ശുചിമുറികള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനെ തുടര്‍ന്ന് ചിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ടേക്ക് ഓഫ് കഴിഞ്ഞ് ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞ ശേഷമാണ് വിമാനത്തിലെ ശുചിമുറികള്‍ തകരാറിലായതായി കണ്ടെത്തിയത്. തുടര്‍ന്ന് ചിക്കാഗോയിലേക്ക് തിരികെ പറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മാര്‍ച്ച് അഞ്ചിനാണ് സംഭവം നടന്നത്. വിമാനത്തിലെ 12 ശുചിമുറികളില്‍ എട്ടെണ്ണം തകരാറിലായതിനെ തുടര്‍ന്നാണ് ചിക്കാഗോയിലേക്ക് മടങ്ങേണ്ടി വന്നതെന്ന് എയര്‍ലൈന്‍സിന്റെ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് 10 മണിക്കൂറോളമാണ് യാത്രക്കാര്‍ വിമാനത്തില്‍ കുടുങ്ങിയത്. എഐ216 വിമാനമാണ് ശുചിമുറികള്‍ ഉപയോഗ്യശൂന്യമായതിനെ തുടര്‍ന്ന് തിരിച്ച് പറക്കേണ്ടി വന്നത്. വിമാനത്തില്‍ കുടങ്ങിയ യാത്രക്കാരുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിമാനത്തിലെ ഒരു ക്യാബിന്‍ ക്രൂ അംഗത്തോട് പ്രകോപിതരായ യാത്രക്കാര്‍ സംസാരിക്കുന്നതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. 300 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
സംഭവത്തില്‍ എയര്‍ ഇന്ത്യ അന്വേഷണം നടത്തുകയും പോളിത്തീന്‍ ബാഗുകള്‍, തുണിക്കഷണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ പ്ലംബിംഗില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നുവെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. ഇതാണ് ടോയ്ലറ്റുകള്‍ പ്രവര്‍ത്തനക്ഷമമാല്ലാതാകാനുള്ള കാരണമെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ശുചിമുറികള്‍ തകരാറിലായതായി ക്രൂ അംഗങ്ങള്‍ ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത സമയം വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുകയായിരുന്നു.യൂറോപ്പിലെ ചില സ്ഥലങ്ങളില്‍ വിമാനം ഇറക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മിക്ക യൂറോപ്യന്‍ വിമാനത്താവളങ്ങളിലും രാത്രി പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ചിക്കാഗോയിലേക്ക് തിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും എയര്‍ ഇന്ത്യ വക്താവ് കൂട്ടിച്ചേര്‍ത്തു. ചിക്കാഗോ ഒഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യുഎസ് സമയം 4.48ന് വിമാനം ഡല്‍ഹിയിലേക്ക് വീണ്ടും പറന്നുവെന്നാണ് റിപ്പോര്‍ട്ട്.
Content Summary: Chicago-Delhi air india flight makes a U-turn after 8 of 12 toilets clogged
air india flight Chicago Delhi