June 03, 2026 |

ട്രംപിന്റെ പ്രതികാര നീക്കത്തിന് ചൈനയുടെ തിരിച്ചടി

യുഎസ് ഉത്പന്നങ്ങള്‍ക്ക് 125 ശതമാനം തീരുവ പ്രഖ്യാപിച്ച് ചൈന

അമേരിക്കൻ ഉത്പന്നങ്ങൾക്ക് 125 ശതമാനം തീരുവ ഉയർത്തുമെന്ന പ്രഖ്യാപനവുമായി ചൈന. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തിന് തിരിച്ചടിയായാണ് ചൈനയുടെ നടപടി. മറ്റു വ്യാപാര പങ്കാളികൾക്കെതിരെയുള്ള പോരാട്ടത്തിൽ ചൈനയ്ക്കൊപ്പം കൈകോർക്കാൻ യുറോപ്യൻ യൂണിയനോട് ചൈന ആവശ്യപ്പെടുകയും ചെയ്തു. ശനിയാഴ്ച മുതലായിരിക്കും പുതിയ തീരുവ നിലവിൽ വരിക.

ട്രംപിന്റെ പകരചുങ്ക പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ഉത്പന്നങ്ങൾക്ക് മേൽ ചൈന ചുമത്തിയിരുന്ന 84 ശതമാനത്തിൽ നിന്നാണ് കുത്തനെയുള്ള ഈ വർധന. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തുന്നത് യുഎസ് തുടരുകയാണെങ്കിൽ ആ നീക്കത്തെ ചൈന തടയുമെന്ന് ഷി ​ജി​ൻപിം​ഗ് പറഞ്ഞു. അന്യായമായ അടിച്ചമർത്തലിനെ ചൈന ഭയപ്പെടുന്നില്ലെന്ന് ഷി ​ജി​ൻപിം​ഗ് വ്യക്തമാക്കി. സ്പാനിഷ് പ്രധാനമന്ത്രിയായ നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി ഈ അഭിപ്രായ പ്രകടനം നടത്തുന്നത്. ചൈനയ്ക്ക് മേൽ യുഎസ് ചുമത്തുന്ന അസാധാരണമായ ഉയർന്ന തീരുവ അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെയും അടിസ്ഥാനപരമായ സാമ്പത്തിക ചട്ടങ്ങളുടെയും സാമാന്യ യുക്തിയുടെയും ലംഘനമാണെന്ന് ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ താരിഫ് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. ട്രംപിന്റെ പകരചുങ്ക പ്രഖ്യാപനത്തിന് പിന്നാലെ ആ​ഗോള സമ്പദ് വ്യവസ്ഥയിലുണ്ടായ തിരിച്ചടിയുടെ പൂ‌ർണ്ണ ഉത്തരവാദിത്തം യുഎസ് ഏറ്റെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

രാജ്യാന്തര നീതിയുടെ സംരക്ഷണത്തിനായി ഏകപക്ഷീയമായ ഭീഷണിപ്പെടുത്തലിനെ സംയുക്തമായി ചെറുക്കണം. ചൈന ഈ യുദ്ധങ്ങൾ നടത്താൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അത് ഭയപ്പെടുന്നുമില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ യുഎസ് ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ ഇത്തരം പെരുമാറ്റങ്ങൾ അവസാനിപ്പിക്കണം. യുഎസിന്റെ ഈ തന്ത്രങ്ങൾ ചൈനയുടെ അടുത്ത് വിലപ്പോകില്ലെന്ന് ഒരു ചൈനീസ് വക്താവ് പറഞ്ഞു

നിലവിൽ ചൈനീസ് ഉത്പന്നങ്ങൾക്ക് മേൽ 145 ശതമാനം താരിഫാണ് യുഎസ് ചുമത്തിയിരിക്കുന്നത്. ചൈനീസ് ഉത്പന്നങ്ങൾക്ക് മുൻകൂട്ടി നിശ്ചയിച്ച 104 ശതമാനത്തിൽ നിന്ന് 125 ശതമാനമായി തീരുവ വർദ്ധിപ്പിച്ചതായി കഴിഞ്ഞ ദിവസമാണ് ട്രംപ് പ്രഖ്യാപിക്കുന്നത്. എന്നാൽ നിലവിൽ അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതികൾക്കുമുള്ള 20 ശതമാനം നികുതി കൂടി ബാധകമാണെന്നും അതിനാൽ ചൈനീസ് ഉത്പന്നങ്ങളു‍ടെ യഥാർത്ഥ തീരുവ 145 ശതമാനമാണെന്നും വൈറ്റ്ഹൗസ് വിശദീകരിച്ചിരുന്നു. ചൈന ഇതുവരെ രണ്ടു ഘട്ടമായി 84 ശതമാനം തീരുവയാണ് അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചുമത്തിയിരിക്കുന്നത്. എന്നാൽ വ്യാപാര യുദ്ധത്തിലേക്ക് നയിക്കുന്ന ട്രംപിന്റെ പ്രതികാര ചുങ്കത്തെ തുടർന്നാണ് ചൈന വീണ്ടും തീരുവ ഉയർത്തിയത്. അമേരിക്കയുടെ ഭീഷണി ശക്തമാകുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളുമായി ചേർന്ന് അമേരിക്കയുടെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് ചൈനയുടെ തീരുമാനം. ഈ തീരുമാനത്തിന്റെ ഭാ​ഗമായി മലേഷ്യയിൽ യൂറോപ്യൻ യൂണിയനുമായി ചൈന ചർച്ച നടത്തിയിരുന്നു.
content summary: China hikes tariffs on U.S. goods to 125 percentage as Xi urges EU to unite against Trump’s ‘bullying’ tactics

Leave a Reply

Your email address will not be published. Required fields are marked *

×