February 19, 2025 |

പശുക്കടത്ത് ആരോപിച്ച് മര്‍ദ്ദനം; മൂന്നാമനും മരണത്തിന് കീഴടങ്ങി

ആള്‍ക്കൂട്ട കൊലയാളികളെ തൊടാതെ പൊലീസ്

ഛത്തീസ്ഗഡിലെ റായ്പൂർ സ്വദേശി സദ്ദാം ഖുറേഷി 10 ദിവസത്തോളം ആശുപത്രി കിടക്കിയിൽ ജീവനുവേണ്ടി മല്ലടിച്ചു. ആൾകൂട്ടം മർദ്ദിച്ചവശനിലയിൽ കൊണ്ടെത്തിച്ചതാണയാളെ, ആരോപിക്കപ്പെട്ട കുറ്റം കന്നുകാലികളെ കടത്തിയെന്നതും. വിരോധാഭാസമെന്നു പറയട്ടെ ജൂൺ 7-ന് കയ്യേറ്റം ചെയ്യപ്പെട്ട മൂന്നുപേരും മരണത്തിന് കീഴടങ്ങിയിട്ടും കേസിൽ യാതൊരു നീക്കുപോക്കുമില്ലാതെ ഇരുട്ടത്ത് നിൽക്കുകയാണ് പോലീസ്. ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കേസിലെ ഒരു പ്രതിയെ പോലും പിടിക്കാൻ ഇതുവരെയും പൊലീസിന് സാധിച്ചിട്ടില്ല.

റായ്പൂരിലെ ശ്രീ ബാലാജി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാർ പറയുന്നതനുസരിച്ച്, 23-കാരനായ ഖുറേഷി മരണം വരെ കോമയിലായിരുന്നു. ഖുറേഷിയുടെ ബന്ധുക്കളായ ഗുഡ്ഡു ഖാൻ (35), ചന്ദ് മിയ ഖാൻ (23) എന്നിവരാണ് സംഭവത്തിൽ മരിച്ച മറ്റു രണ്ടുപേർ. അതുകൊണ്ട് തന്നെ ഖുറേഷിയുടെ മൊഴി രേഖപ്പെടുത്താൻ അയാൾ സുഖം പ്രാപിക്കുന്നതുവരെ കാത്തിരിക്കുകയാണെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. നിലവിൽ ഇവരുടെ മറ്റൊരു ബന്ധുവിന്റെ മൊഴി അനുസരിച്ച് കൊലപാതകശ്രമത്തിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തിരിക്കുന്നത്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അഡീഷണൽ എസ്പി റായ്പൂർ (റൂറൽ) കീർത്തൻ റാത്തോഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

“ഖുറേഷി ഇവർക്കൊപ്പമുള്ള സഹായിയായിരുന്നു. സംഭവം നടക്കുന്ന ദിവസം തനിക്ക് കോൾ ചെയ്ത് പോക്കറ്റിൽ ഇട്ടിരുന്നു. കയ്യും കാലും ഒടിഞ്ഞെന്ന് നിലവിളിക്കുന്നത് കേൾക്കാമായിരുന്നു. എനിക്ക് ഒരു തുള്ളി വെള്ളം തരു എന്നും അപേക്ഷിക്കുന്നുണ്ടായിരുന്നു. കരച്ചിലിനിടയിൽ ദയവായി എന്നെ അടിക്കരുത് എന്നും പറയുന്നുണ്ടായിരുന്നു. നിങ്ങൾ ഇത് എവിടെ നിന്നാണ് കൊണ്ടുവന്നത്. ഞങ്ങൾ നിങ്ങളെ വെറുതെ വിടില്ല എന്നും അപ്പുറത്തു നിന്ന് ആരോ ആക്രോശിക്കുന്ന ഒച്ചയും കേൾക്കാനുണ്ടായിരുന്നു. ” ബന്ധു ഷോയിബ് പറയുന്നു.

ജൂൺ 7 ന് രാവിലെ 7 മണിക്കാണ് ഖുറേഷിയെ അബോധാവസ്ഥയിലും സംസാരിക്കാൻ കഴിയാതെയും ആശുപത്രിയിൽ എത്തിച്ചത്. ഖുറേഷി ചികിത്സയിലായിരുന്ന ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ.ദീപക് ജയ്‌സ്വാൾ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു: “അദ്ദേഹത്തിൻ്റെ തലച്ചോറിൻ്റെ വലതുഭാഗത്ത് തലയ്ക്ക് വലിയ ക്ഷതമേറ്റിരുന്നു, തല വീർക്കുകയും രക്തചംക്രമണം കുറയുകയും ചെയ്തു. ഞങ്ങൾ തലയിൽ ഡികംപ്രസീവ് ക്രാനിയെക്ടമി സർജറിയും ഗ്യാസ്ട്രോയുമായി ബന്ധപ്പെട്ട മറ്റൊരു ശസ്ത്രക്രിയയും നടത്തി. വാരിയെല്ലുകൾ, തോളുകൾ, ഇടുപ്പ്, ഇടത് കൈ, നട്ടെല്ല് എന്നിവയിൽ ഒന്നിലധികം ഒടിവുകളും ഉണ്ടായിട്ടുണ്ട്.” അദ്ദേഹം പറയുന്നു. കേസിൽ നീതി ആവശ്യപ്പെട്ട് ഞായറാഴ്ച അമ്പതോളം പേർ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

Content summary; chhattisgarh lynching: Third victim dies; no arrests yet

×