June 05, 2026 |
Avatar
അമർനാഥ്‌
Share on

ഒരു ചുവന്ന കാലത്തിന്റെ ശിലാലിഖിതങ്ങള്‍

ചരിത്രത്തിലൂടെ ജീവിച്ച ഒരാളുടെ ക്ഷണിക ചിന്തകള്‍

രാഷ്ട്രീയവും, സാഹിത്യവും, കലയും പ്രക്ഷുബ്ധരാക്കിയ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മക്കുറിപ്പുകളാണ് കവിയും പത്രപ്രവര്‍ത്തകനുമായ യു ജയചന്ദ്രന്‍ തന്റെ അനുഭവങ്ങളെ രേഖപ്പെടുത്തുന്ന ‘വെയില്‍ക്കാലങ്ങള്‍’. ഒരു കമ്യൂണിസ്റ്റ് തലമുറയുടെ ഓര്‍മ്മചിത്രങ്ങള്‍ അടയാളപ്പെടുത്തുന്ന ഒരു പുസ്തകമാണ് ഇത്. നിങ്ങള്‍ യോജിച്ചാലും വിയോജിച്ചാലും പ്രിയവും അപ്രിയവുമായ കാര്യങ്ങള്‍ ഇതില്‍ വായിക്കാം.

മലയാളി സമൂഹത്തിന് തീഷ്ണമായ ഒരു കാലഘട്ടമായിരുന്നു 1970 കളുടെ അവസാനം. യുവതലമുറയില്‍ അക്രമരഹിതമായ അരാജകത്വം പടര്‍ന്ന കാലമായിരുന്നു അത്. ആ സംസ്‌കാരം അക്കാലത്തെ സാഹിത്യത്തേയും കലകളെയും സ്വാധീനിച്ചു. സാഹിത്യം, കലകള്‍, ഫാഷന്‍, ഗ്രാഫിക്‌സ്, സംഗീതം എന്നിവയില്‍ വന്യമായ പരീക്ഷണങ്ങള്‍ ഉണ്ടായി. സ്വതന്ത്രമായ ചിന്താശേഷിയുള്ള ഒരു യുവതലമുറ സമൂഹത്തില്‍ ഉയര്‍ന്നു വന്നു. അത്തരമൊരു കാലത്തിലൂടെ കടന്നുപോയ യു. ജയചന്ദ്രന്‍ തന്റെ അനുഭവങ്ങളെ രേഖപ്പെടുത്തുന്ന കുറിപ്പുകളുടെ സമാഹാരമാണ് ‘വെയില്‍ക്കാലങ്ങള്‍’. ഈ കഴിഞ്ഞ സെപ്റ്റംബറില്‍ അന്തരിച്ച, കവിയും പത്രപ്രവര്‍ത്തകനുമായ യു. ജയചന്ദ്രന്‍ തന്റെ കോളേജ് ക്യാമ്പസ് കാലത്ത് ഉരുത്തിരിഞ്ഞ, താന്‍ കണ്ട, അറിഞ്ഞ, സാഹിത്യവും, സമരവും. യൂണിവേഴ്‌സിറ്റി ക്യാമ്പസും, ഇടതുപക്ഷ ആശയങ്ങളുടെ വളര്‍ച്ചയും തന്റെ മനോഹരമായ ആഖ്യാനത്തിലൂടെ പ്രതിപാദിക്കപ്പെടുന്നു.

ഇതൊരു അടുക്കും ചിട്ടയുമുള്ള ചരിത്രാഖ്യാനമല്ല. ചരിത്രത്തിലൂടെ ജീവിച്ച ഒരാളുടെ ക്ഷണിക ചിന്തകള്‍. അത്ര മാത്രം എന്ന് പറഞ്ഞാണ് ജയചന്ദ്രന്‍ തന്റെ കുറിപ്പുകള്‍ ആരംഭിക്കുന്നത്. എസ്.എഫ്.ഐ സംഘടന വളര്‍ന്ന് അന്നത്തെ വിദ്യാര്‍ത്ഥി സംഘടനകളില്‍ മുന്നിലെത്തുകയും കേരളത്തിലെ ക്യാമ്പസ് രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായ വഴിത്താരകളെ ജയചന്ദ്രന്‍ വാചാലമായി അവതരിപ്പിക്കുന്നുണ്ട്.

തോമസ് ഐസക്കിനോടൊപ്പം യു. ജയചന്ദ്രൻ (വലത്ത്)

1970 ല്‍ മാത്രം നിലവില്‍ വന്ന ഒരു സംഘടന, ആ ദശകത്തിന്റെ അന്ത്യത്തോടെ കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിന്റെ ഏതാണ്ട് ഐക്യകണ്ഠമായ അംഗീകാരവും സ്‌നേഹവും നേടിയെടുത്തു എന്നത് എസ്.എഫ്.ഐയുടെ സംഘടനാ മികവും കേഡറുകളുടെ ആത്മാര്‍പ്പണവും സര്‍വോപരി നേതൃത്വത്തിന്റെ ദീര്‍ഘദര്‍ശിത്വവും കൊണ്ടാണെന്ന് പറയാതെ വയ്യ. ഈ സംഘടനയുടെ വളര്‍ച്ചയുടെ മുള്‍പ്പാതയിലൂടെ ഒപ്പം സഞ്ചരിച്ച ഒരാളെന്ന നിലയില്‍ നമ്മുടെ നാട്ടിലെ മാധ്യമങ്ങളുടെ അവഗണന നിരന്തരം നേരിട്ടാണ് എസ്.എഫ്.ഐ മുന്നോട്ടു കുതിച്ചതെന്ന് എത്ര ആവര്‍ത്തിച്ച് പറഞ്ഞാലും അധികമാവില്ല.

പി. ഗോവിന്ദപിള്ളയെ പോലെ ദാര്‍ശികരായ ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ വെളിവില്‍ ചിന്തിക്കുന്നവരായിരുന്നു. തെറ്റും ശരിയും നെല്ലും പതിരും എവിടെയും തിരിച്ചറിഞ്ഞ് പറഞ്ഞു കൊടുത്തു സംഘടനയെ നയിക്കാന്‍ പ്രാപ്തരായ നേതൃത്വമായിരുന്നു അന്നുണ്ടായിരുന്നത്. ഇന്നത്തെ എസ്.എഫ്.ഐ യില്‍ നിന്നുള്ള പ്രകടമായ ഒരു മാറ്റവും അതാണ്.

”ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ ‘അപ്രമാദിത്വ’ത്തെക്കുറിച്ച് അന്തി (ച്ചന്ത) ചര്‍ച്ച വരെ നടത്തുന്ന മഹത്തുക്കള്‍ ആ കോളേജിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ചരിത്രം കൂടി പഠിക്കാന്‍ ശ്രമിക്കുന്നത് അവര്‍ക്ക് ഉപകാരപ്രദമായിരിക്കും” ജയചന്ദ്രന്‍ എഴുതുന്നു.

ഇന്നും പരിക്കൊന്നും പറ്റാതെ രാഷ്ട്രീയത്തില്‍ തുടരുന്ന ഇടതുപക്ഷക്കാരനായ, നിശബ്ദനായ മുന്‍ എം.പി യും നേതാവുമായ സുരേഷ് കുറുപ്പ് 1977- 1978 കാലത്ത് കേരള യൂണിവേഴ്‌സിറ്റിയില്‍ യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്ത് മത്സരിച്ച് ജയിച്ചതിനെ ‘ലാന്‍ഡ് സ്ലൈഡ്’ വിജയം എന്നാണ് ജയചന്ദ്രന്‍ വിശേഷിപ്പിക്കുന്നത്. ക്യാമ്പസ് രാഷ്ട്രീയത്തില്‍ അന്ന് വരെയുണ്ടായിട്ടില്ലാത്ത താരോദയം!

”ഇതിവിടെ പറയാന്‍ കാരണം, അന്നോളം വിദ്യാര്‍ത്ഥി സമൂഹവും മാധ്യമങ്ങളും അധ്യാപകരും ഒന്നും കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു അനായാസത, സ്വാഗതാര്‍ഹമായ പുതുമ, ചിരിക്കുന്ന ഒരു യുവ കമ്യൂണിസ്റ്റ്- ഇതൊക്കെയായിരുന്നു സുരേഷ് കുറുപ്പിന്റെ ഏറ്റവും വലിയ ശക്തി. അയാള്‍ കടും നിറത്തിലുള്ള കുപ്പായങ്ങള്‍ ധരിച്ചു. ഷര്‍ട്ടിന്റെ നിറത്തിന് ചേരുന്ന കരയുള്ള മുണ്ട് ധരിച്ചു. ബുദ്ധിജീവിയായി അറിയപ്പെടാത്തതിനാല്‍ ബുദ്ധിയുള്ള മനുഷ്യരെ അയാള്‍ ഭയപ്പെട്ടില്ല. കടമ്മനിട്ടക്കും ജി. അരവിന്ദനും അയാള്‍ ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു. അയാള്‍ ഫിലിം സൊസൈറ്റികളില്‍ ക്ലാസിക് ചിത്രങ്ങള്‍ കാണാന്‍ പോയി. ഞാന്‍ ഇവിടെ അവതരിപ്പിക്കുന്നത് ഇടതുപക്ഷ വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളില്‍ അന്നുവരെ ഉണ്ടായിട്ടില്ലാത്ത ഒരു താരോദയമായിരുന്നു സുരേഷ് കുറുപ്പിന്റേത് എന്ന് അടിവരയിട്ട് പറയാന്‍ വേണ്ടിത്തന്നെയാണ്.”

മികച്ച ഒരു വായനക്കാരനായ ഒരു വേറിട്ട നേതാവായ സുരേഷ് കുറുപ്പ് അന്നും പിന്നിടും അങ്ങനെ തന്നെയാണ് രാഷ്ട്രീയത്തില്‍ തുടര്‍ന്നത് എന്നതും ഒരു അപൂര്‍വ്വതയാണ്. ഇന്ന് ഇടതുപക്ഷ വിദാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ശക്തമാണെങ്കിലും ചില ചോദ്യങ്ങള്‍ ജയചന്ദ്രന്‍ പ്രകടിപ്പിക്കുന്നത് പ്രസക്തമാണ്.

‘1972 മുതല്‍ യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിച്ചു വരുന്നു എന്ന സത്യം സന്തോഷത്തോടെ സ്വീകരിക്കുമ്പോള്‍, അവയുടെ വളര്‍ച്ചയും സ്വാധീനവും കൊണ്ട് ഗുണപരമായ എന്തു മാറ്റമാണ് കലാലയ സമൂഹത്തിലുണ്ടായത് എന്ന ചോദ്യവും ഉയരുന്നു. വിദ്യാര്‍ത്ഥി സമൂഹത്തിലുണ്ടായ മാറ്റത്തിന്റെ ലാഞ്ചന അധ്യാപകരും രക്ഷകര്‍ത്താക്കളുമടങ്ങുന്ന സ്റ്റെയ്ക് ഹോള്‍ഡേഴ്സില്‍ പ്രതിഫലിക്കുന്നുണ്ടോ? ‘തന്റെ ജാതി എന്താ’ എന്നു പരസ്യമായി ചോദിക്കാനാവാതെ വരുമ്പോള്‍ അതിന് മറ്റു കുത്സിത മാര്‍ഗ്ഗങ്ങളും ഉപയോഗിക്കേണ്ടിവരുന്ന വകുപ്പദ്ധ്യക്ഷന്മാരുടെ കാലം കഴിഞ്ഞു. ഇന്ന് എല്ലാം പരസ്യമായി നടത്തുകയാണ് ജാതിവെറിയുടെ പൂജാരിമാര്‍.” ഒരു അദ്ധ്യാപകന്‍ കൂടിയായ ജയചന്ദ്രന്റെ ഈ നിരീക്ഷണം അധികമാരും ചോദിക്കാത്ത ചോദ്യമാണ്.

കവി പി. കുഞ്ഞിരാമന്‍ നായര്‍ കാറ്റത്തു പറന്നു നടന്ന ഇല അല്ലെങ്കില്‍ തൂവല്‍ പോലെയുള്ള ആളായിരുന്നു. 50 വര്‍ഷം മുന്‍പ് പി.എന്‍ പണിക്കരുടെ ഗ്രന്ഥശാലാ പ്രസ്ഥാനം തിരുവനന്തപുരത്ത് വെച്ച് കുഞ്ഞിരാമന്‍ നായരുടെ ആത്മകഥയായ ‘കവിയുടെ കാല്‍പ്പാടുകള്‍’ പ്രകാശനം ചെയ്യുന്ന സംഭവ ബഹുലമായ ആഖ്യാനം പി.യുടെ വ്യക്തിത്വത്തിന് ചേര്‍ന്ന ചിത്രം തന്നെ. ഒരു വാരികയില്‍ ഖണ്ഡശയായാണ് ആദ്യം ഈ ആത്മകഥ പ്രസിദ്ധീകരിച്ചത്. കുഞ്ഞിരാമന്‍ നായര്‍ മാതൃഭൂമി പത്രാധിപരായ എം.ടി. വാസുദേവന്‍ നായര്‍ക്ക് എഴുതി ‘ഞാന്‍ എന്റെ ആത്മകഥ എഴുതുന്നു. അനുഗ്രഹിക്കണം, ഉപദേശിക്കണം.’

”കുത്തുകള്‍ക്കു പകരം ഡാഷുകളിട്ട് എഴുതുന്ന, കവിതകളില്‍ ഭാവനകളുടെയും ബിംബങ്ങളുടെയും ധാരാളിത്തം പോലെ വിനയത്തിലും ധാരാളിത്തം കാട്ടുന്ന അദ്ദേഹം ഏതു കുഞ്ഞിനോടും അങ്ങനെ ചോദിക്കും. ഉപദേശിക്കാനോ അനുഗ്രഹിക്കാനോ ഞാനാരുമായിട്ടല്ല. അദ്ദേഹത്തിന്റെ പതിവ് അതായതുകൊണ്ടുമാത്രം. ആത്മനിന്ദയോടെ എഴുതുകയാണ് നല്ലതെന്നു തോന്നുന്നു. സ്വന്തം വീരപരാക്രമങ്ങള്‍ ഒരുപാട് ആത്മകഥയെന്ന പേരില്‍ അടിച്ചേല്പിച്ച് എഴുതിയത് വായിച്ച കയ്പായിരിക്കണം ഈ മറുപടി എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.” എംടി തന്റെ മറുപടിയില്‍ എഴുതി.

അതങ്ങനെ തന്നെയായി. എന്നിട്ടും മലയാളത്തിലെ ഏറ്റവും മികച്ച ആത്മകഥകളിലൊന്നായി മാറിയ അത് ഇന്നും വായിക്കപ്പെടുന്നു. അതാണ് പുസ്തക രൂപത്തില്‍ ആദ്യമായി പ്രകാശനം ചെയ്യാന്‍ പോകുന്നത്. പ്രസംഗിക്കാന്‍ വന്ന പല തലമൂത്ത സാഹിത്യകാരന്മാരും ആത്മകഥ ഖണ്ഡശ വായിക്കാത്തവരായിരുന്നതിനാല്‍ അവരെല്ലാം ഒഴുക്കന്‍ മട്ടില്‍ പിയെ ചടങ്ങില്‍ പുകഴ്ത്തി പ്രസംഗിച്ചു.

എന്നാല്‍ ആത്മകഥ ഖണ്ഡശ വായിച്ച ഹാസ്യസാഹിത്യകാരനും തലസ്ഥാനത്തെ ഒരു കോളേജിലെ മലയാള ഭാഷാ വകുപ്പിന്റെ അദ്ധ്യക്ഷനുമായ ഒരു വ്യക്തി പിയെ അനുമോദിച്ച് ഇങ്ങനെ അവിടെ പ്രസംഗിച്ചു.

കവി. പി കുഞ്ഞിരാമൻ നായർ

”ഈ പി. കുഞ്ഞിരാമന്‍ നായര്‍ ഒരു വല്ലാത്ത മനുഷ്യന്‍ തന്നെ. ഇയാള്‍ ഏതോ ഒരു സ്ത്രീക്ക് വിവാഹവാഗ്ദാനം നല്‍കിയിട്ട് അവളെ കല്യാണം കഴിക്കാമെന്ന് ഏറ്റ ദിവസം വേറൊരുത്തിയുടെ വീട്ടില്‍ അന്തിയുറങ്ങി. അത് പോട്ടെ, ഒരു മാസമോ ഒന്നര മാസമോ മറ്റോ കഴിഞ്ഞ് ഇയാള്‍ ആദ്യം വിവാഹ വാഗ്ദാനം നല്‍കി എന്ന് ഞാന്‍ പറഞ്ഞില്ലേ, അവരുടെ വീട്ടിലേക്ക് യാതൊരു നാണവുമില്ലാതെ കൂട്ട് കൂടാന്‍ ചെന്ന് കയറിയിരിക്കുന്നു! ഇയാള്‍ എന്ത് മനുഷ്യനാണ്.’

ആത്മനിന്ദയുടെ പരകോടി എന്നേ താണ്ടിക്കടന്ന കവിയായ പി.ക്ക് ഈ പരാമര്‍ശമൊന്നും ഒരു വിഷയമേ അല്ല. പക്ഷേ, അന്ന് കുഞ്ഞിരാമന്‍ നായര്‍ വ്യത്യസ്തമായി പ്രതികരിച്ചു.

സാമൂഹികനീതിയുടെയും സ്ത്രീവിരുദ്ധതുടെയും അളവുകോല്‍ വച്ച് പി. ചെയ്തത് വിമര്‍ശിക്കപ്പെടേണ്ടത് തന്നെ. പക്ഷേ ഈ വിമര്‍ശനം നടത്തിയ ഹാസ്യസാഹിത്യകാരനാവട്ടെ, തന്റെ ഡിപ്പായര്‍ട്ട്‌മെന്റില്‍ ബിരുദാനന്തര ബിരുദ ക്ലാസുകളിലുള്ള പെണ്‍കുട്ടികളില്‍ പലരെയും പലവിധ പ്രലോഭനങ്ങള്‍ നല്‍കി ലൈംഗികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നുവെന്ന് കപ്രസിദ്ധി ആര്‍ജ്ജിച്ച അധമനായിരുന്നു. എനിക്ക് സൗഹൃദമുണ്ടായിരുന്ന ഒരാളുമായി സംസാരിക്കവെ ഈ വ്യക്തിയുടെ പേര് കടന്നുവന്നു. എന്റെ ആ സുഹൃത്ത് പറഞ്ഞു: ‘ജയന്‍, അയാളെയൊക്കെ ‘സാര്‍’ എന്ന് വിളിക്കേണ്ടിവന്നതില്‍ എനിക്ക് ദുഃഖം തോന്നുന്നു.’ ഈ പ്രാസംഗികനെക്കുറിച്ച് ജയചന്ദ്രന്‍ എഴുതുന്നു.

ആ ‘മഹാന്‍’ അത്രയും പറഞ്ഞു തീര്‍ത്തപ്പോള്‍ സദസ്സ് നിശ്ചലമായിരുന്നു. അയാള്‍ പ്രതീക്ഷിച്ച പോലെ ഒരു കുഞ്ഞു പോലും അയാളുടെ വാക്കുകള്‍ക്ക് കയ്യടിച്ചില്ല. പി. യെ ആ വാക്കുകള്‍ ചൊടിപ്പിച്ചിരിക്കണം.

അദ്ദേഹം മറുപടി പ്രസംഗത്തില്‍ ഇത്രയും പറഞ്ഞു: ‘എന്റെ വഷളത്തത്തെപ്പറ്റി ഇവിടെ… വിസ്തരിച്ച് പറഞ്ഞൂല്ലോ. ഒരു പൂന്തോട്ടം. അതില്‍ നിറയെ പല വര്‍ണ്ണത്തിലും വാസനയിലുമുള്ള പൂക്കള്‍. കുറെ ചിത്രശലഭങ്ങളെ അവിടേക്ക് തുറന്നു വിട്ടാല്‍ അവര്‍ എന്താണ് ചെയ്യുക? പറന്നു നടന്ന് പൂക്കള്‍ വാസനിക്കും; മധു നുകരും. അതേസമയം കുറെ പന്നികളെയാണ് തുറന്നു വിടുന്നത് എങ്കില്‍? അവര്‍ നേരെ ചെടികളുടെ മൂട്ടിലെ വൃത്തികേടുകള്‍ നോക്കി പോകും. അല്ലെ? എന്റെ വഴികളില്‍ വൃത്തികേടുകളില്ല എന്ന് ഞാന്‍ പറയില്ല. പക്ഷെ ഇവിടെ സംസാരിച്ച . ആ മാന്യന്‍ ഞാന്‍ രണ്ടാമത് പറഞ്ഞ ആ മൃഗത്തിന്റെ ധര്‍മ്മം ആണ് നിര്‍വഹിക്കുന്നത്. അത്ര മാത്രം ഞാന്‍ പറയുന്നു.’

‘ഹാള്‍ നടുങ്ങുമാറ് കരഘോഷം ഉയര്‍ന്നു. അന്നത്തെ പരിപാടി കഴിഞ്ഞ് അവസാനമായി പിരിഞ്ഞവരില്‍ ഒരാളായിരുന്നു ഞാന്‍, പി. എന്നെ വിളിച്ചു: ‘ഡോ സഖാവേ, തന്റെ പേരെന്താ?’ ജുബ്ബയുടെ പോക്കറ്റില്‍ നിന്ന് മൂന്നു നാലു മിട്ടായികള്‍ എടുത്ത് നീട്ടിക്കൊണ്ട് പറഞ്ഞു: ”നന്നായി, തന്റെ ചൊല്ലല് ട്ടോ.’ ജയചന്ദ്രന്‍ എഴുതുന്നു.
ഒരു കോളേജ് ഡേയ്ക്ക് പ്രസംഗിക്കാന്‍ പിയെ ജയചന്ദ്രന്‍ ക്ഷണിച്ചു. കവി വാക്ക് പാലിക്കുമോ എന്ന് എല്ലാവരും സംശയിച്ചു. പക്ഷെ, പി. സമയത്ത് വന്നു. സുന്ദരമായ ഒരു പ്രസംഗം നടത്തി.
പോകുമ്പോള്‍ ജയചന്ദ്രനോട് പി. എന്ന കവി ചോദിച്ചു.
‘ഡോ സഖാവേ, പൈസേണ്ടോ തന്റെ കയ്യില്, ഒരു നൂറുറുപ്യ?’ ‘
‘എന്റെ ശ്വാസം നിന്നുപോയി. നൂറുറുപ്യ കണ്ടിട്ടെത്ര കാലമായി? പക്ഷേ, ഇക്കവിക്ക് നൂറല്ല, ആയിരം കൊടുത്താലും വേണ്ടില്ല.” ജയചന്ദ്രന്‍ എഴുതി. പിന്നെ ജയചന്ദ്രന്‍ വെറെ ഒരാളില്‍ നിന്ന് പണം വാങ്ങി കവിക്ക് നല്‍കി.

പി. കുഞ്ഞിരാമൻ നായരുടെ ആത്മകഥ

മൂന്നു വര്‍ഷത്തിന് ശേഷം പി അന്തരിച്ചപ്പോള്‍ താന്‍ സഹപത്രാധിപരായിരുന്ന ദിനപത്രത്തില്‍ ആ വാര്‍ത്ത എഴുതാനുള്ള നിയോഗം ജയചന്ദ്രനായിരുന്നു. ആ നിയോഗം പി എന്ന കവിയുടെ വിയോഗദുഖം മാത്രമായിരുന്നില്ല. ഒരു കവി കൂടിയായതിനാലാകാം ജയചന്ദ്രന്‍ ആ വാര്‍ത്ത എഴുതാന്‍ തയ്യാറാകാതെ ഒഴിഞ്ഞ് മാറി. അതിന്റെ കയ്പ്പുള്ള കാരണം മറ്റൊന്നായിരുന്നു. അത് ഇങ്ങനെ എഴുതി.

”മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം കവിയുടെ മരണവാര്‍ത്ത അറിയുമ്പോള്‍ തുറമുഖനഗരത്തിലെ പത്രത്തില്‍ സഹപത്രാധിപരായിരുന്നു ഞാന്‍. ആ വാര്‍ത്ത എഴുതി കൊടുക്കുവാനുള്ള നിയോഗം ഈ കൈകള്‍ക്കായിരുന്നു. ഞങ്ങളുടെ പത്രം മാത്രമായിരിക്കണം അന്ന് ‘ഭക്തകവി പി. കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു എന്ന തലക്കെട്ട് നല്‍കിയത്. അദ്ദേഹത്തെ ഒരു ഫുള്‍ ഫ്‌ളെഡ്ജ്ഡ് ‘മഹാകവി’ എന്നു വിളിക്കാന്‍ എന്തോ ഞങ്ങളുടെ പത്രാധിപര്‍ക്ക് ഇഷ്ടമില്ലായിരുന്നു എന്നു ഞാന്‍ അനുമാനിച്ചു. ‘ഭക്തകവി’ എന്ന വിശേഷണം പി.യെ ഇകഴ്ത്താന്‍ വേണ്ടി ചേര്‍ക്കുകയാണ് എന്നെനിക്ക് മനസ്സിലായി (ആര്‍ക്കാണ് മനസ്സിലാവാത്തത്). എന്നെക്കാളൊക്കെ എത്രയോ ഉയരത്തിലുള്ള പി.ജിയോട് അങ്ങനെ എഴുതാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട് പി.ജി’ എന്നുപറഞ്ഞ് ഞാന്‍ ഒഴിഞ്ഞു. പത്രാധിപരുടെ ഇച്ഛാനുസരണം മറ്റാരോ അത് എഴുതിക്കൊടുത്തു. പി.ജിക്ക് എന്റെ ഒഴിഞ്ഞുമാറ്റം തെറ്റിദ്ധാരണയുണ്ടാക്കിയെങ്കിലും അതേപ്പറ്റി പിന്നീട് ഒരു സംസാരവും ഉണ്ടായില്ല.”

പാര്‍ട്ടി പത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും സ്വന്തം നിലപാടുകള്‍ ഒരിക്കലും അടിയറ വെയ്ക്കാത്ത ഒരാളുടെ കലര്‍പ്പില്ലാത്ത എഴുത്താണത്. എഴുത്തുകാരുടെ ഇടയിലൊക്കെ ഇപ്പോഴൊക്കെ അന്യം നിന്നുപോയ ഒന്ന്. അതാണ് ജയചന്ദ്രന്റെ സത്യസന്ധമായ ഈ എഴുത്ത് ഓര്‍മിപ്പിക്കുന്നത്.

സുരേഷ് കുറുപ്പ്

പിന്നീട് കവി പി. കുഞ്ഞിരാമന്‍ നായര്‍ക്കുള്ള ആദരാഞ്ജലിയായി സുരേഷ് കുറുപ്പ് ചെയര്‍മാനായ യൂണിവേഴ്‌സിറ്റി യൂണിയനെക്കൊണ്ട്
‘പി. കാവ്യ സംഗീതിക’ എന്നൊരു പരിപാടി ജയചന്ദ്രന്‍ മുന്‍കൈയ്യെടുത്ത് നടത്തി. എം. ജി. രാധാകൃഷ്ണന്‍, പി. സുശീലാ ദേവി.. കെ.എസ് ബീന
(ഗായിക ചിത്രയുടെ സഹോദരി) എന്നിവര്‍ പങ്കെടുത്ത ആ സംഗീതിക ഒരു കവിക്ക് വേണ്ടി യൂണിവേഴ്‌സിറ്റി നടത്തിയ ആദ്യ പരിപാടിയാണ്.

തിരുവനന്തപുരത്തെ ഒരു ഗാനമേള ട്രൂപ്പിലെ പ്രധാന ഗായകനായിരുന്നു യു. ജയചന്ദ്രന്‍. കെ.എസ് ബീന പ്രധാന ഗായികയും ഒരു ഗാനമേളയ്ക്ക് ബീനക്ക് പനി കാരണം പാടാന്‍ പറ്റിയില്ല. സാമ്പത്തിക നഷ്ടം വരാതിരിക്കാന്‍ പരിപാടി നടത്തിയേ പറ്റൂ… ഇതുവരെ പൊതു വേദിയിലൊന്നും പാടാത്ത ഒരു കൊച്ചു പെണ്‍കുട്ടി, ബീനയുടെ അനുജത്തി പാടാമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ എല്ലാരും സമ്മതിച്ചു. ഒരു ഉത്സവ പറമ്പിലെ പരിപാടിയില്‍ ആ പെണ്‍കുട്ടി പാടി. ആ കൊച്ചു പെണ്‍കുട്ടിയുടെ ശ്രുതിശുദ്ധിയുള്ള ആലാപനം കേട്ട് ജനങ്ങള്‍ അന്തം വിട്ടു. ആ ഗായികയുടെ പേര് ചിത്ര. അവിടെ നിന്നാണ് ചിത്രയെന്ന ഗായികയുടെ വളര്‍ച്ച.
അതുകൊണ്ടായിരിക്കാം പില്‍ക്കാലത്ത് കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രം രേഖപ്പെടുത്തുന്ന ‘ചെങ്കൊടി’ എന്ന് പേരിട്ട ഡോക്യുമെന്ററിയുടെ ഗാനങ്ങള്‍ മദ്രാസില്‍ ചെന്ന് റെക്കോഡ് ചെയ്യണ്ട ചുമതല പി. ഗോവിന്ദപിള്ള ജയചന്ദ്രനെ ഏല്‍പിച്ചത്. വിഖ്യാതനായ എം.ബി. ശ്രീനിവാസനായിരുന്നു ഗാനങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത്, പാടേണ്ട മുഖ്യ ഗായകന്‍ പി.ജയചന്ദ്രനും.

പിരപ്പന്‍കോട് മുരളി എഴുതിയ ഒരു ഗാനം മികച്ചതായി തോന്നിയത് എം.ബി.എസ് തിരഞ്ഞെടുത്തു, മിനിമം ഓര്‍ക്കസ്ട്ര മതിയെന്ന് എം.ബി.എസ് തീരുമാനിച്ചു.
(ഈ പുസ്തകം എഴുതിയ ജയചന്ദ്രന്‍ വിട വാങ്ങിയ കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു, എം.ബി. ശ്രീനിവാസന്റെ ജന്മശതാബ്ദിക്ക് തൊട്ടുമുന്‍പ്). എം.ബി.എസിന് പി. ജി പാട്ടിന്റെ വരികള്‍ എത്തിച്ചുകൊടുത്തിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു: ”നമ്മുടെ കെ. എസ് ജോര്‍ജ് ഉണ്ടായിരുന്നില്ലേ, അതുപോലെ വീറുള്ള ഒരു ശബ്ദം വേണം ഈ പാട്ടുപാടാന്‍. പക്ഷെ അങ്ങനെയുള്ള പാട്ടുകാര്‍ ഇപ്പോഴില്ല. ദാസിനെത്തന്നെ വിളിക്കാം എന്നാണ് വിചാരിച്ചത്. അപ്പോള്‍ അയാള്‍ക്ക് സമയമില്ല. പിന്നെ ഞാന്‍ ജയനെത്തന്നെ വിളിക്കാം എന്ന് തീരുമാനിച്ചു. നിങ്ങള്‍ വന്നുകഴിഞ്ഞ് ഫൈനലൈസ് ചെയ്യാം എന്ന് വിചാരിച്ചു.” എം.ബി എസ് ജയചന്ദ്രനോട് പറഞ്ഞു.

”എന്റെ മനസ്സില്‍ പെട്ടെന്ന് ഉദിച്ചത് ആമച്ചല്‍ രവി എന്ന ഗായകന്റെ പേരാണ്. അത് പറഞ്ഞപ്പോള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു ”നമുക്ക് അയാളെ അറിയിച്ച് കാത്തിരിക്കാന്‍ സമയമില്ലല്ലോ. ഇനിയൊരിക്കലാകാം.”

പി.ജയചന്ദ്രനെ കൂടാതെ സി.ഒ. ആന്റോ, മനോഹരന്‍, കുളത്തൂര്‍പുഴ രവി (പിന്നീട് സംഗീത സംവിധായകര്‍ രവീന്ദ്രന്‍) എന്നിവരായിരുന്നു ഗായകര്‍. സ്ത്രീ സ്വരം വേണ്ടെന്ന് എം.ബി.എസ് തീരുമാനിച്ചു.

സമയം കടന്നുപോയി. പി. ജയചന്ദ്രന്‍ വന്നില്ല. വന്നത് ഗായകന്റെ ഒരു ഫോണ്‍കോള്‍. ഗായകന്‍ മറ്റൊരു റെക്കോഡിംഗിലാണ്. അത് കഴിഞ്ഞ് എത്തും. എ.ബി.എസ് ഫോണിലൂടെ തന്റെ അസന്തുഷ്ടി ശക്തമായി ഗായകനെ അറിയിച്ചു. എന്നിട്ട് കുളത്തൂര്‍പുഴ രവിയെ വിളിച്ച് പറഞ്ഞു. ‘നീയാണ് ഇന്ന് പ്രധാന ഗായകന്‍’
അയാള്‍ അന്ന് പ്രശസ്ത നടന്‍ രവികുമാറിന്റെ ശബ്ദം കൊടുക്കുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയിരുന്നു. രവിയും ആന്റോയും മുഖ്യഗായകരായി ‘ചെങ്കൊടി, ചെങ്കൊടി പുതിയ ധര്‍മ്മ നീതികള്‍ക്കൊരു കുങ്കുമക്കുറി’ എന്ന ഗാനം പ്രശസ്ത റെക്കോഡിസ്റ്റ് ഭരണി കണ്ണന്‍ റെക്കോര്‍ഡ് ചെയ്തു.

അപ്പോഴേക്കും പി. ജയചന്ദ്രന്‍ സ്റ്റുഡിയോവില്‍ എത്തി. എം.ബി.എസ് ഗായകനെ പുറത്തേക്ക് കൊണ്ടുപോയി. എന്നിട്ട് പറഞ്ഞു. ‘ *These people represent one of the biggest political organizations In Kerala, and it’s important for you to have their goodwill…’. റെക്കോഡിംഗ് വേളകളില്‍ ഇത്തരം കാര്യങ്ങള്‍ ഒരു നിത്യ സംഭവമായതിനാലോ, ക്ഷിപ്രകോപിയായ എം.ബി.എസ് കലാകാരന്മാരെ മാനിക്കുന്ന ഒരു മാന്യനായ സംഗീതജ്ഞനായതിനാലുമാകാം ജയചന്ദ്രന്‍ എന്ന ഗായകനെ പരസ്യമായി ചീത്ത വിളിക്കാഞ്ഞത്.
പിന്നീട് പി. ജയചന്ദ്രനെ ‘പമ്പരം’ മാസികക്ക് വേണ്ടി യു ജയചന്ദ്രന്‍ അഭിമുഖം നടത്തിയതും ഇതില്‍ എഴുതിയിട്ടുണ്ട്.

അന്ന് താന്‍ പാടാത്ത ആരും പിന്നീട് കേള്‍ക്കാത്ത ആ പാട്ട് ഗായകന്‍ ജയചന്ദ്രന്‍ മറന്നിരുന്നില്ല. അതിനെ കുറിച്ചൊക്കെ അവര്‍ സംസാരിച്ചു.
ഈ പുസ്തകത്തില്‍ എഴുതാത്ത പമ്പരത്തിലെ യു ജയചന്ദ്രന്റെ ആ അഭിമുഖത്തിലെ ചില വാചകങ്ങള്‍ ഇങ്ങനെ:

‘സിനിമാക്കാരുടെ താവളമായ കീര്‍ത്തിയില്‍ വെച്ചാണ് ഗായകന്‍ ജയചന്ദ്രനെ കണ്ടത്. ‘യേശുദാസിന്റെ താരവില ജയചന്ദ്രനില്ല. അത് അംഗീകരിച്ചു കൊണ്ടു തന്നെയാണ് ഗായകനെ കാണാന്‍ പ്രേരണയാണെന്ന് ചുരുക്കം. ശോകഗാനങ്ങളാണ് ജയചന്ദ്രനിഷ്ടം. ദാസിന്റെ ‘കണ്ണുനീര്‍ മുത്ത് ‘ ഞാന്‍ ഒരു പാട് വേദികളില്‍ പാടിയിട്ടുണ്ട്.

ഒരു പാട്ട് പാടാമോ?
‘ഹൃദയത്തിന്‍ രോമാഞ്ചം
സ്വരരാഗ ഗംഗയായ്
പകരുന്ന മണിവീണ
മൂകമായി. അസൂയയില്ലാത്ത പാട്ടുകാരന്‍ എന്ന് ജയചന്ദ്രനെ കുറിച്ച് പറയാം.
ആ ഫീച്ചര്‍ ഇങ്ങനെ യു ജയചന്ദ്രന്‍ അവസാനിപ്പിക്കുന്നു. ‘ഇതാ ഒരു ഗായകന്‍’, അചേതനമായ മൈക്രോ ഫോണിന് മുന്നില്‍ നിന്ന് നിമിഷാര്‍ദ്ധങ്ങള്‍ മാത്രമുള്ള പ്രേമ മന്ത്രങ്ങള്‍ ഉരുവിടുന്ന ഒരു മനുഷ്യന്‍ പി. ജയചന്ദ്രന്‍!

യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം

Who Afraid Virginia Woolf ന്, ‘വെള്ളയാനി അര്‍ജ്ജുനനെ ആര്‍ക്കാണ് പേടി’ എന്ന് മനോഹരമായ പാരഡി ചമച്ച വി.കെ.എന്‍ ദക്ഷിണാഫ്രിക്ക കവിതകള്‍ ഗൗരവമായി തര്‍ജമ ചെയ്ത കഥ ഇതാദ്യമായി ജയചന്ദ്രന്‍ എഴുതിയത് വായനക്കാര്‍ക്ക് വായിക്കാം. ‘നിത്യത’ എന്നൊരു മാസികയില്‍ ജയചന്ദ്രന്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സംഭവം. വി കെ എന്‍ തര്‍ജമ ചെയ്ത മൂന്ന് ദക്ഷിണാഫ്രിക്കന്‍ കവിതകള്‍ക്ക് ശേഷം എഴുതിയിരിക്കുന്നത് ‘ബ്ലോക്ക് മോ ഡിസൈന്‍’ എന്നാണ്. അത് എന്താണെന്ന് ആര്‍ക്കും മനസിലായില്ല. കവിയുടെ പേരാണോ?, ഇങ്ങനെ ഒരു പേര് ആരും കേട്ടിട്ടില്ല. ഒരാള്‍ പറഞ്ഞു. ഇത് അങ്ങേര് നമ്മളോട് പയ്യന്‍ സ്റ്റെലില്‍ ഒരു ചെറിയ വേലയിറക്കിയതാ. ഈ പേര് കണ്ടില്ലേ? ബ്ലാക്ക് മോ ഡിസൈന്‍.

പയ്യന്റെ ചില ഡയലോഗുകളുണ്ടല്ലോ അതാണിത്. ഡിസൈ – ഡിസേന്‍ കൊടുക്കുമോ? അയാള് നമ്മളോട് ചോദിക്കുകയാണ്. നമ്മള്‍ അയാളുടെ ഈ തര്‍ജ്ജമയ്ക്ക് ബ്ലോക്ക് എടുത്ത് ഡിസൈന്‍ കൊടുക്കുമോ എന്ന് ഒരു വി കെ എന്‍ കഥ പോലെ പരിണമിച്ചു ഈ തര്‍ജ്ജമ പ്രശ്‌നം. ജയചന്ദ്രന്‍ ഒടുവില്‍ തിരുവില്ല്വാമലയില്‍ ചെന്ന് വി.കെ.എന്റെ മടയില്‍ തന്നെ ചെന്ന് കണ്ടു. ഒരു വിധത്തില്‍ നേരിട്ട് ചോദിക്കാതെ ചോദിച്ചു മനസിലാക്കി.

”അദ്ദേഹത്തെ കണ്ടതോടെ ‘ബ്ലോക്ക് മോ ഡിസേന്‍’ എന്ന വാക്ക് എന്റെ കണ്ഠനാളത്തില്‍ കാളകൂടം പോലെ പൊള്ളി. അദ്ദേഹത്തോട് ഞാന്‍ എങ്ങനെ അത്രയും വലിയ വിവരമില്ലായ്മ ചോദിക്കും?
”ബ്ലോക്ക് മോ ഡിസേന്‍ ഒരു കവിയുടെ പേരാണെന്നതില്‍ എനിക്ക് സംശയമില്ലാഞ്ഞതിനാല്‍ ഞാന്‍ ദക്ഷിണാഫ്രിക്കന്‍ കവികളെപ്പറ്റിയാണ് ചോദിച്ചത്. അത് സുരക്ഷിതമായ വഴി തന്നെ ആയിരുന്നു.
അദ്ദേഹം ഉറക്കെ ചിരിച്ച് പറഞ്ഞു: ‘ബ്ലോക്ക് മോഡിസെയ്ന്‍ പ്രശസ്തനായ ദക്ഷിണാഫ്രിക്കന്‍ കവിയാണ്. നമുക്ക് ഇവിടെ ദക്ഷിണാഫ്രിക്കന്‍ കവികളുടെ ആന്തോളജി ഒന്നും കിട്ടാത്തതിനാല്‍ അവരെപ്പറ്റി വേണ്ടത്ര അറിവില്ല എന്നതാണ് സത്യം’.

അന്നേ ഗൗരവപൂര്‍വം ലോക സാഹിത്യത്തിനെ സമീപിക്കുന്ന എഴുത്തുകാരനായിരുന്നു വി.കെ.എന്‍. തികച്ചും അപ്പ്‌ഡേറ്റ് ആയ സാഹിത്യകാരന്‍.
യൂണിവേഴ്‌സിറ്റി കോളേജിലെ വൈല്‍ഡ് ബോയ്‌സ്’ എന്ന സൗഹൃദ സംഘത്തിലൂടെ കടന്നു പോയ 80 കളുടെ കേരളത്തിലെ സാംസ്‌കാരിക ചലനങ്ങള്‍, വ്യക്തികള്‍, സംഭവങ്ങള്‍ എല്ലാം ജയചന്ദ്രന്‍ രേഖപ്പെടുത്തുന്നുണ്ട്. സാഹിത്യ വാരഫലം എഴുതിയ എം. കൃഷ്ണന്‍ നായരുമായുള്ള അടുപ്പവും അകല്‍ച്ചയും എഴുതുന്ന ജയചന്ദ്രന്‍ പറയുന്നു. ‘ഗൗരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൃഷ്ണന്‍ നായര്‍ ‘ഓട്ട് ഓഫ് ഡെപ്ത്ത് ആകും’ പിന്നെ ചോദിക്കുന്നു, എം. കൃഷ്ണന്‍ നായരെ അമ്പതു വര്‍ഷം കഴിഞ്ഞാല്‍ എങ്ങനെയാവും ഓര്‍മിക്കുക? ഓര്‍മ്മിക്കുമോ?

കവിയായ ഡി. വിനയ ചന്ദ്രനും, ക്രാന്തദര്‍ശിയായ എം. ഗോവിന്ദനും, നടന്‍ വേണു നാഗവള്ളിയും അപ്രതീക്ഷതമായി സംവിധായകന്‍ ജോഷിയും വെയില്‍ക്കാലങ്ങളുടെ നിഴലില്‍ മിന്നി മറയുന്നുണ്ട്. കോളേജില്‍ ഫീസടക്കാന്‍ 50 രൂപ നല്‍കിയ ഓ.എന്‍.വിയും. കെ.പി. അപ്പന്‍ എന്ന മാഗ്‌നറ്റും, കുട്ടികളെ വളര്‍ത്തിക്കൊണ്ട് വരുന്ന അച്ഛനമ്മമാരുടെ വേദന നിങ്ങള്‍ക്ക് അറിയാമോ? എന്ന് ചോദിച്ച സുഗതകുമാരിയും ഈ കുറിപ്പുകളില്‍ കടന്നുവരുന്നുണ്ട്.

തീക്ഷ്ണമായ ഒരു യൗവനത്തിലൂടെ കടന്നുപോയതിന്‌ സാക്ഷ്യം വഹിച്ച ഈ ബ്ലാക്ക് ആന്റ വൈറ്റ് തൂലികാ ചിത്രങ്ങളില്‍ കാണപ്പെടുന്ന പത്രപ്രവര്‍ത്തകന്റെ ഊഹാപോഹങ്ങള്‍ വിരളമാണ് എന്നത് ഈ കുറിപ്പുകള്‍ക്ക് ശക്തിപകരുന്നു. ജയചന്ദ്രന്‍ അധ്യാപകനായി സൗത്ത് ആഫ്രിക്കയിലേക്ക് പോയി. കൂടെ സ്‌നേഹിച്ച് വിവാഹം കഴിച്ച ബീനയും. മൂന്നു പതിറ്റാണ്ട് അവിടെ രണ്ടുപേരും അധ്യാപകരായി ജോലി ചെയ്തു. ഒടുവില്‍ തിരിച്ചെത്തി തിരുവനന്തപുരത്ത് താമസമാക്കി. പിന്നീട് രണ്ട് പുസ്തകങ്ങള്‍. ‘വെയില്‍ക്കാലങ്ങളും ആഫ്രിക്കന്‍ വസന്തങ്ങളും’ ഈ രണ്ട് പുസ്തകങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു. ആ ആഗ്രഹം സഫലമാകും മുന്‍പ് ജയചന്ദ്രന്‍ വിട പറഞ്ഞു. മരണശേഷം പുറത്ത് വന്ന ആദ്യത്തേതാണ് ഈ കുറിപ്പുകള്‍.

യു ജയചന്ദ്രനും ഭാര്യ ബീനയും

ഈ പുസ്തകത്തിന് മുഖകുറിപ്പെഴുതിയ ജയചന്ദ്രന്റെ ഭാര്യ ബീനയുടെ വാക്കുകള്‍ ഇങ്ങനെ:
‘നാട് വിട്ടതിനുശേഷമുള്ള ജീവിതം ജയന്റെ ശക്തമായ ഇടതുപക്ഷ നിലപാടിനെ ഒരിക്കലും മാറ്റിയെഴുതിയില്ല, പില്‍ക്കാലങ്ങളില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അപചയങ്ങളെപ്പറ്റി പലപ്പോഴും പരിതപിച്ചിട്ടുണ്ടെങ്കിലും. പാര്‍ട്ടിയില്‍ പ്രാഥമികാംഗത്വം പോലും എടുക്കാതിരുന്ന ഒരാള്‍ ഇത്രയേറെ ആത്മാര്‍ത്ഥമായി ഇടതുപക്ഷ രാഷ്ട്രീയത്തെ പിന്തുണക്കണമെങ്കില്‍, കമ്യൂണിസ്റ്റ് തത്വചിന്തകളില്‍ അയാള്‍ക്കുണ്ടായിരുന്ന അടിയുറച്ച വിശ്വാസവും – ആത്മവിശ്വാസവും –
എത്ര മഹത്തരമാണെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്’.

ജയചന്ദ്രന്റെ കൂട്ടായ്മകളിലെ പങ്കാളിയായിരുന്ന അന്തരിച്ച ചലചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ തന്റെ ഏറ്റവും അടുത്ത മിത്രത്തെ കുറിച്ച് തന്റെ അനുഭവക്കുറിപ്പുകളില്‍ എഴുതിയിരുന്നു…
‘ജയചന്ദ്രന്‍ ഇപ്പോഴും വളരെ ശാന്തനാണ്. ക്രിസ്തുരൂപത്തിന് കാര്യമായ മാറ്റമൊന്നുമില്ല. മുടിയുടെ നീളം വെട്ടിക്കുറച്ചിട്ടുണ്ട്. മുഖം അല്‍പം തുടുത്തിട്ടുണ്ട്. എല്ലാവരും കരുതിയത് ജയചന്ദ്രന്‍ മലയാളത്തിന്റെ അടുത്ത കവിയാണെന്നാണ്. എന്നാല്‍ അക്ഷരത്തിന്റെ വിസ്മയലോകം എപ്പോഴോ ജയചന്ദ്രനെ വിട്ടുപോയിരുന്നു. ഇടയ്ക്ക് ജൊഹാനസ്ബര്‍ഗില്‍ നിന്ന് ഒന്നു രണ്ട് ലേഖനങ്ങള്‍ എഴുതി. പിന്നീട് അതും തുടര്‍ന്നില്ല. അന്ന് ബീന എടുത്ത പ്രായോഗികതയ്ക്കകത്തു തന്നെയാണ് ജയന്‍ ഇന്ന് ജീവിക്കുന്നത്. ജയചന്ദ്രന്റെ മകള്‍, ഞങ്ങള്‍ കൈക്കുഞ്ഞായി കണ്ട കുട്ടി ചിക്കു അവള്‍ക്ക് പിന്നീട് അപര്‍ണ എന്നു പേരിട്ടു. ആഫ്രിക്കന്‍ ഭാഷകളില്‍ കവിതകളെഴുതുന്ന മുഖ്യകവയത്രികളില്‍ ഒരാളാണ് ഇന്ന് അപര്‍ണ. അടുത്തകാലത്ത് ഒരു യൂറോപ്യനെ കല്യാണം കഴിച്ചു.’

ഒരു ഇടതുപക്ഷ വിശ്വാസിയുടെ, താന്‍ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ശക്തിയും ദൗര്‍ബല്യങ്ങളും, അഭിവൃദ്ധിയും അപചയങ്ങളും സത്യസന്ധമായി രേഖപ്പെടുത്തിവയാണ് ഈ കുറിപ്പുകള്‍. ത്രസിപ്പിക്കുന്ന യൗവ്വനത്തിലൂടെ ആ കാലം കടന്നുപോയവര്‍ക്ക് ആവേശത്തോടെ ഓര്‍മ്മിക്കാനും ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നുവെന്ന് പുതിയ തലമുറയ്ക്ക് അറിയാനും ഈ കുറിപ്പുകള്‍ ഏറെ സഹായിക്കും.

വെയില്‍ക്കാലങ്ങള്‍
പ്രസാധകര്‍: റാറ്റ് ബുക്‌സ്, കോഴിക്കോട്
വില : 380 രൂപ

Content Summary: Review of ‘Veyilkkalangal’: A collection of experiences by U. Jayachandran

Leave a Reply

Your email address will not be published. Required fields are marked *

×