June 26, 2026 |

വെള്ളക്കാരനല്ല ആദ്യത്തെ ബ്രിട്ടീഷുകാരൻ; കറുത്ത നിറക്കാരൻ

തൊലിവെളുപ്പിന്റെ മിഥ്യാഹന്തയും വംശീയവാദവും പ്രചരിപ്പിച്ച, ബ്രിട്ടീഷുകാരന്റെ മുതുമുത്തച്ഛന്റെ തൊലിനിറം കറുപ്പായിരുന്നുവെന്ന്!

കുറച്ചുനാളുകള്‍ക്കു മുമ്പാണ് ഞാന്‍ ബ്രിട്ടനിലെ ആദിമ മനുഷ്യനെ അന്വേഷിച്ചു പുറപ്പെട്ടത്. ഒമ്പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പു ജീവിച്ചിരുന്ന ഈ ചെഡ്ഡര്‍ മനുഷ്യനെ കുറിച്ചുകേട്ട അന്നുമുതല്‍ അവനെയൊന്ന് കാണണമെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചിരുന്നു. ചെഡ്ഡര്‍ എന്ന വാക്ക് ഒരു പക്ഷെ, നിങ്ങള്‍ക്കു സുപരിചിതമായിരിക്കും. ഊഹം തെറ്റാന്‍ വഴിയില്ല. അതെ, ലോകപ്രശസ്തമായ ആ പാല്‍ക്കട്ടി തന്നെ. ചെഡ്ഡര്‍ ചീസിന്റെ ഉറവിടഗ്രാമം.

സോമര്‍സെറ്റിലെ, ടോണ്‍ടണ്‍ നഗരത്തില്‍ നിന്നും മെന്‍ഡിപ് എന്ന സ്ഥലത്തെ സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് ചെഡ്ഡര്‍ എന്ന മലമ്പ്രദേശത്തേക്കു കടന്നത്. ചെങ്കുത്തായ മലനിരകള്‍ക്കും ഭീമന്‍ പാറക്കൂട്ടങ്ങള്‍ക്കും ഇടയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന പാത. നല്ലപോലെ സൂക്ഷിച്ചു വേണം വണ്ടിയോടിക്കാന്‍. അത്രയധികം വളവുകളുണ്ട് വഴിയില്‍. ചിലപ്പോള്‍, പാറയിടിച്ചിലും ഉണ്ടാവാം.

ഇതിനിടയിലൊരു ഗുഹയിലായിരുന്നു ചെഡ്ഡര്‍ മനുഷ്യന്‍. ഗഫ് ഗുഹയെന്നാണിതിനെ പേരിട്ടുവിളിക്കുന്നത്. ആധുനികകാലത്ത് ആദ്യമായി ഇതു കണ്ടെത്തിയ റിച്ചര്‍ഡ് ഗഫ് എന്ന സായ്പിന്റെ ഓര്‍മയ്ക്കാണ് ആ പേര്. ഇന്നിത് ലോകപ്രശസ്തം. ബ്രിട്ടനിലെ ആദിമനുഷ്യനെക്കുറിച്ചുള്ള ചിന്തകള്‍ പാടെ മാറ്റി മറിച്ച ചെഡ്ഡര്‍ മനുഷ്യനെ കണ്ടുകിട്ടിയ ഇടം എന്ന നിലയില്‍. 1903-ലായിരുന്നു ആ പ്രാചീനന്റെ ആദ്യ കണ്ടെത്തല്‍. ബ്രിട്ടനില്‍ നിന്നു കണ്ടെടുത്ത പൂര്‍ണരൂപത്തിലുള്ള മനുഷ്യാസ്ഥികൂടങ്ങളില്‍ വെച്ചേറ്റവും പഴക്കം ചെന്നത്.

Gough's Cave

ഗഫ് ഗുഹ

അതിബൃഹത്തായ ആ ഗഫ് ഗഹ്വരമായിരുന്നു എന്റെ ലക്ഷ്യം. ഞാനവിടെ എത്തുമ്പോള്‍ സമയം നന്നേ രാവിലെ. ഗ്രീഷ്മം എന്നു പേരിനു പറയാമെങ്കിലും, നല്ല സുഖമുള്ള തണുപ്പും നനവുമുള്ള ദിവസം. രാത്രിയില്‍ മഴ ചാറിപ്പെയ്തിരിക്കണം. അവിടവിടെ റോഡ് നനഞ്ഞുകിടക്കുന്നു. സ്വച്ഛം, ശാന്തം, പ്രഭാതം.

ഗഫ് ഗുഹയ്ക്കകത്തു നിറയെ പ്രകൃതിയൊരുക്കി വെച്ചിട്ടുള്ള അപൂര്‍വ്വശിലാനിര്‍മ്മിതികളാണ്. ധാതുജലം മുകളില്‍ നിന്നുറ്റിയും, താഴെ വീണും അനേകായിരം വര്‍ഷങ്ങള്‍ കൊണ്ട് ഉറഞ്ഞുകൂടി സൃഷ്ടിക്കപ്പെട്ട ശിലാരൂപങ്ങള്‍. സ്റ്റാലഗ്മൈറ്റ്, സ്റ്റാലക്റ്റൈറ്റ് എന്നീ ഓമനപ്പേരുകളിലുള്ള പ്രകൃതീസൃഷ്ടമായാജാലം. അതിലൊരു സ്റ്റാലഗ്മൈറ്റിന്റെ അടിയിലായിരുന്നു ചെഡ്ഡര്‍ മനുഷ്യനുമായുള്ള ആധുനികമനുഷ്യന്റെ ആദ്യത്തെ കണ്ടുമുട്ടല്‍. ഇന്നും അതേ സ്ഥലത്ത് ആ രൂപം കാണാം. അഞ്ചരയടിപ്പൊക്കം തോന്നിപ്പിക്കുന്ന മനുഷ്യാവശിഷ്ടം. വലത്തുകണ്ണിനു മുകളിലായി വലിയൊരു കുഴിയുണ്ട്. തലയോട്ടിയില്‍ വലിയ എന്തോ അണുബാധയോ പരിക്കോ ഉണ്ടായതായിരിക്കണം. താടിയെല്ല് മുകളിലേക്ക് ഇളകിമാറി നില്‍ക്കുന്നു. മുഖത്തിന്റെ ഇടതുഭാഗം ചെറുതായി തകര്‍ന്നിട്ടുണ്ട്. മേല്‍ത്താടിയുടെ മുന്‍ഭാഗത്ത് പല്ലുകളില്ല. വലതുകൈയാകട്ടെ, മടക്കി തോളത്തേക്കും വെച്ചിരിക്കുന്നു. കാലുകള്‍ രണ്ടും മടക്കി മുകളിലേക്ക് ഇടതു കൈ കൊണ്ട് ചേര്‍ത്തുപിടിച്ചിരിക്കുകയാണ്. മരണം വന്നെത്തിനോക്കുമ്പോള്‍, തണുപ്പത്തെന്നോണം ചുരുണ്ടുകൂടി കിടക്കുകയായിരുന്നു അവന്‍ എന്നുതോന്നി. എന്തോ കാര്യമായ അപകടത്തെത്തുടര്‍ന്ന് മരണം കാത്ത് ഏറെക്കിടന്നിരിക്കണം അവനിവിടെ. ഇരുപതു വയസ്സ് മാത്രമേ ഉണ്ടായിരുന്നിരിക്കൂ ചെഡ്ഡര്‍ മനുഷ്യന് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

Cheddar Man

ചെഡ്ഡർ മനുഷ്യൻ

ഇത്ര ചെറുപ്പത്തിലേ ഇവനെ എന്നെന്നേക്കുമായി വിളിച്ചുകൊണ്ടുപോയ മരണകാരണം എന്തായിരുന്നിരിക്കും? എന്തായാലും അതൊരു ഭയങ്കരമായ അക്രമണത്തെത്തുടര്‍ന്നാകാനാണിട. ഏതോ കാട്ടുമൃഗത്തിന്റെ മുമ്പില്‍നിന്ന് ജീവനും കൊണ്ട് കഷ്ടിച്ചു രക്ഷപ്പെട്ട്, ഇവിടേക്ക് ഇഴഞ്ഞെത്തിയതോ, ആരെങ്കിലും എടുത്തുകൊണ്ടു കിടത്തിയതോ ആവാം. അതുമല്ലെങ്കില്‍ മനുഷ്യന്‍ തന്നെ അക്രമിച്ചതാവാനും മതി. എന്തായിരുന്നിരിക്കും യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരിക്കുക? പാലിയന്റോളജിസ്റ്റുകളാകട്ടെ, ഇനിയുമതിന് ഒരുത്തരം തന്നിട്ടുമില്ല.

ചെഡ്ഡര്‍ മനുഷ്യന്റെ യഥാര്‍ത്ഥ അവശിഷ്ടങ്ങള്‍ ലണ്ടനിലെ പ്രകൃതിചരിത്ര മ്യൂസിയത്തിലേക്ക് കൊണ്ടുപോവുകയുണ്ടായി. അതു ഞാന്‍ ലണ്ടനില്‍ വെച്ച് നേരത്തെ കണ്ടുകഴിഞ്ഞിരുന്നു. പകരം, ഈ ഗുഹയില്‍ അതേസ്ഥാനത്ത് അതിന്റെ ഒരു കൃത്യം റിപ്ലിക്ക വെച്ചു. കണ്ടാല്‍ തിരിച്ചറിയാനാവുകയേയില്ല.

Cheddar Man skeleton

പൊതുയുഗത്തിനുമുമ്പ് ഒമ്പതു സഹസ്രാബ്ദങ്ങള്‍ക്കപ്പുറമാവണം ഈ ആദിമ ബ്രിട്ടീഷുകാരന്റെ ജീവിതകാലം. മധ്യശിലായുഗകാലമായാണ് അതടയാളപ്പെടുത്തുന്നത്. ഈ അവശിഷ്ടത്തിലെ ജനിതകപരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ട് അധികം നാളുകളായിട്ടില്ല. ഇവന്റെ തലയോട്ടിയിലെ ചെവിയുടെ ഭാഗത്തുള്ള എല്ലില്‍ നിന്നായിരുന്നു ഡി എന്‍ എ ശേഖരണം. ഈ അവശിഷ്ടങ്ങളില്‍ നടത്തിയ ജനിതകപരീക്ഷണങ്ങളില്‍ നിന്നു കിട്ടിയ അറിവ് ആരേയും അമ്പരപ്പിക്കുന്നതായി. അതായത്, ചെഡ്ഡര്‍ മനുഷ്യന് കറുത്ത മുടിയും നീലക്കണ്ണുകളും ഇരുണ്ട തൊലിയുമായിരുന്നത്രെ. ഒന്നാലോചിച്ചുനോക്കണേ, തൊലിവെളുപ്പിന്റെ മിഥ്യാഹന്തയും വംശീയവാദവും പ്രചരിപ്പിച്ച, ബ്രിട്ടീഷുകാരന്റെ മുതുമുത്തച്ഛന്റെ തൊലിനിറം കറുപ്പായിരുന്നുവെന്ന്! വംശീയ ഊറ്റത്തിന്റെ നെറുകയില്‍ നിന്നുകൊണ്ടുള്ള പ്രഘോഷണങ്ങളും തരംതിരിവുകളും നടത്തിയിരുന്നവരുടെ ചെന്നിക്കൊരടിയായിപ്പോയി ഈ വാര്‍ത്ത. ഇപ്പോഴത്തെ ബ്രിട്ടീഷുകാരുടെ ജനിതകപരിശോധന ചെയ്യുമ്പോള്‍ അതിലെ നല്ലൊരു പങ്ക് ഈ ചെഡ്ഡര്‍ മനുഷ്യന്‍ ഉള്‍പ്പെടുന്ന മധ്യശിലായുഗ നായാടികളില്‍ നിന്നാണെന്ന വാര്‍ത്തയും ചെറിയ വിപ്ലവമൊന്നുമല്ല സൃഷ്ടിക്കുന്നത്. ഏറ്റവും രസകരമായ മറ്റൊരു വസ്തുത ഇതിനിടെ വെളിപ്പെട്ടു. അതിനു കാരണമായത് ചെഡ്ഡര്‍മനുഷ്യനോട് ഏറ്റവും ജനിതകസാമ്യമുള്ള ആധുനിക ബ്രിട്ടീഷുകാരന്‍ ആരെന്നു കണ്ടെത്താനുള്ള ശ്രമമായിരുന്നു. ഈ ഗഫ് ഗുഹയ്ക്ക് അധികം ദൂരെയല്ലാത്തിടത്തു താമസിക്കുന്ന അഡ്രിയാന്‍ ടാര്‍ഗറ്റ് എന്ന വെള്ളക്കാരനാണത്രെ ഏറ്റവും സാമ്യമുള്ളയാള്‍. അതായത് കറുത്ത ചെഡ്ഡര്‍ മനുഷ്യന്റെ ഇന്നത്തെ അടുത്ത ബന്ധു ഒരു വെള്ളക്കാരനാണെന്ന്. കലര്‍പ്പില്ലാത്ത വംശപാരമ്പര്യം, നീലരക്തവാഹകര്‍ എന്നീ പ്രയോഗങ്ങളുടെ നിരര്‍ത്ഥകത ഇവിടെ വെളിപ്പെടുകയാണ്.

സുപ്രസിദ്ധ ജനിതകശാസ്ത്രജ്ഞയായ സില്‍വിയ ഗിരോറ്റോയുടെ പഠനങ്ങളും കാണിക്കുന്നത് ആദിമ യുറോപ്യന് ഇരുണ്ട ചര്‍മ്മവും മുടിയും കണ്ണുകളും ആയിരുന്നു എന്നുതന്നെയാണ്. ഏതാണ്ടു മൂവായിരം കൊല്ലത്തിനുമുമ്പു വരെ ഇതായിരുന്നത്രെ സ്ഥിതി. നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് പുനര്‍സൃഷ്ടിച്ച ചെഡ്ഡര്‍ മനുഷ്യന്റെ ത്രിമാനരൂപം ഈയിടെ പുറത്തുവിട്ടിട്ടുണ്ട്. അതൊന്നു കാണേണ്ടതാണ്. ആ ചിത്രം ഇവിടെ ചേര്‍ക്കുന്നു.

Cheddar Man. AI Creativity

ചെഡ്ഡർ മനുഷ്യനെ നിർമ്മിതബുദ്ധി ഉപയോഗിച്ച് പുനർനിർമ്മിച്ചപ്പോൾ

കൃഷി ബ്രിട്ടനിലെത്തുന്നതിനും എത്രയോ മുമ്പായിരുന്നു ചെഡ്ഡര്‍ മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നത്. മുന്നൂറു തലമുറകള്‍ക്കു മുമ്പ്, കൊമ്പുകളും കല്ലുകളും കൂര്‍പ്പിച്ച് ആയുധങ്ങളുണ്ടാക്കിയും അമ്പും വില്ലും തെറ്റാലിയുമയോഗിച്ച് മാനുകളേയും പന്നികളേയും കാട്ടുപോത്തുകളേയും വേട്ടയാടിയും നടന്നിരുന്ന കൂട്ടരിലൊരുവനായിരുന്നു അവന്‍. അതിന്റെ തെളിവുകള്‍ ഈ ഗഫ് ഗുഹയ്ക്കകത്ത് എന്നെ കാത്തു കിടന്നു. ചെഡ്ഡര്‍ മനുഷ്യന്റെ കൂട്ടുകാര്‍ വരച്ചിട്ട മൃഗരൂപങ്ങള്‍ അവിടെ തെളിഞ്ഞു കാണാം. അക്കൂട്ടത്തില്‍ 13,000 വര്‍ഷം പഴക്കമുള്ള മാമത്ത് എന്ന ഭീമന്‍ ആനയുടെ രൂപം അത്ഭുതപ്പെടുത്തുന്നതായി. അത് മാമത്ത് ആണെന്ന് മനസ്സിലാക്കിയെടുക്കാന്‍ ഏറെ പാടുപെടേണ്ടി വന്നെങ്കിലും.

യൂറോപ്യന്റെ മുന്‍ഗാമി ആഫ്രിക്കക്കാരനാണെന്നു സമ്മതിക്കാന്‍ പൊതുവെ വെള്ളക്കാരന് ഒരു വിമുഖതയുണ്ട്. സമ്മതിച്ചാല്‍ പോയില്ലേ, എല്ലാ വംശീയവാദസിദ്ധാന്തങ്ങളും വെള്ളക്കോയ്മവാദങ്ങളും. ഈയടുത്ത കാലത്തുപോലും ക്ലിയോസോവ് എന്നയാളുടെ പ്രബന്ധത്തെ ചേര്‍ത്തുപിടിക്കാന്‍ ഒരു ശ്രമമുണ്ടായി. ക്ലിയോസോവ് പറയുന്നത് കഴിഞ്ഞ ആറു ലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഫ്രിക്കയില്‍നിന്നു യുറോപ്പിലേക്കൊരു മനുഷ്യപലായനം ഉണ്ടായിട്ടില്ല എന്നാണ്. നിയണ്ടര്‍താല്‍ മനുഷ്യരും യുറോപ്യന്‍ പൂര്‍വ്വികരുമെല്ലാം വെള്ളത്തൊലിക്കാരാണ് എന്ന വാദവും ക്ലിയൊസോവ് ഈയിടെ അവതരിപ്പിച്ചു. പക്ഷെ, ഫോസില്‍ അസ്ഥികളുടേയും മനുഷ്യപലായനങ്ങളുടേയും ആധുനികപഠനങ്ങളും ജനിതകപരീക്ഷണങ്ങളും ക്ലിയൊസോവിന്റെ വാദങ്ങളെ പൂര്‍ണമായും തള്ളിക്കളയുകയാണുണ്ടായത്. മാത്രവുമല്ല, നിയാണ്ടര്‍താല്‍ മനുഷ്യന്‍ യുറോപ്പിലെത്തിയത് ആഫ്രിക്കയില്‍നിന്നുള്ള ഹോമോ റൊഡേഷ്യന്‍സിസ് എന്ന പുരാമാനവനില്‍നിന്നാണെന്നു തെളിഞ്ഞും കഴിഞ്ഞു. ആധുനികമാനവനായ ഹോമോ സാപ്പിയനാകട്ടെ ഈ ഭാഗത്തേക്കു ആദ്യമായെത്തുന്നത് ഒരു പക്ഷെ, 45000 വര്‍ഷങ്ങള്‍ക്കുമുമ്പും. എല്ലാം ആഫ്രിക്കയില്‍നിന്നു തന്നെ. ഇനിയൊന്നുകൂടിയുണ്ട്. യുറോപ്യന്റെ വെളുത്ത ചര്‍മ്മത്തിനു കാരണമായ rs1426L54 എന്ന പൂര്‍വ്വികജീന്‍ ആഫ്രിക്കയില്‍ ധാരാളമായി കാണുന്നുണ്ട്. അതായത്, ഏതുതരം തൊലിയ്ക്കുമുള്ള ജനിതകം മിക്കവരിലും കാണാമെന്ന്. പക്ഷെ, അതു പ്രകടിപ്പിക്കപ്പെടുന്നത് സാഹചര്യങ്ങള്‍ക്കനുസരിച്ചാണെന്നു മാത്രം. അതായത്, ഭൂമധ്യരേഖയ്ക്കു വളരെയകലെ സൂര്യപ്രകാശം കുറഞ്ഞയിടങ്ങളില്‍ ദീര്‍ഘകാലം താമസിക്കേണ്ടിവരുമ്പോള്‍ സൂര്യനില്‍ അള്‍ട്രാവയലറ്റ് രശ്മികളുടെ ആപേക്ഷികമായ അഭാവത്തില്‍ മെലനിന്‍ ഉത്പാദനം കുറയുകയും ചര്‍മ്മം കറുക്കാതിരിക്കുകയും ചെയ്യുന്നു എന്ന്.

Cheddar Man and his relative

ചെഡ്ഡർ മനുഷ്യനും ഇന്നത്തെ ഏറ്റവും അടുത്ത ബന്ധുവും

പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നും ഇവിടേയ്ക്കു കുടിയേറിയവരായിരിക്കണം ചെഡ്ഡര്‍ മനുഷ്യന്റെ മുന്‍ഗാമികള്‍ എന്നാണ് പൊതുവെയുള്ള നിഗമനം. ഒരു പക്ഷെ, അക്കാലത്ത് ബ്രിട്ടീഷ് ദ്വീപിലേക്ക് അന്നതൊരു ഉപദ്വീപായിരുന്നിരിക്കണം. യൂറോപ്പില്‍ നിന്ന് കരമാര്‍ഗ്ഗം എത്താനാവുമായിരുന്നേ്രത ഹിമയുഗപ്പാളികള്‍ അപ്രത്യക്ഷമാകുന്നതിനനുസരിച്ച് ഭൂമിയുടെ വടക്കന്‍ അതിരുകളിലേക്ക് മനുഷ്യന്‍ കുടിയേറിയതായിരിക്കാന്‍ വഴിയുണ്ട്. മഞ്ഞുരുകല്‍ വര്‍ദ്ധിച്ചതോടെ കടല്‍ നിരപ്പുയരുകയും ബ്രിട്ടന്‍ യൂറോപ്പില്‍ നിന്ന് വേര്‍പെടുകയും ചെയ്തു. അന്ന് വടക്കന്‍ യൂറോപ്പിനേയും ബ്രിട്ടനേയും ഒരുമിച്ചാക്കിയിരുന്ന ഡോഗര്‍ലാന്‍ഡ് എന്ന വലിയ ഭൂഭാഗം കടലിനടിയില്‍പ്പോയി. പുതുതായി ഉരുത്തിരിഞ്ഞ ബ്രിട്ടീഷ് ദ്വീപുകളിലെ കാടുകളില്‍ വേട്ടയാടിയിരുന്ന ആയിരത്തോളം പേര്‍ ഇതൊന്നുമറിയാതെ അവിടെ കുടുങ്ങുകയും ചെയ്തു. അതായത്, തീര്‍ത്തുമൊരു ഹിമയുഗാവസാനയാദൃശ്ചികതയില്‍, ഇന്നത്തെ ബ്രിട്ടീഷുകാരുടെ ആദിപൂര്‍വ്വികരായി അവര്‍ മാറുകയും ചെയ്തു.

കൃഷി ബ്രിട്ടനിലെത്തിയത് ആറായിരം വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രമാണ്. യൂറോപ്പില്‍ നിന്നുള്ള മറ്റൊരു പലായനത്തെത്തുടര്‍ന്ന്. ആ കൃഷിക്കാരെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഈ ചെഡ്ഡര്‍ മനുഷ്യന്‍ അരോഗദൃഢഗാത്രനാണ്. ഉറച്ച പല്ലുകളും എല്ലുകളുമുള്ള ഒരുത്തന്‍. മത്സ്യം, കരള്‍ എന്നിങ്ങനെ വൈറ്റമിനുകളും പോഷകങ്ങളും നിറഞ്ഞ ഭക്ഷണം അവന്‍ കഴിച്ചിരിക്കാമെന്നത് ഉറപ്പ്. എങ്കിലും പിന്നീട് വന്ന കൃഷിക്കാരിലൂടെയായിരിക്കാം തൊലിവെളുപ്പ് ബ്രിട്ടീഷുകാരിലേക്കെത്തിയത്. അവരുടെ തൊലിവെളുപ്പു ജീന്‍ എക്‌സ്പ്രഷന്‍ ഉണ്ടായതും പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രമാണത്രെ. സൂര്യപ്രകാശലഭ്യതയിലെ കുറവു മൂലം മെലനിന്‍, വൈറ്റമിന്‍ ഡി എന്നിവയൂടെ ഉത്പാദനത്തില്‍ വന്ന വ്യത്യാസമാണ് അതിലേക്കു നയിച്ചതെന്നു നമ്മള്‍ മനസ്സിലാക്കുകയും ചെയ്തു. അതിനേക്കാളൊക്കെ മുമ്പെപ്പോഴോ സംഭവിച്ച ഒരു കൂടിച്ചേരലിലും ജനിതകവ്യതിയാനത്തിലും നീലക്കണ്ണുകളുമെത്തി. നീലക്കണ്ണുകളും കറുത്ത തൊലിയും കറുത്ത മുടിയുമുള്ള മനുഷ്യന്റെ തെളിവുകള്‍ പതിനേഴായിരം കൊല്ലം മുമ്പത്തെ ഫോസിലുകളില്‍നിന്ന് ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. അയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇംഗ്ലണ്ടിലെ ലോകപ്രസിദ്ധപുരാവശിഷ്ടമായ സ്റ്റോണ്‍ഹെഞ്ചിന്റെ നിര്‍മ്മാണസമയത്തെല്ലാം കറുത്ത തൊലിയുള്ളവരായിരുന്നു ബ്രിട്ടനില്‍. ശിലായുഗകാലമാണത്.

doggerland

ഡോഗ്ഗർലാന്റ്

യൂറോപ്പിലുടനീളം മനുഷ്യപലായനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നിട്ടുണ്ട്. ആഫ്രിക്കയില്‍ നിന്നു തുടങ്ങി കിഴക്കന്‍ ദേശങ്ങളിലേക്കും വടക്കോട്ടും വ്യാപിച്ച ആ പൊതുപൂര്‍വ്വികന്‍ കറുത്ത ആഫ്രിക്കക്കാരന്‍ തന്നെയായിരുന്നു എന്നതിന് സംശയമൊന്നും വേണ്ട. മനുഷ്യസംസ്‌കാരം രൂപപ്പെട്ടത് വംശീയമായി ഒറ്റതിരിഞ്ഞുള്ള വളര്‍ച്ചകളിലൂടെയായിരുന്നില്ല, മറിച്ച് പലായനങ്ങളിലൂടെയും മനുഷ്യമിശ്രണങ്ങളിലൂടേയുമായിരുന്നു. ലോകത്തിലെ ഏതു കോണിലെ മനുഷ്യനെ ജനിതകമായി പഠിച്ചാലും, അഭൂതപൂര്‍വ്വമായ ആ കൂടിച്ചേരലുകള്‍ നമുക്കു വ്യക്തമാവും. നമ്മള്‍ മുമ്പ് ചിന്തിച്ചിരുന്നതിനേക്കാള്‍ എത്രയോ ദൂരത്തിലും പരന്നും സഞ്ചരിച്ചവരാണ് നമ്മുടെ പൂര്‍വ്വികര്‍.

ഹിമയുഗാവസാനം മനുഷ്യന്‍ കൃഷിയാരംഭിച്ചതോടെ ലോകചരിത്രമാകെ മാറി. കൃഷിയാണ് മനുഷ്യരെ ചിലയിടങ്ങളിലായി ഉറപ്പിച്ചു നിര്‍ത്തിയത്. അപ്പോള്‍ മാത്രമാണ്, ഭൂമിയുടെ മേലുള്ള അവകാശത്തെക്കുറിച്ചും സ്വത്തിനേക്കുറിച്ചുമൊക്കെ അവന്‍ ചിന്തിച്ചുതുടങ്ങിയതു തന്നെ. അങ്ങനെയാണവന്‍ അതു സംരക്ഷിക്കാന്‍ ഒരുമ്പെട്ടതും. തുടര്‍ന്നു വന്നതാകട്ടെ, യുദ്ധങ്ങളും, കീഴടക്കലുകളും. ദേശങ്ങള്‍ നേടുകയും, നഷ്ടപ്പെടുകയും, വീണ്ടും നേടുകയുമൊക്കെയുണ്ടായി. അതിന്റെയെല്ലാം ബാക്കിപത്രങ്ങള്‍ മാത്രമാണ് ഇന്നത്തെ രാഷ്ട്രങ്ങള്‍. മനുഷ്യവംശം പലതായി പിരിഞ്ഞുറച്ചു പോയതല്ല, മറിച്ച്, ഇടകലര്‍ന്ന്, പങ്കുവെച്ച്, വ്യാപിച്ചതാണ് എന്ന സത്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചെഡ്ഡര്‍ മനുഷ്യന്‍. കറുത്തവനും വെളുത്തവനും തമ്മിലുള്ള വിഭജനം തന്നെ ഒരു സാമൂഹികനിര്‍മ്മിതി മാത്രമാണ്. അതിനു ജനിതക തെളിവുകള്‍ യാതൊന്നുമില്ല എന്നും ചെഡ്ഡര്‍ മനുഷ്യന്‍ വിളിച്ചുപറയുന്നു.  Cheddar man, The first British person was not white, but black

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Content Summary; Cheddar man,The first British person was not white, but black

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി , അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ൽ യൂറോളജിസ്റ്റ്. പ്രശസ്ത എഴുത്തുകാരനും ക്വിസ് മാസ്റ്ററും യാത്രികനും. മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്.

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×