരങ്ങില്‍ നിന്ന് മനുഷ്യ ഹൃദയങ്ങളിലെത്തിയപ്പോള്‍ അരങ്ങിന്റെ പിന്‍ബലമില്ലാതെ തന്നെ ഡിക്കന്‍സിന്റെ കഥാപാത്രങ്ങള്‍ക്ക് അതിന് കഴിഞ്ഞു. ഡിക്കന്‍സിന്റെ അരങ്ങ് മനുഷ്യ മനസ്സായിരുന്നു.Charles Dickens gave the world immortal Christmas gift

Content Summary: Charles Dickens gave the world immortal Christmas gift

charles dickens william shakespeare thomas malthas christmas latest news christmas gift english novel world literature

×