June 13, 2026 |
Share on

ദലൈലാമയ്ക്ക് മോദിയുടെ ജന്മദിനാശംസകൾ: ഇന്ത്യയോട് പ്രതിഷേധമറിയിച്ച് ചൈന

ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ജാഗ്രത പാലിക്കണം

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മദിനാശംസകൾ നേർന്നതിലും, പിറന്നാളാഘോഷത്തിൽ ഇന്ത്യൻ നേതാക്കൾ പങ്കെടുത്തതിലും ഇന്ത്യയോട് പ്രതിഷേധം അറിയിച്ച് ചൈന. ടിബറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തങ്ങളുടെ നിലപാടുകളെ ഇന്ത്യ മാനിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

“ടിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചൈനീസ് സർക്കാരിന്റെ നിലപാട് സ്ഥിരവും വ്യക്തവുമാണ്,” ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ബീജിംഗിൽ നടന്ന മാധ്യമസമ്മേളനത്തിൽ പറഞ്ഞു. 14-ാമത് ദലൈലാമ ചൈനീസ് വിരുദ്ധ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന രാഷ്ട്രീയ നേതാവാണെന്നും മതത്തിന്റെ മറവിൽ സിസാങ്ങിനെ (ടിബറ്റിനെ ചൈന വിളിക്കുന്നത്) ചൈനയിൽ നിന്ന് വേർപെടുത്താൻ ശ്രമിക്കുന്നു എന്നും, ജന്മദിന ചടങ്ങിൽ പ്രധാനമന്ത്രി മോദിയുടെ ആശംസകളെയും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി മാവോ പറഞ്ഞു.

“സിസാങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളെ, ഇന്ത്യ പൂർണ്ണമായി മനസ്സിലാക്കണം, പതിനാലാമത് ദലൈലാമയുടെ ചൈനാ വിരുദ്ധതയും വിഘടനവാദ സ്വഭാവവും വ്യക്തമായി കാണണം, സിസാങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യ ചൈനയ്ക്ക് നൽകിയ പ്രതിജ്ഞാബദ്ധതകളെ മാനിക്കണം, വിവേകത്തോടെ പ്രവർത്തിക്കണം, ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ആ വിഷയങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഇന്ത്യയുടെ നടപടികളിൽ ചൈന പ്രതിഷേധം അറിയിച്ചിട്ടുണ്ട്,” അവർ കൂട്ടിച്ചേർത്തു.

ദലൈലാമയുടെ ജന്മദിനത്തിൽ നരേന്ദ്ര മോദി അദ്ദേഹത്തിന് ആശംസകൾ നേർന്നിരുന്നു. “അദ്ദേഹത്തിന്റെ സന്ദേശം എല്ലാ മതവിഭാഗങ്ങളിലുമുള്ളവർക്ക് ആദരവും ആരാധനയും പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ തുടർന്നുള്ള നല്ല ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു,” മോദി എക്‌സിൽ കുറിച്ചു. ധർമ്മശാലയിൽ നടന്ന ആഘോഷങ്ങളിൽ കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജു, രാജീവ് രഞ്ജൻ സിംഗ്, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, സിക്കിം മന്ത്രി സോനം ലാമ എന്നിവരുൾപ്പെടെ നിരവധി ഇന്ത്യൻ നേതാക്കളും പങ്കെടുത്തിരുന്നു.

ദലൈലാമയുടെ പുനർജന്മ പ്രക്രിയ ടിബറ്റൻ ആത്മീയ നേതാവിന്റെ സ്വന്തം ആഗ്രഹങ്ങളാൽ നയിക്കപ്പെടണമെന്ന റിജിജുവിന്റെ കഴിഞ്ഞ ആഴ്ച പ്രസ്താവനയ്‌ക്കെതിരെ ചൈന നേരത്തെ എതിർപ്പ് ഉന്നയിച്ചിരുന്നു. ഉഭയകക്ഷി ബന്ധങ്ങളിൽ ഉണ്ടാകാവുന്ന തിരിച്ചടികൾ തടയാൻ ടിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടു.

ദലൈലാമയുടെ വിഘടനവാദ സ്വഭാവം ചൈന എങ്ങനെയാണ് കാണുന്നതെന്ന് ഇന്ത്യ വ്യക്തമായി തിരിച്ചറിയണമെന്നും ടിബറ്റുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകളെ മാനിക്കണമെന്നും മാവോ ആവർത്തിച്ചു. ധർമ്മശാലയുടെ പ്രവത്തനങ്ങൾ തുടരുമെന്ന് കഴിഞ്ഞ ആഴ്ച ദലൈലാമ പറയുകയുണ്ടായി, കൂടാതെ ഗാഡെൻ ഫോഡ്രാങ് ട്രസ്റ്റിന് മാത്രമേ അദ്ദേഹത്തിന്റെ പുനർജന്മം അംഗീകരിക്കാൻ അധികാരമുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ദലൈലാമയുടെ പുനർജന്മം മതപരമായ ആചാരങ്ങൾ, ചരിത്രപരമായ കൺവെൻഷനുകൾ, ചൈനീസ് നിയന്ത്രണങ്ങൾ എന്നിവ കർശനമായി പാലിക്കണമെന്ന് ചൈന പറയുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ‘സ്വർണ്ണ കലശത്തിൽ’ നിന്ന് നറുക്കെടുപ്പ് നടത്തുകയും കേന്ദ്ര സർക്കാരിന്റെ അംഗീകാരം നേടുകയും ചെയ്യുന്ന രീതിയുടെ ആവശ്യവും ഇതിൽ ഉൾപ്പെടുന്നു. നിലവിലെ 14-ാമത് ദലൈലാമയെ ഈ നടപടിക്രമത്തിലൂടെയാണ് അംഗീകരിച്ചതെന്ന് മാവോ പറഞ്ഞു. ഭാവിയിലെ പുനർജന്മങ്ങൾ ഈ പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന് ആണ് ചൈന പറയുന്നത്. ഇത് അവരുടെ പരമാധികാരം സംരക്ഷിക്കുന്നതിന് അത്യാവശ്യമാണെന്നാണ് ചൈനീസ് വാദം.

content summary: China protests PM Modi’s greetings to Dalai Lama, warns India on Tibet sensitivities

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×