ഇറാന്റെ പ്രത്യാക്രമണം ഇസ്രയേലിനെ വേദനിപ്പിച്ചിരിക്കുന്നു. ടെല്‍ അവിവിലും ജറുസലേമിലും പെയ്തിറങ്ങിയ നൂറു കണക്കിന് ബാലസ്റ്റിക് മിസൈലുകള്‍ കാര്യമായ നാശം വിതച്ചിട്ടുണ്ട്. പൊലീസ് സ്ഥിരീകരിച്ചതിന്‍ പ്രകാരം ഇറാന്റെ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്രയേലികള്‍ ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഇറാനിലേതിന് സമാനമായി വല്ലാത്ത ഭീതിയിലാണ് ഇസ്രയേലിലെ സാധാരണ ജനങ്ങളും.
ടെല്‍ അവിവിന്റെ കിഴക്കന്‍ പ്രാന്തപ്രദേശമായ റാമത് ഗാനില്‍ ഉണ്ടായ മിസൈല്‍ ആക്രമണത്തിലാണ് ഒരു സ്ത്രീ കൊല്ലപ്പെട്ടത്. ഇവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് ഒരു പൊലീസ് വക്താവ് മാധ്യമങ്ങളോട് സ്ഥിരീകരിച്ച് പറയുന്നത്. 40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് പറയുന്നു.
വെള്ളിയാഴ്ച്ച രാത്രി 9 മണിയോടെയാണ് ഇറാന്‍ ആക്രമണം തുടങ്ങുന്നത്. ഉടന്‍ തന്നെ സൈറണുകള്‍ മുഴങ്ങുകയും അടിയന്തര ഫോണ്‍ സന്ദേശങ്ങള്‍ പരക്കുകയും ചെയ്തു. ജനങ്ങളോട് ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടാന്‍ അധികൃതര്‍ മുന്നറിയിപ്പുകള്‍ നല്‍കി കൊണ്ടിരുന്നു. ഉറക്കത്തിലേക്ക് കടന്ന ജനം ജീവഭയത്തില്‍ പരക്കം പായുകയായിരുന്നു. മധ്യ ജെറുസലേമിലെ ഒരു ബോംബ് ഷെല്‍ട്ടറില്‍ നിന്ന് ശനിയാഴ്ച്ച രാവിലെയുള്ള ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. മനുഷ്യര്‍ ഉറങ്ങുന്നതിന്റെയും പേടിയോടെ ഉണര്‍ന്നിരിക്കുന്നതിന്റെയും അടക്കമുള്ള ചിത്രങ്ങള്‍ അവിടെ നിന്നും കാണാനാകും.
ആക്രമണങ്ങള്‍ പതിവായൊരു നാട്ടില്‍, ഇപ്പോള്‍ പല വീടുകളും ബോംബുകളും മിസൈലുകളും അതിജീവിക്കാന്‍ തക്ക സുരക്ഷിതമായ മുറികള്‍ വീടുകളില്‍ പണിയാറുണ്ട്. അത്തരം സൗകര്യമുള്ളവര്‍ ഇതുപോലെ ഭയാനകമായ അന്തരീക്ഷത്തില്‍ അവിടെ കഴിയും. എങ്കിലും ഭൂരിഭാഗം പേര്‍ക്കും അതുപോലെ സുരക്ഷിതമായ ഇടം അവരവരുടെ വീടുകളില്‍ ഇല്ല. അവയെല്ലാം തന്നെ പഴയ മാതൃകയില്‍ പണിതവയാണ്. ഇത്തരത്തില്‍ അരക്ഷിതരായ ജനമാണ് ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടേണ്ടി വരുന്നത്. ഇസ്രയേലില്‍ ഇത്തരം ബോംബ് ഷെല്‍ട്ടറുകള്‍ ജനങ്ങള്‍ക്ക് ചിരപരിചതമാണ്. കാരണം, അവര്‍ ഏതു സമയത്തും അപകടങ്ങള്‍ പ്രതീക്ഷിക്കുന്നവരാണ്.
ടെല്‍ അവിവില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നഗരത്തിലൂടെ ആംബുലന്‍സുകള്‍ പായുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. സൈനിക കേന്ദ്രങ്ങള്‍, എയര്‍ബേസുകള്‍ അടക്കം നിരവധി ലക്ഷ്യങ്ങളിലേക്ക് മിസൈലുകള്‍ അയച്ചുവെന്നാണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് അവകാശപ്പെടുന്നത്.
ഇതേ അവസ്ഥയില്‍ തന്നെയാണ് ഇറാനിലെ ജനങ്ങളും. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മുതല്‍ അവര്‍ ഭീതിയിലാണ്. അവിടെ എത്ര സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നതില്‍ സ്ഥിരീകരണമില്ല. ചില പ്രാദേശിക മാധ്യമങ്ങള്‍ 72 ഓളം പേര്‍ കൊല്ലപ്പെട്ടതായി പറയുന്നുണ്ടെങ്കിലും അവയില്‍ ഉറപ്പില്ല. പക്ഷേ, ടെഹ്‌റാനിലെ അടക്കം ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മുതല്‍ ഇറാന്റെ ആകാശം ചുവന്നിരിക്കുകയാണ്. മിസൈലുകള്‍ മഴ പോലെ പെയ്തിറങ്ങുകയാണ്.
വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും ടെഹ്റാനിലെ ആണവ കേന്ദ്രങ്ങള്‍ക്കും സൈനിക നേതൃത്വത്തിനും നേരെ ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ ഉണ്ടായതായാണ് വിവരം. ഇസ്രയേലി യുദ്ധവിമാനങ്ങളും ഡ്രോണുകളും ഇറാന്റെ പല ഭാഗങ്ങളിലും നാശവും മരണവും അഴിച്ചുവിട്ടുണ്ടെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. ഇതിന്റെ പ്രതികാരമാണ് പിന്നീട് ഇസ്രയേലിലെ ജനങ്ങള്‍ അനുഭവിച്ചത്.
നരകത്തിന്റെ കവാടം തുറക്കുന്നു എന്നാണ് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി കൊണ്ട് ഇറാന്‍ അറിയിച്ചിരിക്കുന്നത്. കഠിനമായ ശിക്ഷ നേരിടേണ്ടി വരുമെന്ന് അവരുടെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി പ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍, തങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂവെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു തിരിച്ച് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കുമെന്ന വാശിയിലാണ് അവര്‍. മിഡില്‍ ഈസ്റ്റ് ഒരു നീണ്ട യുദ്ധത്തെ നേരിടേണ്ടി വരുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കറ്റസിന്റെ ഭീഷണി. രണ്ട് രാജ്യങ്ങളിലെ മാത്രമല്ല, ഒരു മേഖലയിലെ മൊത്തം ജനങ്ങളെയും ഭയപ്പെടുത്തുന്ന ഭീഷണികളാണ് ഇസ്രയേലും ഇറാനും ഉയര്‍ത്തിയിരിക്കുന്നത്. Iran-Israel air strike crisis: People in both countries are experiencing immense hardship
Content Summary; Iran-Israel air strike crisis: People in both countries are experiencing immense hardship
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.