February 14, 2025 |

കുഞ്ഞുങ്ങളെ രക്തസാക്ഷികളാക്കുന്ന ബംഗാളിലെ ബോംബ് രാഷ്ട്രീയം

ഞെട്ടിക്കുന്ന വിവരങ്ങളുമായി ബിബിസി റിപ്പോര്‍ട്ട്

ചോര മണക്കുന്ന കണ്ണൂരിന്റെ കഥകള്‍ കേരളക്കര കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ചോറ്റുപാത്രങ്ങളിലും ഐസ്‌ക്രീം ബോളുകളിലും വരെ കുത്തിനിറച്ച വെടിമരുന്നുകള്‍ കവര്‍ന്നത് പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള സാധാരണക്കാരുടെ ജീവനാണ്. എതിരാളികളെ നിര്‍വീര്യമാക്കാന്‍ ബോംബ് പ്രധാന ആയുധമാക്കിയ മറ്റൊരു സംസ്ഥാനമാണ് ബംഗാള്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ, പശ്ചിമംബംഗാളില്‍ കുറഞ്ഞത് 565 കുട്ടികളെങ്കിലും നാടന്‍ ബോംബുകളാല്‍ പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് ബിബിസി നടത്തിയ പ്രത്യേക അന്വേഷണത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍.west bengal

അപ്പോള്‍ എന്താണ് ഈ മാരകമായ ഉപകരണങ്ങള്‍, അവ പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ? എന്താണ് ഇത്രയധികം ബംഗാളി കുട്ടികളുടെ ജീവന് വിലയില്ലാത്തത് ? എന്നീ ചോദ്യങ്ങളുയരും.

1996 മെയ് മാസത്തിലെ ഒരു വേനല്‍ക്കാല പ്രഭാതത്തില്‍ കൊല്‍ക്കത്തയില്‍ ഒരു ചേരിയില്‍ നിന്നുള്ള ആറ് ആണ്‍കുട്ടികള്‍ ഒരു ഇടുങ്ങിയ ഇടവഴിയില്‍ ക്രിക്കറ്റ് കളിക്കാനിറങ്ങി. ജോധ്പൂര്‍ പാര്‍ക്കിന്റെ അയല്‍പക്കത്ത് ഒരു സാധാരണജീവിതം നയിക്കുന്ന കുടുംബമുണ്ടായിരുന്നു. ഒരു പൊതുതെരഞ്ഞെടുപ്പിലെ വോട്ടിംഗ് ദിവസം. ആണ്‍കുട്ടികളിലൊരാളായ പുച്ചു സര്‍ദാര്‍ എന്ന ഒമ്പത് വയസുകാരന്റെ ക്രിക്കറ്റ് ബാറ്റിനരികില്‍ നിന്ന് പന്ത് തെന്നിമാറി. പന്ത് പൊട്ടുന്ന ശബ്ദം ഇടവഴിയിലാകമാനം പ്രതിധ്വനിച്ചു.

പന്ത് കണ്ടെത്താന്‍ കുട്ടികള്‍ അടുത്തുള്ള പൂന്തോട്ടത്തിനരികിലേക്കാണ് പോയത്. അവിടെ ഒരു കറുത്ത പ്ലാസ്റ്റിക് ബാഗില്‍ ആറ് ഉരുണ്ട വസ്തുക്കള്‍ കണ്ടെത്തി. ബോളുകളാണെന്ന് കുട്ടികള്‍ കരുതിയെങ്കിലും അത് ബോംബായിരുന്നു. പുകയുയര്‍ന്ന് അയല്‍ക്കാര്‍ പുറത്തേക്ക് ഓടിയെത്തിയപ്പോള്‍ പുച്ചുവും സുഹൃത്തുക്കളും തെരുവില്‍ വസ്ത്രങ്ങള്‍ കരിഞ്ഞ നിലയില്‍ പരിക്കേറ്റ് കിടക്കുകയായിരുന്നു.

അനാഥനായ ഏഴുവയസുകാരന്‍ രാജുദാസും ഏഴുവയസുകാരന്‍ ഗോപാല്‍ ബിശ്വാസും പരിക്കേറ്റ് മരിച്ചു. നാല് ആണ്‍കുട്ടികള്‍ക്ക് പരിക്കേറ്റു.
നെഞ്ചിലും മുഖത്തും അടിവയറ്റിലും ഗുരുതരമായ പൊള്ളലുകളും മുറിവുകളും ഏറ്റുവാങ്ങിയ പുച്ചു കഷ്ടിച്ച് രക്ഷപ്പെട്ടു. ഒരു മാസത്തിലേറെ ആശുപത്രിയില്‍ ചികിത്സ തുടര്‍ന്നു. വൈദ്യസഹായത്തിനായി പണമില്ലാത്തതിനാല്‍ ഏറെ കഷ്ടതകള്‍ കുടുംബം അനുഭവിച്ചു.

സംസ്ഥാനത്തിന്റെ അക്രമരാഷ്ട്രീയത്തിലെ ആധിപത്യത്തിനായുള്ള രക്തരൂക്ഷിതമായ പോരാട്ടത്തില്‍ പശ്ചിമ ബംഗാളില്‍ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന ക്രൂഡ് ബോംബുകളാല്‍ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്ത കുട്ടികളുടെ ഒരു നീണ്ട, ദാരുണമായ പട്ടികയുടെ ഭാഗമാണ് പുച്ചുവും സുഹൃത്തുക്കളും.

ഇക്കാരണം കൊണ്ട് പശ്ചിമ ബംഗാളില്‍ മരിച്ചവരുടെ എണ്ണത്തെക്കുറിച്ച് ശരിയായ കണക്കുകളൊന്നും ലഭ്യമില്ല. പിന്നീട് ബിബിസി ബംഗാള്‍ കേന്ദ്രീകരിച്ച് പ്രചാരത്തിലുള്ള ആനന്ദബസാര്‍ പത്രിക, ബര്‍തമാന്‍ പത്രിക എന്നിവയുടെ റിപ്പോര്‍ട്ടുകളാണ് പരിശോധിച്ചത്. നവംബര്‍ 10 വരെയുള്ള കണക്കനുസരിച്ച് 94 മരണങ്ങളും 471 പരിക്കുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുറഞ്ഞത് 565 കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ 18 ദിവസത്തിലും ശരാശരി ഒരു കുട്ടി ബോംബ് അക്രമത്തിനിരയായിട്ടുണ്ട് എന്നാണ് ഇതിനര്‍ത്ഥം. ബംഗാളിനെ സംബന്ധിച്ച് ഏറെ ഭയാനകമായ സാഹചര്യമാണ് നിലവിലുള്ളത്.

എന്നാല്‍ ഈ കണക്കില്‍ പെടാത്ത സംഭവങ്ങളും ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കില്‍ മരണസംഖ്യ ഇതിലും കൂടാം. ഈ സംഭവങ്ങളില്‍ ഇരകളാകുന്നവര്‍,കര്‍ഷകരുടെ മക്കളോ,കൂലിപ്പണിക്കാരോ ആണ്.

100 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യത്തെ നാലാമത്തെ വലിയ സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ അക്രമങ്ങളില്‍ ഇരയാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതല്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളാണ് ബംഗാളില്‍ ഭരിച്ചത്. രണ്ട് പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് പാര്‍ട്ടി, മൂന്ന് പതിറ്റാണ്ടുകളിലായി സിപിഐഎമ്മും 2011 മുതല്‍ ബംഗാള്‍ മമതയുടെ കൈകളിലാണ്.

1960 കളുടെ അവസാനത്തില്‍, മാവോയിസ്റ്റ് വിമതരും പോലീസും തമ്മിലുള്ള സായുധ പോരാട്ടത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയിലേക്ക് എത്തിയിരുന്നു.സര്‍ക്കാരും വിമതരും തമ്മിലുള്ള പോരാട്ടങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിരാളികളെ നിശബ്ദരാക്കാന്‍ ബോംബാക്രമണങ്ങള്‍ നടത്തിയിരുന്നു. 1900ത്തിന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായ കലാപം മുതല്‍ക്കെ ബോംബ് നിര്‍മ്മാണങ്ങള്‍ ആരംഭിച്ചിരുന്നു. ബോംബ് നിര്‍മ്മാണത്തിനിടെ അപകടവും മരണവും പതിവായിരുന്നു. ഇതിനിടെ വിമതരുടെ കൈ നഷ്ടപ്പെടുകയോ ജീവനില്ലാതാവുകയോ ചെയ്യാറുണ്ട്. സ്റ്റീല്‍ പാത്രങ്ങളിലോ ഗ്ലാസ് ബോട്ടിലുകളിലോ പായ്ക്ക് ചെയ്ത സ്‌ഫോടകവസ്തുക്കളാണ് അക്രമങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ബോംബുകള്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്.

അക്രമത്തില്‍ ഇരയായ പലരുടെയും അനുഭവങ്ങള്‍ വേറിട്ടതാണ്. 2020 ഏപ്രിലില്‍ മുര്‍ഷിദാബാദ് ജില്ലയിലെ ജിത്പൂരില്‍ ഒരു ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ചപ്പോള്‍ സബീനയ്ക്ക് 10 വയസായിരുന്നു. സബീനയുടെ കൈ മുറിച്ചുമാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരായി. വീട്ടില്‍ തിരിച്ചെത്തിയത് മുതല്‍ അവളുടെ ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ പാടുപെട്ടു. അവളുടെ മാതാപിതാക്കള്‍ അനിശ്ചിതത്വം നിറഞ്ഞ ഭാവിയെക്കുറിച്ച് ആലോചിച്ച് നിരാശയിലാണ്ടു. വിവാഹത്തിനും ജോലിക്കും സ്ത്രീകള്‍ക്ക് അംഗവൈകല്യമുണ്ടെങ്കില്‍ സാധ്യതകള്‍ സങ്കീര്‍ണ്ണമാകുന്നുണ്ട്. വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും കുളിക്കാനും വസ്ത്രം ധരിക്കാനും ടോയ്‌ലറ്റില്‍ പോകാനും ഈ പെണ്‍കുട്ടി കഷ്ടപ്പെടുകയാണ്.

ബോംബുകളാല്‍ അംഗഭംഗം വന്നിട്ടും അതിജീവിക്കാന്‍ ഭാഗ്യമുണ്ടായിട്ടും ഈ കുട്ടികളുടെ ജീവിതം മാറിമറിയുകയാണ്. 13 വയസുള്ള പൗലാമിക്ക് പിന്നീട് കൃത്രിമ കൈ ലഭിച്ചു. പക്ഷേ അതിന് ഭാരമുള്ളതിനാല്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. 14 കാരിയായ സബീന കാഴ്ചശക്തി കുറഞ്ഞതിനാല്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്.

കണ്ണുകളിലെ ബോംബിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സബീനയ്ക്ക് ഓപ്പറേഷന്‍ ആവശ്യമാണെന്നും അതിന് വേണ്ട സാമ്പത്തികസ്ഥിതി തങ്ങള്‍ക്കില്ലെന്നും കുടുംബം പറയുന്നു. പുച്ചുവിന് 37 വയസാണ്. ബാല്യത്തിന് ശേഷം ക്രിക്കറ്റ് ബാറ്റ് എടുക്കാന്‍ അവന്‍ ശ്രമിച്ചിട്ടില്ല. ബാല്യം ഇല്ലാതായ ഒരാളായി അവന്‍ മാറി. പല രീതിയിലുള്ള ജോലികള്‍ ചെയ്തുകൊണ്ട് ഭൂതകാലത്തുണ്ടായ വേദനകളുടെ നോവ് പേറി ജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണ്.

എന്നിട്ടും ആരുടെയും പ്രതീക്ഷകള്‍ നഷ്ടപ്പെട്ടിട്ടില്ല. പൗലമിയും സബീനയും ഒരു കൈകൊണ്ട് സൈക്കിള്‍ ചവിട്ടാന്‍ പഠിച്ച് സ്‌കൂളില്‍ പോകുന്നു. അദ്ധ്യാപകരാകാനാണ് ഇരുവരുടെയും സ്വപ്‌നം. പുച്ചു തന്റെ മകന്‍ രുദ്രയുടെ ശോഭനമായ ഭാവി കാണുന്നത് ഒരു പോലീസുകാരനായിട്ടാണ്.

രാഷ്ട്രീയനേട്ടത്തിനായി ബോംബുകള്‍ ഉപയോഗിക്കുന്നതായി ഒരു പാര്‍ട്ടിയും സമ്മതിക്കുന്നില്ല. പശ്ചിമബംഗാളിലെ നാല് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളോട് നേരിട്ടോ ഇടനിലക്കാര്‍ മുഖേനയോ ക്രൂഡ് ബോംബ് നിര്‍മ്മാണത്തിലോ ഉപയോഗത്തിലോ പങ്കുണ്ടോ എന്ന് ബിബിസി ആരാഞ്ഞപ്പോള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും പ്രതികരിച്ചില്ല.

സിപിഐഎം നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അവകാശങ്ങളും ജീവനും സംരക്ഷിക്കുന്ന കാര്യങ്ങളില്‍ കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ബോംബ് രാഷ്ട്രീയത്തിനെ ശക്തമായി എതിര്‍ത്തു. കൂടാതെ രാഷ്ട്രീയമോ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി അക്രമങ്ങളില്‍ പങ്കാളികളായിട്ടില്ലെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി.
ഒരു രാഷ്ട്രീയപാര്‍ട്ടിയും ഉത്തരവാദിത്തം ഏറ്റെടുക്കില്ലെങ്കിലും ബംഗാളിലെ രാഷ്ട്രീയ അക്രമ സംസ്‌കാരത്തില്‍ വേരൂന്നിയതാണ് ഈ കൂട്ടക്കൊലയെന്നതില്‍ സംശയമില്ല.west bengal

content summary; children in west bengal are being killed and injured after accidentally playing with explosive devices mistaking them for toys

×