February 13, 2025 |
Share on

12 കാരിയോട് ലൈംഗികാതിക്രമം; 44 വര്‍ഷങ്ങള്‍ക്ക് ശേഷം പാസ്റ്റര്‍ കുറ്റക്കാരന്‍

ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് വൈറ്റ് ഹാസിലെ ഉപദേശകനായിരുന്നു

1980 ല്‍ 12 കാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍ വൈദിക ജോലികളില്‍ നിന്ന് രാജിവച്ചു. ടെക്‌സാസിലെ ഗേറ്റ് വേ മെഗാചര്‍ച്ച് സ്ഥാപകനും ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് വൈറ്റ് ഹൗസിലെ വിശ്വാസ ഉപദേശകനുമായിരുന്ന റോബര്‍ട്ട് മോറിസ് ആണ് സീനിയര്‍ പാസ്റ്റര്‍ സ്ഥാനത്ത് നിന്നും രാജി വച്ചത്. ബാല ലൈംഗിക പീഡനക്കേസില്‍ മോറിസ് കുറ്റക്കാരനെന്ന് കണ്ടെത്തി ദിവസങ്ങള്‍ പിന്നാലെയാണ് രാജിയെന്ന് സഭ വൃത്തങ്ങള്‍ അറിയിച്ചു. നിലവിലെ സംഭവവികാസങ്ങളില്‍ ഫാദര്‍ മോറിസ് ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റോബര്‍ട്ട് മോറിസിന്റെ രാജി സ്വീകരിച്ചതായി ഡള്ളാസ് ആസ്ഥാനമായുള്ള ബോര്‍ഡ് ഓഫ് എല്‍ഡേഴ്‌സ് ഓഫ് ഗേറ്റ് വേ ചര്‍ച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച്ച ഒരു 54 കാരി പരസ്യമായി ഉന്നയിച്ച ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം നടത്താനായി ബോര്‍ഡ് ഒരു നിയമകേന്ദ്രത്തെ ചുമതലപ്പെടുത്തിയിരുന്നു.

ബോര്‍ഡിന്റെ പ്രസ്താവനയില്‍ ഫാദര്‍ മോറിസിനെതിരേ ഏതെങ്കിലും കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടോയെന്ന കാര്യം പറയുന്നില്ല. ഇക്കാര്യത്തില്‍ പ്രതികരണം തേടി നിയമസ്ഥാപനമായ ഹെയ്‌നസ് ആന്‍ഡ് ബൂണെയ്ക്ക് മെസേജ് അയച്ചെങ്കിലും ഉടനടിയുള്ള പ്രതികരണത്തിനില്ലെന്നാണ് മറുപടി കിട്ടിയതെന്ന് ടൈംസ് പറയുന്നു.

അതേസമയം, വാഷിംഗ്ടണില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ദ ക്രിസത്യന്‍ പോസ്റ്റ് കഴിഞ്ഞാഴ്ച്ച പുറത്തുവിട്ട അവരുടെ റിപ്പോര്‍ട്ടില്‍, ഒരു യുവതിയുമായി താന്‍ അനുചിതമായ ലൈംഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി, ഫാദര്‍ മോറിസ് സമ്മതിക്കുന്നതായി പറയുന്നുണ്ട്.

എന്റെ ഇരുപതുകളുടെ തുടക്കത്തില്‍, ഞാന്‍ താമസിച്ചിരുന്നൊരു വീട്ടിലെ പെണ്‍കുട്ടിയുമായി അനുചിതമായ ലൈംഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്നു’ എന്നാണ് 62 കാരനായ മോറിസിന്റെ കുറ്റസമ്മതമെന്ന് ദ ക്രിസ്ത്യന്‍ പോസ്റ്റ് പറയുന്നു. ചുംബിക്കുക, തലോടുക എന്നിങ്ങനെയുള്ള പ്രവര്‍ത്തികള്‍ മാത്രമെ ഉണ്ടായിട്ടുള്ളൂ എന്നും, ഒരിക്കലും ലൈംഗികബന്ധത്തിലേക്ക് പോയിട്ടില്ലെന്നും, എങ്കില്‍ പോലും ചെയ്തത് തെറ്റായ കാര്യമാണെന്നുമാണ് മോറിസ് ഏറ്റു പറയുന്നത്. പെണ്‍കുട്ടിയുമായുള്ള അത്തരം ഇടപെടലുകള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ തുടര്‍ന്നിരുന്നുവെന്നും പാസ്റ്റര്‍ സമ്മതിക്കുന്നുണ്ട്.

റോബര്‍ട്ട് മോറിസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ സഭ സംബന്ധമായ വിഷയങ്ങളില്‍ അന്വേഷണാത്മക നിരീക്ഷണം നടത്തി വരുന്ന ദി വാട്ടര്‍ബര്‍ഗ് വാച്ച് എന്ന പ്രസിദ്ധീകരണമാണ് പുറത്തുവിട്ടത്. വാട്ടര്‍ബര്‍ഗ് വാച്ചിന്റെ വെബ്‌സൈറ്റില്‍ പറയുന്നത് 12 കാരിയായ പെണ്‍കുട്ടിയെയാണ് മോറിസ് ലൈംഗികമായി ദുര്യുപയോഗം ചെയ്‌തെന്നാണ്.

തന്റെ ബന്ധം 1987 ല്‍ വെളിയില്‍ അറിഞ്ഞിരുന്നുവെന്നാണ് മോറിസ് ക്രിസ്ത്യന്‍ പോസ്റ്റിനോട് പറഞ്ഞത്. സഭയുടെയും പെണ്‍കുട്ടിയുടെ പിതാവിന്റെയും നിര്‍ദേശം അനുസരിച്ച് താന്‍ ആ വര്‍ഷം കൗണ്‍സിലിംഗില്‍ പങ്കെടുക്കാന്‍ പോയിരുന്നുവെന്നും മോറിസ് പറയുന്നു.

ചൊവ്വാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ബോര്‍ഡ് ഓഫ് എല്‍ഡേഴ്‌സ് ഓഫ് ഗേറ്റ്‌വേ ചര്‍ച്ച് അവകാശപ്പെടുന്നത്, റോബര്‍ട്ട് മോറിസിന്റെ അനുചിതമായ ബന്ധത്തെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും മുഴുവന്‍ കാര്യങ്ങളും കഴിഞ്ഞയാഴ്ച്ച മാത്രമാണ് മനസിലാക്കിയതെന്നാണ്.

മോറിസിന്റെ അവിഹിതബന്ധം പലതവണ ചര്‍ച്ചയായിട്ടുണ്ട്, എന്നാല്‍ അന്നൊക്കെ ഒരു യുവതിയുമായുള്ള ബന്ധമാണെന്ന നിലയിലാണ് അത് ചര്‍ച്ചയായിരുന്നതെന്നും, ഒരു 12 കാരിയെയാണ് മോറിസ് ദുരുപയോഗം ചെയ്തതെന്ന് അറിയില്ലായിരുന്നുവെന്നുമാണ് ബോര്‍ഡ് പറയുന്നത്. ഗേറ്റ് വോ ഓഫ് ചര്‍ച്ച് സ്ഥാപിക്കപ്പെടുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണിത്, എന്നിരുന്നാലും ചര്‍ച്ചിന്റെ നേതൃത്വത്തിലുള്ളവരെന്ന നിലയില്‍ ഇക്കാര്യങ്ങളൊന്നും അറിയാതെ പോയതില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

2000-ല്‍ ആണ് റോബര്‍ട്ട് മോറിസ് സഭ സ്ഥാപിക്കുന്നത്. ഡോണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ വിശ്വാസ ഉപദേശക സമിതിയിലും മോറിസ് സേവനമനുഷ്ഠിച്ചിരുന്നു. 2020 ജൂണില്‍ ഗേറ്റ് വോ ചര്‍ച്ചില്‍ പ്രസിഡന്റ് ട്രംപ് ആതിഥ്യം വഹിച്ച് എത്തുകയും ചെയ്തിരുന്നു.

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപിന്റെ സംഘത്തില്‍ മോറിസിന് യാതൊരുവിധ പങ്കാളിത്തവുമില്ലെന്നാണ് ട്രംപിന്റെ വക്താവ് പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലുള്ള ചോദ്യത്തിന് മറുപടി പറഞ്ഞത്.  child sexual abuse allegation pastor robert morris founder of gateway megachurch resigned from his jobs

Content Summary; child sexual abuse allegation pastor robert morris founder of gateway megachurch resigned from his jobs

×