നഗ്നതാ പ്രദർശനത്തിന് ശ്രമിച്ച ബൈക്ക് യാത്രികനെ ചൂലു കൊണ്ട് ഓടിച്ചിട്ട് അടിച്ച് ശുചീകരണ തൊഴിലാളി. തിങ്കളാഴ്ച രാവിലെ അഡയാർ പാലത്തിന് സമീപം വെച്ചാണ് 50കാരിയ്ക്ക് നേരെ സിബ്ബ് താഴ്ത്തി നഗ്നതാ പ്രദർശനത്തിന് ബൈക്ക് യാത്രികൻ ശ്രമിച്ചത്. ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഇതോടെ പുലർച്ചെ ജോലി ചെയ്യുന്ന മുനിസിപ്പൽ ജീവനക്കാരുടെ സുരക്ഷയ്ക്ക് ശക്തമായ നടപടികൾ വേണമെന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്.
സംഭവം നടന്ന സമയത്ത് സ്ത്രീ തന്റെ ദൈനംദിന ജോലിയിലായിരുന്നു, അപ്പോഴാണ് ഹെൽമറ്റ് ധരിച്ച ഒരാൾ അവരുടെ സമീപത്ത് മോട്ടോർ സൈക്കിൾ നിർത്തിയത്. വൃത്തിയാക്കുന്നതിനായി വാഹനം മാറ്റണമെന്ന് അവശ്യപ്പെടാനായി അവർ അയാളുടെ അടുത്തേക്ക് ചെന്നു. ആ സമയത്ത് ബൈക്ക് യാത്രികൻ സിബ്ബ് താഴ്ത്തി സ്വയം പ്രദർശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതി ഇന്ത്യാ ടുഡേയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നത്.
ഒരു കുട്ടിയെ പോലെ മാത്രമാണ് എനിക്ക് അയാളെ തോന്നിയത്. ഒരു കോളേജ് വിദ്യാർത്ഥിയാണ് അയാളെന്ന് ഞാൻ കരുതി. പക്ഷേ ഞാൻ അടുത്തേക്ക് ചെന്നപ്പോൾ, അയാൾ പെട്ടെന്ന് സിബ്ബ് താഴ്ത്തി. ഞാൻ ഞെട്ടിപ്പോയി, എന്നാൽ ആ നിമിഷം തന്നെ ഞാൻ അയാളെ തല്ലാൻ തുടങ്ങിയതായി യുവതി മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ പറയുന്നു.
തൽക്ഷണം പ്രതികരിച്ചുകൊണ്ട്, ആ തൊഴിലാളി ചൂലുകൊണ്ട് അയാളെ ആവർത്തിച്ച് അടിക്കുകയും, അയാൾ ബൈക്കിൽ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. ഡാഷ്‌ക്യാം ദൃശ്യങ്ങൾ പോലീസിന് കൈമാറുകയും, അവർ സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സമാനമായ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് ഈ തൊഴിലാളി വെളിപ്പെടുത്തി. പുലർച്ചെ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കാൻ അവർ നഗരസഭാ അധികാരികളോട് അഭ്യർഥിച്ചിട്ടുണ്ട്.
ഡാഷ്‌ബോർഡ് ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ, പ്രതിയെ ഉടൻ തന്നെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, ചെന്നൈയിലെ ഒരു ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശിലെ കുർണൂൽ സ്വദേശിയാണ് അറസ്റ്റിലായ ബൈക്ക് യാത്രികൻ. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതിനും മറ്റ് അനുബന്ധ വകുപ്പുകൾ ചുമത്തിയും പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ, സംഭവം നടക്കുന്ന സമയത്ത് താൻ മദ്യലഹരിയിലായിരുന്നെന്നും, മൂത്രമൊഴിക്കാൻ വേണ്ടിയാണ് വാഹനം നിർത്തിയതെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്. ഈ സംഭവത്തെത്തുടർന്ന്, പുലർച്ചെ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സമീപം പോലീസ് പട്രോളിംഗ് ശക്തമാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
content summary: Chennai sanitation worker, shocked after a biker allegedly exposed himself, beat him up after he pulled down his zipper.
This post was last modified on November 12, 2025 1:22 pm
Leave a Comment