December 13, 2024 |
Share on

അന്‍വറിനെ തള്ളി, ശശിയെ തുണച്ചു; കൂറ് വ്യക്തമാക്കി മുഖ്യമന്ത്രി

എഡിജിപി അജിത്കുമാറിനെയും കൈവിടാന്‍ ഒരുക്കമല്ലെന്നാണ് പിണറായിയുടെ വാക്കുകള്‍

പി വി അന്‍വറിനോട് എന്ത് നിലപാട് തനിക്കുള്ളതെന്ന് കൂടുതല്‍ വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പി ശശിക്കെതിരേയുള്ള അന്‍വറിന്റെ പടപ്പുറപ്പാട് നേരിട്ട് തന്നെ തടയാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നു. തന്റെ വിശ്വസ്തനെ പ്രതിരോധിക്കാന്‍ ഭരണകക്ഷി എംഎല്‍എയെ തള്ളിപ്പറഞ്ഞിരിക്കുന്നു. ഇതുവരെ മുഖ്യമന്ത്രി തൊടാതെ, ചുറ്റുമുള്ളവരെ ലക്ഷ്യം വച്ചു കളിച്ച അന്‍വര്‍ ഇനി എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയേണ്ടത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരേ രൂക്ഷമായ ആക്ഷേപമാണ് അന്‍വര്‍ ഉയര്‍ത്തിയത്. സര്‍ക്കാരിനെയും പാര്‍ട്ടിയെയും മുന്നണിയെയും പ്രതിസന്ധിയില്‍ ആക്കിയതിന്റെ ഉത്തരവാദി പൊളിറ്റിക്കല്‍ സെക്രട്ടറിയാണെന്നാണ് അന്‍വര്‍ വാര്‍ത്ത സമ്മേളനത്തില്‍ കുറ്റപ്പെടുത്തിയത്. ശശി പരാജയമാണെന്നും, ശശിക്ക് മറ്റെന്തോ അജണ്ടയുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. പാര്‍ട്ടി നേതാക്കളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും മുഖ്യമന്ത്രിയെ പൊളിറ്റിക്കല്‍ സെക്രട്ടറി അകറ്റുകയാണെന്നുമാണ് അന്‍വറിന്റെ പരാതി.

ഭരണപക്ഷത്തിന്റെ എംഎല്‍എ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ എന്ന നിലയില്‍ മാത്രമല്ല അന്‍വറിന്റെ പടപുറപ്പാട് സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുന്നത്, മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തന്നെയാണ് നിലമ്പൂര്‍ എംഎല്‍എയുടെ പരാതികളിലൂടെ തകരുന്നത്. ആഭ്യന്തര വകുപ്പിലെയും പൊലീസ് സേനയിലെയും തന്റെ പ്രഖ്യാപിത ശത്രുക്കളെയാണ് അന്‍വര്‍ ലക്ഷ്യം വയ്ക്കുന്നതെങ്കിലും, ആരോപണങ്ങള്‍ തറയ്ക്കുന്നത് ആഭ്യന്തര മന്ത്രിയുടെ മേലായിരുന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി, അത് നേരെയല്ല കൊണ്ടു പോകുന്നതെന്നും, പലതും ചീഞ്ഞു നാറുന്നുണ്ടെന്നുമാണ് അന്‍വറിന്റെ ഏറ്റവും പുതിയ ആരോപണം. ഏതെങ്കിലും പ്രതിപക്ഷ എംഎല്‍എയില്‍ നിന്നല്ല ഇങ്ങനെയൊരാക്ഷേപം ഉണ്ടായിരിക്കുന്നതെന്നതാണ്, ആഭ്യന്തര വകുപ്പിനെയും അതുവഴി പിണറായി വിജയനെയും പ്രതികൂട്ടിലാക്കുന്നത്.

ശശിക്കുണ്ടായിരിക്കുന്ന വീഴ്ച്ചയാണ് ഇപ്പോഴത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് അന്‍വര്‍ ആവര്‍ത്തിക്കുന്നത്.

എഡിജിപി അജിത്ത്കുമാറിനെതിരേ പുറത്തുവിട്ട തെളിവുകള്‍ പോലെ, ശശിക്കെതിരേ ഇതുവരെയൊന്നും പരസ്യമാക്കിയിട്ടില്ലെങ്കിലും, പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെട്ട കോക്കസ് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന വ്യംഗ്യത്തിലാണ് അന്‍വറിന്റെ വാക്കുകള്‍, അതല്ലെങ്കില്‍ മൊത്തത്തില്‍ ഒരു പുകമറ പടര്‍ത്തിയിട്ടുണ്ട്. ജനങ്ങള്‍ ആ പുകമറയ്ക്ക് പല വ്യാഖ്യാനങ്ങളും തേടുന്നുണ്ട്.

താന്‍ പാര്‍ട്ടിയെയും നേതാക്കളെയും പ്രതിസന്ധിയിലാക്കുന്നില്ലെന്നാണ് ഇന്നും അന്‍വര്‍ ആവര്‍ത്തിച്ചത്. എന്നാല്‍, അന്‍വറിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയില്‍ കാര്യങ്ങള്‍ മറ്റൊരു വഴിയിലേക്ക് നീങ്ങിയിരിക്കുന്നുവെന്നാണ് വ്യക്തമായത്. അന്‍വറിനെ തള്ളിയ മുഖ്യമന്ത്രി ശശിയെ താന്‍ കൈവിടുന്നില്ലെന്നാണ് പരോക്ഷമായി നല്‍കിയത്. അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമായി. ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും നിയമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്തു കൊടുക്കാത്തതിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ കാര്യമാക്കില്ലെന്നുമാണ് പിണറായി തറപ്പിച്ചു പറയുന്നത്.

അന്‍വര്‍ അദ്ദേഹത്തിനുള്ള പരാതി പാര്‍ട്ടിയിലോ തന്നോടോ പറയാതെ, പരസ്യമായി പറഞ്ഞതിലാണ് പിണറായിയുടെ നീരസം. കൂട്ടത്തില്‍ നില്‍ക്കുന്നൊരാള്‍ സ്വീകരിക്കേണ്ട നിലപാട് അതല്ലായിരുന്നുവെന്നാണ് അന്‍വറിനോടുള്ള അതൃപ്തിയായി മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നത്.

പി ശശിയെ പൂര്‍ണമായി പിന്തുണയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ശശിയെ പാര്‍ട്ടിയാണ് തന്റെ ഓഫിസിലേക്ക് നിയോഗിച്ചിരിക്കുന്നതെന്നും, മാതൃകാപരമായ പ്രവര്‍ത്തികളാണ് അദ്ദേഹം നടത്തുന്നതെന്നുമാണ് പിണറായിക്ക് പറയാനുള്ളത്.

അന്‍വര്‍ തുടര്‍ച്ചയായി ഉന്നയിക്കുന്ന പരാതികളാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് പിണറായി വിജയന്റെ ഇന്നത്തെ വാര്‍ത്തസമ്മേളനം വ്യക്തമാക്കുന്നത്. കാര്യങ്ങള്‍ വിശദീകരിച്ചിട്ട് മാത്രമെ താന്‍ പോകൂ എന്ന് അദ്ദേഹം തുടക്കം മുതല്‍ മാധ്യമപ്രവര്‍ത്തകരോട് പറയുന്നുണ്ട്. എന്താണ് തന്റെ നിലപാടെന്ന് അന്‍വര്‍ അടക്കമുള്ളവരെ അറിയിക്കണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചത് പോലെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. നയപരമായ സമീപനമായിരുന്നില്ല, ഏതുപക്ഷമാണ് തനിക്കുള്ളതെന്ന് സംശയമില്ലാതെ തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. അന്‍വറിനെ ഇനിയും തന്നിഷ്ടപ്രകാരം വിടാന്‍ ഒരുക്കമല്ലെന്നാണ് സൂചന നല്‍കിയിരിക്കുന്നത്. എഡിജിപിക്കെതിരേ ഉണ്ടായ പരാതികളില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അതിനിടയില്‍ വീണ്ടും പരാതികളുമായി വരുന്നത് മറ്റെന്തെങ്കിലും അജണ്ടയുള്ളതുകൊണ്ടായിരിക്കുമെന്ന ധ്വനിയായിരുന്നു പിണറായിയുടെ വാക്കുകളില്‍.

അന്‍വറിന്റെ പിണക്കം ഉണ്ടാക്കി വയ്‌ക്കേണ്ടെന്ന മുന്‍കരുതലുകളൊന്നും മുഖ്യമന്ത്രിയുടെ സംസാരത്തില്‍ ഇല്ലായിരുന്നു. അന്‍വര്‍ പിണങ്ങിയാലും സാരമില്ലെന്ന മട്ടിലായിരുന്നു. അന്‍വറിന്റെത് കമ്യൂണിസ്റ്റ് പശ്ചാത്തലമല്ലെന്നും കോണ്‍ഗ്രസില്‍ നിന്ന് വന്നയാളാണെന്നും കൂടി പറഞ്ഞു വച്ചതോടെ, അന്‍വറിനോട് ഇനിയുള്ള സമീപനം എങ്ങനെയായിരിക്കുമെന്നു കൂടി മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ശശിയോടുള്ള അതേ നിലപാട് തന്നെയാണ് എഡിജിപി എം ആര്‍ അജിത്കുമാറിനോടും തനിക്കുള്ളതെന്നു കൂടി പിണറായിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. എഡിജിപിയെ തള്ളിക്കളയാന്‍ അദ്ദേഹം ഒരുക്കമല്ല. ജയറാം പടിക്കാല്‍ ഡിജിപിയാകാന്‍ നടത്തിയ കളികളും, കരുണാകരന് വേണ്ടി ബിജെപി ബാന്ധവം നടത്തി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ ശ്രമിച്ച കഥകളുമൊക്കെ വായിച്ചാണ് പ്രതിപക്ഷത്തിനുള്ള മറുപടി മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ നല്‍കിയത്. യഥാര്‍ത്ഥത്തില്‍ ഈ മറുപടി തന്റെ നേരിട്ടും അല്ലാതെയും വിമര്‍ശിക്കുന്നവര്‍ക്കു കൂടിയാണ്. അന്വേഷണം നടക്കുന്നുണ്ടെന്ന് ആവര്‍ത്തിക്കുന്നതല്ലാതെ ഒരു ഘട്ടത്തില്‍ പോലും അജിത്കുമാറിനെ വിമര്‍ശിക്കാനോ, കുറ്റപ്പെടുത്താനോ മുഖ്യമന്ത്രി തയ്യാറായില്ല. ഒരുതരത്തിലുള്ള സ്ഥാനചലനവും എഡിജിപിക്ക് ഉണ്ടാകില്ലെന്നുകൂടിയാണ് പരോക്ഷമായി വ്യക്തമാക്കിയിട്ടുള്ളത്. അതായത്, അനവര്‍ ഉന്നം വച്ച രണ്ടു പേരെയും-പി ശശി, എം ആര്‍ അജിത്കുമാര്‍- താന്‍ കൈവിടില്ലെന്നും, അതേസമയം അന്‍വറിന് എന്തു തീരുമാനം വേണമെങ്കിലും എടുക്കാമെന്നുമുള്ള അറിയിപ്പാണ് പിണറായി വിജയന്‍ നല്‍കിയിരിക്കുന്നത്.  chief minister pinarayi vijayan clear his stands on p sasi adgp mr ajith kumar issue and pv anvar mla allegations

×