April 22, 2025 |
Share on

മാറി താമസിക്കുകയല്ലാതെ മറ്റുവഴികളില്ലേ ചെല്ലാനത്തുകാര്‍ക്ക്?

അവസാനിക്കില്ലേ ഈ മനുഷ്യരുടെ ദുരിതം

ഉച്ച ഭക്ഷണത്തിനായി അടുക്കളയിൽ ഭക്ഷണം പാകം ചെയ്‌യുകയായിരുന്നു സിബി. പതിവ് പോലെ തിരമാല ആഞ്ഞടിക്കുന്നതിന്റെ ശബ്ദവും, മഴക്കാലത്ത് കറന്റുമായി സൂക്ഷിച്ചിടപ്പെടാൻ നിർദേശം നൽകി പോകുന്ന കെ എസ് സി ബിയുടെ വാഹനത്തിന്റെ ഒച്ചയും മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കടലേറ്റം ഉണ്ടായിരുന്നത് കൊണ്ട് തന്നെ തിരമാല താൽക്കാലിക രക്ഷക്കായി ഇട്ടിരുന്ന കരിങ്കല്ലുകളെയും ഭേദിച്ച്‌ അടുക്കളമുറ്റത്തേക്കെത്തിയിരുന്നു.

”ട്രട്രോപ്പോട് ഇട്ടിരുന്നേ പേടിച്ചു കഴിയണ്ടായിരുന്നു” ആ ചെറിയ വീട്ടിലെ ഒറ്റ മുറിയിലും, ഹാളിലുമായി ഇരിക്കുന്നവർ സിബി പറഞ്ഞത് കേട്ടിട്ടും, പ്രതികരണമുണ്ടായില്ല. ഉറപ്പില്ലാത്ത ഒരു കാര്യത്തിന് പുറത്ത് എന്ത് സംസാരിക്കാൻ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. ആദ്യം ആദ്യം അടുക്കളവശത്തെ ജനലിലൂടെ ഉപ്പു വെള്ളം അകത്തേക്ക് തെറിച്ചു, തെറിക്കുന്ന വെള്ളത്തിന്റെ അളവ് കൂടുന്നതായി തോന്നിയതോടയാണ് ഭർത്താവ് ജോർജും, മക്കളും, അമ്മയും, അപ്പനും ഉൾപ്പെടെ വീടിന് പുറത്തേക്ക് ഓടിയത്.  തൊട്ടടുത്ത നിമിഷം തന്നെ കടൽ വെള്ളം വീട്ടിലേക്ക് അടിച്ചു കയറി. കുറച്ചധികം മണിക്കൂറുകളെടുത്താണ് വെള്ളം ഇറങ്ങിയത്.

”ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷം ” തീരദേശ മേഖലകളിലെ ഏറ്റവും കൂടുതൽ ദുരിതം പേറുന്ന ചെല്ലാനം പ്രദേശങ്ങളിൽ നിന്നുള്ള ഈ തലക്കെട്ട് മലയാളികൾ കേട്ട് പരിചയിച്ചതാണ്.

chellanam sea attack

”ഉള്ളതെല്ലാം കടലെടുത്തു. ” നിരാശയും ഉറക്കവുമുറ്റിയ കണ്ണുകളാൽ ജോർജ് പറയുന്നു. തിരിച്ചു കയറയുമ്പോൾ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഒന്നും തന്നെ ബാക്കി ഉണ്ടായിരുന്നില്ല, അവശ്യ സാധനങ്ങൾ എല്ലാം തന്നെ നശിച്ചിരുന്നു, കൂടുതലും വെള്ളത്തിനൊപ്പം വന്ന മണലിനടയിൽപെട്ടു. കട്ടിലുകൾ മാത്രമാണ് ജോർജിനും സിബിക്കും ആ വീട്ടിൽ നിന്ന് മിച്ചം വയ്ക്കാനായത്. ഒരായുസിന്റെ സമ്പാദ്യമാണ് കടൽ വിഴുങ്ങിയത്. ജോർജിന്റെ വീട് നിൽക്കുന്ന അതെ വരിയിൽ കടലാക്രമണത്തിൽ നഷ്ടപ്പെടുന്ന 5 മത്തെ വീടാണത്.

എവിടെയാണ് ചെല്ലാനം മോഡൽ തീരം സംരക്ഷണം ?
കൊച്ചി കോർപ്പറേഷനിലും, ചെല്ലാനം ഗ്രാമപഞ്ചായത്തിലുമായി ആയിരത്തിലധികം കുടുംബങ്ങളാണ് കടലാക്രമണഭീതിയിൽ കഴിഞ്ഞിരുന്നത്. ബഹുഭൂരിക്ഷവും  മത്സ്യത്തൊഴിലാളികള്‍.  ഓരോ മഴക്കാലത്തും, വേലിയേറ്റം നടക്കുമ്പോഴും സമാനതകളില്ലാത്ത ദുരിതങ്ങളായിരുന്നു നേരിട്ട് കൊണ്ടിരുന്നത്. ദീർഘനാളായുള്ള സമരങ്ങൾക്കും കൂടിയാലോചനകൾക്കും ഒടുവിലാണ്, ചെല്ലാനത്തെ കടലാക്രമണത്തിന് എന്നെന്നേക്കുമായി പരിഹരമാർഗം എന്ന നിലയിൽ ചെല്ലാനം മോഡൽ തീരം സംരക്ഷണം നടപ്പിലാക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കലയളവിലാണ് കടൽക്ഷോഭത്തിൽനിന്ന് രക്ഷനേടാനായുള്ള ടെട്രാപോഡ് കടൽഭിത്തിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കുന്നത്. ചെല്ലാനം ഹാർബർ മുതൽ പുത്തൻതോട് ബീച്ച് വരെയുള്ള 7.32 കിലോ മീറ്റർ ദൂരത്തിലായിരുന്നു ടെട്രാപോഡ് നിർമ്മിച്ചത്.

chellanam sea attack

ഇതോടെ ചെല്ലാനത്തെ വിനോദ സഞ്ചാര മേഖലയായി മാറ്റിയെടുക്കുമെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ ഒരു വർഷം പിന്നിടുമ്പോഴും അതെ ദുരിതത്തിൽ തന്നെയാണ് ചെല്ലാനം നിവാസികൾ, 14 ലക്ഷം രൂപ ചിലവിൽ ടെട്രാപോഡ് നിർമ്മിക്കാത്ത ഭാഗങ്ങളിൽ മണൽവാട, ജിയോ ബാഗ് എന്നിവ നിർമ്മിക്കുമെന്നും വാഗ്‌ദനം നൽകി. എന്നാൽ ജിയോ ബാഗ് നിർമ്മാണവും പാതി വഴിയിൽ അവസാനിച്ചു. പത്ത് കിലോമീറ്റർ ദൂരത്തേക്കുള്ള ടെട്രാപോഡ് നിർമാണവും പൂർത്തീകരിക്കപ്പെട്ടില്ല.

ദുരിതമൊഴിയാതെ കണ്ണമാലി
പാതി വഴിയിൽ ട്രോട്രോപോഡ് നിർമ്മാണം നിലച്ചത് കണ്ണമാലി, സൗദി തുടങ്ങിയ ഭാഗങ്ങളെ സാരമായി തന്നെ ബാധിച്ചു. ട്രട്രോപോഡ് വശങ്ങളിൽ അടിക്കുന്ന തിരമാല അതെ വേഗതയോടെ ഈ പ്രദേശങ്ങളിലേക്കും ആഞ്ഞടിച്ചു തുടങ്ങി, ആഴം കൂടിയതും ഇതിന് ആക്കം കൂട്ടി. ഇതോടെ വീടുകൾ തകരുന്നത് ഈ പ്രദേശങ്ങളിൽ സ്ഥിര സംഭവമായി തുടങ്ങി. ജോർജിന്റെ വീട് കൂടി തകർന്നതോടെ പരിഭ്രാന്തിയിലായിരുന്നു ജനങ്ങൾ. അന്ന് രാത്രിയോ പകലോ ഏത് നിമിഷം വേണമെങ്കിലും കടലുകയറുമെന്ന ആശങ്കയിൽ ഉറക്കമൊഴിച്ചാണ് പലരും കാവൽ നിൽക്കുന്നത്. കടലാക്രമണത്തെ പ്രതിരോധിക്കാൻ നാട്ടുകാരുടെ പ്രതിഷേധം വകവയ്ക്കാതെ താൽക്കാലികമായി മണൽ കൊണ്ട് സംരക്ഷണഭിത്തി ഒരുക്കാനുള്ള സംവിധാനം പ്രാദേശിക ഭരണകൂടം നടപ്പിലാക്കുന്നുണ്ടായിരുന്നു.

chellanam sea attack

എന്നാൽ ഒരു വശത്ത് നിന്ന് മണൽ കോരി മറുവശത്ത് കൂട്ടുമ്പോഴേക്കും, ആഞ്ഞടിക്കുന്ന കടലിനൊപ്പം അതൊഴുകി പോകുന്നുണ്ടായിരുന്നു, ആ താത്കാലിക സംരക്ഷണത്തെയും മറികടന്ന് ഒരു ഇടുങ്ങിയ ഇടവഴിയിലേക്ക് വെള്ളം ഒഴുകുന്നുണ്ടായിരുന്നു. ആ ഇടവഴിയിലൂടെ വെള്ളത്തിനൊപ്പം മുന്നോട്ടുപോകുമ്പോൾ ധാരാളം വീടുകൾ കാണാൻ സാധിക്കും, ഈ പോകുന്ന വെള്ളം നേരെ കുതിച്ചെത്തുന്നത് ഈ വീടുകളുടെ നടുമുറ്റത്തേക്കും മുറികളിലേക്കുമാണ്. ആ വീടുകളിൽ ഒന്നിലെ വീട്ടമ്മ ശ്രീദേവി, വെള്ളം കയറിയ വീടിന്റെ ഉൾവശം കാണിക്കാനായി വാതിൽ തുറന്നതും കെട്ടി നിന്ന വെള്ളമത്രയും പുറത്തേക്ക് ഒഴുകിയിരുന്നു. വഴി ചെന്ന് നിൽക്കുന്നത് പത്താം വാർഡിലെ ഷൈലയുടെ ഓടിട്ട ഒറ്റ മുറി വീടിനു മുമ്പിലാണ്.

ഒരുപാട് വീടുകൾ ചുറ്റുമുണ്ടെങ്കിലും ആ വീട് മാത്രം നിലവിൽ ഒറ്റപെട്ടു കിടക്കുകയാണ്. നാലുവശത്ത് നിന്നും വെള്ളം ഒഴുകിയെത്തിയ നിലയിൽ. ആകെത്തേയ്ക്ക് കയറും മുമ്പേ വാതിലിനും കട്ടിളക്കമിടയിലുള്ള വലിയ വിള്ളൽ ആ കുടുംബത്തിന്റെ അരക്ഷിതാവസ്ഥ ചൂണ്ടി കാണിക്കും.

chellanam sea attack

ഉള്ളിലിട്ട് പോകും തോറും പൊട്ടിപൊളിഞ്ഞ തറയും കാണാൻ കഴിയും, നോട്ടം ചെല്ലുമ്പോഴേ ഷൈല പറഞ്ഞു തുടങ്ങി ” എന്ത് പറയാനാ മോളെ, ഉപ്പു വെള്ളം കേറിട്ടാണ് തറയൊക്കെ വിള്ളുന്നത്. ഇവിടെ ഇത്രയല്ലേ ഉള്ളു, ആ മുറിക്കത്തേക്ക് ഒന്ന് നോക്കിക്കേ” ശരിയായിരുന്നു ആ വിള്ളലിനേക്കാൾ മനസ്സു മടിപ്പിക്കും ആ കാഴ്ച. ആ കുഞ്ഞു വീട്ടിലെ ഏക മുറിയാണത്, ഉപ്പു വെള്ളം കെട്ടിക്കിടന്ന്, ദുർഗന്ധം വന്നു തുടങ്ങിയ മുറി. ചുവരുകളിൽ വിള്ളലും, മഴയത് വെള്ളം കിനിഞ്ഞിറങ്ങുന്നതിന്റെയും, ചോരുന്നതിന്റെയും അടയാളങ്ങൾ വേറെയുമുണ്ട്. ഉറവ പോലെ വെള്ളം വെള്ളം പൊങ്ങി വന്നുകൊണ്ട് ഇരിക്കുന്നു.മണൽ കോരിയിടുന്ന അവിടെ നിന്ന് ഒഴുകിയെത്തുന്ന വെള്ളം, വീടിനോരം ചേർന്ന് പിൻവശത്തേക്ക് കുതിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രാഥമികാവശ്യങ്ങൾക്കായി പുറത്തേക്ക് ഇറങ്ങാൻ പോലും കഴിയുന്നില്ല. ബന്ധുവിന്റെ വീട്ടിൽ പോയാണ് രാത്രി കഴിച്ചു കൂട്ടുന്നത്. ഭർത്താവ് ബാബു മൽസ്യത്തൊഴിലാളിയാണ്. ആ പ്രദേശങ്ങളിലെ ഭൂരിഭാഗം കുടുംബങ്ങളും ഈ ദുരിതം പേറുന്നുണ്ട്.

പുനർഗേഹം
അരക്ഷിതാവസ്ഥയിൽ നിന്ന് എന്തുകൊണ്ടാണ് മൽസ്യത്തൊഴിലാളികൾ മാറി താമസിക്കാത്തതെന്ന ചോദ്യവും കുറെയധികം തവണ ഉയർന്നു കേട്ടിട്ടുള്ളതാണ്. 2019-ൽകേരള സർക്കാർ അവതരിപ്പിച്ച പുനർ ഗേഹം കേരളത്തിൻ്റെ കടൽ തീരങ്ങളിൽ 50 മീറ്റർപരിധിയിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനായാണ്. എന്നാൽ ഭൂരിഭാഗവും പദ്ധതിക്കെതിരാണ്. പദ്ധതിയെ കുറിച്ച് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്കകളാണ് ഇതിൽ പ്രധാനം. ജോർജിന്റെ വീടിന് എതിർവശത്തായി 2 വീട് അപ്പുറം കാണുന്ന ടെറസ്സ് വീടാണ് ജൂലിയറ്റിന്റേത്. പുതിയ വീട് നിർമ്മിച്ചിട്ട് 13 വർഷമേ ആയിട്ടുള്ളു. നിർമ്മാണത്തിന് വേണ്ടി വന്ന കടങ്ങൾ തന്നെ കൊടുത്തു തീർത്തത് കഴിഞ്ഞ വർഷമാണ്. സ്വന്തമായി വീടും സ്ഥലവുമുള്ള തങ്ങൾ പദ്ധതിയിലൂടെ മാറി താമസിക്കുകയാണെങ്കില്‍
നിലവിലെ വീട് വിൽക്കേണ്ടി വരും.

chellanam sea attack

എന്നാൽ സർക്കാർ നൽകുന്ന തുകയ്ക്ക്‌ പുറമെ വീടിനു വേണ്ടി അധിക പണം കണ്ടെത്തേണ്ടി വരുമെന്ന് ജൂലിയറ്റ് ആശങ്കപ്പെടുന്നു. കൂടാതെ ഫ്ലാറ്റുകൾ ഗുണഭോക്താവിൻ്റെ പേരിൽ ലഭിക്കുമെങ്കിലും, പരമ്പരാഗതമായി പിൻ തുടർച്ചക്കാർക്ക് കൈമാറി താമസിക്കാൻ മാത്രമേ കഴിയുകയുള്ളു. കൂടാതെ ഇത് വിൽക്കുവാനോ ബാങ്കിൽ പണയ പെടുത്താനോ കഴിയില്ല. ഈ വ്യവസ്ഥകൾക്ക് ബദലായി സ്വന്തമായി സ്ഥലവും, വീടുമുള്ള ഞങ്ങൾക്ക് കടലാക്രമണത്തിൽ നിന്ന് സംരക്ഷണം നൽകിയാൽ മാത്രം മതിയാകുമെന്ന് ജൂലിയറ്റ് ഫ്രാൻസിസ് ഉറപ്പിച്ചു പറയുന്നു. ” മീൻ പിടിക്കാൻ പോകാനാവാത്തത് കൊണ്ടുള്ള ബുദ്ധിമുട്ടുമുണ്ട്, അത് പോട്ടെന്ന് വച്ചാലും, ഞങ്ങക്കും, ഞങ്ങടെ മക്കക്കും ഇവിടെ ജീവിക്കണ്ടേ. ഈ സമയത്ത് കൊണ്ടുവരുന്ന സഹായങ്ങളേക്കാൾ ഞങ്ങൾക് വേണ്ടത് ട്രെട്രോപോഡ് ആണ്. ” അവർ പറയുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് തങ്ങളെ ജനപ്രതിനിധികൾക്ക് ആവശ്യമുള്ളുവെന്ന ആക്ഷേപവും ജനങ്ങൾക്കുണ്ട്. ഓരോ പ്രദേശങ്ങളിലേക്കും വെള്ളം കയറുമ്പോഴും ടി വി സെബാസ്റ്റിയൻ ഉൾപ്പെടെയുള്ള സാമൂഹ്യപ്രവർത്തകർ അങ്ങോട്ടേക്കെത്തും. ഓരോ സ്ഥലങ്ങളിലുമായി കൂടി നിൽക്കുന്നവർ സമരപ്പന്തലിലേക്ക് എത്തും. രണ്ടാഘട്ടത്തിൽ ട്രെട്രോപോഡ് നിർമ്മാണം പൂർത്തിയാക്കിയാൽ ഈ ദുരിതം തീരും, പിന്നെ എന്തുകൊണ്ടാണ് അതിനുള്ള നടപടികൾ സ്വീകരിക്കാതെ ജനങ്ങളെ വലക്കുന്നതെന്ന് സമരക്കാർ ചോദിക്കുന്നു. നിലവിൽ വീട് തകർന്നവർക്ക് ചെറിയ തുക ധനസഹായം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. എന്നാൽ അത് കൊണ്ട് തങ്ങളുടെ ദുരിതം നിലക്കുമെന്നോ എന്ന മറു ചോദ്യമാണ് അവിടെ ഉന്നയിക്കപ്പെടുന്നത്. Chell

anam searage

Content summary; Residents of Chellanam are suffering from sea rage

Leave a Reply

Your email address will not be published. Required fields are marked *

×